ആശ്വാസകയറ്റം തേടി വിപണി; ആശങ്കകൾ അകലുന്നില്ല; ഫേസ്ബുക്കിലെ ക്ഷീണം സ്നാപ്ചാറ്റ് മാറ്റുമോ?; ക്രൂഡ് വില 91 ഡോളറിനു മുകളിൽ
ഫേസ് ബുക്ക് റിസൾട്ടും ഓഹരി വിപണികളുടെ ചാഞ്ചാട്ടവും നിക്ഷേപകരെ പഠിപ്പിക്കുന്നത് എന്ത്?, ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് ആശ്വാസ റാലിയോ?
വിദേശ സൂചനകളും ലാഭമെടുക്കലും ഇന്നലെ ഇന്ത്യൻ വിപണിയെ തളർത്തി. ഫേസ്ബുക്ക് റിസൽട്ട് മോശമായതു മൂലം അമേരിക്കൻ ഓഹരി വിപണിയും പലിശവർധനയുടെ പേരിൽ യൂറോപ്യൻ വിപണികളും ഇന്നലെ ഇടിഞ്ഞു. എങ്ങും ചുവപ്പു മാത്രം നിറഞ്ഞ ദിവസത്തിനു ശേഷം ഇന്ന് ഇന്ത്യൻ വിപണി ആശ്വാസ കയറ്റം പ്രതീക്ഷിക്കുന്നു. പക്ഷേ, വിപണിയെ ഉലയ്ക്കുന്ന ആശങ്കകൾ അകന്നിട്ടില്ല.
ക്രൂഡ് ഓയിൽ വില 91 ഡോളറിനു മുകളിലായിട്ടുണ്ട്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കൂട്ടി. ഇങ്ങനെ പ്രതികൂല വാർത്തകൾ ഉണ്ടെങ്കിലും വിപണി അതൊന്നും സാരമാക്കില്ല. ഓൺലൈൻ റീട്ടെയിൽ - എൻ്റർടെയ്ൻമെൻ്റ് ഭീമൻ ആമസോൺ പ്രതീക്ഷയിലും മികച്ച റിസൽട്ട് പ്രസിദ്ധീകരിച്ചത് യുഎസ് ഫ്യൂച്ചേഴ്സ് ഉയരാൻ കാരണമായി. യുഎസ് വിപണി ക്ലോസ് ചെയ്ത ശേഷമായിരുന്നു ആമസാേൺ റിസൽട്ട്. ഇന്നലെ ഡൗജോൺസ് 1.4 ശതമാനവും നാസ്ഡാക് 3.7 ശതമാനവും ഇടിഞ്ഞിരുന്നു. ഇന്നു രാവിലെ ഓസ്ട്രേലിയയിലും ജപ്പാനിലും ഓഹരികൾ ചെറിയ ഉയർച്ച കാണിച്ചു. പക്ഷേ, തുടക്കത്തിലെ നേട്ടം സൂചികകൾ നില നിർത്തിയില്ല. അവ നഷ്ടത്തിലായി. സിംഗപ്പുർ എക്സ്ചേഞ്ചിൽ രാവിലെ എസ്ജിഎക്സ് നിഫ്റ്റി വ്യാപാരം കാര്യമായ നേട്ടമില്ലാതെയാണ്. ഇന്നലെ 17,556.8ൽ ക്ലോസ് ചെയ്ത സൂചിക രാവിലെ 17,588 ലേക്കു കയറി. പിന്നീടു ഗണ്യമായി താണു.
ഇന്നലെ ഇന്ത്യൻ വിപണിയിൽ അമേരിക്കൻ ടെക്നോളജി - സോഷ്യൽ മീഡിയ ഓഹരികളുടെ തകർച്ച വലിയ സ്വാധീനം ചെലുത്തി. മൂന്നു ദിവസം തുടർച്ചയായി ഉയർന്ന വിപണിയിൽ ലാഭമെടുക്കലുകാരും സജീവമായി. വിദേശ നിക്ഷേപകരും സ്വദേശി ഫണ്ടുകളും വിൽപനക്കാരാവുകയും ചെയ്തു. സെൻസെക്സ് 770.31 പോയിൻ്റ് (1.21 ശതമാനം) ഇടിഞ്ഞ് 58,788.02ലും നിഫ്റ്റി 219.8 പോയിൻ്റ് (1.24%) താഴ്ന്ന് 17,560.2 ലും ക്ലോസ് ചെയ്തു. ഐടി മേഖലയിലായിരുന്നു വലിയ ഇടിവ്. സ്മോൾ, മിഡ് ക്യാപ് സൂചികകൾ മുഖ്യസൂചികകളെ അപേക്ഷിച്ചു ചെറിയ തോതിലേ താണുള്ളു.
