ചെറിയ നേട്ടങ്ങൾക്ക് ഒരുങ്ങി വിപണി; യൂറോപ്യൻ പലിശയിലേക്കു ശ്രദ്ധ; രൂപയിൽ ഊഹക്കച്ചവടക്കാർ പിടിമുറുക്കുന്നോ? സ്വർണം ഇടിവിൽ
യൂറോപ്യൻ കേന്ദ്ര ബാങ്കിന്റെ നീക്കത്തിലേക്ക് കണ്ണുംനട്ട് വിപണി; സ്വർണ്ണ വില എങ്ങോട്ട്?; രൂപയെ താങ്ങി നിർത്താൻ എന്താണ് വഴി?
ആവേശകരമായ ഒരു വ്യാപാര ദിനത്തിനു ശേഷം ഇന്നു ചെറിയ നേട്ടങ്ങളുടെ ദിവസമാണു വിപണിയെ കാത്തിരിക്കുന്നത്. ഒരു പക്ഷേ നഷ്ടത്തിലേക്കു വീഴുകയും ചെയ്യാം. വിപണിയിൽ തക്കം പാർത്തിരിക്കുന്ന കരടികൾ അവസരം ഉപയോഗിച്ചെന്നു വരാം.
യൂറോപ്യൻ കേന്ദ്ര ബാങ്കിൻ്റെ പലിശ തീരുമാനമാണ് എല്ലാവരും കാത്തിരിക്കുന്നത്. 11 വർഷത്തിനു ശേഷമുള്ള ആദ്യത്തെ പലിശ വർധനയാണു യൂറോപ്പിൽ ഉണ്ടാവുക. അതിൻ്റെ ആകാംക്ഷയിൽ ഡോളർ സൂചികയും സ്വർണവും ഇടിഞ്ഞു. പൂജ്യത്തിൽ നിന്ന് അര ശതമാനത്തിലേക്ക് നിരക്ക് ഉയർത്തുമെന്നാണു പൊതു നിഗമനം.
യൂറോപ്യൻ ഓഹരികൾ തുടക്കത്തിലെ നഷ്ടം കുറച്ചെങ്കിലും താഴ്ചയിൽ തന്നെ ക്ലോസ് ചെയ്തു. യുഎസിൽ ടെക്നിക്കൽ കമ്പനികൾ നയിക്കുന്ന നാസ്ഡാക് ഒരു ശതമാനത്തിലധികം ഉയർന്നെങ്കിലും വിശാല വിപണിയെ കാണിക്കുന്ന ഡൗജോൺസ് നേരിയ നേട്ടമേ കൈവരിച്ചുള്ളൂ. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് ഗണ്യമായ താഴ്ചയിലാണ്.
ഏഷ്യൻ വിപണികൾ തുടക്കത്തിൽ നേട്ടത്തിലായിരുന്നെങ്കിലും പിന്നീടു താഴ്ന്നു. ഹാങ് സെങ് ഒരു ശതമാനത്തോളം താഴ്ചയിലായി.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 16,450-നടുത്താണു ക്ലോസ് ചെയ്തത്. എന്നാൽ ഇന്നു രാവിലെ 16,500നു മുകളിൽ എത്തിയിട്ട് താഴോട്ടു പോന്നു. 16,485 വരെ താഴ്ന്നിട്ട് വീണ്ടും 16,500 നു മുകളിലെത്തി. ഇന്ത്യൻ വിപണിയുടെ തുടക്കം ചെറിയ നഷ്ടത്തിലോ ചെറിയ നേട്ടത്തിലോ ആകുമെന്നാണ് ഇതിലെ സൂചന.
ഇന്നലെ സെൻസെക്സ് 629.91 പോയിൻ്റ് (1.15%) കുതിച്ചുയർന്ന് 55,397.53 ലും നിഫ്റ്റി 180.3 പോയിൻ്റ് (1.1%) കുതിച്ച് 16,520.85ലും ക്ലോസ് ചെയ്തു. എന്നാൽ മിഡ് ക്യാപ് സൂചിക 0.19 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.81 ശതമാനവുമേ ഉയർന്നുള്ളു. തുടർച്ചയായ നാലാം ദിവസമാണ് ഓഹരി സൂചികകൾ കയറിയത്.
