സമാധാന സാധ്യതയിൽ വിപണികൾക്കു നേട്ടം; ക്രൂഡ് ഓയിൽ തിരിച്ചുകയറി; പലിശ കൂടിയാൽ മാന്ദ്യമെന്നു പേടി; കമ്പനികൾ വില കൂട്ടുന്നു

വിദേശികളിൽ നിന്നുള്ള വിൽപ്പന സമ്മർദ്ദം കുറയുന്നു; വളർച്ചപ്രതീക്ഷ താഴ്ത്തി; രുചി സോയയും അഡാനിയും

Update:2022-03-30 07:50 IST

യുക്രെയ്നിൽ നിന്ന് നല്ല വാർത്ത പ്രതീക്ഷിച്ചാണ് ഇന്നലെ ഇന്ത്യൻ വിപണി ഉണർവോടെ നീങ്ങിയത്. പിന്നീടു യൂറാേപ്യൻ വിപണിയിൽ കൂടുതൽ ആവേശം പടർന്നു. മുഖ്യസൂചികകൾ രണ്ടു ശതമാനത്തിലധികം ഉയർന്നു. യുഎസ് വിപണിയും നല്ല ഉണർവിലായി. ഡൗ ജോൺസ് ഒരു ശതമാനത്തോളം കുതിച്ചപ്പോൾ ടെക് ഓഹരികൾക്ക് ആധിപത്യമുള്ള നാസ്ഡാക് 1.84 ശതമാനം ഉയർന്നു.

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് നേരിയ താഴ്ചയിലാണ്. ഏഷ്യൻ വിപണികൾ സമ്മിശ്ര ചിത്രമാണു നൽകുന്നത്. ദക്ഷിണ കൊറിയയും മറ്റും നേട്ടത്തോടെ വ്യാപാരം നടത്തുന്നു. ചൈനയിലെ ലോക്ക് ഡൗണും യെന്നിൻ്റെ വിലയിടിവും ജാപ്പനീസ് ഓഹരികളെ താഴ്ത്തി. ഓസ്ട്രേലിയൻ വിപണിയും കയറ്റത്തിലാണ്.
യുക്രെയ്ൻ കാര്യത്തിൽ ചെറിയ പുരോഗതിയുണ്ടായി. എങ്കിലും വെടിനിർത്തലിലേക്കും റഷ്യൻ പിന്മാറ്റത്തിലേക്കും കാര്യങ്ങൾ എത്താൻ ഇനിയും കടമ്പകൾ പലതുണ്ട്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ രാത്രി 17,653 വരെ ഉയർന്നു. ഇന്നു രാവിലെ 17,621 ലേക്കു താണു. ഇന്ത്യൻ വിപണി ഇന്നു കുതിപ്പോടെ വ്യാപാരം തുടങ്ങും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.
ഇന്നലെ ഇന്ത്യൻ വിപണി ചെറിയ നേട്ടത്തോടെ തുടങ്ങിയിട്ടു സാവധാനം ഉയരുകയായിരുന്നു. സെൻസെക്സ് 350.16 പോയിൻ്റ് (0.61%) നേട്ടത്തോടെ 57,943.65ലും നിഫ്റ്റി 103.3 പോയിൻ്റ് (0.6%) നേട്ടത്തോടെ 17,325.3 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.66 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.6 ശതമാനവും ഉയർന്നു. ഹെൽത്ത് കെയർ, കൺസ്യൂമർ ഡ്യുറബിൾസ്, ബാങ്ക്, ഐടി തുടങ്ങിയവ നേട്ടത്തിലായപ്പോൾ ഓയിൽ, മെറ്റൽ, എഫ്എംസിജി, വാഹന കമ്പനികൾ താഴ്ചയിലായി. ഗൃഹോപകരണ നിർമാതാക്കൾ ഏപ്രിൽ ആദ്യം വില വർധിപ്പിക്കുമെന്ന സൂചനയാണു കൺസ്യൂമർ ഡ്യുറബിൾസ് കമ്പനികളുടെ വില ഉയർത്തിയത്.
വിദേശികളിൽ നിന്നുള്ള വിൽപന സമ്മർദം കുറയുന്നതായാണു സൂചന. ഇന്നലെ 35.47 കോടി രൂപയുടെ ഓഹരികൾ അവർ ക്യാഷ് വിപണിയിൽ വാങ്ങി. ഫ്യൂച്ചേഴ്സിലും ഓപ്ഷൻസിലും അവർ കൂടുതൽ സജീവമായിരുന്നു. സ്വദേശി ഫണ്ടുകൾ ഇന്നലെ 1713.31 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
നിഫ്റ്റിക്കു 17, 260 ലും 17,195ലും സപ്പോർട്ട് ഉണ്ട്. ഉയർച്ചയിൽ 17,370-ഉം 17,410-ഉം പ്രതിരോധ മേഖലകളാണ്.

