അനിശ്ചിതത്വത്തിനിടയിലും പ്രതീക്ഷ; ആഗാേള സൂചനകൾ അനുകൂലം; 121 ഡോളർ കടന്നു ക്രൂഡ്; ടൂ വീലർ വിൽപനയിൽ വൻ ഇടിവ്

ഇന്ത്യൻ വിപണി നേട്ടത്തോടെ തുടങ്ങിയേക്കും; വിദേശികൾ വിൽപന നിർത്തുന്നില്ല; ഗ്രാമീണ ദുരിതം തുടരുന്നു; ടൂ വീലർ വിൽപന ഇടിഞ്ഞു;

Update:2022-03-03 07:48 IST

യുക്രെയ്ൻ യുദ്ധം എട്ടാം ദിവസത്തിലേക്കു കടന്നു. യുദ്ധഗതിയിൽ നിർണായക മാറ്റങ്ങൾ ഉണ്ടായിട്ടില്ല. ക്രൂഡ് ഓയിൽ വില വീപ്പയ്ക്കു 121ഡോളറിൽ എത്തിയിട്ടു താഴ്ന്നു നിൽക്കുന്നു. യുദ്ധത്തിൻ്റെ പ്രത്യാഘാതം പഠിക്കുന്നതേ ഉള്ളുവെങ്കിലും ഈ മാസം പലിശ വർധിപ്പിച്ചു തുടങ്ങാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് യുഎസ് ഫെഡ് ചെയർമാൻ ജെറോം പവൽ. 0.25 ശതമാനം വർധനയേ ഉണ്ടാകൂ എന്നു പവൽ സൂചിപ്പിച്ചു. 0.50 ശതമാനം വർധനയെപ്പറ്റിയുള്ള ആശങ്ക നീങ്ങി.

ഇതെല്ലാം ഓഹരികളെ ഉയർത്തി. യൂറോപ്യൻ, യുഎസ് വിപണികൾ ഇന്നലെ ഉയർന്നു. ഇന്നു യുഎസ് ഫ്യൂച്ചേഴ്സ് നേട്ടത്തിലാണ്. ഏഷ്യൻ വിപണികൾ നേട്ടത്തോടെ തുടങ്ങി. സിംഗപ്പുരിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജിഎക്സ് നിഫ്റ്റി ഉയരത്തിലാണ്. 16,660 ലാണ് രാവിലെ എസ്ജിഎക്സ് നിഫ്റ്റി. ഇന്ത്യൻ വിപണി നേട്ടത്തോടെ തുടങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
വലിയ താഴ്ചയിൽ നിന്നു തിരിച്ചു കയറിയാണ് ഇന്നലെ ഇന്ത്യൻ വിപണി ക്ലോസ് ചെയതത്. സെൻസെക്സ് 55,020 വരെ താഴുകയും 55,755 വരെ കയറുകയും ചെയ്തു. നിഫ്റ്റി 16,478.65 നും 16,678.5 നുമിടയിൽ ഇറങ്ങിക്കയറി. സെൻസെക്സ് 778.38 പോയിൻ്റ് (1.38%) നഷ്ടത്തോടെ 55,468.9 ലും നിഫ്റ്റി 189.95 പോയിൻ്റ് (1.12%) താഴ്ചയോടെ 16,605.95ലും ക്ലോസ് ചെയ്തു. വിശാല വിപണി കുറേക്കൂടി നേട്ടം കാണിച്ചു. സ്മോൾ ക്യാപ് സൂചിക 0.5 ശതമാനം ഉയർന്നപ്പോൾ മിഡ് ക്യാപ് സൂചിക നാമമാത്രമായ 0.02 ശതമാനം ഇടിവേ കാണിച്ചുള്ളു. മെറ്റൽ സൂചിക ഇന്നലെയും നാലു ശതമാനം ഉയർന്നു. ഓയിൽ - ഗ്യാസ്, മീഡിയ എന്നിവയും നേട്ടത്തിലായി. വാഹനങ്ങൾ ബാങ്കുകൾ, ധനകാര്യ കമ്പനികൾ, ഫാർമ, റിയൽറ്റി, ഹെൽത്ത് കെയർ എന്നിവ താഴോട്ടു പോയി.

