ബുള്ളുകൾ കരുത്തു കാട്ടി; യുഎസ് തകർച്ച ഇന്ത്യയെ ബാധിക്കുമോ? പലിശപ്പേടിയും കോവിഡ് ഭീതിയും വീണ്ടും വരുന്നു
യു എസ് വിപണിയിലെ ഇന്നലത്തെ ഇടിവ് ഇന്ത്യൻ ഓഹരി സൂചികകളെ എങ്ങനെ ബാധിക്കും? ഫെഡ് മിനിറ്റ്സ് പറയുന്ന കാര്യങ്ങൾ; പലിശ കൂടിയാൽ എന്ത് സംഭവിക്കും?;
തുടർച്ചയായ നാലു ദിവസം ഉയർന്ന ഇന്ത്യൻ വിപണിയിൽ ബുള്ളുകൾ വലിയ പ്രതീക്ഷയോടെയാണു നീങ്ങുന്നത്. സെൻസെക്സ് 60,000 കടന്നതു തന്നെ ആവേശം പകരുന്നു. നിഫ്റ്റി ഇന്നു 18,000 കടക്കാനായാൽ 18,140 എന്ന ഹ്രസ്വകാല ലക്ഷ്യം വരെ പലരും പറയുന്നുണ്ട്. എന്നാൽ അമേരിക്കൻ വിപണിയിലെ ഇന്നലത്തെ വലിയ ഇടിവ് കണക്കുകൂട്ടലുകൾക്കു തിരിച്ചടിയാണ്. ഒരു തിരുത്തലിലേക്കു വിപണി നീങ്ങുമോ എന്ന ആശങ്കയും ഉണ്ട്.
യുഎസ് കേന്ദ്ര ബാങ്കായ ഫെഡിൻ്റെ കഴിഞ്ഞ യോഗത്തിൻ്റെ മിനിറ്റ്സ് പുറത്തു വന്നപ്പോഴാണു പുതിയ ആശങ്കകൾ ഉടലെടുത്തത്. ഫെഡ് പലിശ നിരക്ക് പ്രതീക്ഷിച്ചതിലും നേരത്തേ ഉയർത്തും, കൂടുതൽ വേഗത്തിലാകും വർധന, ഒപ്പം ഫെഡ് വാങ്ങി വച്ചിട്ടുള്ള കടപ്പത്രങ്ങൾ വേഗം വിറ്റഴിക്കും - ഈ ആശങ്കകളാണു ജനിച്ചത്. ഇതേ തുടർന്ന് ഡൗ ജോൺസ് സൂചിക 1.1 ശതമാനവും എസ് ആൻഡ് പി 1.95 ശതമാനവും നാസ്ഡാക് 3.3 ശതമാനവും ഇടിഞ്ഞു. ടെക്നോളജി ഓഹരികൾ കുത്തനേ ഇടിഞ്ഞു.
ഇന്നു യുഎസ് സൂചികകളുടെ ഫ്യൂച്ചേഴ്സ് വീണ്ടും താഴ്ചയാണു കാണിക്കുന്നത്. ഏഷ്യൻ - ഓസ്ടേലിയൻ വിപണികൾ താഴ്ചയിലാണു തുടങ്ങിയത്. ചൈനയിൽ ടെക്നോളജി ഓഹരികൾ തകർച്ചയിലായതും വിപണിയെ വിഷമിപ്പിക്കും.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 17,835 വരെ താണു. ഇന്നു രാവിലെ വീണ്ടും താണ് 17,825 ലെത്തി. പിന്നീട് 17,850 ലേക്കു കയറി. ഇന്ത്യൻ വിപണിയുടെ തുടക്കം ഇടിവോടെയാകുമെന്നാണ് ഇതു നൽകുന്ന സൂചന.
