അനിശ്ചിതത്വം മാറിയില്ല; എല്ലാ കണ്ണുകളും ഫെഡ് നടപടിയിൽ; സ്വർണം താഴ്ചയിൽ
ഓഹരി വിപണി കൂടുതൽ താഴ്ചയിലേക്ക് നീങ്ങുമോ? ഫെഡ് നീക്കം എന്താകും? അക്ഷയ തൃതീയയിൽ സ്വർണ വില താഴുമോ?
വിപണികളിലെ അനിശ്ചിതത്വം വർധിക്കുകയാണ്. നാളെ യുഎസ് കേന്ദ്ര ബാങ്കായ ഫെഡിൻ്റെ ഫെഡ് ഓപ്പൺ മാർക്കറ്റ് കമ്മിറ്റി (എഫ്ഒഎംസി) യും ഫെഡ് ചെയർമാൻ ജെറോം പവലും എന്തു പറയും എന്നതിലാണു വിപണിയുടെ കണ്ണും കാതും. അവ വിശകലനം ചെയ്തു ശരിയായ നിഗമനങ്ങളിലെത്താൻ ഒന്നു രണ്ടു ദിവസം വേണ്ടിവരും. അതു വരെ വിപണി ചാഞ്ചാട്ടം തുടരും.
പലിശ നിരക്ക് വരും മാസങ്ങളിൽ എങ്ങനെയാണു കൂട്ടുക, ഫെഡ് പ്രതിമാസം എത്രമാത്രം കടപ്പത്രങ്ങൾ തിരിച്ചു വിൽക്കും, പണലഭ്യത കുറയുന്നതിനു പകരം എന്തു നടപടി ഉണ്ടാകും എന്നീ ചോദ്യങ്ങളാണു വിപണിക്കുള്ളത്. ഇതിനു കിട്ടുന്ന മറുപടിയോടുള്ള പ്രതികരണമാകും തുടർന്നുള്ള വിപണിഗതി.
തിങ്കളാഴ്ച താഴ്ചയിൽ തുടങ്ങി, കൂടുതൽ താണ ഇന്ത്യൻ വിപണി ഒടുവിൽ നഷ്ടം ഗണ്യമായി കുറച്ചാണു വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഭൂരിപക്ഷവും നഷ്ടത്തിൽ അവസാനിച്ചു. യുഎസ് വിപണി താഴ്ന്നു തുടങ്ങി കൂടുതൽ താണ ശേഷം ശക്തമായി തിരിച്ചു കയറി. ഡൗ ജോൺസ് 0.26 ശതമാനവും നാസ്ഡാക് 1.63 ശതമാനവും ഉയർന്നു ക്ലോസ് ചെയ്തു.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് ചെറിയ നേട്ടത്തിലാണ്. ജപ്പാനിലടക്കം പല ഏഷ്യൻ രാജ്യങ്ങളിലും വിപണികൾ താഴ്ന്നാണു വ്യാപാരം തുടങ്ങിയത്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി 17,028 ലാണു ക്ലോസ് ചെയ്തത്.
ഇന്ന് ഇന്ത്യൻ വിപണി അവധിയാണ്. നാളെ ഇന്ത്യൻ വിപണി ക്ലോസ് ചെയ്ത ശേഷമേ ഫെഡ് തീരുമാനം പ്രഖ്യാപിക്കൂ.
എൽഐസിയുടെ മെഗാ ഐപിഒ നാളെ തുടങ്ങും. അനേക ലക്ഷം പുതിയ നിക്ഷേപകരെ വിപണിയിലേക്കു വരുത്തുന്നു എന്നതാണ് ഈ ഐപിഒയുടെ പ്രത്യേകത. ഓഹരിവില മിതമായാണു നിർണയിച്ചതെന്നും ദീർഘകാല നിക്ഷേപമായി ഇതിനെ കണക്കാക്കാമെന്നുമാണു നിക്ഷേപ വിദഗ്ധർ പറയുന്നത്. അധികം ഹ്രസ്വകാല നേട്ടം പ്രതീക്ഷിക്കേണ്ട എന്ന സൂചന അതിലുണ്ട്.
