വിപണി ഉണർവിലേക്ക്; എഷ്യൻ സൂചനകൾ ആവേശകരം; ഫെഡ് പലിശ പ്രഖ്യാപനം ഇന്ന്; റിസർവ് ബാങ്ക് ഉടനെ പലിശ കൂട്ടില്ല; ക്രൂഡ് 100 ഡോളറിനു താഴെ
ഇന്ന് ഇന്ത്യൻ ഓഹരി സൂചികകൾ മുന്നേറുമോ? ചൈനയിൽ നിന്നുള്ള വാർത്തകൾ ശുഭകരമല്ല; സ്വർണ്ണം വീണ്ടും താഴേയ്ക്ക്
അഞ്ചു ദിവസത്തെ തുടർച്ചയായ കയറ്റത്തിനു ശേഷം ചൊവ്വാഴ്ച ഇന്ത്യൻ വിപണി താഴോട്ടു നീങ്ങി. പക്ഷേ അതു കുതിപ്പിനിടയിലെ ഒരു ചെറിയ തിരുത്തൽ മാത്രമാണെന്നു കരുതേണ്ടി വരും. ഇന്നു വിപണി നല്ലൊരു കുതിപ്പാേടെ വ്യാപാരം തുടങ്ങുന്നതിനാണു തയാറെടുക്കുന്നത്. ക്രൂഡ് ഓയിൽ വില നൂറു ഡോളറിനു താഴെ ആയതും വിപണിയെ ബുള്ളിഷ് ആകാൻ പ്രേരിപ്പിക്കും. ഇന്നലെ യുഎസ് ഓഹരികൾ വലിയ നേട്ടത്തോടെയാണു ക്ലോസ് ചെയ്തത്. ഏഷ്യൻ വിപണികളും നല്ല ഉണർവോടെ വ്യാപാരം തുടങ്ങി. ജപ്പാനിലെ നിക്കൈ ഒരു ശതമാനം ഉയർന്നു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നു രാവിലെ നല്ല ഉയരത്തിലാണ്. ഇന്നലെ ഒന്നാം സെഷൻ 16,653-ൽ അവസാനിപ്പിച്ച ശേഷം രണ്ടാം സെഷനിൽ 16,920 ലേക്കു കുതിച്ചു. യുഎസ് വിപണിയുടെ ചുവടുപിടിച്ചായിരുന്നു ഇത്. ഇന്നു രാവിലെ 16,942 വരെ കയറിയ ശേഷം 16,900 ലേക്കു താണു. ഇന്ത്യൻ വിപണി നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതു നൽകുന്ന സൂചന.
ചൊവ്വാഴ്ച താഴ്ന്നു വ്യാപാരം തുടങ്ങിയ ഇന്ത്യൻ വിപണി പിന്നീടു കൂടുതൽ താഴോട്ടു പോയി. വിദേശ ഫണ്ടുകൾ വിൽപനക്കാരായതും സ്വദേശി ഫണ്ടുകൾ വാങ്ങൽ കുറച്ചതും കാരണമായി. സെൻസെക്സ് 709.17 പോയിൻ്റ് (1.26%) നഷ്ടത്തിൽ 55,776.85ലും നിഫ്റ്റി 208.3 പോയിൻ്റ് (1.23%) നഷ്ടത്തിൽ 16,663-ലും ക്ലോസ് ചെയ്തു. വ്യാവസായിക ലോഹങ്ങളുടെ വിലയിടിവിനെ തുടർന്ന് മെറ്റൽ കമ്പനികൾക്കു വലിയ തകർച്ച നേരിട്ടു. ഓയിൽ - ഗ്യാസ്, ഐടി, ബാങ്ക്, ധനകാര്യ കമ്പനികളും വലിയ ഇടിവിലായി. വാഹന, എഫ്എംസിജി മേഖലകൾ മാത്രമേ ഉണർവ് കാണിച്ചുള്ളു.
ഇന്നലെ വിദേശ നിക്ഷേപകർ 1294.74 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. സ്വദേശി ഫണ്ടുകൾ 98.25 കോടിയുടെ ഓഹരികൾ മാത്രമേ വാങ്ങിയുള്ളു. വിദേശികൾ ഈ മാസം ഇതു വരെ 44,729 കോടി രൂപയാണ് ഇന്ത്യൻ ഓഹരികളിൽ നിന്നു പിൻവലിച്ചത്.
വിപണി അനിശ്ചിതത്വമാണു കാണിക്കുന്നത്. നിഫ്റ്റിക്ക് 16,500-ലും 16,345 ലും ശക്തമായ താങ്ങുകൾ ഉണ്ട്. ഉയർച്ചയിൽ 16,875-ഉം 17,090-ഉം തടസങ്ങൾ ആകും.
