പ്രതീക്ഷയോടെ പുതിയ ആഴ്ച; യുദ്ധവും വിലയും പലിശയും നിർണായക ഘടകങ്ങൾ; പേയ്ടിഎമ്മിന് ഇന്നു തിരിച്ചടി ഉണ്ടാകും; ക്രൂഡും സ്വർണവും താഴുന്നു.
ഈ ആഴ്ചയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതൊക്കെ ; എച്ച്ഡിഎഫ്സി ബാങ്കും പേയ്ടിഎമ്മും ശർമയും; വിലക്കയറ്റത്തിൽ ആശ്വാസം ഉണ്ടാകുമോ?;
യുദ്ധം, പലിശ, വിലക്കയറ്റം - ഇവ ഈ ആഴ്ച വിപണിഗതിയെ നിർണയിക്കും. യുദ്ധത്തിനു താൽക്കാലിക വിരാമം ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന ചില സൂചനകൾ ഉണ്ട്. ക്രൂഡ് ഓയിൽ, സ്വർണം തുടങ്ങിയവ താഴുകയും യുഎസ് ഓഹരി ഫ്യൂച്ചേഴ്സ് ഉയരുകയും ചെയ്തു. ഈ ആശ്വാസം ഏഷ്യൻ വിപണികളിൽ ഇന്ന് ഉയർന്ന തുടക്കത്തിനു വഴിതെളിച്ചു. ജപ്പാനിലെ നിക്കെെ ഒരു ശതമാനം നേട്ടത്തിൽ തുടങ്ങി. ഇന്ത്യൻ വിപണിയും നേട്ടത്തോടെ തുടങ്ങുമെന്നാണു സൂചന. സിംഗപ്പുരിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജിഎക്സ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 16,480 ലേക്കു താണിരുന്നു. എന്നാൽ ഇന്നു രാവിലെ 16,650 വരെ കയറിയിട്ട് അൽപം താഴ്ന്നു.
കഴിഞ്ഞയാഴ്ച ഇന്ത്യൻ വിപണി തിരിച്ചു കയറിയെങ്കിലും ഉറച്ച മുന്നേറ്റത്തിൻ്റെ തലത്തിലേക്ക് എത്തിയിട്ടില്ല. ആഴ്ചക്കണക്കിൽ സെൻസെക്സ് 2.24 ശതമാനവും നിഫ്റ്റി 2.37 ശതമാനവും ഉയർന്നു. വെള്ളിയാഴ്ച വിപണി പലവട്ടം നഷ്ടത്തിലായിട്ടാണ് ചെറിയ നേട്ടത്തോടെ ക്ലോസ് ചെയ്തത്. സെൻസെക്സ് 85.91 പോയിൻ്റ് (0.15%) നേട്ടത്തിൽ 55,550.3ലും നിഫ്റ്റി 35.55 പോയിൻ്റ് (0.21%) നേട്ടത്തിൽ 16,630.45 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.61 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.91 ശതമാനവും നേട്ടമുണ്ടാക്കി.
വിദേശികളുടെ വിൽപന റിക്കാർഡിലേക്ക്
വിദേശനിക്ഷേപകർ വിൽപന തുടരുകയാണ്. വെള്ളിയാഴ്ച അവർ 2263.9 കോടി രൂപയുടെ ഓഹരികൾ വിറ്റു. വിദേശികൾ കഴിഞ്ഞയാഴ്ച ഓഹരികളിൽ നിന്നു 354.6 കോടി ഡോളർ (26,600 കോടി രൂപ) പിൻവലിച്ചു. മാർച്ചിൽ ഇതുവരെ 43,303 കോടിയാണ് അവർ പിൻവലിച്ചത്. ഈ ഗതി തുടർന്നാൽ ഫെബ്രുവരിയിലെ വിൽപനയെ (45,720 കോടി രൂപ) ഇന്നു മറികടക്കും. ബുധനാഴ്ച ഫെഡ് തീരുമാനം അറിവായ ശേഷമേ അവരുടെ സമീപനം മാറുമോ എന്നു വ്യക്തമാകൂ.
ബുള്ളുകൾ തിരിച്ചു വന്നെങ്കിലും വിപണി ശക്തമായ ബുള്ളിഷ് മനോഭാവത്തിലല്ലെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 16,800 കടന്നാൽ 17,025 വരെയുള്ള ഒരു ഹ്രസ്വ റാലി പ്രതീക്ഷിക്കുന്നുണ്ട്. 16,505ലും 16,375 ലും നിഫ്റ്റിക്കു സപ്പോർട്ട് ഉണ്ട്. 16,725 ഉം 16,820 ഉം പ്രതിരോധ മേഖലകളാണ്.
