ആശ്വാസറാലി പ്രതീക്ഷിച്ചു വിപണി; ആഗാേള സൂചനകൾ പോസിറ്റീവ്; ക്രൂഡ് വില അൽപം താണു
റഷ്യയ്ക്കെതിരായ ഉപരോധത്തിന്റെ പ്രത്യാഘാതം എത്രത്തോളം; ഇന്ന് വിപണിയിൽ ആശ്വാസ റാലിയോ?
ഓഹരി വിപണി മറ്റൊരു ആശ്വാസ റാലി കാത്താണ് ഇന്നു വ്യാപാരം തുടങ്ങുക. യുക്രെയ്ൻ പ്രതിസന്ധി ലോക വാണിജ്യത്തെ ബാധിക്കുന്ന രീതിയിൽ ഇപ്പാേൾ രൂക്ഷമാകുന്നില്ല എന്ന തിരിച്ചറിവാണു കാരണം. ചൊവ്വാഴ്ചത്തെ നഷ്ടങ്ങൾ നികത്താൻ ഇന്നു വിപണിക്കു സാധിച്ചെന്നു വരും.
ഇന്നലെ വലിയ തകർച്ചയിൽ നിന്നു തിരിച്ചു കയറി ചെറിയ നഷ്ടത്തിലാണു മുഖ്യസൂചികകൾ ക്ലാേസ് ചെയ്തത്. യൂറോപ്യൻ വിപണികളും തകർച്ച ഒഴിവാക്കി. എന്നാൽ യു എസ് വിപണി ഒരു ശതമാനത്തിലേറെ താഴോട്ടു പോയി.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് നേട്ടത്തിലാണ്. ഏഷ്യൻ വിപണികളും ചെറിയ ഉയർച്ചയിലായി. ക്രൂഡ് ഓയിൽ വില 99 ഡോളറിൽ നിന്നു താഴോട്ടു പോന്നു. സ്വർണവും അൽപം താണു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി 17,248 വരെ കയറി. പിന്നീട് അൽപം താണു. ഇന്നു രാവിലെ ഇന്ത്യൻ വിപണി ഉയർന്ന നിലയിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.
ഇന്നലെ വലിയ താഴ്ചയിൽ നിന്നു കയറിയ മുഖ്യസൂചികകൾ നിർണായക സപ്പോർട്ടുകൾ നില നിർത്തി. 16,800 ൻ്റെ മുഖ്യ സപ്പോർട്ട് നിഫ്റ്റിക്കു കരുത്തായി. 17,000-നു മുകളിൽ തിരിച്ചുകയറിയ നിഫ്റ്റി 17,070 ലെ സപ്പോർട്ടിനു മുകളിലാണു ക്ലോസ് ചെയ്തത്.
സെൻസെക്സ് 382.91 പോയിൻ്റ് (0.66%) താണ് 57,300.68 ലും നിഫ്റ്റി 114.45 പോയിൻ്റ് (0.67%) നഷ്ടപ്പെടുത്തി 17,092.2 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.02 ശതമാനവും സ്മോൾ ക്യാപ് സൂചിക 2.05 ശതമാനവും താഴോട്ടു പോയി.
വിദേശ നിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ 3245.52 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഇതാേടെ ഫെബ്രുവരിയിലെ അവരുടെ വിൽപന 27436 കോടി രൂപയായി. സ്വദേശി ഫണ്ടുകൾ 4108.58 കോടിയുടെ ഓഹരികൾ വാങ്ങി.
നിഫ്റ്റിക്കു 16,905ലും 16,725 ലും സപ്പോർട്ട് ഉണ്ട്. ഉയർച്ചയിൽ 17, 215 ലും 17,335 ലും തടസം പ്രതീക്ഷിക്കാം.
ക്രൂഡ് ഓയിൽ ഇന്നലെ 99 ഡോളർ കടന്നിട്ടു തിരിച്ചിറങ്ങി. ഇന്നു രാവിലെ ബ്രെൻ്റ് ഇനം 96.94 ഡോളറിലാണ്.
വ്യാവസായിക ലോഹങ്ങൾ ഉയർന്നു നീങ്ങി. ചെമ്പ് 10,018.85 ഡോളറിലേക്കു കയറി. അലൂമിനിയം 3303 ഡോളറിലെത്തി. നിക്കൽ മൂന്നു ശതമാനത്തിലേറെ ഉയർന്ന് 25,675 ഡോളർ എന്ന റിക്കാർഡിൽ ആയി. ഇരുമ്പയിര് വിലയും കൂടി.
സ്വർണം 1913 ഡോളർ വരെ കയറിയിട്ട് 1900-ലേക്കു താണു. ഇന്നു രാവിലെ 1901-1903 ഡോളറിലാണ്.