ക്രൂഡ് 100 ഡോളറിനു താഴെ
ക്രൂഡ് ഓയിൽ വില ഒരാഴ്ചകൊണ്ടു 30 ശതമാനത്തോളം ഇടിഞ്ഞു. 139 ഡോളറിൽ നിന്നു 99.91 ഡോളറിലേക്ക്. ചൈനയിലെ വ്യവസായ നഗരങ്ങളിൽ ലോക്കൗട്ട് പ്രഖ്യാപിച്ചതാണ് പ്രധാന കാരണം. ചൈനീസ് ഡിമാൻഡ് കുറയുമെന്നു വിപണി കരുതുന്നു. യുഎസ് ക്രൂഡ് ഓയിൽ ശേഖരം പ്രതീക്ഷയിലും കൂടുതലായതും വിലയിടിച്ചു. ഇന്നു രാവിലെ വില അൽപം താഴ്ന്ന് 99.3 ഡോളറിലെത്തി.
വ്യാവസായിക ലോഹങ്ങൾ വീണ്ടും താഴോട്ടാണ്. ചെമ്പ് 9825 ഡോളറിലേക്കും അലൂമിനിയം 3277 ഡോളറിലേക്കും താണു. ഇരുമ്പയിര് 145 ഡോളർ ആയി. ഊഹക്കച്ചവടം പരിധി വിട്ടതിനെ തുടർന്നു ലണ്ടൻ മെറ്റൽ എക്സ്ചേഞ്ചിൽ നിർത്തിവച്ചിരുന്ന നിക്കൽ വ്യാപാരം ഇന്നു പുനരാരംഭിക്കും. ചിലർ വില കുറയുമെന്നു കരുതി ഷോർട്ട് അടിച്ചപ്പോൾ വില കുതിച്ചു കയറി ടണ്ണിന് ഒരു ലക്ഷം ഡോളറിൽ എത്തിയിരുന്നു. വ്യാപാരം പുനരാരംഭിക്കുമ്പോൾ വില 42,000 ഡോളറിനു താഴെയാകുമെന്നാണു നിഗമനം.
സ്വർണം വീണ്ടും താണു
സ്വർണം പിടി വിട്ടു താഴുകയാണ്. ഇന്നു രാവിലെ ഔൺസിന് 1906 ഡോളർ വരെ താഴ്ന്ന വിലപിന്നീട് 1921-1923 ൽ എത്തി. ഫെഡ് പലിശ കൂട്ടുമ്പോൾ ഡോളർ സൂചിക ഉയർന്നാൽ വില വീണ്ടും താഴും. ഈ വർഷം ഔൺസിന് 1750 ഡോളറിലേക്കു സ്വർണം ഇടിയുമെന്നാണു ചിലരുടെ പ്രവചനം. ഇന്നലെ കേരളത്തിൽ പവനു 400 രൂപ കുറഞ്ഞിരുന്നു. ഇന്നും കുറയും.
കോവിഡും ചൈനീസ് വളർച്ചയും
കോവിഡ് വ്യാപനം വീണ്ടും ആശങ്ക വളർത്തുന്ന വിധമായതോടെ ചൈനീസ്, ഹോങ്കോംഗ് വിപണികളിൽ വലിയ തകർച്ച ഉണ്ടായി. ഷാങ്ഹായ് കോംപസിറ്റ് സൂചിക അഞ്ചു ശതമാനം ഇടിഞ്ഞ് 52 ആഴ്ചയ്ക്കുള്ളിലെ ഏറ്റവും താണ നിലയിലായി. ചൈന നിരവധി വ്യവസായ മേഖലകൾ ലോക്ക്ഡൗണിലാക്കിയത് അവിടത്തെ വളർച്ച കുറയ്ക്കുമെന്നു ഭീതിയുണ്ട്. കഴിഞ്ഞ വർഷം 8.1 ശതമാനം വളർന്ന ചൈനീസ് ജിഡിപി ഇക്കൊല്ലം 5.5 ശതമാനം വളർച്ചയാണു പ്രതീക്ഷിക്കുന്നത്. കോവിഡ് വ്യാപനം അതിനും തടസമാകുമോ എന്നു ഭീതിയുണ്ട്. റിയൽ എസ്റ്റേറ്റ് കമ്പനികൾ കടഭാരത്താൽ തകരുന്നതും ഫിൻടെക് - ഓൺലൈൻ റീട്ടെയിൽ കമ്പനികളെ നിയന്ത്രിക്കുന്നതും വളർച്ചയിൽ കുറവു വരുത്തും.