ക്രൂഡ് താഴുന്നു, ലോഹങ്ങൾ കയറുന്നു
ബ്രെൻറ് ഇനം ക്രൂഡ് ഓയിൽ കഴിഞ്ഞയാഴ്ച 105 ഡോളർ വരെ താഴ്ന്നെങ്കിലും 112.3 ഡോളറിലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 110.7 ഡോളറിലേക്കു താഴ്ന്നു. യുക്രെയ്ൻ യുദ്ധഗതിയാണു ക്രൂഡ് വിലയെ നിയന്ത്രിക്കുക. ഇറാനും പാശ്ചാത്യ ശക്തികളുമായുള്ള ആണവ ചർച്ച നിർത്തിവച്ചു. ഇറാൻ്റെ എണ്ണ വിൽപനയ്ക്കുള്ള നിയന്ത്രണം ഉടനേ നീങ്ങില്ല.
വ്യാവസായിക ലോഹങ്ങൾ കയറ്റം തുടരുകയാണ്. ചൈനീസ് വളർച്ചനിരക്കു കുറയുന്നതിനാൽ ലോഹങ്ങൾക്കു വില താഴുമെന്ന നിഗമനം യാഥാർഥ്യമാകുന്നില്ല. ചെമ്പ് ടണ്ണിന് 10,142 ഡോളറിലേക്കം അലൂമിനിയം 3489 ഡോളറ്റലേക്കും കയറി. എന്നാൽ ടിൻ വില എട്ടര ശതമാനം ഇടിഞ്ഞ് 44,000 ഡോളറായി. ഇരുമ്പയിരും വാരാന്ത്യത്തിൽ ഉയർന്നു.
സ്വർണം വീണ്ടും താഴ്ചയിലായി. കഴിഞ്ഞയാഴ്ച 1991 ഡോളറിൽ ക്ലോസ് ചെയ്ത ഇന്നു രാവിലെ 1969 വരര താണു. പിന്നീട് 1974-1976 ലേക്കു കയറി. കേരളത്തിൽ സ്വർണവില ഇന്നു കുറയാം.
എച്ച്ഡിഎഫ്സി ബാങ്കും പേയ്ടിഎമ്മും ശർമയും
എച്ച്ഡിഎഫ്സി ബാങ്ക് പുതിയ ഡിജിറ്റൽ ഉപകരണങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് റിസർവ് ബാങ്ക് നീക്കം ചെയ്തു. 2020 ഡിസംബറിൽ ഏർപ്പെടുത്തിയതാണു വിലക്ക്. ഇതു നീങ്ങിയതു നെറ്റ്, മൊബൈൽ ബാങ്കിംഗ് സേവനങ്ങൾ വിപുലപ്പെടുത്താൻ എച്ച്ഡിഎഫ്സി ബാങ്കിനെ സഹായിക്കും. ബാങ്കിൻ്റെ ഓഹരിവില ഇന്ന് ഉയർന്നേക്കും.
അതേ സമയം പേയ്ടിഎം (വൺ 97 കമ്യൂണിക്കേഷൻസ്) ഇന്നു വലിയ തിരിച്ചടി നേരിടും. പേയ്ടിഎം പേയ്മെൻ്റ്സ് ബാങ്ക് പുതിയ വരിക്കാരെ ചേർക്കുന്നത് റിസർവ് ബാങ്ക് വിലക്കിയതിൻ്റെ ഫലമാണിത്. ബാങ്കിൻ്റെ ടെക്നോളജി സിസ്റ്റത്തിൽ പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണിത്. കഴിഞ്ഞ വർഷം 18,300 കോടി രൂപ ഐപിഒ വഴി സമാഹരിച്ചതാണു കമ്പനി. രാജ്യത്തെ ഏറ്റവും വലിയ ഐപിഒ ആയിരുന്നു അത്. 2150 രൂപയ്ക്കു വിൽപന നടത്തിയ ഓഹരി വിപണിയിൽ ദയനീയമായി പരാതിപ്പെട്ടു. ലിസ്റ്റ് ചെയ്ത ദിവസം 1560 രൂപയായി. കഴിഞ്ഞ വെള്ളിയാഴ്ച ക്ലോസ് ചെയ്തത് 776.15 രൂപയിൽ. ലിസ്റ്റിംഗ് വിലയുടെ പകുതിയിൽ. ഒന്നര ലക്ഷം കോടി രൂപയുടെ വിപണി മൂല്യത്തിൽ വിറ്റ ഓഹരി ഇപ്പോൾ 50,000 കോടി രൂപയുടെ മൂല്യത്തിൽ. പുതിയ വിലക്ക് ഓഹരി വില കുത്തനെ ഇടിയാൻ കാരണമാകും.
