ആവേശം കുറയുന്നില്ല; മൂന്നാം പാദ ഫലങ്ങളിൽ പ്രതീക്ഷ; ഓഹരികളിലേക്കു പണം ഒഴുകുന്നു; പേയ്ടിഎം വീണ്ടും താഴോട്ട്
ഓഹരി സൂചികകളുടെ ലക്ഷ്യം പുതിയ റെക്കോർഡുകളോ? പലിശ നിരക്കിന്റെ നീക്കം എങ്ങനെയാകും? ഓഹരികളിലേക്ക് പണമൊഴുകുന്നു;
ആവേശകരമായ തുടക്കം. ഇനി മൂന്നാം പാദ ഫലങ്ങളും വിലക്കയറ്റവും ബജറ്റിനെപ്പറ്റിയുള്ള പ്രതീക്ഷകളും വിപണിയെ നയിക്കും. മൂന്നാം പാദത്തിൽ സൂചികാധിഷ്ഠിത കമ്പനികളുടെ ഇപിഎസ് ഇരുപതു ശതമാനത്തിലധികം ഉയരുമെന്ന വിശ്വാസമാണു ബ്രോക്കറേജുകൾ പ്രകടിപ്പിക്കുന്നത്. കോവിഡ് വ്യാപനം വർധിക്കുകയാണെങ്കിലും അതേപ്പറ്റി ഇപ്പോൾ ആശങ്ക വേണ്ടെന്ന മട്ടിലാണു വിപണി. യുഎസ് ഫെഡ് ഈ വർഷം നാലു തവണ പലിശ നിരക്ക് വർധിപ്പിക്കുമെന്ന വിലയിരുത്തലിലും അധികം വിഷമിക്കാൻ വിപണി ഉദ്ദേശിക്കുന്നില്ല. പുതിയ റിക്കാർഡുകളിലേക്കു കയറാനാണു വിപണി ശ്രമിക്കുന്നത്. വിപണിയിലേക്കുള്ള പണവരവിൽ കുറവൊന്നുമില്ല. എന്നാൽ ഉയർന്ന നിരക്കിൽ ലാഭമെടുക്കാനുള്ള വിൽപന സമ്മർദം ഉണ്ടായാൽ വിപണി അൽപം താഴും.
പാശ്ചാത്യ വിപണികൾ ഇന്നലെ താഴോട്ടു നീങ്ങി. എന്നാൽ യുഎസ് സൂചികകൾ ആദ്യത്തെ താഴ്ചയിൽ നിന്നു ഗണ്യമായി ഉയർന്നു. ടെക് ഓഹരികൾ അതിശക്തമായി തിരിച്ചു കയറിയതു മൂലം നാസ്ഡാക് 2.7 ശതമാനം ഇടിവിൽ നിന്നു 0.05 ശതമാനം നേട്ടത്തിലേക്കു കയറി. എന്നാൽ ഇന്നു രാവിലെ ഏഷ്യൻ വിപണികൾ താഴോട്ടായിരുന്നു. ജപ്പാനിലെ നിക്കെെ ഒഴികെയുളള സൂചികകൾ ഇടിഞ്ഞു. യു എസ് ഫ്യൂച്ചേഴ്സും താഴോട്ടു നീങ്ങി. അതേ സമയം എസ്ജിഎക്സ് നിഫ്റ്റി താഴ്ചയിൽ നിന്നു കയറി.
തിങ്കളാഴ്ച മുഖ്യസൂചികകൾ ഉണർവോടെ തുടങ്ങി. പിന്നെയും കയറി. സെൻസെക്സ് 650.98 പോയിൻ്റ് (1.09%) കയറി 60,395.63 ലും നിഫ്റ്റി 190.6 പോയിൻ്റ് (1.07%) കയറി 18,003.3 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.84 ശതമാനവും സ്മോൾ ക്യാപ് സൂചിക 1.28 ശതമാനവും ഉയർന്നു. ബാങ്ക്, ധനകാര്യ, ഓട്ടാേ മേഖലകൾ കുതിപ്പിനു മുന്നിൽ നിന്നു.
സെൻസെക്സ് റിക്കാർഡ് നിലവാരത്തിൽ നിന്നു മൂന്നു ശതമാനത്തോളം താഴെയാണെങ്കിലും ബിഎസ്ഇയുടെ വിപണി മൂല്യം റിക്കാർഡ് ആയി. 274.69 ലക്ഷം കോടി രൂപയായി ഇന്നലെ ബിഎസ്ഇയുടെ വിപണി മൂല്യം. മുഖ്യസൂചികകൾ കാണിക്കുന്നതിലധികം ഉയർച്ച വിശാല വിപണിയിൽ ഉണ്ട് എന്നാണ് ഇതു കാണിക്കുന്നത്. സെൻസെക്സ് ഓഹരികളുടെ മാത്രം വിപണി മൂല്യം 120.75 ലക്ഷം കോടി രൂപ വരും.