വാഹനങ്ങളും മീഡിയയും ഒഴികെയുള്ള ബിസിനസ് മേഖലകളെല്ലാം നേട്ടം കുറിച്ചു. 2.93 ശതമാനം ഉയർന്ന നിഫ്റ്റി ഐടി സൂചിക നേട്ടങ്ങൾക്കു മുന്നിൽ നിന്നു. എഫ്എംസിജി, മെറ്റൽ, ഓയിൽ - ഗ്യാസ്, ബാങ്ക് സൂചികകളും നല്ല നേട്ടമുണ്ടാക്കി.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ തുടർച്ചയായ മൂന്നാം ദിവസവും ഓഹരികളിൽ നിക്ഷേപകരായി. ഇന്നലെ 1780.94 കോടി രൂപയാണ് അവർ ക്യാഷ് വിപണിയിൽ നിക്ഷേപിച്ചത്. സ്വദേശി ഫണ്ടുകൾ 230.22 കോടി രൂപയുടെ ഓഹരികൾ വിറ്റു.
നിഫ്റ്റി ഇന്നു 16,550 നു മുകളിലേക്കു സുസ്ഥിരമായ കയറ്റം നടത്തിയാലേ ഇപ്പോഴത്തെ കയറ്റം തുടരാനാകൂ. അതു സാധിച്ചില്ലെങ്കിൽ 16,300-16,250 മേഖലയിലേക്കു താഴേണ്ടി വരും.
ഇന്നു നിഫ്റ്റിക്ക് 16,480 ലും 16,435 ലും സപ്പോർട്ട് ഉണ്ട്. ഉയരുമ്പോൾ 16,575-ഉം 16,630-ഉം തടസങ്ങൾ ആകും.
ക്രൂഡ് ഓയിൽ ഉയർന്നു തന്നെ തുടരുന്നു. ഡബ്ള്യുടിഐ ഇനം രണ്ടു ശതമാനത്തോളം താണെങ്കിലും ബ്രെൻ്റ് ഇനം നേരിയ കുറവേ കാണിച്ചുള്ളു. 107 ഡോളറിനു മുകളിലായിരുന്ന ബ്രെൻ്റ് ക്രൂഡ് 106 ഡോളറിലേക്കാണു കുറഞ്ഞത്. ഇന്നും വിപണി വലിയ മാറ്റം പ്രതീക്ഷിക്കുന്നില്ല.
വ്യാവസായിക ലോഹങ്ങൾ മിക്കതും നേട്ടമുണ്ടാക്കി. അലൂമിനിയവും ചെമ്പും മറ്റും ഉയർന്നു. ചെമ്പ് ടണ്ണിന് 7358 ഡോളറിലേക്കു കയറി. അലൂമിനിയം 2447 ഡോളറിലേക്കും എത്തി. ചൈന റിയൽ എസ്റ്റേറ്റ് മേഖലയെ ഉയർത്താൻ തീവ്രപരിശ്രമം നടത്തുന്നതാണു ലോഹങ്ങളെ സഹായിച്ചത്. യൂറോപ്പിലും മറ്റും കോവിഡ് വീണ്ടും പിടിമുറുക്കുന്നതു വ്യവസായ മേഖലയെ ബാധിക്കുമോ എന്ന് ആശങ്കയുണ്ട്. അങ്ങനെ വന്നാൽ ആദ്യം ഇടിയുക വ്യാവസായിക ലോഹങ്ങൾ ആകും.
സ്വർണം 1700-നു താഴെ
സ്വർണം വീണ്ടും ദുർബലമായി.1700 ഡോളറിനു താഴെ ഇന്നലെ വ്യാപാരം ക്ലോസ് ചെയ്തു. 2021 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയായ 1695ലാണ് ഇന്നലെ ക്ലോസിംഗ്. 1715.2 വരെ ഉയർന്ന ശേഷം 1692.2 ഡോളർ വരെ സ്വർണം താണതാണ്.
