അനിശ്ചിതത്വം മുന്നിൽ; നാലാംപാദ റിസൽട്ടുകൾ മോശമാകുമെന്നു സർവേ; നിഫ്റ്റിയിൽ ചെറിയ കയറ്റിറക്കം പ്രതീക്ഷിക്കുന്നു; ക്രൂഡ് വില താഴുന്നില്ല
ഇന്ത്യൻ വിപണിയിൽ വിദേശ നിക്ഷേപകർ എന്തു ചെയ്യും ? കമ്പനികളുടെ ലാഭം കുറയും; മാന്ദ്യഭീഷണി കടുക്കുന്നു
യുദ്ധവും ക്രൂഡ് ഓയിൽ വിലയും ജനിപ്പിച്ച അനിശ്ചിതത്വത്തിന് മാറ്റമില്ല. ഉൽപന്നങ്ങളുടെ വിലക്കയറ്റവും പല വ്യവസായങ്ങൾക്കും അവശ്യ ഘടകങ്ങളുടെ ദൗർലഭ്യവും രൂക്ഷമായി. ഇതു വിപണിയെ ഈയാഴ്ചയും വിഷമിപ്പിക്കും. കഴിഞ്ഞയാഴ്ച ചെറിയ മേഖലയിൽ കയറിയിറങ്ങിയ വിപണി ഈയാഴ്ച വലിയ കുതിപ്പിനോ കാര്യമായ തകർച്ചയ്ക്കാേ സാധ്യത കാണുന്നില്ല. ഇന്ത്യൻ വിപണിയിൽ വിദേശ നിക്ഷേപകർ എന്തു ചെയ്യും എന്നതാണ് പ്രധാന ചോദ്യം. 2020- മാർച്ചിനു ശേഷമുള്ള ഏറ്റവും വലിയ വിറ്റഴിക്കലാണ് ഈ മാസം ഇതുവരെ വിദേശികൾ ഇന്ത്യൻ വിപണിയിൽ നടത്തിയിരിക്കുന്നത്.
പ്രത്യാശയ്ക്കു തക്ക കാര്യങ്ങൾ കാണാത്തതിനാൽ ഏഷ്യൻ വിപണികൾ ഇന്നു രാവിലെ താഴ്ന്നാണു വ്യാപാരം തുടങ്ങിയത്. പിന്നീടു കുടുതൽ താഴോട്ടു നീങ്ങി. ജാപ്പനീസ് വിപണി ഒരു ശതമാനത്തോളം താഴ്ന്നു. ക്രൂഡ് വിലക്കയറ്റമാണു പ്രധാന ആശങ്കാ വിഷയം.
യുഎസ് ഓഹരികളുടെ ഫ്യൂച്ചേഴ്‌സും ഇന്നു രാവിലെ താഴ്ന്നു. സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി കഴിഞ്ഞ ദിവസം 17, 270 വരെ ഉയർന്നിട്ട് 17, 245-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 17,160-ലേക്കു താഴ്ന്നിട്ടു 17,256 ലേക്കു കയറി. ഇന്ത്യൻ വിപണിയിൽ ചാഞ്ചാട്ടത്തോടെയുള്ള കയറ്റമാണ് ഇതു നൽകുന്ന സൂചന.
വെള്ളിയാഴ്ച ഇന്ത്യൻ വിപണി താഴോട്ടായിരുന്നു. തുടർച്ചയായ മൂന്നാമത്തെ ദിവസത്തെ ഇടിവ്. വെള്ളിയാഴ്ച യൂറോപ്യൻ, യുഎസ് വിപണികൾ ചെറിയ നേട്ടമേ ഉണ്ടാക്കിയുള്ളു. യുഎസിൽ ടെക്നോളജി ഓഹരികൾക്ക് ആധിപത്യമുള്ള നാസ്ഡാക് സൂചിക അൽപം ഇടിയുകയും ചെയ്തു.
ആഴ്ച മൊത്തമെടുത്താൽ സെൻസെക്സ് 0.87 ശതമാനവും നിഫ്റ്റി 0.78 ശതമാനവും താണു. കൺസ്യൂമർ ഡ്യൂറബിൾസ് കമ്പനികളുടെ സൂചിക കഴിഞ്ഞയാഴ്ച 4.34 ശതമാനം ഇടിഞ്ഞു. മെറ്റൽ സൂചിക 5.48 ശതമാനം കുതിച്ചു. ബാങ്ക് നിഫ്റ്റി 2.8 ശതമാനം താഴ്ന്നു. ഐടിക്കും ആഴ്ച മെച്ചമായിരുന്നില്ല.