വിദേശ നിക്ഷേപകർ ഇന്നലെ 124.23 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 481.55 കോടി രൂപയുടെ വാങ്ങലുകാരായി.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 18,047 വരെ ഉയർന്നിട്ട് 17,957 വരെ താഴ്ന്നു. ഇന്നു രാവിലെ 17,982 ലേക്ക് ഉയർന്നാണു വ്യാപാരം.
വിപണി ബുള്ളിഷ് മനോഭാവത്തിലാണെന്ന് സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. നിഫ്റ്റി 18,000 കടന്നു ക്ലോസ് ചെയ്തത് 17,650-17,950 മേഖലയിലെ സമാഹരണ ഘട്ടത്തിൽ നിന്നു വിപണി കയറിയതിൻ്റെ ലക്ഷണമായി വ്യാഖ്യാനിക്കുന്നു. ഇനി 18,165-18,350 ലക്ഷ്യമിട്ടാകും നീക്കം എന്നാണു വിശകലനം. നിഫ്റ്റിക്ക് 17,915 ലും 17,830-ലും സപ്പോർട്ട് ഉണ്ട്. ഉയർച്ചയിൽ 18,055 ലും 18,105ലും തടസങ്ങൾ പ്രതീക്ഷിക്കാം.
ക്രൂഡ് അൽപം താണു
ചൈനയിലടക്കം വളർച്ച കുറയും എന്ന ആശങ്ക ക്രൂഡ് ഓയിൽ വിപണിയെ ബാധിച്ചു. ചൈനയുടെ ഒന്നാം പാദ വളർച്ച ഒരു ശതമാനത്തോളം കുറയുമെന്നും 2022 വളർച്ച നാലു ശതമാനമായി ചുരുങ്ങുമെന്നും ഗോൾഡ്മാൻ സാക്സ് വിലയിരുത്തി. ഇതു ചൈനീസ് ഡിമാൻഡ് കുറയ്ക്കുമെന്ന ധാരണ വിപണിയിൽ ഉണ്ടാക്കി. ബ്രെൻ്റ് ഇനം ക്രൂഡ് 82 ഡോളറിനു മുകളിൽ നിന്ന് 80.8 ഡോളറിലേക്കു താണു. പിന്നീട് 81.2 ഡോളറിലേക്കു കയറി. ലിബിയ, കസാഖ്സ്ഥാൻ സംഘർഷങ്ങൾ എണ്ണലഭ്യത കുറയ്ക്കും എന്നതാണു കൂടുതൽ താഴ്ച വരാതെ നോക്കിയത്. എന്നാൽ പ്രകൃതി വാതക വില ഉയർന്നു നിൽക്കുന്നു.
വ്യാവസായിക ലോഹങ്ങൾ ഇന്നലെ നേരിയ ഉയർച്ച കാണിച്ചു.
സ്വർണം കയറി
സ്വർണം ഇന്നലെ അൽപം ഉയർന്നു. ഗൂഢ(ക്രിപ്റ്റോ) കറൻസികളുടെ ഇടിവാണു കാരണം. ബിറ്റ് കോയിൻ ഇന്നലെ 40,000 ഡോളറിനു താഴെ എത്തിയിട്ട് അൽപം തിരിച്ചു കയറി. കുറേ നിക്ഷേപകർ സ്വർണത്തെ കൂടുതൽ സുരക്ഷിത നിക്ഷേപമായി കണക്കാക്കി മഞ്ഞലോഹത്തിലേക്കു കയറി. ഇന്നലെ 1802 ഡോളർ വരെ ഉയർന്ന സ്വർണം ഇന്നു രാവിലെ 1806-1807 ഡോളർ മേഖലയിലാണ്. കേരളത്തിൽ സ്വർണവില ഇന്നു കൂടും.
പലിശനിരക്കിലെ നീക്കം ഇങ്ങനെ
പലിശ നിരക്ക് ഉയരുമെന്ന നിഗമനത്തിൽ കടപ്പത്രങ്ങൾക്കു വില ഇടിയുന്നു. കടപ്പത്രവില കുറയുമ്പോൾ അതിലെ നിക്ഷേപനേട്ടം (Yield) കൂടും. അമേരിക്കയിൽ 10 വർഷ സർക്കാർ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 1.8 ശതമാനം വരെ ഉയർന്നിട്ട് 1.78-ൽ ക്ലോസ് ചെയ്തു. ഇന്ത്യയിൽ 10 വർഷ സർക്കാർ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 6.59 ശതമാനത്തിലേക്കു കയറി. കടപ്പത്ര പലിശയ്ക്കു ബാങ്ക് പലിശയും താമസിയാതെ ഉയരുമെന്ന് വിപണി വിശ്വസിക്കുന്നു. ഈയിടെ സംസ്ഥാന ഗവണ്മെൻ്റുകളുടെ കടപ്പത്രങ്ങൾ ഏഴു ശതമാനത്തിലേക്ക് ഉയർന്നു. കേന്ദ്രത്തിൻ്റെ കടപ്പത്രങ്ങൾക്കും ക്രമേണ വില ഉയരും.
