വിദേശികൾ വീണ്ടും വാങ്ങുന്നു; വളർച്ച കുറഞ്ഞാൽ പലിശവർധന വൈകും; ഡോളറിൻ്റെ ക്ഷീണം എന്തുകൊണ്ട്?

വിദേശ നിക്ഷേപകരുടെ ചുവടു മാറ്റം പുതിയ പ്രവണതയുടെ തുടക്കമാണോ? രൂപയുടെ കയറ്റത്തിനു പിന്നിലെന്ത്? പലിശ വർധന ഉടൻ ഉണ്ടായേക്കില്ല;

Update:2021-12-29 08:13 IST

വർഷാന്ത്യ റാലിക്കു തടയിടാൻ തക്ക വാർത്തകൾ ഒന്നും ഉയരുന്നില്ല. വിദേശ നിക്ഷേപകരാകട്ടെ ആഴ്ചകൾക്കു ശേഷം പ്രതിദിന വ്യാപാരത്തിൽ വിൽപനയേക്കാൾ അധികം വാങ്ങൽ നടത്തി. എന്നാൽ അമേരിക്കൻ വിപണിയിൽ എസ് ആൻഡ് പി 500-ഉം നാസ്ഡാകും അൽപം താണു. ഏഷ്യൻ വിപണികളിലും രാവിലെ വ്യാപാരത്തുടക്കം തണുപ്പനാണ്.

ഇന്നലെ എല്ലാ വ്യവസായ വിഭാഗങ്ങളിലും ഉണർവുണ്ടായി. മുഖ്യസൂചികകളുടെ ഇരട്ടി ഉയർച്ചയാണ് മിഡ്, സ്മോൾ ക്യാപ് സൂചികകളിൽ ഉണ്ടായത്. വിപണി മൊത്തത്തിൽ ആവേശത്തിലാണ്. വിപണി ഒക്ടോബർ മൂന്നാം വാരത്തിലെ ഉയരങ്ങളിൽ നിന്നു 11 ശതമാനം താണു തിരുത്തൽ നടത്തിയെന്നും ഇനി ഗതി മുന്നോട്ടു മാത്രമാണെന്നും ബ്രോക്കറേജുകളും അനാലിസ്റ്റുകളും പറയുന്നുണ്ട്. ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി (എൻപിഎ) 6.9 ശതമാനമായി കുറഞ്ഞു എന്ന റിപ്പോർട്ടും വിപണിയെ സഹായിക്കും.
ചൊവ്വാഴ്ച ഇന്ത്യൻ വിപണി ഉണർവോടെ തുടങ്ങി കൂടുതൽ ഉണർവോടെ അവസാനിച്ചു. എന്നാൽ യൂറോപ്പിലും അമേരിക്കയിലും വിപണികൾ തുടക്കത്തിലെ നേട്ടം നില നിർത്തിയില്ല. അമേരിക്കയിൽ ഡൗ ജോൺസ് സൂചിക ചെറിയ ഉയർച്ചയോടെ ക്ലോസ് ചെയ്തപ്പോൾ മറ്റു സൂചികകൾ ചെറിയ താഴ്ചയിലായി. ഇന്നു രാവിലെ ഏഷ്യൻ വിപണികളിലും സമ്മിശ്രമാണു ചിത്രം. ഓസ്ട്രേലിയൻ ഓഹരികൾ ഉയർന്നപ്പോൾ ജപ്പാനിൽ നിക്കെെ താണു. കൊറിയൻ വിപണിയും താഴ്ചയിലാണ്.
സെൻസെക്സ് ഇന്നലെ 477.24 പോയിൻ്റ് (0.83%) ഉയർന്ന് 57,897.48 ലും നിഫ്റ്റി 147 പോയിൻ്റ് (0.86%) ഉയർന്ന് 17,233.25 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.18 ശതമാനവും സ്മോൾ ക്യാപ് സൂചിക 1.55 ശതമാനവും ഉയർന്നു. എല്ലാ വ്യവസായ മേഖലാ സൂചികകളും നേട്ടം കാണിച്ചു.