വെള്ളിയാഴ്ച സെൻസെക്സ് 233.48 പോയിൻ്റ് (0.41%) നഷ്ടത്തിൽ 57,362.2 ലും നിഫ്റ്റി 69.75 പോയിൻ്റ് (0.4%) നഷ്ടത്തിൽ 17,153 ലും ക്ലോസ് ചെയ്തു. റിയൽറ്റി സൂചിക മാത്രമാണ് അന്നു ഗണ്യമായ നേട്ടമുണ്ടാക്കിയത്.
വിദേശ നിക്ഷേപകർ 1507.37 കോടി രൂപയുടെ ഓഹരികൾ ക്യാഷ് വിപണിയിൽ വിറ്റഴിച്ചു. ഇതോടെ മാർച്ചിലെ അവരുടെ വിൽപന 46,961.57 കോടി രൂപയായി. എന്നാൽ ഫ്യൂച്ചേഴ്സിൽ അവർ വാങ്ങലുകാരായിരുന്നു. ആകെ മൊത്തം കഴിഞ്ഞയാഴ്ച അവർ ഇന്ത്യൻ ഓഹരികളിൽ 7.1 കോടി ഡോളർ (532 കോടി രൂപ) നിക്ഷേപിച്ചു. ജനുവരി ആദ്യ വാരം കഴിഞ്ഞിട്ട് ഇതാദ്യമാണ്. ഇതു തുടരുമോ എന്നതു നിർണായകമാണ്. വെള്ളിയാഴ്ച ക്യാഷ് വിപണിയിൽ സ്വദേശി ഫണ്ടുകൾ 1373 കോടി രൂപയുടെ വാങ്ങലുകാരായി.
ചെറിയ മേഖലയിലാണു (435 പോയിൻ്റ് ) നിഫ്റ്റി കഴിഞ്ഞയാഴ്ച കയറിയിറങ്ങിയത്. 17,450 കടക്കാനായില്ല. 17,000-ലേക്കു വീണുമില്ല. ഈയാഴ്ചയും 17,000 നു താഴെ പോകാതിരുന്നാൽ നിഫ്റ്റിക്കു 17,300- 17,450 മേഖലയിൽ ബലപ്പെടാനാകും. മറിച്ചു 17,000 നു താഴെ വീണാൽ 16,400-16,650 മേഖലയിലേക്കു പോയെന്നു വരും. മറിച്ചു 17,450 നു മുകളിലേക്കു കയറാനായാൽ 17,800-18,000 ലക്ഷ്യം വയ്ക്കാനാവും. ഇന്നു നിഫ്റ്റിക്ക് 17,055-ഉം 16,955-ഉം സപ്പാേർട്ട് നൽകും. ഉയരത്തിൽ 17, 275-ഉം 17,390-ഉം പ്രതിരോധം തീർക്കും.
ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വില കഴിഞ്ഞയാഴ്ച 117 ഡാേളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 116.2 ലേക്കു താഴ്ന്നിന്നിട്ടു വീണ്ടും 117 ഡോളറിനു മുകളിലായി. വില നേരിയ മേഖലയിൽ കയറിയിറങ്ങാനാണു സാധ്യത.
വ്യാവസായിക ലോഹങ്ങൾ ചെറിയ മേഖലയിൽ കയറിയിറങ്ങി. ചെമ്പ് ടണ്ണിന് 10, 279 ലാണ്. അലൂമിനിയം 3614 ലേക്കു കയറി. വലിയ ചലനങ്ങൾ ഉണ്ടാക്കിയ നിക്കൽ വെള്ളിയാഴ്ച 4.44 ശതമാനം ഇടിഞ്ഞു. വില ഇനിയും ഗണ്യമായി താഴേണ്ടതുണ്ടെന്നാണു വിലയിരുത്തൽ.
സ്വർണം സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ഔൺസിന് 1959 ഡോളറിലാണു കഴിഞ്ഞ വാരം ക്ലോസ് ചെയ്തത്. ഇന്നു രാവിലെ വില 1948-1950 ഡോളറിലേക്കു താഴ്ന്നു.
