സൂചികകൾ ഉയരുന്നു; വിൽപന സമ്മർദം മാറിയില്ല; ക്രൂഡ് വില വീണ്ടും കൂടി
അനിശ്ചിതത്വത്തിന് നടുവിലും മുന്നേറാൻ വിപണി; സ്വർണ്ണത്തിൽ ബുൾ തരംഗം വരുമോ? എൽ ആൻഡ് ടിയുടെ മ്യൂച്വൽ ഫണ്ട് ബിസിനസ് ഇനി എച്ച് എസ് ബി സി ക്ക്
തുടർച്ചയായ മൂന്നാം ദിവസവും ഓഹരി സൂചികകൾ ഉയർന്നു. പക്ഷേ ഉയർന്ന നിലവാരത്തിലെ വിൽപന സമ്മർദം മാറിയിട്ടില്ല. അനിശ്ചിതത്വം തുടരുകയാണ്. വിദേശ നിക്ഷേപകർ വിൽപനയുടെ തോതു കുറച്ചത് ഇപ്പാേൾ വിപണിക്ക് ആശ്വാസമാണ്. മികച്ച നേട്ടത്തോടെ ഇന്നു വ്യാപാരം തുടങ്ങുമെന്ന സൂചനയാണ് എസ്ജിഎക്സ് നിഫ്റ്റി നൽകുന്നത്. ക്രിസ്മസ് - പുതുവത്സര അവധി കഴിഞ്ഞ ശേഷമേ അവരിൽ നിന്നു നിർണായക നീക്കങ്ങൾ പ്രതീക്ഷിക്കേണ്ടതുള്ളു.
കോവിഡിൻ്റെ പുതിയ വകഭേദം യൂറോപ്പിലും അമേരിക്കയിലും വർധിത വീര്യത്തോടെ ആഞ്ഞടിക്കുകയാണ്. രോഗികളുടെ നില മോശമാകുന്നില്ല എന്നതു മാത്രമാണ് ആശ്വാസം.
അമേരിക്കയിൽ പ്രതിദിന രോഗബാധ രണ്ടു ലക്ഷത്തിനു മുകളിലായി. യൂറോപ്പിൽ പ്രതിദിന രോഗബാധ അഞ്ചു ലക്ഷം കടന്നു. ഇതു സംബന്ധിച്ച ആശങ്കകൾക്ക് വിപണി തൽക്കാലം അവധി നൽകിയതുപോലെ തോന്നും.
ക്രൂഡ് ഓയിൽ വില 76 ഡോളറിനു മുകളിലായി. പുതിയ ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടാകില്ല എന്ന സൂചന ക്രൂഡ് വിപണിയെ സഹായിക്കുന്നു. സ്വർണവും ഉയർച്ചയിലാണ്.
വ്യാഴാഴ്ച ഇന്ത്യൻ വിപണി നേട്ടത്തോടെ തുടങ്ങി നേട്ടത്തോടെ അവസാനിച്ചു.സെൻസെക്സ് 384.72 പോയിൻ്റ് (0.68%) ഉയർന്ന് 51,315.28 ലും നിഫ്റ്റി 117.15 പോയിൻ്റ് (0.69%) ഉയർന്ന് 17,072.6 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.9 ശതമാനവും സ്മോൾ ക്യാപ് സൂചിക 1.27 ശതമാനവും നേട്ടമുണ്ടാക്കി. മെറ്റലുകളും മീഡിയയും ഒഴികെ എല്ലാ വ്യവസായ മേഖലാ സൂചികകളും ഇന്നലെ നേട്ടമുണ്ടാക്കി.
യൂറോപ്യൻ ഓഹരികൾ ഇന്നലെ ചെറിയ നേട്ടത്തോടെ വ്യാപാരം നിർത്തി. യുഎസ് ഓഹരികൾ തുടക്കത്തിലെ നേട്ടം കുറേ നഷ്ടപ്പെടുത്തി. എസ് ആൻഡ് പി സൂചിക റിക്കാർഡ് ഉയരത്തിലെത്തി. ഇന്നു യുഎസ് വിപണിക്ക് അവധിയാണ്.
ഏഷ്യൻ വിപണികൾ ഇന്നു നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയത്.
വിദേശികളുടെ വിൽപന കുറഞ്ഞു
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 17,198 വരെ ഉയർന്നു. ഇന്നു രാവിലെ 17,215 ലേക്കു കയറി.. ഇന്ത്യൻ വിപണി രാവിലെ ഗണ്യമായി ഉയർന്നു വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വ്യാപാരത്തിലെ സൂചന.
വിദേശ നിക്ഷേപകർ ഇന്നലെ 271.59 കോടി രൂപയുടെ ഓഹരികൾ വിറ്റു. മൂന്നു ദിവസമായി അവരുടെ വിൽപന കുറഞ്ഞു വരികയാണ്. സ്വദേശി ഫണ്ടുകൾ 1196.48 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
അവധിയുടെ ആലസ്യത്തിലും ക്രൂഡ് കയറി
ക്രൂഡ് ഓയിൽ വിപണിയിൽ അവധിയുടെ ആലസ്യം ഉണ്ടെങ്കിലും വില ഉയരുകയാണ്. പല രാജ്യങ്ങളിലും ക്രൂഡ് സ്റ്റാേക്ക് കുറയുന്നതാണു കാരണം. ലിബിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ലഭ്യതയിലെ പ്രശ്നങ്ങളും വില കൂടാൻ കാരണമായി. ബ്രെൻ്റ് ഇനം 76.7 ഡാേളർ വരെ ഉയർന്നു. ഡബ്ള്യുടിഐ ഇനം 73.8 ൽ എത്തി.
വ്യാവസായിക ലോഹങ്ങൾ ഇന്നലെയും ചെറിയ തോതിൽ ഉയർന്നു.
സ്വർണം ഉയർന്നു
സ്വർണം വീണ്ടും ഉഷാറിലായി. ഔൺസിന് 1850 ഡോളറിന് മുകളിലേക്കു കടക്കാനായാൽ പുതിയ ബുൾ തരംഗത്തിനു തുടക്കമിടാനാകും. പക്ഷേ അവിടം വരെ എത്താൻ വിപണിക്കാകുമോ എന്നതാണു ചോദ്യം. സ്വർണം ഇന്നലെ 1811 ഡോളർ വരെ കയറി. ഇന്നു രാവിലെ 1809-1810 ഡോളർ മേഖലയിലാണു വ്യാപാരം.
മ്യൂച്വൽ ഫണ്ട് വിറ്റു
എൽ ആൻഡ് ടി ഫിനാൻസ് ഹോൾഡിംഗ്സിൻ്റെ മ്യൂച്വൽ ഫണ്ട് ബിസിനസ് ആഗോള ബാങ്ക് ആയ എച്ച്എസ്ബിസി ക്കു വിറ്റു. 3187 കോടി രൂപയ്ക്കാണ് വ്യാപാരം. 24 ലക്ഷം ഇടപാടുകാരുടെ 80,300 കോടി രൂപയുടെ ആസ്തികൾ ഇതോടെ ബാങ്കിനു ലഭിച്ചു.
This section is powered by Muthoot Finance