അനിശ്ചിതത്വം വീണ്ടും; ഏഷ്യൻ വിപണികളിൽ നേട്ടം; വിദേശികൾ വീണ്ടും വിൽപനയിൽ; ക്രൂഡ് വില 120 ഡോളറിലേക്ക്
വിപണിയുടെ നിയന്ത്രണം കരടികളിലേക്കോ? ഫെഡ് മേയിൽ എന്തു ചെയ്യും? ഇന്ത്യ നേരത്തേ പലിശ കൂട്ടേണ്ടി വരാം;
യുക്രെയ്ൻ യുദ്ധത്തിനു പരിഹാരം അടുത്തു വരുന്നില്ല. ഇന്ധനലഭ്യത സംബന്ധിച്ചു വേറെയും ആശങ്കകൾ ഉയരുന്നത് ക്രൂഡ് ഓയിൽ വില വീണ്ടും ഉയർത്തി. ഒറ്റ ദിനം കൊണ്ട് എട്ടു ശതമാനത്തിലേറെയാണു ബ്രെൻ്റ് ഇനത്തിനു കയറിയത്. വിലക്കയറ്റം അസ്വീകാര്യമായ തലത്തിലേക്കു കയറിയെന്നും അതു ശമിപ്പിക്കാൻ പലിശ നിരക്കു കൂട്ടൽ വേഗത്തിലാക്കാൻ മടിക്കില്ലെന്നും യുഎസ് ഫെഡ് ചെയർമാൻ പറഞ്ഞത് ഓഹരികളുടെ വില ഇടിച്ചു.
പുതിയ ആഴ്ചയുടെ തുടക്കം അങ്ങനെ ആവേശം ചോർത്തിക്കളയുന്നതായി. ഏഷ്യൻ വിപണികൾ ഇന്നലെ സമ്മിശ്ര ചിത്രമാണു കാഴ്ചവച്ചത്. യൂറോപ്യൻ സൂചികകൾ പൊതുവേ താഴ്ന്നു. യുഎസ് ഓഹരികൾ തുടക്കം മുതലേ താഴ്ന്നു. ഫെഡ് ചെയർമാൻ്റെ പ്രസ്താവന കൂടി വന്നതോടെ അര ശതമാനത്തിലേറെ നഷ്ടത്തിൽ ക്ലോസ് ചെയ്തു.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് ചെറിയ താഴ്ചയിലാണ്. എന്നാൽ ഏഷ്യൻ ഓഹരികൾ നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങി.ജപ്പാനിലെ നിക്കൈ സൂചിക ഒരു ശതമാനത്തിലധികം ഉയർന്നു. സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ ഉയർന്ന് 17,241 ൽ ക്ലോസ് ചെയ്തു. എന്നാൽ ഇന്നു രാവിലെ 17,160 വരെ താഴ്ന്നിട്ട് 17,180- നു മുകളിലായി എസ്ജിഎക്സ് നിഫ്റ്റി. ഇന്ത്യൻ വിപണി നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതു നൽകുന്ന സൂചന.
തിങ്കളാഴ്ച തുടക്കത്തിലെ ചാഞ്ചാട്ടങ്ങൾ കഴിഞ്ഞ ശേഷം ക്രമമായി താഴോട്ടായിരുന്നു ഇന്ത്യൻ വിപണി.സെൻസെക്സ് 571.44 പോയിൻ്റ് (0.99%) നഷ്ടത്തിൽ 57,292.49 ലും നിഫ്റ്റി 169.45 പോയിൻ്റ് (0.98%) നഷ്ടത്തിൽ 17,117.6 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.28 ശതമാനം താണപ്പോൾ സ്മോൾ ക്യാപ് സൂചിക 0.23 ശതമാനം ഉയർന്നു. മെറ്റൽ, മീഡിയ കമ്പനികൾ മാത്രമേ ഇന്നലെ ഉയർച്ച കാണിച്ചുള്ളു. ബാങ്കുകൾ, ധനകാര്യ കമ്പനികൾ, വാഹന കമ്പനികൾ തുടങ്ങിയവ താഴോട്ടായിരുന്നു. ലാഭമെടുക്കാൻ വേണ്ടിയുള്ള വിൽപനയിൽ വിദേശികൾക്കൊപ്പം സ്വദേശി ഫണ്ടുകളും ചേർന്നതാണ് ഇടിവിനു കാരണം.