വിദേശികൾ വിൽപന നിർത്തുന്നില്ല

വിദേശ നിക്ഷേപകർ വിൽപനയുടെ തോത് വർധിപ്പിച്ചിട്ടേ ഉള്ളൂ. 4338.94 കോടി രൂപയുടെ ഓഹരികളാണ് അവർ ക്യാഷ് വിപണിയിൽ വിറ്റഴിച്ചത്. സ്വദേശി ഫണ്ടുകൾ 3061.7 കോടിയുടെ ഓഹരികൾ വാങ്ങി. വിദേശികളുടെ വിൽപന തുടരും എന്നാണു സൂചന. അമേരിക്കൻ ഫെഡ് പലിശ കൂട്ടുന്നതും കടപ്പത്രങ്ങൾ വിൽക്കുന്നതും അതിനു പ്രചോദനമാണ്.
വിപണി നന്നായി തിരിച്ചു കയറിയെങ്കിലും ദൗർബല്യവും അനിശ്ചിതത്വവും കൈവിട്ടിട്ടില്ലെന്ന് സാങ്കേതിക വിശകലന വിദഗ്ധർ കരുതുന്നു. 16,700- 16,800 പ്രതിരോധ മേഖല മറികടന്നാലേ ഒരു കുതിപ്പിനു തുടക്കമിടാനാകൂ. അതു 17,200- 17,500 മേഖലയിലേക്കു നയിക്കും. നിഫ്റ്റിക്ക് 16,495 ലും 16,385ലും സപ്പോർട്ട് ഉണ്ട്. 16,695 - ഉം 16,790-ഉം പ്രതിരോധമേഖലകളാണ്.

121 ഡോളർ കടന്നു ക്രൂഡ്

ക്രൂഡ് ഓയിൽ വില ഇന്നലെ 2012 ഏപ്രിലിനു ശേഷമുള്ള ഏറ്റവും ഉയർന്ന വിലയായ 121.89 ഡോളർ വരെ കയറി. സ്പോട്ട് വ്യാപാരത്തിലാണ് ബ്രെൻ്റ് ഇനം ഈ ഉയരത്തിലെത്തിയത്. പിന്നീടു താഴ്ന്നു 117.5 ഡോളർ ആയി.എന്നാൽ ഇന്നു രാവിലെ വീണ്ടും 120 ഡോളറിലായി സ്പോട്ട് വില.
ഏപ്രിൽ അവധിവില 114.99 ഡോളറിൽ ഇന്നലെ ക്ലോസ് ചെയ്തിട്ടു രാവിലെ 116.8 ഡോളറിലേക്കു കയറി. ഡബ്ള്യുടിഐ ഇനം 112.9 ഡോളറിലാണ്. റഷ്യൻ എണ്ണ വാങ്ങാൻ പല രാജ്യങ്ങളും വിസമ്മതിക്കുകയാണ്. ഒപെക് പ്ലസ് യോഗം ചേർന്നെങ്കിലും നേരത്തേ നിശ്ചയിച്ച തോതിലേ ഉൽപാദനം കൂട്ടുന്നുള്ളു എന്നാണു തീരുമാനം. വിപണിയിൽ ക്രൂഡ് ലഭ്യത വർധിക്കില്ലെന്നു ചുരുക്കം. ഇതാണു വില ഉയരുന്നതിനു പിന്നിൽ.

ലോഹങ്ങൾ കുതിക്കുന്നു

വ്യാവസായിക ലോഹങ്ങൾ ഉയരുകയാണ്. റഷ്യയിൽ നിന്നുള്ള കയറ്റുമതി കുറയുമെന്നതു തന്നെ കാരണം. ചെമ്പ് 2.83 ശതമാനം ഉയർന്ന് ടണ്ണിന് 10,257 ഡോളറിൽ എത്തി. അലൂമിനിയം ഇന്നലെ രണ്ടു ശതമാനം കയറി 3530 ഡോളറായി. ഇരുമ്പയിര് 146 ഡോളറിലേക്കുയർന്നു. യൂറോപ്പിൽ സ്റ്റീൽ വില രണ്ടു ദിവസം കൊണ്ടു 10 ശതമാനം വർധിച്ചു. നിക്കൽ 6.13 ശതമാനം വർധിച്ച് പുതിയ സർവകാല റിക്കാർഡായ 26,997 ഡോളറിൽ എത്തി. സിങ്ക് വില അഞ്ചു ശതമാനം കുതിച്ചു.
സ്വർണം അൽപം താഴ്ന്നു. തലേന്ന് 1851 ഡോളർ വരെ എത്തിയ സ്വർണം ഇന്നലെ 1914-1949 ഡോളർ മേഖലയിൽ കയറിയിറങ്ങി. ഫെഡ് പലിശ നിരക്ക് 0.25 ശതമാനമേ കൂട്ടൂ എന്ന് ഉറപ്പായതോടെ 1930 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1930-1931 ഡോളറിലാണു വ്യാപാരം. കേരളത്തിൽ പവന് ഇന്നലെ 800 രൂപ വർധിച്ച് 14 മാസത്തെ ഏറ്റവും ഉയർന്ന വിലയായ 38,160 രൂപയിൽ എത്തി.

