അനിശ്ചിതത്വം മുന്നിൽ; റഷ്യയിലേക്കുള്ള കയറ്റുമതി തടസപ്പെടുന്നു; ക്രൂഡ് വീണ്ടും കയറ്റത്തിൽ; ധാന്യ - ഭക്ഷ്യ എണ്ണ വിലകൾ ഉയരുന്നു
ഇന്ന് ഓഹരി വിപണിയിൽ കാര്യങ്ങൾ മാറി മറിഞ്ഞേക്കും; കാരണങ്ങൾ ഇതൊക്കെ; ക്രൂഡ് വീണ്ടും 100 ഡോളറിന് മുകളിൽ; കയറ്റുമതിക്ക് തടസ്സം;
ദുർബല രാജ്യമായ യുക്രെയ്ൻ ചെറുത്തു നിൽക്കുന്നു. വൻ ശക്തിയായ റഷ്യയുടെ സേന ഇത്രയും ശക്തമായ ഏറ്റുമുട്ടൽ പ്രതീക്ഷിച്ചിരിക്കില്ല. നീണ്ടു നിൽക്കുന്ന ഒരു പോരാട്ടത്തിലേക്കു യുക്രെയ്ൻ - റഷ്യ സംഘർഷം നീങ്ങുകയാണോ? യുദ്ധഗതി അനിശ്ചിതമായി മാറി.
അനിശ്ചിതത്വങ്ങൾ വിപണിക്ക് ഇഷ്ടമല്ല. അതു കാണിക്കുന്നതാകും ഇന്നു വിപണിയുടെ തുടക്കം. സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി കഴിഞ്ഞ ദിവസം 16,923 വരെ കയറിയെങ്കിലും ഇന്നു രാവിലെ 16,700-ലേക്കു താണു. പിന്നീട് അൽപം കയറി. ചെറിയ ഉയർച്ചയോടെയാകും ഇന്ത്യൻ വിപണി ഇന്നു തുടങ്ങുക എന്നാണ് ഇതു നൽകുന്ന സൂചന.
വെള്ളിയാഴ്ച രണ്ടര ശതമാനം തിരിച്ചു കയറിയത് ഇന്ത്യൻ വിപണിയുടെ പ്രതിവാര നഷ്ടം സെൻസെക്സിൽ 3.41 ശതമാനവും നിഫ്റ്റിയിൽ 3.58 ശതമാനവും ആയി കുറച്ചു. ആഗാേള വിപണികളും വെള്ളിയാഴ്ച വലിയ തിരിച്ചു കയറ്റം നടത്തി. യുഎസ് വിപണിയുടെ പ്രധാന സൂചികയായ ഡൗ ജോൺസ് 0.06 ശതമാനം പ്രതിവാര നഷ്ടമേ കാണിച്ചുള്ളു. നാസ്ഡാക് നേട്ടത്തിലുമായി. ക്രൂഡ് ഓയിലിൻ്റെയും സ്വർണത്തിൻ്റെയും ഡോളറിൻ്റെയും വില താഴ്ന്നു.
പക്ഷേ, തിങ്കളാഴ്ച രാവിലെ കാര്യം മാറുകയാണ്. ക്രൂഡ് ഓയിൽ വില 103 ഡോളറിലേക്കു കയറി. അഞ്ചര ശതമാനം ഉയർച്ച. സ്വർണം ഒരു ശതമാനത്തിലധികം നേട്ടത്താേടെ 1914 ഡോളർ ആയി. ഡൗ ജോൺസ് അടക്കം യുഎസ് ഓഹരി സൂചികകളുടെ ഫ്യൂച്ചേഴ്സ് ഇടിഞ്ഞു. നിക്കൈ അടക്കം ഏഷ്യൻ ഓഹരി സൂചികകൾ നഷ്ടത്തിലാണ് ഇന്നു രാവിലെ വ്യാപാരം തുടങ്ങിയത്.പിന്നീടു നേട്ടത്തിലായി.. ഡോളർ സൂചികയും താഴ്ന്നു.
വെള്ളിയാഴ്ച 1328.61 പോയിൻ്റ് (2.44 %) നേട്ടത്തോടെ 55,858.52 ൽ സെൻസെക്സും 410.45 പോയിൻ്റ് (2.53%) നേട്ടത്താേടെ 16,658.4 ൽ നിഫ്റ്റിയും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 4.2 ശതമാനവും സ്മോൾ ക്യാപ് സൂചിക 4.8 ശതമാനവും കുതിച്ചു. ബാങ്ക് നിഫ്റ്റി 3.4 ശതമാനം ഉയർന്നു.