ഇന്നലെ ബാങ്കിംഗ്, ധനകാര്യ, മെറ്റൽ, വാഹന, റിയൽറ്റി ഓഹരികളുടെ പിൻബലത്തിലാണ് ഇന്ത്യൻ വിപണിയിലെ മുഖ്യസൂചികകൾ നേട്ടമുണ്ടാക്കിയത്. വായ്പാ വിതരണത്തിൽ വലിയ വർധന ഉള്ളതാണു ബാങ്ക് ഓഹരികൾക്കു പ്രിയം കൂട്ടിയത്. തുടക്കത്തിൽ വലിയ ചാഞ്ചാട്ടം കാണിച്ച് കുറേ നേരം നഷ്ടത്തിൽ നിന്ന സൂചികകൾ ഉച്ചകഴിഞ്ഞു ശരിയായ നേട്ടത്തിലായി. സെൻസെക്സ് 367.22 പോയിൻ്റ് (0.61%) നേട്ടത്തിൽ 60,223.15 ലും നിഫ്റ്റി 120 പോയിൻ്റ് (0.67%) നേട്ടത്തിൽ 17,925.25-ലും ക്ലോസ് ചെയ്തു. ഐടി സൂചിക 1.93 ശതമാനം ഇടിഞ്ഞു.ആഗോള പ്രവണതകളാണു കാരണം. മിഡ് ക്യാപ് സൂചിക 0.15 ശതമാനം മാത്രമേ ഉയർന്നുള്ളു. സ്മോൾ ക്യാപ് സൂചിക 0.25 ശതമാനം നഷ്ടത്തിലായി.
വിദേശ നിക്ഷേപകർ ഇന്നലെ 336.83 കോടി രൂപയുടെ ഓഹരികൾ വാങ്ങി.സ്വദേശി ഫണ്ടുകൾ 1271.95 കോടി നിക്ഷേപിച്ചു.
ഓപ്ഷൻസിൽ 17,500 -18,000 മേഖലയിലാണു പുട്ട് ഓപ്ഷൻ റൈറ്റിംഗ് കൂടുതൽ. ഒരു വിൽപന സമ്മർദം രൂപപ്പെടുന്നതിൻ്റെ മുന്നറിയിപ്പാണിതെന്ന് വിദഗ്ധധർ പറയുന്നു.
ഇന്നു നിഫ്റ്റിക്ക് 17,800-ലും 17,675-ലും സപ്പോർട്ട് കാണുന്നതായി സാങ്കേതിക വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഉയർച്ചയിൽ 18,000-വും 18,070- ഉം തടസ മേഖലകളാണ്.
ക്രൂഡ് ഉയർന്നു; സ്വർണം താണു
ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നു. ബ്രെൻ്റ് ഇനം 80.8 ഡോളറിലെത്തി. ഡോളറിനു കരുത്തു കൂടിയതിനെ തുടർന്ന് ഇന്നു രാവിലെ വില 80.2 ഡോളറിലേക്കു താണു. പ്രകൃതി വാതകം 3.84 ഡോളറായി.
വ്യാവസായിക ലോഹങ്ങൾ നേട്ടത്തിലാണ്. ഇരുമ്പയിര് വില ഇന്നലെ 2.67 ശതമാനം കൂടി. അലൂമിനിയത്തിന് 2.6 ശതമാനം ഉയർന്ന് വില 2917 ഡോളറിലെത്തി. ചെമ്പ് വില അൽപം താണു.
സ്വർണവിലയെയും ഫെഡ് മിനിറ്റ്സ് വലിച്ചു താഴ്ത്തി. മിനിറ്റ് സ് പുറഞ്ഞു വരും മുമ്പ് 1829.8 ഡോളർ ആയിരുന്ന വില പൊടുന്നനെ 1807.9 ഡോളറിലേക്കു താണു. ഇന്നു രാവിലെ 1809-1811 ഡോളറിലാണു സ്വർണ വ്യാപാരം. പലിശവർധന സ്വർണത്തിൽ നിന്നു നിക്ഷേപകരെ അകറ്റുമെന്ന ഭീതിയാണു വിപണിക്ക്. ഡോളർ കരുത്തു നേടുന്നതും സ്വർണത്തെ താഴ്ത്തും.