വിദേശ നിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ 1597.54 കോടി രൂപയുടെ ഓഹരികൾ വിറ്റു. അവർ ഇൻഡെക്സ് ഓപ്ഷൻസിൽ 10,485 കോടിയുടെ വാങ്ങലും നടത്തി. സ്വദേശി ഫണ്ടുകൾ ഇന്നലെ 370.58 കോടിയുടെ ഓഹരികൾ വിറ്റു.
വിപണി അനിശ്ചിത നിലയിലാണെന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. 17,500-നു മുകളിലെ സപ്പോർട്ട് നില നിർത്തിയാൽ 17,700-17,800 മേഖലയിലേക്കു നീങ്ങാനാകും. ഇപ്പോഴത്തെ നിലയിൽ നിന്നു താഴോട്ടാണു നീങ്ങുന്നതെങ്കിൽ 17,250 - 17,100 മേഖലയിലാകും പിന്നീടു താങ്ങു കാണുക.
ഒപെക് രാജ്യങ്ങളിലെ ഉൽപാദനം ലക്ഷ്യത്തിലും താഴെയായത് ക്രൂഡ് ഓയിൽ വില ഉയർത്തി. ബ്രെൻ്റ് ഇനം 91.62 ഡോളറിലേക്കു കുതിച്ചു. വില ഇനിയും ഉയരുമെന്നാണു സൂചന.
വ്യാവസായിക ലോഹങ്ങൾ ചെറിയ മാറ്റത്താേടെ ഉയർന്ന നിലവാരത്തിൽ തുടരുന്നു. ഇരുമ്പയിര് 146 ഡോളറിലേക്കു കുതിച്ചു. അലൂമിനിയം വീണ്ടും 3000 ഡോളറിനു മുകളിലായി.
സ്വർണം ഇന്നലെ ചാഞ്ചാടി. 1788 ഡോളർ വരെ താണ്ട് 1807 ഡോളറിലെത്തി. ഇന്നു രാവിലെ 1807-1809 ഡോളറിലാണു വ്യാപാരം.
ഫേസ്ബുക്കും വിപണിയുടെ ''മൂഡ് " മാറ്റങ്ങളും
വളരെ പെട്ടെന്നാണു വിപണിയുടെ "മൂഡ്'' മാറുന്നത്. ഫേസ്ബുക്കിൻ്റെ മാതൃ കമ്പനിയായ മെറ്റായുടെ റിസൽട്ട് വന്നു. ഭാവി മോശമെന്ന സൂചനയും നൽകി. കമ്പനിയുടെ ഓഹരി 26 ശതമാനം ഇടിഞ്ഞു. വിപണിമൂല്യത്തിൽ ഒറ്റ ദിനം കൊണ്ടു നഷ്ടം 25,400 കോടി ഡോളർ. ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗിൻ്റെ സമ്പത്തിൽ 2900 കോടി ഡോളർ തകർച്ച. ഒരു പക്ഷേ ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 പേരുടെ പട്ടികയിൽ നിന്നു പോലും സക്കർബർഗ് പുറത്തായേക്കും. ഈ വർഷം മെറ്റായുടെ വരുമാനത്തിൽ 1000 കോടി ഡോളറിൻ്റെ (75,000 കോടി രൂപ) ഇടിവാണു കമ്പനി പ്രതീക്ഷിക്കുന്നത്.ഇന്ത്യയിലും മറ്റും ഉപയോക്താക്കളുടെ എണ്ണം കുറഞ്ഞതാണു ഫേസ് ബുക്കിനും മാതൃ കമ്പനിയായ മെറ്റായ്ക്കും ക്ഷീണമായത്. ടിക് ടോക് തങ്ങളുടെ ഉപയോക്താക്കളെ ആകർഷിച്ചെന്നും ആപ്പിളിൻ്റെ സ്വകാര്യതാ നയം ആൾക്കാരെ ഫേസ്ബുക്ക് ഉപയോഗിക്കുന്നതിൽ നിന്നു തടയുന്നു എന്നും സക്കർബർഗ് പറയുന്നു.
ബുധനാഴ്ച രാതി മുതൽ വ്യാഴാഴ്ച രാത്രി വരെ നീണ്ടു നിന്നു മെറ്റാ പ്ലാറ്റ്ഫോംസിൻ്റെ തകർച്ച. ലോകമെങ്ങും ഓഹരി കമ്പോളങ്ങൾ ചുവപ്പണിഞ്ഞു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് രണ്ടാം വട്ടവും പലിശ കൂട്ടുകയും യൂറോപ്യൻ കേന്ദ്ര ബാങ്ക് കടപ്പത്രം വാങ്ങൽ മാർച്ചിൽ അവസാനിപ്പിക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തതോടെ യൂറോപ്യൻ വിപണികളിലും ചോരപ്പുഴയായി.