വിദേശികൾ ക്യാഷ് വിപണിയിൽ വീണ്ടും വിൽപനക്കാരായി . 2962.12 കോടി രൂപയുടെ ഓഹരികൾ അവർ ഇന്നലെ വിറ്റു. എന്നാൽ ഫ്യൂച്ചേഴ്സിലും ഓപ്ഷൻസിലും അവർ വാങ്ങലുകാരായി. സ്വദേശി ഫണ്ടുകൾ ഇന്നലെ 252.91 കോടിയുടെ ഓഹരികൾ വാങ്ങി.
വിപണിയുടെ നിയന്ത്രണം ബുള്ളുകളുടെ കൈയിൽ നിന്നു കരടികൾ പിടിച്ചു വാങ്ങുകയായിരുന്നു. അടുത്ത ദിവസങ്ങളിൽ 17,350 ൻ്റെ മുകളിൽ പ്രവേശിക്കാൻ നിഫ്റ്റിക്കു സാധിച്ചാൽ വീണ്ടും ഉയരത്തിലേക്കു നീങ്ങാൻ വിപണിക്കു കഴിയും. മറിച്ചു 17,000 നു താഴോട്ടു വീണാൽ 16,600- 16,400 മേഖല വരെ പോകാം എന്നാണു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നത്. നിഫ്റ്റിക്ക് 17,025 ലും 16,935ലും സപ്പോർട്ട് ഉണ്ട്. ഉയർന്നാൽ 17,285-ഉം 17,450-ഉം പ്രതിരോധ മേഖലകളാകും.
ക്രൂഡ് വീണ്ടും കുതിപ്പിൽ
ക്രൂഡ് ഓയിൽ വില കുതിക്കുകയാണ്. ഒപെക് രാജ്യങ്ങളിലെ ഉൽപാദനം പ്രതീക്ഷ പോലെ ഉയരാത്തതും ലിബിയ അടക്കം പല രാജ്യങ്ങളിലും ചരക്കുനീക്കം തടസപ്പെടുന്നതും വിപണിയിൽ ക്രൂഡ് ലഭ്യത കുറയ്ക്കും എന്ന ഭീതിയാണ് ഒരു കാരണം. സൗദിയിലേക്കു ഹ്യൂതികളുടെ ആക്രമണം തുടരുന്നതും ലഭ്യതയെ ബാധിക്കുന്നു. ഇതിനിടെ റഷ്യൻ ക്രൂഡ് വാങ്ങുന്നതിന് ഉപരോധം ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ ആലോചന തുടങ്ങി. പ്രകൃതി വാതകം വാങ്ങുന്നതു തുടർന്ന് കൊണ്ട് ക്രൂഡ് ഓയിൽ വാങ്ങൽ കുറയ്ക്കാനാണ് നിർദേശം. യൂറോപ്പിൻ്റെ ക്രൂഡ് ആവശ്യത്തിൽ 25 ശതമാനം റഷ്യയാണു നൽകുന്നത്. യൂറോപ്പ് ക്രൂഡ് ഉപരോധത്തിൽ ചേരുന്നത് റഷ്യയെ യുദ്ധം നിർത്താൻ പ്രേരിപ്പിക്കും എന്നാണ് ഒരു വിഭാഗം കരുതുന്നത്. ബ്രെൻ്റ് ഇനം ക്രൂഡ് തിങ്കളാഴ്ച 115.62 ഡോളറിൽ എത്തി. ഇന്നു രാവിലെ വീണ്ടും കയറി 119.1 ഡോളർ ആയി. സ്‌പാേട്ട് വില 120 ഡോളറിലേക്കു കയറി. പൊതു വിലക്കയറ്റം വീണ്ടും ഉയരാൻ ക്രൂഡ് വിലയിലെ കുതിപ്പ് കാരണമാകും.
വ്യാവസായിക ലോഹങ്ങൾ ഉയർന്ന നിലവാരത്തിൽ തുടരുന്നു. അലൂമിനിയം 3.6 ശതമാനം ഉയർന്ന് 3521 ഡോളർ ആയി. നിക്കൽ വില സാധാരണ നിലയിലേക്കു വരികയാണ്. ഇന്നലെ 16 ശതമാനം താഴ്ന്നു. ഈ മാസമാദ്യം ഊഹക്കച്ചവടക്കാർ വില ഒരു ലക്ഷം ഡോളറിൽ എത്തിച്ചിരുന്നു. പിന്നീടു 10 ദിവസം വ്യാപാരം മുടങ്ങി.
സ്വർണം ചാഞ്ചാടുകയാണ്. ഇന്നലെ 1917 ഡോളർ വരെ താഴുകയും 1943 വരെ ഉയരുകയും ചെയ്തു. ഇന്നു രാവിലെ വില 1931- 1933 ഡോളറിലേക്കു താഴ്ന്നു.