വിദേശ നിക്ഷേപകർ വെളളിയാഴ്ച 4470.7 കോടിയുടെ ഓഹരികൾ വിറ്റഴിച്ചു. ഇതോടെ ഫെബ്രുവരിയിലെ വിൽപന 41,771.6 കോടി രൂപയായി. ജനുവരിയിലെ 41,346.35 കോടി രൂപയുടെ വിൽപ്പനയേക്കാൾ കൂടുതലായി ഇത്. സ്വദേശി ഫണ്ടുകൾ 4318.24 കോടിയുടെ ഓഹരികൾ വാങ്ങി.
വിപണി ഗതിനിർണയിക്കാനാവാതെ നിൽക്കുകയാണെന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. ഇപ്പോഴത്തെ നിലയിൽ നിന്നു നിഫ്റ്റി 16,800-16,850 നിലയിലേക്കു കയറിയാലേ ഉയർച്ചയുടെ പാതയിൽ ആയി എന്നു പറയാനാകൂ. മറിച്ചു 16,480- നു താഴേക്കു വീണാൽ 16,100-15,800 തലത്തിലേക്കും പിന്നീടു കൂടുതൽ ആഴത്തിലേക്കും ഇടിയും. ഇന്നു 16,500-ലും 16,355 ലും നിഫ്റ്റിക്ക് സപ്പോർട്ട് ഉണ്ട്. 16,780 ലും 16,900-ലും പ്രതിരോധമുണ്ട്.
ക്രൂഡ് വീണ്ടും 100 ഡോളറിനു മുകളിൽ
വാരാന്ത്യത്തിൽ 97 ഡോളറിലേക്ക് ബ്രെൻ്റ് ഇനം ക്രൂഡിൻ്റെ വില ഇടിഞ്ഞിരുന്നു. ഇന്നു രാവിലെ അത് അഞ്ചു ശതമാനത്തിലധികം കുതിച്ച് 103.1 ഡോളർ ആയി. പിന്നീട് 102 ഡോളറിനു താഴെയായി. പ്രകൃതിവാതക വിലയും ഉയർന്നു. ഇന്ധന മേഖല ഉപരോധത്തിൽ വന്നിട്ടില്ലെങ്കിലും ചരക്കുനീക്കത്തിലെ തടസം വില കൂടാൻ കാരണമായി.
യുക്രെയ്ൻ സൂര്യകാന്തി എണ്ണ, ഗോതമ്പ്, ചോളം തുടങ്ങിയവയുടെ പ്രധാന കയറ്റുമതിക്കാരാണ്. റഷ്യ ഗോതമ്പിൻ്റെയും ബാർലി, ചോളം എന്നിവയുടെയും പ്രമുഖ കയറ്റുമതിക്കാരാണ്. യുദ്ധം ധാന്യങ്ങളുടെയും ഭക്ഷ്യ എണ്ണകളുടെയും വില റിക്കാർഡ് ഉയരത്തിലേക്കു കയറ്റി.
വ്യാവസായിക ലോഹങ്ങളും ഉയർന്നു. റഷ്യയിൽ നിന്നുള്ള കയറ്റുമതി തടസപ്പെടുമെന്ന ഭീതിയാണു വിപണിയിൽ. അലൂമിനിയം ടണ്ണിന് 33726 ഡാേളർ ആയി. ചെമ്പ് വാരാന്ത്യത്തിൽ 10,000 ഡോളറിനു താഴെ ആയെങ്കിലും തിരിച്ചു കയറുമെന്നാണു സൂചന.
കയറ്റുമതിക്കു തടസം
റഷ്യയിലേക്കുള്ള കയറ്റുമതിക്ക് എക്സ്പോർട്ട് ക്രെഡിറ്റ് ആൻഡ് ഗാരൻ്റി കോർപ്പറേഷൻ്റെ (ഇസിജിസി) കവറേജ് പിൻവലിച്ചു. ഇതോടെ തേയിലയും കാപ്പിയും അടക്കമുള്ളവയുടെ കയറ്റുമതി തടസപ്പെട്ടു.
സ്വർണം വാരാന്ത്യത്തിലെ താഴ്ചയിൽ നിന്ന് ഇന്നു രാവിലെ കയറി. 1915 ഡോളർ വരെ എത്തിയ ശേഷം 1910-1912 ഡോളറിലേക്കു താണു. കേരളത്തിൽ 37,080 രൂപയിലേക്കു താഴ്ന്ന പവൻ വില ഇന്ന് ഉയർന്നേക്കും.