യുഎസ് ഫെഡ് 2022-ൽ നാലു തവണ പലിശ നിരക്കു കിട്ടുമെന്നാണു ഗോൾഡ്മാൻ സാക്സ് വിലയിരുത്തിയത്. ഇപ്പാേൾ ഉള്ള 0.0- 0.15 ശതമാനം നിരക്ക് 1.00- 1.25 ശതമാനത്തിലേക്ക് ഉയരും.
ഇന്ത്യയിൽ നാലു ശതമാനത്തിലുള്ള റീപോ നിരക്ക് ഒരു വർഷം കൊണ്ട് അഞ്ചു ശതമാനത്തിലേക്കു കയറാൻ സാധ്യത ഉണ്ട്. യുഎസ് നിരക്ക് കൂട്ടുമ്പാേൾ സമാന്തരമായി ഇന്ത്യയും നിരക്കു കൂട്ടിയില്ലെങ്കിൽ ഇവിടെ നിന്നു മൂലധന ഒഴുക്ക് വർധിക്കുകയും രൂപ ദുർബലമാകുകയും ചെയ്യും.
പേയ്ടിഎം താഴോട്ടു തന്നെ
പേയ്ടിഎം ഓഹരികൾ വീണ്ടും താഴുകയാണ്. 2150 രൂപയ്ക്ക് ഇഷ്യു നടത്തിയ ഒന്നരി ഇന്നലെ 1157.9 രൂപയിലേക്ക് ഇടിഞ്ഞു. ഇഷ്യു വിലയേക്കാൾ 46 ശതമാനം താഴെയാണ് ഇപ്പോൾ വില. ഇന്നലെ വില ആറു ശതമാനം താഴ്ന്നു. വിദേശ ബ്രോക്കറേജ് മക്കാറീ പുതിയ വിശകലനത്തിൽ പേയ്ടിഎം ഓഹരി വില 900 രൂപയിലേക്കു താഴുമെന്നു വിലയിരുത്തി. നേരത്തേ അവർ ലക്ഷ്യം വച്ചിരുന്നത് 1200 രൂപയാണ്. കമ്പനി പറഞ്ഞ വരുമാനവർധന ഉണ്ടാകില്ലെന്നാണു മക്കാറീയുടെ നിഗമനം.
ഓഹരികളിലേക്കു പണമൊഴുക്ക്
ഓഹരി സൂചികകളുടെ കുതിപ്പിനു ഗതിവേഗം നൽകിക്കൊണ്ട് ഓഹരി മ്യൂച്വൽ ഫണ്ടുകളിലേക്കു റിക്കാർഡ് പണമൊഴുക്ക്. ഡിസംബറിൽ അവയിലേക്ക് 25,076.71 കോടി രൂപ എത്തി.നവംബറിൽ എത്തിയത് 11,614.73 കോടിയായിരുന്നു. സിപ് (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻ്റ് പ്ലാൻ) നിക്ഷേപം ഡിസംബറിൽ 11,305.34 കോടി രൂപയായി. ഇതു സർവകാല റിക്കാർഡാണ്. 4.91 കോടി സിപ് അക്കൗണ്ടുകളാണ് ഉള്ളത്.
ഗ്രീവ്സ് കോട്ടൺ കുതിച്ചു
വൈദ്യുത വാഹന നിർമാതാക്കളായ ഗ്രീവ്സ് കോട്ടൺ ഓഹരി ഇന്നലെ 20 ശതമാനം കുതിച്ച് സർവകാല റിക്കാർഡ് വിലയിലെത്തി. ആറു ദിവസം കൊണ്ട് ഒഹരി വില 51.7 ശതമാനം കയറി 209.3 രൂപയായി. കമ്പനിയുടെ ഉപകമ്പനിയായ ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി കഴിഞ്ഞ മാസം 10,000 ലേറെ വാഹനങ്ങൾ വിറ്റു. ടൂ - ത്രീവീലറുകളാണു കമ്പനി നിർമിക്കുന്നത്. കമ്പനിയുടെ ആംപിയർ ടൂ വീലർ ഡിസംബറിൽ തലേ ഡിസംബറിലേക്കാൾ ആറു മടങ്ങ് വരുമാനമുണ്ടാക്കി. ത്രീവീലർ ഇത്രീഡബ്ള്യുവിൻ്റെ വിൽപന ഡിസംബറിൽ ഇരട്ടിച്ചു. കമ്പനി ചില ഏറ്റെടുക്കലുകൾ നടത്തുകയും തമിഴ്നാട്ടിലെ റാണിപേട്ടിൽ വലിയ ഫാക്ടറി തുടങ്ങുകയും ചെയ്തു.
This section is powered by Muthoot Finance