വിപണി കാത്തിരിക്കുന്നത് ആശ്വാസറാലി; എതിർ കാറ്റുകൾ ശക്തം; സംഘർഷങ്ങളിൽ ആശങ്ക; സ്വർണത്തിനു കുതിപ്പ്
ഓഹരി വിപണിയിൽ ഇന്ന് തുടക്കം താഴ്ചയിൽ? ; ടെക്നോളജി മേഖലയ്ക്കു തിരിച്ചടി; സ്വർണത്തിനു വലിയ നേട്ടം;
പ്രതീക്ഷിക്കുന്നതല്ല സംഭവിക്കുന്നത്. ചൊവ്വാഴ്ചത്തെ തകർച്ചയ്ക്കു ശേഷം ബുധനാഴ്ച യുഎസ് ഓഹരികൾ ആശ്വാസറാലി നടത്തുമെന്ന ധാരണ തെറ്റി. ബുധനാഴ്ച നേട്ടത്തോടെ തുടങ്ങിയ യുഎസ് സൂചികകൾ ഒടുവിൽ വലിയ നഷ്ടത്തോടെ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സും നേരിയ താഴ്ചയിലാണ്. രണ്ടു ദിവസം കൊണ്ട് രണ്ടു ശതമാനം ഇടിഞ്ഞ ഇന്ത്യൻ വിപണി ഈ സാഹചര്യത്തിലും ഇന്നു പ്രതീക്ഷിക്കുന്നത് ഒരു ആശ്വാസറാലിയാണ്. എന്നാൽ ജപ്പാനിലും ദക്ഷിണ കൊറിയയിലും രാവിലെ ഉയർന്നു വ്യാപാരം തുടങ്ങിയ ഓഹരി സൂചികകൾ പിന്നീടു താഴ്ചയിലായത് നിരാശാജനകമായി. ഓസ്ട്രേലിയൻ വിപണിയും താഴോട്ടാണ്.
ബുധനാഴ്ച സെൻസെക്സ് 656.04 പോയിൻ്റ് (1.08%) നഷ്ടത്തിൽ 60,098.82 ലും നിഫ്റ്റി 174.65 പോയിൻ്റ് (0.96%) നഷ്ടത്തിൽ 17,938.4 ലും ക്ലോസ് ചെയ്തു. മുഖ്യസൂചികകളുടെ വഴിയേ ആയിരുന്നില്ല മിഡ്, സ്മോൾ ക്യാപ് സൂചികകൾ. സ്മോൾ ക്യാപ് സൂചിക നാമമാത്രമായി ഉയർന്നു. മിഡ് ക്യാപ് സൂചിക നാമമാത്രമായി താണു. ഐടി ഓഹരികൾ വലിയ ഇടിവ് കാണിച്ചപ്പോൾ പൊതുമേഖലാ ബാങ്കുകൾ, മീഡിയ, ഓയിൽ, മെറ്റൽ, വാഹന ഓഹരികൾ നേട്ടത്തിലായി. എഫ്എംസിജിയും ധനകാര്യ കമ്പനികളും സ്വകാര്യ ബാങ്കുകളും താഴ്ന്നു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഇന്നലെ 17,946-ലാണ് എസ്ജിഎക്സ് നിഫ്റ്റി ക്ലോസ് ചെയ്തത്.ഇന്നു രാവിലെ 17,893 ലേക്കു താണ ശേഷം 17,900 ലേക്കു കയറി. എങ്കിലും വീണ്ടും താഴോട്ടു നീങ്ങി. ഇന്ത്യൻ വിപണി ഇന്നും ചെറിയ താഴ്ചയോടെ തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വ്യാപാരത്തിലെ സൂചന.
വിദേശികൾ വിൽപന കൂട്ടി
എതിർ കാറ്റുകൾ പല ദിശകളിൽ നിന്നാണു വരുന്നത്. വിദേശ നിക്ഷേപകർ വിൽപനയുടെ തോതു വർധിപ്പിച്ചതും വിപണിയെ ബാധിച്ചു. ബുധനാഴ്ച 2704.77 കോടിയുടെ ഓഹരികളാണ് അവർ ക്യാഷ് വിപണിയിൽ വിറ്റത്. ഇതാേടെ ജനുവരിയിലെ വിദേശികളുടെ വിൽപന 7735.3 കോടി രൂപയിലെത്തി. സ്വദേശി ഫണ്ടുകൾ ഇന്നലെ 195.07 കോടിയുടെ ഓഹരികൾ വിറ്റു.
ടെക്നോളജി മേഖലയ്ക്കു തിരിച്ചടി
ബജറ്റിനു മുൻപു ശക്തമായ മുന്നേറ്റം പ്രതീക്ഷിച്ച സമയത്താണ് ആഗാേള കാറ്റ് പ്രതികൂലമായത്. അമേരിക്കയിലും മറ്റും അമിതമായ വിലനിലവാരത്തിലേക്കു കയറിയ പുതുതലമുറ ടെക്നോളജി ഓഹരികൾക്ക് ഏതാനും ദിവസമായി വലിയ വിലത്തകർച്ചയാണ്. സർവകാല റിക്കാർഡിൽ നിന്ന് 11 ശതമാനത്തിലേറെ താണതോടെ നാസ്ഡാക് ഇന്നലെ തിരുത്തൽ മേഖലയിലായി. ഇതു ടെക്നോളജി ഓഹരികൾക്കും പുതുതലമുറ കമ്പനികൾക്കും നല്ല വാർത്തയല്ല. ഇന്ത്യയിലും ഇതിൻ്റെ കാറ്റു വീശി.