ഇതിനിടെ വാരാന്ത്യത്തിൽ പേയ്ടിഎം മേധാവി വിജയ് ശേഖർ ശർമയുടെ വാഹനം ഒരു പോലീസ് ഓഫീസറുടെ വാഹനത്തിൽ ഇടിച്ചതും ശർമ അറസ്റ്റിലായതും കമ്പനിയുടെ ഇമേജിനെ വീണ്ടും മോശമാക്കി.
വിലക്കയറ്റത്തിൽ ആശ്വാസം ഉണ്ടാകുമോ?
ഫെബ്രുവരിയിലെ ചില്ലറ വിലക്കയറ്റത്തിൻ്റെയും മൊത്ത വിലക്കയറ്റത്തിൻ്റെയും കണക്കുകൾ ഇന്നു പുറത്തുവരും. ചില്ലറ വിലക്കയറ്റത്തിൽ ചെറിയ ആശ്വാസം പ്രതീക്ഷിക്കുന്നുണ്ട്. അതുണ്ടായില്ലെങ്കിൽ വിപണി എതിരായി പ്രതികരിക്കും. ജനുവരിയിൽ 6.01 ശതമാനമായിരുന്നു ചില്ലറ വിലക്കയറ്റം. ഏഴു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക്. ഫെബ്രുവരിയിൽ ഭക്ഷ്യ എണ്ണകളുടെ വില കൂടിയത് സൂചികയിൽ പ്രതിഫലിക്കും. ഇന്ധനങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും വിലക്കയറ്റം മാറ്റി നിർത്തിയുള്ള കാതൽ വിലക്കയറ്റം 5.96 ശതമാനമായിരുന്നു. വസ്ത്ര-പാദരക്ഷ വിഭാഗത്തിലെ വിലക്കയറ്റം 97 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന 8.84 ശതമാനമായി.ഗാർഹിക സാമഗ്രികളുടെയും സേവനങ്ങളുടെയും വിംകയറ്റം 7.1 ശതമാനം. ഇത് 94 മാസത്തിനിടയിലെ ഏറ്റവും കൂടിയ നിരക്കാണ്.
മൊത്ത വിലക്കയറ്റം ജനുവരിയിൽ 12.96 ശതമാനമായിരുന്നു. നവംബറിലെ 14.87 ശതമാനത്തിലും ഡിസംബറിലെ 13.56 ശതമാനത്തിലും കുറവ്. എങ്കിലും ആശ്വാസ നിലവാരത്തിലായിട്ടില്ല. ഫെബ്രുവരിയിൽ കമ്പനികൾ ഉൽപന്ന വിലകൾ വർധിച്ചിട്ടുമുണ്ട്.
ഫെഡ് എന്തു ചെയ്യും, പറയും?
അമേരിക്കൻ ഫെഡറൽ റിസർവ് ബോർഡി (ഫെഡ്) ൻ്റെ പണനയനിർണയ കമ്മിറ്റിയായ എഫ്ഒഎംസി (ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി) നാളെയും മറ്റന്നാളും സമ്മേളിക്കും. ഇന്ത്യൻ സമയം ബുധനാഴ്ച രാത്രി തീരുമാനം അറിയിക്കും. അടിസ്ഥാന പലിശ നിരക്ക് (ഫെഡറൽ ഫണ്ട്സ് റേറ്റ് ) 0.0-0.15 ശതമാനത്തിൽ നിന്ന് 0.25-0.40 നിരക്കിലേക്കു കൂട്ടും എന്നാണു കണക്കുകൂട്ടൽ. ഈ വർഷം ഇനി എത്ര തവണ നിരക്കു കൂട്ടുമെന്ന സൂചനയും ഫെഡ് നൽകും. വിലക്കയറ്റം സംബന്ധിച്ച ഫെഡ് വിലയിരുത്തലും ചെയർമാൻ ജെറോം പവൽ നൽകും. ഇതെല്ലാം വിപണിഗതി നിർണയിക്കുന്നതിൽ പ്രധാനമാണ്.
This section is powered by Muthoot Finance