ആശ്വാസമായി യുഎസ് - റഷ്യ ചർച്ചയ്ക്ക് നീക്കം; ഏഷ്യൻ വിപണികളിൽ നഷ്ടം കുറഞ്ഞു; ക്രൂഡ് കയറിയിട്ട് താണു
ഓഹരി വിപണിയിൽ സാഹസങ്ങൾക്ക് പറ്റിയ സമയമല്ല, കാരണം ഇതാണ്; ടെക് ഓഹരികൾക്കു ക്ഷീണകാലം;
അനിശ്ചിതത്വവും ആശങ്കയും വർധിക്കുന്നതിനിടെ ആശ്വാസവാർത്ത. യുക്രെയ്ൻ സംഭവ വികാസങ്ങൾ നിർണായക സന്ധിയിൽ എത്തി നിൽക്കെ ചർച്ചയ്ക്കു വഴിതെളിഞ്ഞു. യുഎസ് പ്രസിഡൻ്റ് ജോ ബൈഡനും റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിനും നേരിട്ടു ചർച്ചയ്ക്കു തയാറായി. ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിൻ്റെ മധ്യസ്ഥതയാണു ചർച്ചയ്ക്ക് വഴി ഒരുക്കിയത്. വിപണിയിൽ ഇതിൻ്റെ ആശ്വാസം ഇന്നു പ്രതീക്ഷിക്കാം. എങ്കിലും വിപണിയിൽ സാഹസങ്ങൾക്കോ ഹ്രസ്വകാല പന്തയങ്ങൾക്കോ പറ്റിയ സമയമല്ല ഇത്.
സ്വർണവും ക്രൂഡ് ഓയിലും ഡോളർ സൂചികയും ഇന്നു രാവിലെ കുതിച്ച ശേഷം താഴാേട്ടു നീങ്ങി. ഓസ്ട്രേലിയയിലും കൊറിയയിലും ജപ്പാനിലും ഓഹരികൾ ആദ്യം കുത്തനെ ഇടിഞ്ഞു. പിന്നീടു നഷ്ടം കുറച്ചു. യുഎസ് ഓഹരികളുടെ ഫ്യൂച്ചേഴ്സ് താഴ്ചയിൽ നിന്നു മാറി നേട്ടത്തിലായി. ബിറ്റ്കോയിൻ അടക്കം ക്രിപ്റ്റോ കറൻസികളും ഇടിഞ്ഞ ശേഷം തിരിച്ചു കയറാൻ ആരംഭിച്ചു. ഇതാണ് ഇന്നത്തെ തുടക്കം.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി വെള്ളിയാഴ്ച 17,280 ലായിരുന്നു. പിന്നീട് 17,138 വരെ താണു. ഇന്നു രാവിലെ 17,230 ലേക്കു കയറി. ചെറിയ താഴ്ചയോടെ ഇന്ത്യൻ വിപണി വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.
കഴിഞ്ഞയാഴ്ച വലിയ ചാഞ്ചാട്ടങ്ങൾക്കൊടുവിൽ ഇന്ത്യൻ വിപണിയിലെ മുഖ്യസൂചികകൾ ചെറിയ നഷ്ടമേ കാണിച്ചുള്ളു. സെൻസെക്സ് 0.55 ശതമാനവും നിഫ്റ്റി 0.57 ശതമാനവും താണു. എന്നാൽ വിശാല വിപണി കൂടുതൽ താഴ്ചയിലായിരുന്നു. നിഫ്റ്റി 500 സൂചികയിലെ പ്രതിവാര നഷ്ടം 1.21 ശതമാനം ആയി. മിഡ് ക്യാപ് സൂചിക 1.98 ശതമാനവും സ്മോൾ ക്യാപ് സൂചിക 3.29 ശതമാനവും ഇടിവാണു കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയത്. മെറ്റൽ വ്യവസായങ്ങളുടെ സൂചിക കഴിഞ്ഞയാഴ്ച 4.23 ശതമാനം ഇടിഞ്ഞു.
വെള്ളിയാഴ്ച ഇന്ത്യൻ വിപണി നേരിയ തോതിലേ താഴ്ന്നുള്ളു. യുക്രെയ്ൻ സംഘർഷത്തിനു ചർച്ചയിലൂടെ പരിഹാരം ഉണ്ടാകാമെന്ന സൂചനകളാണ് ഉണ്ടായിരുന്നത്. ഇന്ത്യൻ വിപണി ക്ലോസ് ചെയ്ത ശേഷം നില മാറി. ചർച്ച ഉണ്ടാകില്ലെന്നു വ്യക്തമായി. യൂറോപ്പിലും അമേരിക്കയിലും വിപണികൾ ഒരു ശതമാനത്തിലേറെ ഇടിഞ്ഞു.
വെള്ളിയാഴ്ച സെൻസെക്സ് 59.04 പോയിൻ്റ് (0.1%) താഴ്ന്ന് 57,832.97 ലും നിഫ്റ്റി 28.3 പോയിൻ്റ് (0.16 %) താഴ്ന്ന് 17,276.3ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.91 ശതമാനവും സ്മോൾ ക്യാപ് സൂചിക 1.06 ശതമാനവും താണു.
വിദേശ നിക്ഷേപകരുടെ വിൽപന വെള്ളിയാഴ്ച 2529.96 കോടി രൂപയിലേക്കു കയറി. ഇതോടെ ഫെബ്രുവരിയിലെ അവരുടെ വിൽപന 21,928.08 കോടി രൂപയായി. സ്വദേശി ഫണ്ടുകൾ വെള്ളിയാഴ്ച 1929.08 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
നിഫ്റ്റി 17,400 ആധികാരികമായി മറികടന്നാലേ ഉയരങ്ങളിലേക്കു നീങ്ങാനാകൂ എന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. നിഫ്റ്റിക്ക് 17,150- 17,230 പരിധിയിൽ നിൽക്കാനായില്ലെങ്കിൽ 16,800 വരെ താഴാമെന്നും അവർ പറയുന്നു. ഇന്നു നിഫ്റ്റിക്ക് 17,200-ഉം 17,130-ഉം സപ്പോർട്ട് നൽകും.17,365 ലും 17,455 ലും ശക്തമായ തടസം ഉണ്ട്.