ക്രൂഡ് തിരിച്ചു കയറി

ക്രൂഡ് ഓയിൽ വില ഇന്നലെ ഗണ്യമായി താഴ്‌ന്ന ശേഷം തിരിച്ചു കയറി. ഡബ്ള്യുടിഐ ഇനം 100 ഡോളറിനു , വന്നിട്ടു വീണ്ടും 105 ലേക്കു കയറി. ബ്രെൻ്റ് ഇനം ക്രൂഡ് 110.2 ഡോളറിലേക്കു തിരിച്ചെത്തി. യുഎസ് ക്രൂഡ് സ്റ്റോക്ക് അപ്രതീക്ഷിതമായി കുറഞ്ഞതാണു കാരണം. നാളെ ഒപെക് പ്ലസ് യോഗം ഉണ്ട്. ഉൽപാദനം സംബന്ധിച്ച നിലപാട് യോഗശേഷം അറിയാം. മേയിൽ ഉൽപാദന വർധന മുൻപേ നിശ്ചയിച്ചതോതിൽ മതി എന്നു തീരുമാനിക്കാനാണു സാധ്യത. കൂടുതൽ വർധിപ്പിക്കുമെന്നു പറഞ്ഞാൽ വില കുറയും. വില കുറയ്ക്കണമെന്ന് പെട്രോളിയം കയറ്റുമതി രാജ്യങ്ങൾ ആഗ്രഹിക്കുന്നുമില്ല.
വ്യാവസായിക ലോഹങ്ങൾ ചൈനയിലെ ലോക്ക്ഡൗണിനെ തുടർന്നു താഴ്ചയിലാണ്. ചെമ്പ് മാത്രമാണ് അപവാദം. ചെമ്പിൻ്റെ ലഭ്യത കുറയുന്നതാണു വില ടണ്ണിനു 10,350 ഡോളറിലേക്കു കയറാൻ കാരണം. ചൈനയിലെ വ്യാവസായിക മേഖല ലോക്ക് ഡൗണിലായപ്പോൾ അവിടെ ഡിമാൻഡ് ഗണ്യമായി കുറയും എന്നതാണ് സ്റ്റീലിനും അലൂമിനിയത്തിനുമൊക്കെ വില താഴാൻ കാരണം.

സ്വർണം ചാഞ്ചാടുന്നു

അടുത്ത ഫെഡ് യോഗം പലിശ വർധന ഇരട്ടിപ്പിക്കുമെന്നും അതു മാന്ദ്യത്തിലേക്കു നയിക്കുമെന്നും ഉള്ള വിലയിരുത്തലുകൾ സ്വർണത്തെ താഴാേട്ടു വലിച്ചു. പിന്നീടു വില കയറി. ഇന്നലെ 1926 ഡോളറിൽ നിന്ന് 1890 വരെ സ്വർണ വില താഴ്ന്നു. പിന്നീടു 1921 ഡോളറിലേക്കു കയറി. ഇന്നു രാവിലെ 1923-1924 ഡോളറിലാണ് സ്വർണം. വിലയിലെ ചാഞ്ചാട്ടം തുടരുമെന്നാണു സൂചന.