വാരാന്ത്യത്തിൽ തിരിച്ചു കയറിയ രൂപയുടെ വിനിമയ നിരക്ക് വീണ്ടും താഴുമെന്നാണു സൂചന.
ഇന്ത്യയുടെ മൂന്നാം പാദ (ഒക്ടോബർ - ഡിസംബർ) ജിഡിപി വളർച്ചയുടെ കണക്ക് ഇന്നു പ്രസിദ്ധീകരിക്കും. റിസർവ് ബാങ്കും ഗവണ്മെൻ്റും നേരത്തേ പ്രതീക്ഷിച്ചിരുന്നതിലും കുറവാകും വളർച്ച എന്നാണു പുതിയ നിഗമനം.
അനിശ്ചിതത്വത്തിൻ്റെ തേർവാഴ്ച
വലിയ വീഴ്ചകളും വലിയ തിരിച്ചുകയറ്റങ്ങളും വിപണിയിൽ പതിവായിരിക്കുന്നു. അനിശ്ചിതത്വത്തിൻ്റെ തേർവാഴ്ചയാണ് അതിനു കാരണം. വെള്ളിയാഴ്ച ഇന്ത്യൻ വിപണി രണ്ടര ശതമാനം തിരിച്ചു കയറിയത് ആശ്വാസമാകാത്തത് അതുകൊണ്ടാണ്.
വെള്ളിയാഴ്ച ഇന്ത്യയടക്കം വിപണികൾ നല്ല തിരിച്ചു കയറ്റം നടത്തി. പക്ഷേ ശനിയാഴ്‌ച കഥ മാറി. റഷ്യക്കെതിരേ പാശ്ചാത്യശക്തികൾ പ്രഖ്യാപിച്ച ഉപരോധങ്ങൾ അത്ര ഫലപ്രദമല്ല എന്ന വിലയിരുത്തലായിരുന്നു വെള്ളിയാഴ്ച വിപണികളെ നയിച്ചത്. ശനിയാഴ്ച പാശ്ചാത്യ ശക്തികളും ജപ്പാനും പുതിയ നടപടികൾ പ്രഖ്യാപിച്ചു. ആഗാേള ബാങ്കിംഗിൻ്റെ ആധാരശിലയായ സ്വിഫ്റ്റിൽ (Society for Worldwide Interbank Financial Telecommunication) നിന്നു കുറേ റഷ്യൻ ബാങ്കുകളെ ഒഴിവാക്കാൻ തീരുമാനിച്ചു. റഷ്യൻ കേന്ദ്ര ബാങ്കിൻ്റെ ആസ്തികൾ മരവിപ്പിക്കാനും തീരുമാനമുണ്ട്. ഇതിനു മുമ്പ് ഇറാനു മാത്രമേ ഈ നടപടി നേരിടേണ്ടി വന്നിട്ടുള്ളു. ഇറാൻ്റെ വിദേശ വ്യാപാരം മൂന്നിലൊന്നായി കുറയ്ക്കാൻ ഇതു വഴിതെളിച്ചു.
റഷ്യയുടെ ക്രൂഡ് ഓയിൽ, പ്രകൃതി വാതക വ്യാപാരം ഈ വിലക്കിൽ നിന്ന് ഒഴിവാണ്. യൂറോപ്പിൻ്റെ ഇന്ധന ലഭൃതയെ ബാധിക്കാതെ റഷ്യയെ ഞെരുക്കാനാണ് ഇപ്പാേഴത്തെ ശ്രമം. ഇതിനെതിരേ അണ്വായുധ പ്രയോഗ ഭീഷണി റഷ്യ നടത്തിയത് അത്ര ഭീതി ജനിപ്പിച്ചിട്ടുമില്ല.
എന്തായാലും അനിശ്ചിതത്വം തേർവാഴ്ച നടത്തുന്നു. അതിൻ്റെ പ്രത്യാഘാതം ഇന്നു വിപണിയിൽ കാണും. ഓഹരികൾ താഴുകയും സുരക്ഷിത നിക്ഷേപങ്ങൾ (സ്വർണം, സർക്കാർ കടപ്പത്രങ്ങൾ, ഡോളർ തുടങ്ങിയവ) ഉയരുകയും ചെയ്യും. രൂപയുടെ നിരക്ക് താഴും.
This section is powered by Muthoot Finance