കോവിഡ് വർധന 45 ശതമാനം
ഒമിക്രോൺ വകഭേദമടക്കം കോവിഡ് വ്യാപനം അതിവേഗം വർധിച്ചു കൊണ്ടിരിക്കുകയാണ്.ഇന്ത്യയിലെ പ്രതിദിന രോഗബാധ ഇന്ന് 86,000 കടന്നു. തലേന്നത്തേക്കാൾ 45 ശതമാനം അധികം. കൂടുതൽ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു. ഓഫീസുകളിൽ ഹാജരാകേണ്ടവരുടെ എണ്ണം കുറച്ചു. ആഘോഷങ്ങളിൽ പങ്കെടുക്കാവുന്നവരുടെ സംഖ്യ നിയന്ത്രിച്ചു. വാരാന്ത്യ ലോക്ക് ഡൗണും രാത്രി കർഫ്യുവും വീണ്ടും വന്നു. ഇതെല്ലാം ഉപഭോഗത്തെയും വളർച്ചയെയും ബാധിക്കും.
പലിശനിരക്ക് പെട്ടെന്നു കൂടുമ്പോൾ
സാമ്പത്തിക വളർച്ച കുറയും എന്നതിനാൽ പലിശനിരക്ക് ഏപ്രിലിനു മുമ്പ് വർധിപ്പിക്കേണ്ടതില്ല എന്ന നിലപാടിലേക്കു റിസർവ് ബാങ്ക് നീങ്ങുകയായിരുന്നു. എന്നാൽ ഡിസംബറിലെ ഫെഡ് കമ്മിറ്റി യോഗത്തിൻ്റെ മിനിറ്റ്സ് ഈ പ്രത്യാശയ്ക്ക് മേൽ നിഴൽ വീഴ്ത്തി. യുഎസ് ഫെഡ് നേരത്തേ നിരക്ക് കൂട്ടിയാൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്കും അതു ചെയ്യാതെ തരമില്ല. രൂപയുടെ നിരക്ക് ഇടിയും. ഇന്ത്യയിലെ വിദേശ നിക്ഷേപങ്ങൾ കൂടുതൽ പിൻവലിക്കാൻ കാരണവുമാകും.
പലിശനിരക്കു കൂടുന്നത് വ്യവസായങ്ങളുടെ വർക്കിംഗ് ക്യാപ്പിറ്റലിനും ദീർഘകാല വായ്പയ്ക്കും നിരക്കു കൂട്ടും. ഇതിനു രണ്ടു പ്രത്യാഘാതങ്ങൾ ഉണ്ട്. ഒന്ന്: ലാഭ മാർജിൻ കുറയും. സ്വാഭാവികമായും കമ്പനികളുടെ ഇപിഎസ് (പ്രതി ഓഹരി വരുമാനം) വളർച്ച കുറയും. രണ്ട്: മൂലധന നിക്ഷേപങ്ങൾ കുറയും. ഇപ്പോൾ തന്നെ രാജ്യത്തു മൂലധന നിക്ഷേപം വേണ്ടത്ര നടക്കുന്നില്ല. മൂലധന നിക്ഷേപം നടക്കാതെ സാമ്പത്തിക വളർച്ച കൂടില്ല. ഈ പ്രതിസന്ധിയിലേക്കാണ് അതിവേഗമുള്ള പലിശ വർധന ഇന്ത്യ പോലുള്ള രാജ്യങ്ങളെ എത്തിക്കുക.
സേവനമേഖലയിലും ക്ഷീണം
ഡിസംബറിലെ സർവീസസ് പിഎംഐ (പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡെക്സ് ) മൂന്നു മാസത്തെ താഴ്ന്ന നിലയിലായി. നവംബറിൽ 58.1 ആയിരുന്ന സൂചിക ഡിസംബറിൽ 55.5 ആയി. ഫാക്ടറി ഉൽപാദന പിഎംഐ ഡിസംബറിൽ എട്ടു മാസത്തെ താഴ്ന്ന നിലയായ 55.5 ആയിരുന്നു. രണ്ടും ചേർന്ന സംയുക്ത പിഎംഐ ഡിസംബറിൽ 56.4 ലേക്കു താണു.നവംബറിൽ 59.2 ആയിരുന്നു. മൂന്നാം പാദത്തിലെ സാമ്പത്തിക വളർച്ച പ്രതീക്ഷയിലും കുറവാകാനുള്ള സാധ്യതയാണ് ഇതു കാണിക്കുന്നത്.
2021 - 22 ലെ ജിഡിപിയുടെ ഒന്നാം അഡ്വാൻസ് എസ്റ്റിമേറ്റ് നാളെ പ്രസിദ്ധീകരിക്കും.
This section is powered by Muthoot Finance