പ്രതിസന്ധി രൂക്ഷമാവില്ലെന്നു സൂചന
യുക്രെയ്ൻ പ്രതിസന്ധി തൽക്കാലം രൂക്ഷമാകുകയില്ല എന്ന സൂചന മൂലധന വിപണിയെ പൊതുവേ ആശ്വസിപ്പിക്കുന്നു. റഷ്യ വിമതമേഖലയിലേയ്ക്കു സൈന്യത്തെ നീക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും പുതുതായി വലിയ സേനാ നീക്കം ഉണ്ടായിട്ടില്ല. റഷ്യയെ എതിർക്കുന്ന മേഖലയുടെ സമീപത്തേക്കും സൈനിക നീക്കം നടക്കുന്നില്ല. റഷ്യക്കെതിരേ പ്രഖ്യാപിച്ച ഉപരോധ നടപടികൾ നിലവിലെ വാണിജ്യത്തെ ബാധിക്കുന്നവയല്ല. പ്രധാനമായും വ്യക്തികളെയും ചില ബാങ്കുകളെയും ഉന്നമിട്ടാണ് ഇന്നലെ ഉപരോധം പ്രഖ്യാപിച്ചത്. ചർച്ചയ്ക്കും ഒത്തുതീർപ്പിനും വഴി ശേഷിക്കുന്നുണ്ടെന്നു ചുരുക്കം.
ഇന്നലെ യൂറോപ്യൻ വിപണികൾ കാര്യമായ നഷ്ടമില്ലാതെ അവസാനിച്ചത് ഈ സാഹചര്യത്തിലാണ്. യുഎസ് വിപണി ഒരു ശതമാനത്തിലേറെ താഴ്ന്നെങ്കിലും പിന്നീടു ഫ്യൂച്ചേഴ്സ് ഉയർന്നു. ബൈഡൻ ഭരണകൂടം പ്രഖ്യാപിച്ച ഉപരോധ നടപടികൾ വാണിജ്യത്തെ ബാധിക്കില്ല എന്ന അറിവാണു ഫ്യൂച്ചേഴ്സ് ഉയരാൻ കാരണം.
റഷ്യ തങ്ങൾ സ്വതന്ത്ര രാജ്യങ്ങളായി അംഗീകരിച്ച രണ്ടു പ്രവിശ്യകളിലേക്കു സൈന്യത്തെ നിയോഗിച്ചു. പക്ഷേ നേരത്തേ തന്നെ യുക്രെയ്ൻ നിയന്ത്രണത്തിൽ നിന്നു വിമുക്തമായിരുന്നു ആ പ്രദേശങ്ങൾ. അവിടേക്കുള്ള സേനാ നീക്കത്തിൻ്റെ പേരിൽ റഷ്യൻ പാർലമെൻ്റംഗങ്ങൾക്കും വ്യവസായികൾക്കും എതിരേ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചു. ഏതാനും ബാങ്കുകൾക്കും ഉപരോധമുണ്ട്. പാശ്ചാത്യ രാജ്യങ്ങളിൽ നിന്നു മൂലധനം സമാഹരിക്കാനോ വായ്പ എടുക്കാനോ റഷ്യയെ അനുവദിക്കില്ല. പുടിനെ അനുകൂലിക്കുന്ന സമ്പന്നരുടെ യൂറാപ്പിലെയും അമേരിക്കയിലെയും ബാങ്ക് ഇടപാടുകൾ വിലക്കി.റഷ്യയിൽ നിന്നു പശ്ചിമ യൂറോപ്പിലേക്കുള്ള പുതിയ വാതക പൈപ്പ്ലൈൻ അംഗീകരിക്കുന്നത് ജർമനി മാറ്റിവച്ചു. പഴയ പൈപ്പ് ലൈനുകളിലൂടെ വാതക വിതരണം തുടരും. വിമതർ പ്രവിശ്യകൾക്കു പുറമേ ഉള്ള പ്രദേശശങ്ങളില്ലക്കു റഷ്യ നീങ്ങുന്നതു തടയുകയാണു പാശ്ചാത്യ തന്ത്രം. വിമത മേഖലയിലെ റഷ്യൻ സാന്നിധ്യത്തിനു ബദലായി യുക്രെയ്നിൽ നാറ്റാേ സേനയെ വിന്യസിക്കുന്ന കാര്യം ഇതുവരെ യുഎസ് പറഞ്ഞിട്ടില്ല. അങ്ങനെ ഉണ്ടായാലാണു പ്രശ്നം കൂടുതൽ സങ്കീർണമാവുക. ഇതു വരെ അങ്ങനെയൊരു സാഹചര്യം ഉടലെടുത്തിട്ടില്ല. അതായതു സംഘർഷം പരിമിതവും നിയന്ത്രണ വിധേയവും ആണ്. ഇന്നലെ യൂറോപ്പിലും ഇന്നു രാവിലെ ഏഷ്യയിലും വിപണികൾ ആശ്വാസത്തോടെ നീങ്ങുന്നത് അതുകൊണ്ടാണ്.
This section is powered by Muthoot Finance