ഗ്രാമീണ ദുരിതം തുടരുന്നു; ടൂ വീലർ വിൽപന ഇടിഞ്ഞു

ഗ്രാമീണ മേഖലയിലെ വരുമാന നഷ്ടം ഇനിയും പരിഹരിച്ചിട്ടില്ലെന്ന് ടൂ വീലർ വിൽപനയിലെ വലിയ ഇടിവ് കാണിക്കുന്നു. ഫെബ്രുവരിയിലെ ടൂ വീലർ വിൽപന 25 ശതമാനം കുറഞ്ഞു. ഒന്നാം സ്ഥാനത്തുള്ള ഹീറോ മോട്ടാേകോർപിന് 29%, ഹോണ്ടയ്ക്ക് 30.5%, ബജാജിന് 35%, ടി വി എസിന് 11.2%, റോയൽ എൻഫീൽഡിന് 20% എന്നിങ്ങനെയാണ് ഇടിവ്.
കഴിഞ്ഞ ദിവസം എൻട്രി ലെവൽ കാറുകളുടെ (ആൾട്ടോയും മറ്റും) വിൽപനയിൽ വലിയ കുറവുണ്ടായതായ കണക്കു വന്നിരുന്നു. ഗ്രാമീണ മേഖലയിലെ ദുരിതം ആണ് ചെറുകിട സംരംഭകരും മറ്റും വാങ്ങുന്ന വാഹനങ്ങളുടെ വിൽപന കുറയുന്നതിനു പിന്നിൽ. അതേ സമയം ഉയർന്ന വരുമാനക്കാർ വാങ്ങുന്ന എസ് യു വികളുടെ വിൽപന വർധിക്കുന്നുണ്ട്. രാജ്യത്തെ ധനിക- ദരിദ്ര അന്തരം വർധിക്കുന്നു എന്നും ഇതു കാണിക്കുന്നു.
രാജ്യത്തു വ്യവസായവും വാണിജ്യവും വർധിക്കുന്നതിൻ്റെ സൂചനയായി വാണിജ്യ വാഹന വിൽപന ഫെബ്രുവരിയിൽ 25 ശതമാനം വർധിച്ചു. ടാറ്റാ മോട്ടോഴ്സ് 35.1 ശതമാനം വളർച്ചയോടെ 33,894 വാഹനങ്ങൾ വിറ്റു. മഹീന്ദ്ര 20,166-ഉം (വർധന 13.1%) ലെയ് ലൻഡ് 13,281-ഉം (വർധന 28.3%) വോൾവോ ഐഷർ 5093-ഉം (വർധന35.8%) വാഹനങ്ങൾ വിറ്റു.

ഉൽപന്ന കയറ്റുമതി ലക്ഷ്യത്തിലേക്ക്

ഫെബ്രുവരിയിലെ കയറ്റുമതി വർധന 22.36 ശതമാനമായി കുറഞ്ഞു. ജനുവരിയിൽ കയറ്റുമതി വർധന 25.28 ശതമാനമായി കുറഞ്ഞിരുന്നു. എങ്കിലും 2021 - 22 ലെ കയറ്റുമതി ലക്ഷ്യം നേടാനാവുമെന്നാണു പ്രതീക്ഷ. 40,000 കോടി ഡോളറാണു ലക്ഷ്യം. ഫെബ്രുവരിയോടെ 37,405 കോടി ഡോളർ കയറ്റുമതി സാധിച്ചു.
ജനുവരിയിലെ ഉൽപന്ന കയറ്റുമതി 3381 കോടി ഡോളർ ആണ്. ഇറക്കുമതി 35 ശതമാനം കൂടി 5501 കോടി ഡോളറിലെത്തി. വാണിജ്യ കമ്മി 2119 കോടി ഡോളർ. ഇതു കഴിഞ്ഞ വർഷം ഫെബ്രുവരിയിലേതിലും 61 ശതമാനം കൂടുതലാണ്.
ക്രൂഡ് ഓയിൽ ഇറക്കുമതി 66.7 ശതമാനം വർധിച്ച് 1505 കോടി ഡോളർ ആയി. സ്വർണം ഇറക്കുമതി 468 കോടി ഡോളറിൻ്റേതാണ്. കഴിഞ്ഞ ഫെബ്രുവരിയെ അപേക്ഷിച്ച് 11.5 ശതമാനം കുറവാണെങ്കിലും ജനുവരിയെ അപേക്ഷിച്ച് ഇരട്ടിയോളമാണിത്.

This section is powered by Muthoot Finance

Tags:    

Similar News