വിദേശികൾ വാങ്ങുന്നു

വിദേശ നിക്ഷേപകർ ഇന്നലെ 207.31 കോടി രൂപയുടെ ഓഹരികൾ ക്യാഷ് വിപണിയിൽ വാങ്ങി. രണ്ടു മാസത്തിനു ശേഷമാണ് അവർ വാങ്ങലുകാരായത്. ഇതു പ്രവണത മാറുന്നതിൻ്റെ തുടക്കമാണെന്നതിനു സൂചനകൾ ഇല്ല. സ്വദേശി ഫണ്ടുകൾ ഇന്നലെ 567.47 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി 17,288 വരെ ഉയർന്നു. ഇന്നു രാവിലെ അൽപം താഴ്ന്നു 17,274 ആയി. ചെറിയ നേട്ടത്തോടെ ഇന്നു നിഫ്റ്റി വ്യാപാരം തുടങ്ങുമെന്ന സൂചനയാണ് ഇതു നൽകുന്നത്.
വിപണി ചെറിയ ബുളളിഷ് മനോഭാവം കൈക്കൊണ്ടിട്ടുണ്ടെന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. ഇപ്പാേഴത്തെ നിലയിൽ നിന്നു താഴുന്നതു വാങ്ങലിനുള്ള അവസരമായി കാണാനാണ് അവർ നിർദേശിക്കുന്നത്. നിഫ്റ്റിക്ക് 17,180-ലും 17,125-ലും സപ്പോർട്ട് ഉണ്ട്. 17,265- ലും 17,300 ലും തടസം പ്രതീക്ഷിക്കാം.

രൂപയുടെ കയറ്റത്തിനു പിന്നിൽ

ഡോളറിനു മേൽ രൂപ കഴിഞ്ഞ ദിവസങ്ങളിൽ ഗണ്യമായ നേട്ടം ഉണ്ടാക്കി. ഡിസംബർ 15-ന് 76.28 രൂപ വരെ എത്തിയ ഡോളർ ഇന്നലെ 74.66 രൂപയിലാണു ക്ലോസ് ചെയ്തത്. ഒൻപതു വ്യാപാര ദിനങ്ങൾ കൊണ്ട് ഡോളറിന് 1.62 രൂപ കുറഞ്ഞു. 78 രൂപയിലേക്ക് ഡോളർ കയറും എന്നു കരുതിയ സാഹചര്യത്തിൽ നിന്ന് ഈ മാറ്റം വരാൻ പ്രധാനകാരണം റിസർവ് ബാങ്കിൻ്റെ ഇടപെടലാണ്. കരുതൽ ശേഖരത്തിൽ നിന്നു ഗണ്യമായ വിൽപന നടത്തി. ക്രിസ്മസ് ആയതോടെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇടപാട് കുറച്ചതും വിപണിയെ സഹായിച്ചു. വിദേശികൾ പണം മടക്കിക്കൊണ്ടു പോകുന്നത് കുറഞ്ഞു. റിസർവ് ബാങ്ക് ഇടപെട്ടു ഡോളർ കയറ്റം തടയും എന്നു വന്നതോടെ കയറ്റുമതിക്കാർ തങ്ങളുടെ ഡോളർ വരുമാനം നാട്ടിലെത്തിക്കാൻ ഉത്സാഹിക്കുകയും ചെയ്തു. ഇനി ജനുവരി ആദ്യം വിദേശ നിക്ഷേപകർ ഇടപാടുകൾ വർധിപ്പിക്കുമ്പോൾ രൂപ വീണ്ടും സമ്മർദത്തിൽ ആയേക്കാം. മാർച്ചിൽ അമേരിക്കൻ ഫെഡ് കടപ്പത്രം വാങ്ങൽ അവസാനിപ്പിക്കും. തുടർന്നു പലിശ വർധിപ്പിച്ചു തുടങ്ങും. അതിനു മുൻപ് പണം മടക്കിക്കൊണ്ടു പോകാൻ കുറേ വിദേശ ഫണ്ടുകൾ ഉത്സാഹിക്കും.