ക്രൂഡ് ഓയിൽ വില ഉയർന്നിട്ടു കുറച്ചു താണു. രാവിലെ 94.78 വരെ കയറിയ ബ്രെൻ്റ് ഇനം പിന്നീട് 92.8 ഡോളറിലേക്കു തിരിച്ചു വന്നു. പ്രകൃതിവാതക വില രാവിലെ ആറു ശതമാനം കൂടി.
വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച ഉയർന്ന നിലവാരത്തിലാണു ക്ലോസ് ചെയ്തത്. ചെമ്പ് 10,000 ഡോളറിനും അലൂമിനിയം 3250 ഡോളറിനും മുകളിലാണ്.
സ്വർണം ഇന്നു രാവിലെ ചാഞ്ചാട്ടത്തിലാണ്. രാവിലെ 1909 ഡോളർ വരെ ഉയർന്നിട്ട് 1893-1894-ലേക്കു താഴ്ന്നു.
ബിറ്റ് കോയിൻ 38,200 ഡാേളർ വരെ താഴ്ന്നിട്ടു 39,000 നു മുകളിലേക്കു കയറി.
യുക്രെയ്നിൽ ഇനി എന്ത്?
യുക്രെയ്നിൽ കിഴക്കൻ ഭാഗത്തെ വിമതരെ ഉപയോഗിച്ച് ഔദ്യോഗിക സേനയ്ക്കെതിരേ പോരാട്ടം തുടങ്ങി വച്ച റഷ്യ ഇനി എന്തു ചെയ്യും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഉന്നതതല ചർച്ചയ്‌ക്കു സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അതു വിജയിക്കുമെന്ന് ഉറപ്പായിട്ടില്ല. സൈബർ ആക്രമണങ്ങൾ തുടരുന്നു. സംഘർഷം അടുത്ത തലത്തിലേക്കു നീങ്ങുമ്പോൾ യുദ്ധമല്ല, സാമ്പത്തിക ഉപരോധമാണു പ്രതീക്ഷിക്കാനുളളത്. റഷ്യയുടെ എണ്ണ -പ്രകൃതി വാതക കയറ്റുമതി വിലക്കിയും അന്താരാഷ്ട്ര ബാങ്കിംഗ് സൗകര്യം ഇല്ലാതാക്കിയും ഒരു ഉപരോധം ഏർപ്പെടുത്തിയാൽ അതിൻ്റെ പ്രത്യാഘാതം ചില്ലറയായിരിക്കില്ല.
ക്രൂഡ് ഓയിൽ വില പിടി വിട്ടു കൂടും. ജെ പി മോർഗൻ പ്രവചിച്ച 120 ഡോളറിനും മുകളിലേക്കു ക്രൂഡ് കടന്നെന്നു വരും. ലോകത്തിലെ എണ്ണ കയറ്റുമതിയിൽ 12 ശതമാനം റഷ്യയുടേതാണ്. സൗദി അറേബ്യക്കു തുല്യമാണ് റഷ്യയുടെ ക്രൂഡ് ഉൽപാദനം. പ്രകൃതി വാതകം ഏറ്റവും കൂടുതൽ ഉള്ളതു റഷ്യയിലാണ്. യൂറോപ്പ് വാങ്ങുന്ന പ്രകൃതി വാതകത്തിൻ്റെ 75 ശതമാനം റഷ്യയിൽ നിന്നാണ്. വാതക വില ഇപ്പോഴത്തെ നാലര ഡോളറിൽ നിന്നു 12 ഡോളറിനു മുകളിലെത്തുമെന്നാണു ഭീതി.
ഇന്ധനവില കയറിയാൽ വിലക്കയറ്റം നിയന്ത്രണാതീതമാകും. അതു പലിശവർധനയ്ക്കും ക്രമേണ വളർച്ചക്കുറവിനും ചിലപ്പോൾ മാന്ദ്യത്തിനും വഴിതെളിക്കും. കറൻസി, ഉൽപന്ന, മൂലധന വിപണികൾ ആടിയുലയും.
ടെക് ഓഹരികൾക്കു ക്ഷീണകാലം
നാസ്ഡാക് സൂചിക കൂടുതൽ ആഴത്തിലേക്കു സൂചന നൽകുന്ന ഡെത്ത് ക്രോസ് എന്ന സാങ്കേതിക നിലവാരത്തിൽ ആണെന്നു വിദഗ്ധർ പറയുന്നു. നവംബറിലെ സർവകാല ഉയരത്തിൽ നിന്നു 16 ശതമാനം താഴെയാണു നാസ്ഡാക്. ടെക് ഓഹരികൾക്കു മുൻതൂക്കമുള്ള നാസ്ഡാക് സൂചികയുടെ 50 ദിവസ മൂവിംഗ് ആവരേജ് 200 ദിവസ മൂവിംഗ് ആവരേജിനെ മുറിച്ചു കടന്നതാണു ഡെത്ത് ക്രോസ് എന്ന നില വരുത്തിയത്. ടെക് കമ്പനികൾ സമീപ ആഴ്ചകളിൽ താഴോട്ടു പോകുകയായിരുന്നു. അതിനു വേഗം കൂടുമെന്നു പല വിദഗ്ധരും പറയുന്നു.
This section is powered by Muthoot Finance