ഇന്നു രാവിലെ വീണ്ടും തകർച്ചയിലായി.1694-1696 ഡോളറിൽ തുടങ്ങിയ വ്യാപാരം 1689.8 ഡോളറിലേക്ക് ഇടിഞ്ഞു. പിന്നീട് 1692-1694 നിലവാരത്തിലായി വ്യാപാരം. യൂറോപ്യൻ കേന്ദ്ര ബാങ്കിൻ്റെ (ഇസിബി) പലിശ തീരുമാനം അറിഞ്ഞ ശേഷമാകും സ്വർണം ഗതി തീരുമാനിക്കുക. ഇസിബി കുറഞ്ഞ പലിശ പൂജ്യത്തിൽ നിന്നു 0.25 ശതമാനത്തിലേക്കു കൂട്ടുമെന്നായിരുന്നു കഴിഞ്ഞ ദിവസം വരെ പൊതു നിഗമനം.എന്നാൽ ഇസിബി മേധാവി ക്രിസ്റ്റീൻ ലഗാർഡ് നിരക്കു കൂടിയ തോതിൽ വർധിപ്പിച്ചേക്കും എന്നു സൂചിപ്പിച്ചു. ഇപ്പോഴത്തെ പൊതു നിഗമനം അര ശതമാനം വർധനയാണ്. അത്രയും വർധിപ്പിച്ചാൽ സ്വർണം ഇനിയും താഴും.
കേരളത്തിൽ ഇന്നലെ സ്വർണവില പവന് 80 രൂപ ഉയർന്ന് 37,120 രൂപയായി. ഇന്നു വില ഗണ്യമായി താഴും. ഡോളറിൻ്റെ ഗതിയെ ആശ്രയിച്ചിരിക്കും താഴ്ചയുടെ തോത്.
ഡോളർ സൂചിക വീണ്ടും നേട്ടത്തിലാണ്. ഇന്നു രാവിലെ 107 നു മുകളിൽ കടന്നു. ഇന്നലെ സൂചിക താണു നിന്നിട്ടും രൂപയെ താങ്ങി നിർത്താൻ റിസർവ് ബാങ്കിനു കഴിഞ്ഞില്ല. നിരന്തരം ഡോളർ ഒഴുക്കുകയായിരുന്നു കേന്ദ്ര ബാങ്ക്. ഒരവസരത്തിൽ ഡോളർ 79.87 രൂപ വരെ കുറഞ്ഞെങ്കിലും പിന്നീട് 80.05 വരെ ഉയർന്നു. തുടർച്ചയായ മൂന്നാമത്തെ ദിവസമാണു ഡോളർ 80 നു മുകളിൽ വ്യാപാരം നടത്തുന്നത്. ഒടുവിൽ 79.99 രൂപയിൽ ക്ലോസ് ചെയ്തു.
ഡോളർ ഈ മാസം 80.5 രൂപയിലോ 81 രൂപയിലോ എത്തുമെന്നാണു നിഗമനം. സെപ്റ്റംബർ വരെ രൂപ താഴുമെന്നും പിന്നീട് സ്ഥിരത കൈവരിക്കുമെന്നുമാണു പലരുടെയും നിഗമനം.
യുദ്ധനിധിയിൽ10,000 കോടി ഡോളർ
രൂപയെ സംരക്ഷിക്കാൻ 10,000 കോടി ഡോളർ വരെ ചെലവഴിക്കാൻ റിസർവ് ബാങ്ക് മടിക്കില്ലെന്ന് ഒരു ഉന്നത സ്രാേതസിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 57,500 കോടി ഡോളർ വിദേശനാണ്യ കരുതൽ ശേഖരമുണ്ട് ഇന്ത്യക്ക്. ഇത് ഒൻപതു മാസത്തെ ഇറക്കുമതിക്കു മാത്രമേ തികയൂ. ഇതത്രയും രൂപയെ താങ്ങി നിർത്താനായി ചെലവഴിക്കാൻ പറ്റില്ല. 10,000 കോടി ഡോളറാണ് ചെലവഴിക്കുക എന്ന പ്രഖ്യാപനം ഡോളർ ബുള്ളുകൾ ലാഭം കൊയ്യാനുള്ള അവസരമാക്കി മാറ്റുമോ എന്ന് ചിലർ സംശയിക്കുന്നു. ഈ ആഴ്ചകളിൽ നാലായിരം കോടി ഡോളർ റിസർവ് ബാങ്ക് വിറ്റഴിച്ചതാണ്. ഈ ഡോളറിൽ നല്ലൊരു പങ്ക് രൂപയെ താഴ്ത്താൻ ശ്രമിക്കുന്ന ഊഹക്കച്ചവടക്കാരുടെ കൈയിൽ എത്തിയിട്ടുണ്ടാകും.