ഫിൻടെക് കമ്പനികളും തിരിച്ചടി നേരിടുകയാണ്. പേയ് ടിഎം, പോളിസി ബസാർ തുടങ്ങിയവ 1000 രൂപയ്ക്കു താഴെയായി. പോളിസി ബസാർ ലിസ്റ്റിംഗിനു ശേഷം 23 ശതമാനം ഇടിഞ്ഞപ്പോൾ പേയ്ടിഎം 36 ശതമാനം താഴെയാണ്. രണ്ടാഴ്ച കൊണ്ടു പേയ്ടിഎമ്മിന് 26 ശതമാനമാണ് തകർച്ച.
സംഘർഷങ്ങളിൽ ആശങ്ക
അമേരിക്കൻ ബാങ്കുകളുടെ മോശം റിസൽട്ടും ആഗാേള സംഘർഷങ്ങളും മുഖ്യസൂചികകൾക്കു തിരിച്ചടിയായി.
യുക്രെയ്നിൽ റഷ്യ സൈനിക നടപടിക്കു തുനിയുമെന്ന ആശങ്ക ഇന്നലെ യുഎസ് വിപണിയെ ബാധിച്ചു. യുക്രെയ്നു യുഎസ് അടിയന്തരമായി 20 കോടി ഡോളറിൻ്റെ സൈനിക സഹായം പ്രഖ്യാപിച്ചത് റഷ്യൻ ആക്രമണം ആസന്നമാണെന്ന ധാരണ ജനിപ്പിച്ചു. പശ്ചിമേഷ്യയിൽ സൗദിയും ഹൗതി വിമതരും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെയാണു കരിങ്കടൽ തീരത്തു പുതിയ സംഘർഷ മുഖം. പശ്ചിമേഷ്യൻ, കസാഖ്സ്ഥാൻ സംഘർഷങ്ങൾ ക്രൂഡ് ഓയിൽ വില ഉയർത്തി നിർത്തുന്നു. ബ്രെൻ്റ് ഇനം ക്രൂഡ് 88.44 ഡോളറിലാണ്. ക്രൂഡ് ഓയിൽ വില താഴ്ത്താൻ റിസർവിൽ നിന്നു വിൽക്കുന്ന നടപടി വേണ്ട ഫലം ചെയ്തില്ല.
വ്യാവസായിക ലോഹങ്ങൾ കയറ്റത്തിലാണ്. അലൂമിനിയം ടണ്ണിന് 3051 ഡോളർ കടന്നു. ചെമ്പ് ഇന്നലെ രണ്ടു ശതമാനം ഉയർന്ന് 9864 ഡോളറിലെത്തി.
സ്വർണത്തിനു വലിയ നേട്ടം
സംഘർഷങ്ങൾ വിപണിക്ക് ഇഷ്ടമല്ല. അതു വളർച്ചയെ ബാധിക്കും. ഉൽപാദനത്തെ തടസപ്പെടുത്തും. അപ്പോൾ റിസ്ക് എടുക്കാൻ മടിക്കും. ഓഹരികൾ താഴുന്നത് അത്തരം സമയങ്ങളിൽ സാധാരണമാണ്. സംഘർഷ കാലത്തു പതിവുള്ളതുപോലെ സ്വർണത്തിലേക്കു നിക്ഷേപകർ പായുന്നതും ഇന്നലെ കണ്ടു. സ്വർണം ഒറ്റ ദിവസം കൊണ്ടു 30 ഡോളർ ഉയർന്ന് 1843 ഡോളറിലെത്തി. വെള്ളിയും കുതിച്ചു കയറി. സുരക്ഷിതത്വം തേടിയാണു നിക്ഷേപകർ സ്വർണത്തിലേക്കു നീങ്ങുന്നത്. ഇന്നു രാവിലെ സ്വർണം 1840-1841 ഡോളറിലാണ്. കേരളത്തിൽ സ്വർണ വില ഇന്ന് ഗണ്യമായി കയറുമെന്നാണു സൂചന.
വെള്ളി വില 24 ഡോളറിനു മുകളിലായി.
കമ്പനികൾ
ബജാജ് ഓട്ടോയുടെ മൂന്നാം പാദ വിൽപനയും ലാഭവും കുറഞ്ഞതു പ്രതീക്ഷിച്ചതാണ്. വിറ്റുവരവിൽ 1.3 ശതമാനമാണ് ഇടിവ്. അറ്റാദായം 22 ശതമാനം താണു. മാർജിനുകൾ വിപണി കണക്കാക്കിയതിലും മെച്ചമായി. കമ്പനി ഉൽപ്പന്നങ്ങളുടെ വില ഈ പാദത്തിലും വർധിപ്പിക്കും.
പ്രമുഖ ഐടി കമ്പനിയായ എച്ച്സിഎൽ ടെക്നോളജീസിനെതിരേ പാപ്പർ നടപടികൾ തുടങ്ങാനുള്ള കമ്പനി നിയമ ട്രൈബ്യൂണലിൻ്റെ ഉത്തരവ് അപ്പലേറ്റ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. സഹജ് ഭാരതി ട്രാവൽസ് എന്ന കമ്പനിയുമായി ഉള്ള സാമ്പത്തിക തർക്കത്തെ തുടർന്നാണ് ഈ കേസ് ഉദ്ഭവിച്ചത്. തിങ്കളാഴ്ചയാണ് ട്രൈബ്യൂണൽ നടപടി. കമ്പനിയുടെ ബോർഡിനെ സസ്പെൻഡ് ചെയ്ത് റെസലൂഷൻ പ്രൊഫഷണൽ ഭരണം ഏറ്റെടുക്കാനുമായിരുന്നു വിധി. അതിനാണു സ്റ്റേ.
This section is powered by Muthoot Finance