വ്യാഴാഴ്ച യുഎസ് വിപണി ക്ലോസ് ചെയ്ത ശേഷം ഓൺലൈൻ റീട്ടെയിൽ -- എൻ്റർടെയ്ൻമെൻ്റ് ഭീമൻ ആമസാേണും സമൂഹമാധ്യമ പ്ലാറ്റ്ഫോം സ്നാപ്പും (സ്നാപ്ചാറ്റ്) പിൻ്ററസ്റ്റും പ്രതീക്ഷയിലും മികച്ച റിസൽട്ട് പ്രസിദ്ധീകരിച്ചു. വിപണിക്കു പുറത്തുള്ള വ്യാപാരത്തിൽ ആമസോൺ ഓഹരി 16 ശതമാനം കയറി. സ്നാപ് ആദ്യമായി ലാഭമുണ്ടാക്കിയതിൻ്റെ ആവേശത്തിൽ ഓഹരി 62 ശതമാനം കുതിച്ചു. പിൻ്ററസ്റ്റ് 25 ശതമാനം കയറി. അടുത്തയാഴ്ച റിസൽട്ട് പ്രഖ്യാപിക്കേണ്ട ട്വിറ്ററിനും 10 ശതമാനം നേട്ടമുണ്ടായി.
ഫേസ്ബുക്കിൻ്റെ മോശം റിസൽട്ടിനെ തുടർന്ന് സമൂഹമാധ്യമ- ന്യൂ ടെക് കമ്പനികൾക്കെല്ലാം വ്യാഴാഴ്ച വലിയ തകർച്ച ഉണ്ടായതാണ്. നാസ്ഡാക് സൂചിക 3.7 ശതമാനം ഇടിഞ്ഞു. സ്നാപ്പും പിൻ്ററസ്റ്റും നല്ല റിസൽട്ട് ഇറക്കിയപ്പോൾ വീണ്ടും വിപണിയുടെ "മൂഡ്'' മാറി. മെറ്റായുടെ ഓഹരി പോലും വിപണിക്കു ശേഷമുള്ള വ്യാപാരത്തിൽ1.6 ശതമാനം ഉയർന്നു. ഫ്യൂച്ചേഴ്സും കയറി.
സംഭ്രമിപ്പിക്കുന്ന വന്യചലനങ്ങൾ
എല്ലായ്പോഴും ഭിന്ന താൽപര്യങ്ങളും കാഴ്ചപ്പാടുകളും വിപണിയിൽ ഉണ്ടാകും. ചിലപ്പോൾ അവ പരസ്പര വിരുദ്ധവുമാകും. അതു കൊണ്ടാണല്ലോ ഒരേ കമ്പനിയുടെ ഓഹരികൾ വിൽക്കാനും വാങ്ങാനും ഒരേ സമയം ആൾക്കാർ ഉണ്ടാകുന്നത്. എന്നാൽ ഈ ദിവസങ്ങളിൽ ന്യൂ ടെക് കമ്പനികളുടെ ഓഹരികളിൽ അമേരിക്കൻ വിപണിയിൽ നടക്കുന്ന ഭ്രാന്തമായ കയറ്റിറക്കങ്ങൾ നിക്ഷേപകരെ സംഭ്രമിപ്പിക്കുക തന്നെ ചെയ്യും. യുഎസ് വിപണി വലിയ ആഴമുള്ളതാണെന്നും ചില്ലറ കാറ്റും കോളുമൊന്നും അവിടെ ബാധിക്കില്ലെന്നുമൊക്കെ പറയുന്നതു കഥയില്ലായ്മയാണെന്ന് വിപണിഗതി കാണിക്കുന്നു. ആഴമുള്ള വിശകലനങ്ങളേക്കാൾ കംപ്യൂട്ടറധിഷ്ഠിത (അൽഗോരിതം) വ്യാപാരതന്ത്രങ്ങളാണ് ഇത്ര വലിയ ചാഞ്ചാട്ടങ്ങൾക്ക് ഇടയാക്കുന്നത്.
യുഎസ് വിപണിയിൽ നിന്നു പലതും അനുകരിച്ചാണ് ഇന്ത്യൻ വിപണിയും പ്രവർത്തിക്കുന്നത്. ഇത്തരം വന്യ ചലനങ്ങൾ ഇനി ഇവിടെയും പ്രതീക്ഷിക്കണം.
This section is powered by Muthoot Finance