ക്രൂഡ് ഉയർന്നു തന്നെ

ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഇന്നു രാവിലെ 79. 25 ഡോളറിലെത്തി. പ്രകൃതി വാതകവും ഉയർന്നു നിൽക്കുന്നു. വില ഇനിയും കൂടുമെന്നാണു സൂചന.
ലണ്ടൻ മെറ്റൽ എക്സ്ചേഞ്ച് അവധികൾക്കു ശേഷം ഇന്നു പ്രവർത്തനം പുനരാരംഭിക്കും. വ്യാവസായിക ലോഹങ്ങളുടെ വിപണിഗതി ഇതോടെ കൂടുതൽ വ്യക്തമാകും.
സ്വർണം 1821 ഡോളർ വരെ ഉയർന്നിട്ടു തിരിച്ചിറങ്ങി. 1804-1805 ഡോളറിലാണു രാവിലെ വ്യാപാരം. ഇന്ന് 1800 ഡോളറിനു താഴോട്ടു നീങ്ങിയാൽ കൂടുതൽ താഴ്ചയിലേക്കു പോകുമെന്നാണ് സൂചന.

ഒമിക്രോണെ ഭയപ്പെടില്ല

ക്രിസ്മസിനു ശേഷം യൂറാേപ്പിലും അമേരിക്കയിലും കോവിഡ് വ്യാപനം വർധിച്ചു. ഇപ്പാേൾ ആഗോളതലത്തിൽ പ്രതിദിന രോഗബാധ 10 ലക്ഷത്തിലധികമായി. കോവിഡിൻ്റെ മുൻ തരംഗങ്ങളിലൊന്നും ഇത്രയേറെ പ്രതിദിന രോഗികൾ ഉണ്ടായിട്ടില്ല.എന്നാൽ ഒമിക്രോൺ വകഭേദം കൂടുതൽ മികച്ച പ്രതിരോധം നൽകുമെന്നും ഡെൽറ്റാ വകഭേദം പോലെ അപകടകാരിയല്ലെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇതു രോഗബാധയെപ്പറ്റി ആശങ്കകൾ കുറയ്ക്കുന്നു.

പലിശ പൊടുന്നനെ കൂട്ടില്ലെന്നു നിഗമനം

റിസർവ് ബാങ്ക് പൊടുന്നനെ പലിശ കൂട്ടുകയില്ലെന്ന ചിന്ത പല കേന്ദ്രങ്ങളും പുറത്തു പറയുന്നുണ്ട്. ആവശ്യമായിടത്തോളം പണലഭ്യത ഉറപ്പാക്കും എന്ന അത്യുദാരമായ പണനയം അൽപം കർശനമാക്കും; റിവേഴ്സ് റീപോ നിരക്കും റീപോ നിരക്കും തമ്മിലുള്ള അകലം കുറയ്ക്കും; ബാങ്ക് പലിശ നിരക്കിനെ നിയന്ത്രിക്കുന്ന താക്കോൽ നിരക്കായ റീപാേ നിരക്ക് സാവധാനം വർധിപ്പിക്കും. ഇതാണ് ഇപ്പോഴത്തെ നിഗമനം.
ഒക്ടോബർ - ഡിസംബറിലെ സാമ്പത്തിക വളർച്ച പ്രതീക്ഷയിലും അൽപം കുറവായി എന്നു പല സൂചകങ്ങളും കാണിക്കുന്നുണ്ട്. ഒമിക്രോൺ മൂലം ജനുവരി - മാർച്ചിലും ജിഡിപി വളർച്ച പ്രതീക്ഷയേക്കാൾ കുറവാകും. മൊത്തം 2021-22 ലെ ജിഡിപി വളർച്ച 9.5 ശതമാനം പ്രതീക്ഷിച്ചതിൽ നിന്ന് 8.5-9.0 ശതമാനത്തിലേക്കു കുറയുമെന്ന ധാരണ വന്നിട്ടുണ്ട്. ഒരിടയ്ക്കു വളർച്ച പത്തു ശതമാനത്തിലധികമാകും എന്ന അവകാശവാദം ഉയർന്ന സ്ഥാനത്താണിത്. വളർച്ച കുറയുന്ന സാഹചര്യത്തിൽ റിസർവ് ബാങ്ക് പലിശനിരക്കു വർധന വൈകിപ്പിക്കും എന്നാണു കാര്യവിവരമുള്ളവർ പറയുന്നത്. ഇതു വ്യവസായികളെയും വായ്പ എടുക്കുന്നവരെയും ഓഹരി വിപണിയെയും സന്തോഷിപ്പിക്കുന്ന ഘടകമാണ്.

This section is powered by Muthoot Finance



Tags:    

Similar News