തിങ്കളാഴ്ച സെൻസെക്സ് 84.88 പോയിൻ്റ് (0.15 %) നഷ്ടത്തിൽ 56,975.99-ലും നിഫ്റ്റി 33.45 പോയിൻ്റ് (0.2%) കുറഞ്ഞ് 17,0691-ലും ക്ലാേസ് ചെയതു. ഐടി, ഓട്ടോ, കാപ്പിറ്റൽ ഗുഡ്സ്, കൺസ്യൂമർ ഡ്യുറബിൾസ്, മെറ്റൽ, ഹെൽത്ത് കെയർ മേഖലകളെല്ലാം താഴ്ചയിലായി. മിഡ് ക്യാപ് സൂചിക 0.47 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.87 ശതമാനവും താഴ്ന്നു.
വിദേശ നിക്ഷേപകർ 1853.46 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 1951.1 കോടിയുടെ ഓഹരികൾ വാങ്ങി.
വിപണി ബെയറിഷ് പ്രവണത തുടരുകയാണെന്ന് സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. ആഗോള ചലനങ്ങളാണു വിപണിയെ ഇപ്പോൾ നയിക്കുന്നത്.
ക്രൂഡ് ഓയിൽ ഉയർന്നു തുടരുന്നു. ബ്രെൻ്റ് ഇനം 108.2 ഡോളറിലേക്കു കയറി. ഇന്നു തുടങ്ങുന്ന ഒപെക്, ഒപെക് പ്ലസ് യോഗങ്ങൾ ഉൽപാദനത്തോത് നിലവിലത്തേതുപോലെ തുടരാനാണു തീരുമാനിക്കുക.
വ്യാവസായിക ലോഹങ്ങൾ ചെറിയ മേഖലയിൽ കയറിയിറങ്ങി.
സ്വർണം വീണ്ടും ദുർബലമായി. ഫെഡ് തീരുമാനത്തിനു മുമ്പ് ഹെഡ്ജ് ഫണ്ടുകൾ ബുളളിഷ് ഓപ്ഷനുകളിൽ നിന്നു പിന്മാറുകയാണ്. ഇതു സ്വർണത്തെ 1853 ഡോളർ വരെ താഴ്ത്തി. ഇന്നു രാവിലെ 1864-1866 ഡോളറിലാണു സ്വർണം. ഇന്നലെ കേരളത്തിൽ പവന് 160 രൂപ കുറഞ്ഞ് 37,760 രൂപയായി. ചില വ്യാപാരശാലകളിൽ 37,680 രൂപയായിരുന്നു വില. ഇന്നു വീണ്ടും വില കുറയാം. ഇന്ന് അക്ഷയ തൃതീയ വ്യാപാരത്തിൻ്റെ ദിവസമാണ്.
ഗതിമാറ്റമാേ വലിയ തിരുത്തലിനു തുടക്കമാേ?
വിപണികൾ ഗതി മാറ്റിയോ? അതോ കൂടുതൽ ആഴങ്ങളിലേക്കു പോകുകയാണോ? ഇരുവശത്തേക്കും സാധ്യതകൾ തുറന്നു കൊണ്ടാണു തിങ്കളാഴ്ച യുഎസ് വിപണികൾ ക്ലോസ് ചെയ്തത്.
തിങ്കളാഴ്ച യുഎസ് സ്വചികകൾ 52 ആഴ്ചയിലെ ഏറ്റവും താണ നിലയിലാേ അതിനു തൊട്ടടുത്തോ എത്തിയ ശേഷം നല്ല തിരിച്ചു കയറ്റം നടത്തി. ഏപ്രിലിലെ വലിയ തിരിച്ചടിക്കു ശേഷം പ്രതീക്ഷയുടെ കിരണത്തിനു കാത്തിരുന്ന വിപണിക്ക് അതിന്മേൽ ഒരു റാലി സ്വപ്നം കാണാൻ ആഗ്രഹമുണ്ട്. April is the cruellest month എന്നെഴുതിയ ടി.എസ്. എലിയട്ടിനെ ശരിവയ്ക്കുന്ന രീതിയിലാണ് ഓഹരി വിപണി പ്രവർത്തിച്ചത്. നാസ്ഡാക് കോംപസിറ്റ് സൂചിക 13.3 ശതമാനമാണു കഴിഞ്ഞ മാസം ഇടിഞ്ഞത്. ഈ വർഷത്തെ രണ്ടാമത്തെ തിരുത്തലിനു വഴി തുറന്ന് ഏപ്രിലിൽ എസ് ആൻഡ് പി 500 സൂചിക 10.8 ശതമാനം താഴ്ന്നു. ഡൗ ജോൺസ് സൂചിക 4.9 ശതമാനമാണ് കഴിഞ്ഞ മാസം താഴ്ന്നത്. തിങ്കളാഴ്ച വ്യാപാരത്തിനിടയിലെ താഴ്ചയിൽ നിന്ന് 600-ലധികം പോയിൻ്റ് കയറിയാണു ഡൗ ക്ലോസ് ചെയ്തത്.