ക്രൂഡ് ഓയിൽ വില 110 ഡാേളറിനു മുകളിലായതും ഡോളർ സൂചിക കയറിയതും രൂപയ്ക്ക് ഇന്നലെ ക്ഷീണം വരുത്തി. ഡോളർ 33 പൈസ നേട്ടത്തോടെ 76.12 രൂപയിലെത്തി. ഇന്നും രൂപ ദുർബലമാകാനാണു സാധ്യത.'
ഫെഡ് മേയിൽ എന്തു ചെയ്യും?
അമേരിക്കൻ ഫെഡ് ചെയർമാൻ ജെറോം പവൽ ഇന്നലെ പറഞ്ഞത് പലിശ നിരക്കു വർധന ആവശ്യമെങ്കിൽ കൂടുതൽ വേഗത്തിലാക്കുമെന്നാണ്. ഒരാഴ്ച മുമ്പ് പറഞ്ഞതിൽ നിന്നു വ്യത്യസ്തമാണിത്. വിലക്കയറ്റം അനിയന്ത്രിതമായ നിലയ്ക്ക് പുതിയ നിലപാടിലേക്കു താൻ മാറുന്നു എന്നാണ് പവൽ പറഞ്ഞത്. മൂന്നു മാസം മുമ്പ് വിലക്കയറ്റം താൽക്കാലികമാണെന്ന നിലപാടിലായിരുന്നു പവൽ. ക്ഷിഞ്ഞ മാസം കടുത്ത വിലക്കയറ്റം എന്നായി. ഇപ്പോൾ നിയന്ത്രണം വിട്ട വിലക്കയറ്റമായി കാണുന്നു.
പലിശ വർധന തുടങ്ങിയപ്പോൾ പവൽ സൂചിപ്പിച്ചത് ഈ വർഷം ആറു തവണ കൂടി നിരക്കു വർധിപ്പിച്ച് 1.9 ശതമാനത്തിൽ എത്തിക്കും എന്നാണ്. ആറു തവണയും 25 ബേസിസ് പോയിൻ്റ് (കാൽ ശതമാനം) വീതം കൂട്ടും എന്നു ധ്വനിപ്പിച്ചു. എന്നാൽ ഇന്നലെ പറഞ്ഞതിൻ്റെ അർഥം മേയ് ആദ്യം 50 ബേസിസ് പോയിൻ്റ് (0.5 ശതമാനം) പലിശ കൂട്ടും എന്നാണ്. 2000-നു ശേഷം ഫെഡ് ഒറ്റയടിക്ക് 50 ബേസിസ് പോയിൻ്റ് വർധന നടത്തിയിട്ടില്ല.
ഇങ്ങനെ ക്രമം വിട്ടുള്ള വർധന പ്രഖ്യാപിച്ചതു വിപണിയെ വിഷമിപ്പിക്കുന്നു. കഴിഞ്ഞയാഴ്ചത്തെ പ്രഖ്യാപനം ക്രമമായ ഒരു വർധന സൂചിപ്പിച്ചതിൽ നിന്നു മാറ്റം വരുന്നത് കൂടുതൽ ഗുരുതര പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണോ എന്ന് വിപണി സംശയിക്കുന്നു.
ഇന്ത്യ നേരത്തേ പലിശ കൂട്ടേണ്ടി വരാം
ഇന്ത്യയെ സംബന്ധിച്ച് പലിശ വർധന വേഗത്തിലാകുന്നതു പ്രശ്നമാണ്. യുഎസ് രണ്ടോ മൂന്നോ തവണ പലിശ കൂട്ടിയ ശേഷം പലിശ വർധിപ്പിക്കാം എന്നാണു റിസർവ് ബാങ്ക് കരുതിയിരുന്നത്. എന്നാൽ മേയിൽ 50 ബേസിസ് പോയിൻ്റ് വർധന ഉണ്ടായാൽ ജൂണിലെങ്കിലും റിസർവ് ബാങ്ക് റീപാേ നിരക്കു കൂട്ടേണ്ടി വരും. പലിശ വർധന വ്യവസായങ്ങളുടെ ലാഭ മാർജിൻ കുറയ്ക്കും. വ്യവസായങ്ങൾ വായ്പ എടുക്കുന്നതു കുറയ്ക്കാനും ശ്രമിക്കും. ഇതു വളർച്ച കുറയ്ക്കും എന്നാണു ഭീതി.