കമ്പനികളുടെ ലാഭം കുറയും
മാർച്ചിലവസാനിക്കുന്ന നാലാം പാദത്തിൽ മിക്ക കമ്പനികളുടെയും ലാഭം കുറവാകുമെന്നു വിലയിരുത്തൽ. രണ്ടു വർഷത്തോളമായി ലാഭമാർജിനും ലാഭത്തുകയും വർധിച്ചു വന്നതാണ്. യുക്രെയ്ൻ യുദ്ധമാണു പ്രധാന കാരണം. യുദ്ധം ക്രൂഡ് വില ഉയർത്തി. ഒപ്പം പല വ്യവസായങ്ങൾക്കും വേണ്ട ഘടകപദാർഥങ്ങൾക്കു ദൗർലഭ്യവും ലോഹങ്ങൾ അടക്കമുള്ളവയ്ക്കു വലിയ വിലക്കയറ്റവും നേരിട്ടു. ഇതു കമ്പനികളുടെ മാർച്ച് പാദത്തിലെ ലാഭം മുമ്പ് കണക്കാക്കിയതിലും ഒരു ശതമാനം താഴെയാകുമെന്നാണു ബ്ലും ബർഗ് ഏജൻസിയുടെ സർവേ ഫലം. ജൂണിൽ അവസാനിക്കുന്ന പാദത്തിൽ ഇടിവ് ഒൻപതു ശതമാനം ആകുമത്രെ. ലാഭം കുറയും എന്നാണെങ്കിൽ ഓഹരി വില താഴും എന്നു പലരും കരുതുന്നു.
മാന്ദ്യഭീഷണി കടുക്കുന്നു
യുക്രെയ്നിനിലെ റഷ്യൻ ആക്രമണം രണ്ടാമത്തെ മാസത്തിലായി. പഴയ വൻശക്തി യുക്രെയ്നിലെ വളഞ്ഞുപുളഞ്ഞ മലനിരകളിലും കടൽത്തീര നഗരങ്ങളിലും മഞ്ഞുറഞ്ഞ ഗോതമ്പുപാടങ്ങളിലും അപ്രതീക്ഷിത തിരിച്ചടി നേരിടുന്നു. യുദ്ധത്തിൻ്റെ അന്ത്യം വൈകുംതോറും വിപണികളിലെ ആശങ്ക വർധിക്കുന്നു. ലോകമെങ്ങും സാമ്പത്തിക വളർച്ചയ്ക്കു ഭീഷണി കൂടുന്നു.
ഈ അനിശ്ചിതത്വവും അടുത്തു വരുന്ന പലിശ വർധനയും വിപണികളെ അസ്വസ്ഥമാക്കുന്നു. കഴിഞ്ഞ ആഴ്ചയും ഈ ചിന്ത ഉണ്ടായിരുന്നെങ്കിലും നാൾ തോറും അതു വർധിച്ചുവരികയാണ്. ക്രൂഡ് ഓയിൽ വിപണിയിലെ ചലനങ്ങളാണു വിപണി ശ്രദ്ധക്കുന്ന മറ്റൊരു കാര്യം. റഷ്യൻ എണ്ണ വിലക്കാൻ യൂറോപ്പ് ഇപ്പോൾ തയാറല്ലെങ്കിലും അതിനുള്ള സമ്മർദം തുടരുകയാണ്. യൂറോപ്യൻ രാജ്യങ്ങൾ പിന്നീടു സമ്മർദത്തിനു വഴങ്ങിക്കൂടായ്കയില്ല. അതു ക്രൂഡ് വിലയെ 150 ഡോളറിലോ 200 ഡോളറിലോ എത്തിച്ചു എന്നു വരാം. അത് ആഗോള സാമ്പത്തിക മാന്ദ്യത്തിൻ്റെ തുടക്കമാകും. 1970-നു ശേഷമുള്ള എല്ലാ സാമ്പത്തിക മാന്ദ്യങ്ങളുടെയും തുടക്കത്തിനു മുമ്പ് ക്രൂഡ് വില റിക്കാർഡുകൾ ഭേദിച്ചിരുന്നു എന്നതു ചരിത്രം. ക്രൂഡ് വില 120 ഡോളറിനു സമീപത്തായിരിക്കുമ്പോൾ തന്നെ മാന്ദ്യആശങ്ക പലരും പ്രകടിപ്പിക്കുന്നുണ്ട്. പ്രമുഖ റേറ്റിംഗ് ഏജൻസികളും ബഹുരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളും വളർച്ചയുടെ പ്രതീക്ഷ താഴ്ത്തിക്കഴിഞ്ഞു. മാർച്ചിലെ ധനകാര്യ സൂചകങ്ങൾ ലഭിക്കുന്നതോടെ ഇതിൽ കൂടുതൽ വ്യക്തത വരും.
This section is powered by Muthoot Finance