ഇങ്ങനെ ഇടിഞ്ഞ ശേഷം ഒറ്റ ദിവസത്തെ കയറ്റം കണ്ടിട്ടു ഗതി മാറി എന്നു കണക്കാക്കുന്നത് അത്ര യുക്തിസഹമല്ല. ഏതു കച്ചിത്തുരുമ്പിലും ആശ്രയം കാണുന്ന സാഹചര്യത്തിലാണ് വിപണി പ്രവർത്തകർ എന്നാണ് ഇതു കാണിക്കുന്നത്.
ഇതേ സമയം വിപണി കൂടുതൽ തിരുത്തേണ്ടതുണ്ട് എന്ന വിശകലനവുമായി മോർഗൻ സ്റ്റാൻലിയിലെ വിദഗ്ധർ രംഗത്തു വന്നു. വിപണി 17 ശതമാനം കൂടി താഴാനുള്ള സാധ്യതയാണ് അവർ കാണുന്നത്. ഈ വർഷം ഇതു വരെ 14 ശതമാനം ഇടിഞ്ഞ എസ് ആൻഡ് പി 500 സൂചിക 17 ശതമാനം കൂടി തകർന്ന് 3460-ൽ എത്തുമെന്നാണ് അവർ പറയുന്നത്.
കമ്പനികളുടെ ലാഭവർധന മികച്ചതല്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. പണപ്പെരുപ്പത്തെ മറികടക്കാനുള്ള വരുമാന വർധന കമ്പനികൾക്ക് ഇല്ല. 1950കൾക്കു ശേഷമുള്ള ഏറ്റവും മോശം വരുമാനവർധനയാണു മുന്നിൽ കാണുന്നതെന്ന് അവർ പറയുന്നു. വരുമാനവർധന പിന്നിലാണെങ്കിൽ ഓഹരികളുടെ നേട്ടവും പണപ്പെരുപ്പത്തെ മറികടക്കില്ല. ഇതു നിക്ഷേപകർക്കു നഷ്ടമാകും. അതു കൊണ്ട് ഓഹരികൾ ഇനിയും താഴുമെന്ന് അവർ കണക്കാക്കുന്നു.
വീണ്ടും അബദ്ധം കാണിക്കുമോ?
ബുധനാഴ്ച യുഎസ് ഫെഡ് പലിശവർധന പ്രഖ്യാപിച്ച ശേഷമേ വിപണിക്കു ഗതി നിർണയിക്കാനാവൂ. പലിശവർധന വരും മാസങ്ങളിൽ കൂടുതൽ വേഗത്തിലാകുമോ അതോ കുറഞ്ഞ തോതിലാകുമാേ എന്നതിനെ ആശ്രയിച്ചിരിക്കുന്നു വിപണിയുടെ നീക്കം. നാളെ 50 ബേസിസ് പോയിൻ്റ് (0.5 ശതമാനം) വർധന വിപണി കണക്കാക്കിയിട്ടുണ്ട്. ജൂണിലും ജൂലൈയിലും ഇതേ തോതിലാണോ, ജൂണിലും ജൂലൈയിലും വർധന 75 ബേസിസ് പോയിൻ്റ് (0.75%) ആക്കുമോ എന്നൊക്കെയാണു വിപണി ചോദിക്കുന്നത്. പലിശവർധനയുടെ തോത് കൂടിയാൽ മാന്ദ്യസാധ്യത വർധിക്കും. നേരത്തേ വിലക്കയറ്റത്തെ അത്ര കാര്യമായി കണക്കാക്കാതിരുന്ന ഫെഡ് ഇനി അതിനെ അതിവേഗം ഇല്ലാതാക്കാൻ ശ്രമിച്ചുകൂടായ്കയില്ല. ആദ്യത്തെ അബദ്ധം വിലക്കയറ്റം പിടിവിടാൻ കാരണമായി. രണ്ടാമത്തെ അബദ്ധനീക്കം വളർച്ചയുടെ കൂമ്പ് നുള്ളുമെന്നു പലരും ഭയപ്പെടുന്നു.
This section is powered by Muthoot Finance