ഫെഡ് പലിശ കൂട്ടുമ്പോൾ
അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡ് ഇന്നു രാത്രി പലിശ നിരക്കു കൂട്ടുന്ന പ്രഖ്യാപനം നടത്തുമെന്നാണു പ്രതീക്ഷ. 0.25 ശതമാനത്തിലേക്ക് കുറഞ്ഞ പലിശ നിരക്ക് ഉയർത്തും എന്നാണു നിഗമനം. പലിശഗതിയും വളർച്ചത്തോതും സംബന്ധിച്ച ഫെഡിൻ്റെ നിഗമനങ്ങളും പുറത്തുവിടും. ആ നിഗമനങ്ങൾ വിപണിയുടെ നിഗമനങ്ങളോട് എത്രമാത്രം പൊരുത്തപ്പെടും എന്നാണറിയേണ്ടത്.
ഫെഡ് പലിശ കൂട്ടിയാലും ഇന്ത്യയിൽ ഉടനേ പലിശ കൂട്ടുകയില്ലെന്നാണ് ഇപ്പോഴത്തെ നിഗമനം. ചില്ലറ വിലക്കയറ്റവും കാതൽ വിലക്കയറ്റവും ഒക്കെ പരിധി കടന്നാണു നിൽക്കുന്നതെങ്കിലും ഒരു പരീക്ഷണത്തിനു റിസർവ് ബാങ്ക് തയാറാകുമെന്നാണു സൂചന. യുദ്ധവും സംഘർഷവും അവസാനിച്ചാൽ ഇന്ധന വിലയും ഉൽപന്ന വിലകളും താഴുമെന്നാണ് റിസർവ് ബാങ്കും ഗവണ്മെൻ്റും കരുതുന്നത്. വളർച്ചയ്ക്കു വിലങ്ങുതടി ആകുന്ന വിധം പലിശ കൂട്ടുന്നതിനോട് ഗവണ്മെൻ്റിനും യോജിപ്പില്ല. ക്രൂഡ് ഓയിൽ വില 100 ഡോളറിനു താഴെ ആയതും മറ്റും ഇന്ത്യക്ക് ആശ്വാസമാണ്. 20 ശതമാനത്തിലേറെ ഡിസ്കൗണ്ടിൽ റഷ്യയിൽ നിന്നു ക്രൂഡ് ഓയിൽ കിട്ടുന്നത് ആഭ്യന്തര വില കൂട്ടാതെ പിടിച്ചു നിൽക്കാൻ സഹായിക്കുന്നുമുണ്ട്. റഷ്യൻ എണ്ണയ്ക്കു രൂപ നൽകിയാൽ മതി എന്നതു വിദേശനാണ്യശേഖരത്തിൽ ഇടിവു വരാതിരിക്കാനും സഹായിക്കും.
കമ്പനികൾ
ഇന്ത്യാ ബുൾസ് ഹൗസിംഗ് ചെയർമാനും സഹസ്ഥാപകനുമായ സമീർ ഗെഹ്ലോട്ട് രാജിവച്ചു. തന്നെ പ്രൊമോട്ടർ പട്ടികയിൽ നിന്നു മാറ്റണമെന്നും ആവശ്യപ്പെട്ടു. വൈസ് ചെയർമാനും സിഇഒയുമായ ഗഗൻ ബംഗയാണ് ഇനി കമ്പനിയെ നയിക്കുക. വാർത്ത ഇന്ത്യാ ബുൾസ് ഹൗസിംഗ് ഓഹരിയെ 13 ശതമാനം ഉയർത്തി. മൂന്നു മാസം കൊണ്ടു 40 ശതമാനം ഇടിഞ്ഞതാണ് ഓഹരി.
വിവാദങ്ങളിൽ പെട്ട പേയ്ടിഎം (വൺ 97 കമ്യൂണിക്കേഷൻസ്) ഇന്നലെ 13 ശതമാനം കൂടി ഇടിഞ്ഞു. 2150 രൂപയ്ക്ക് ഐപിഒ നടത്തിയ കമ്പനിയുടെ ഓഹരിക്ക് ഇപ്പോൾ 589 രൂപയാണു വില.
ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനി സൊമാറ്റോ ഇതേ ബിസിനസിലുള്ള ബ്ലിങ്കിറ്റിനെ ഏറ്റെടുക്കുമെന്നു റിപ്പോർട്ട്. മുമ്പ് ഗ്രാേഫേഴ്സ് എന്നറിയപ്പെട്ടിരുന്ന കമ്പനിയാണു ബ്ലിങ്കിറ്റ്. കഴിഞ്ഞ വർഷത്തെ ഐപിഒ പ്രളയത്തിൽ കടന്നു വന്നു വിപണിയിൽ പരാജയപ്പെട്ട കമ്പനിയാണു സൊമാറ്റോ. ഓഹരി വില 53 ശതമാനത്തോളം ഇടിഞ്ഞു. .
This section is powered by Muthoot Finance