വളർച്ചപ്രതീക്ഷ താഴ്ത്തി

അടുത്ത ധനകാര്യ വർഷം ഇന്ത്യയുടെ ജിഡിപി വളർച്ച സംബന്ധിച്ച പ്രതീക്ഷ താഴ്ത്തി റേറ്റിംഗ് ഏജൻസി ഇക്ര. നേരത്തേ എട്ടു ശതമാനം കണക്കാക്കിയിരുന്നത് 7.2 ശതമാനമായാണു താഴ്ത്തിയത്. റഷ്യയുടെ യുക്രെയ്ൻ ആക്രമണവും ക്രൂഡ് ഓയിലിൻ്റെയും ഉൽപന്നങ്ങളുടെയും വിലക്കയറ്റവുമാണു കാരണം. നാളെ അവസാനിക്കുന്ന 2021- 22 ധനകാര്യ വർഷത്തെ വളർച്ച 8.5 ശതമാനം മാത്രമായിരിക്കുമെന്നും ഏജൻസി കരുതുന്നു. 8.9 ശതമാനമാണ് ഗവണ്മെൻ്റ് പ്രതീക്ഷ. മൂഡീസ് 9.5 ശതമാനത്തിൽ നിന്ന് 9.1 ലേക്കും മോർഗൻ സ്റ്റാൻലി 8.4 ൽ നിന്ന് 7.960ക്കും ഫിച്ച് 10.3 ൽ നിന്ന് 8.5 ശതമാനത്തിലേക്കും വളർച്ച പ്രതീക്ഷ താഴ്ത്തിയിരുന്നു.

ഹീറോയുടെ തട്ടിപ്പ്

ഹീറോ മോട്ടോകോർപിൻ്റെ ആസ്ഥാനത്തും സിഇഒ പവൻ മുൻജലിൻ്റെയും മറ്റും വസതികളിലും നടത്തിയ ആദായ നികുതി റെയിഡ് 1000 കോടിയിലേറെ രൂപയുടെ തട്ടിപ്പു കണ്ടെത്തിയെന്നു റിപ്പോർട്ട്. ഹീറോ ഓഹരികൾ ഇന്നലെ ഏഴു ശതമാനം ഇടിഞ്ഞു. ടൂ വീലർ വിൽപന കുറഞ്ഞു വരുന്ന സമയത്താണു കമ്പനിയുടെ പ്രതിച്ഛായ തകർക്കുന്ന സംഭവം. ഓഹരി വില ഇനിയും താഴുമെന്നാണു നിഗമനം. കമ്പനി നിഷേധക്കുറിപ്പ് ഇറക്കി. തട്ടിപ്പ് കണ്ടെത്തിയെന്നു വകുപ്പധികൃതർ അറിയിച്ചിട്ടില്ലെന്നാണു നിഷേധക്കുറിപ്പിൻ്റെ സാരാംശം.
കമ്പനി ടൂ വീലറുകളുടെ വില ഏപ്രിൽ ഒന്നിനു വർധിപ്പിക്കുമെന്നു സൂചനയുണ്ട്. 2000 രൂപ വരെയാകും വർധന.

രുചി സോയയും അഡാനിയും

പതഞ്ജലി ഗ്രൂപ്പിലെ രുചി സോയയുടെ ഓഹരിക്ക് അപേക്ഷിച്ചവർക്ക് അതു പിൻവലിക്കാൻ നൽകിയ അവസരം കമ്പനി ജീവനക്കാർ അടക്കം ധാരാളം പേർ ഉപയോഗിക്കുന്നതായി റിപ്പോർട്ട്. രുചി സോയയുടെ ഓഹരി വില ഇന്നലെ 15 ശതമാനം ഉയർന്നു.
രുചി സാേയയുടെ ബിസിനസ് എതിരാളി അഡാനി വിൽമറിൻ്റെ ഓഹരി വിലയും ഇന്നലെ കുതിച്ചു. 8.44 ശതമാനം വർധിച്ച് 499.9 രൂപയായി വില. ഇഷ്യു വിലയുടെ ഇരട്ടിയിലധികമാണിത്. കമ്പനിയുടെ വിപണി മൂല്യം 10,000 കോടി ഡോളർ കടന്നു. അഡാനി ഗ്രൂപ്പിൻ്റെ മൊത്തം വിപണി മൂല്യം 17,500 കോടി ഡോളർ എത്തി.


This section is powered by Muthoot Finance

Tags:    

Similar News