വിപണി തിരുത്തൽ മൂഡിൽ; വിദേശികൾ വിൽപനത്തോതു കൂട്ടി; പേടിഎം ദുശ്ശകുനമാകുമോ? ഇന്ത്യയെ തള്ളി വിദേശ ബ്രോക്കറേജുകൾ
ഓഹരി വിപണി അടുത്ത ആഴ്ചയും താഴുമോ? സ്വർണ്ണ വില അടുത്ത കാലത്ത് എങ്ങനെ ആയിരിക്കും? പേടി എം വില്ലനാകുമോ?;
ഗുരു നാനാക് ജയന്തി പ്രമാണിച്ച് ഇന്നു വിപണികൾ അവധിയായതുകൊണ്ട് താഴ്ചയുടെ മറ്റൊരു ദിവസം അടുത്തയാഴ്ചയിലേക്കു നീങ്ങുന്നു. വിപണി അങ്ങനെയൊരു 'മൂഡി'ൽ ആയിക്കഴിഞ്ഞു. പേടിഎം ഐപിഒ യുടെ ലിസ്റ്റിംഗ് തകർച്ച അതിന് ആക്കം കൂട്ടി. ആഗോള സൂചനകളും ആവേശകരമല്ല. ഡോളർ കരുത്തു നേടുകയും ഇന്ധനങ്ങളും ലോഹങ്ങളും താഴുകയും ചെയ്തു. വിദേശ നിക്ഷേപകർ ഇന്നലെ മാത്രം 3990 കോടി രൂപ ഓഹരികളിൽ നിന്നു പിൻവലിച്ചു.
ഇന്നലെ ഇന്ത്യൻ വിപണി പ്രതിരോധ നിലകൾ തകർത്താണു താഴോട്ടു വീണത്. ആശ്വാസകരമായ കാര്യം താഴ്ചയിൽ നിന്നു കുറേ ഉയർന്നു ക്ലോസ് ചെയ്തു എന്നതാണ്. രാവിലെ ഗണ്യമായി ഉയർന്ന ശേഷം 800 പോയിൻ്റ് താഴേക്കു സെൻസെക്സ് പതിച്ചിരുന്നു. പിന്നീടു തിരിച്ചു കയറി. ഒടുവിൽ 372.32 പോയിൻ്റ് (0.62%) നഷ്ടത്തിൽ 59,636.01 ൽ ക്ലോസ് ചെയ്തു. സമാന പാത പിന്തുടർന്ന നിഫ്റ്റി 133.85 പോയിൻ്റ് (0.75%) നഷ്ടത്തിൽ 17,764.8 ൽ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 1.76 ശതമാനവും സ്മോൾ ക്യാപ് സൂചിക 1.53 ശതമാനവും ഇടിഞ്ഞതു വിശാല വിപണിയിലെ നില വ്യക്തമാക്കുന്നു. മെറ്റൽ, ഓട്ടാേ, ക്യാപ്പിറ്റൽ ഗുഡ്സ്, ഹെൽത്ത്, ഐടി, റിയൽറ്റി, മീഡിയ തുടങ്ങി മിക്ക വ്യവസായ മേഖലകളും വലിയ ഇടിവിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വലിയ താഴ്ച നേരിട്ട ബാങ്ക് - ധനകാര്യ ഓഹരികൾ ഇന്നലെ ചെറിയ ഇടിവു മാത്രം കാണിച്ചു.
യൂറോപ്യൻ വിപണികൾ ഇന്നലെ താണു. യുഎസിൽ ഡൗ ജോൺസ് സൂചിക അൽപം താണപ്പോൾ നാസ്ഡാകും എസ് ആൻഡ് പിയും കുറേശെ ഉയർന്നു.
ഇന്നു രാവിലെ ഏഷ്യൻ വിപണികൾ ഉയരത്തിലാണ്. ചൈനയിൽ ടെക്നോളജി കമ്പനികളുടെ ലാഭ വളർച്ച കുറവായി.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ് ജി എക്സ് നിഫ്റ്റി ഇന്നലെ 17,740 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 17,735 ലാണു വ്യാപാരം.
ലോക വിപണിയിൽ ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വില അൽപം ഉയർന്ന് 81.24 ഡോളറിലെത്തി. പ്രകൃതി വാതകം അഞ്ചു ഡോളറിനു താഴെ തുടരുന്നു.
വ്യാവസായിക ലോഹങ്ങൾ ചെറിയ താഴ്ചയിലാണ്. ഇരുമ്പയിര്, ചെമ്പ്, അലൂമിനിയം തുടങ്ങിയവ അര ശതമാനം മുതൽ ഒരു ശതമാനം വരെ താണു.
സ്വർണം ഉയർച്ചയ്ക്കു വഴി കാണാതെ ചെറിയ മേഖലയിൽ തുടരുന്നു. ഇന്നലെ 1855-1869 ഡോളർ മേഖലയിൽ കയറിയിറങ്ങി. ഇന്നു രാവിലെ 1859-1861- ഡോളറിലാണു വ്യാപാരം.
സ്വർണവിലയെ താഴ്ത്തി നിർത്തുന്ന നയങ്ങളാണ് യുഎസ് ഫെഡ് കുറേ കാലത്തേക്കു തുടരുക എന്നു കാപ്പിറ്റൽ ഇക്കണോമിക്സ് ഒരു റിപ്പാർട്ടിൽ പറയുന്നു.
പേടിഎം ലിസ്റ്റിംഗ് ഐപിഒ തരംഗത്തിനു തിരിച്ചടിയോ?
മെഗാ ഐപിഒ നടത്തിയ പേടിഎം (വൺ 97 കമ്യൂണിക്കേഷൻസ്) ലിസ്റ്റിംഗിൽ 27 ശതമാനം ഇടിഞ്ഞു. നിക്ഷേപകർക്കു നഷ്ടം 38,000 കോടി രൂപ. അമിത വിലയാണ് ഐപിഒയിൽ ഈടാക്കിയതെന്നു വിലയിരുത്തിയ മക്കാറീ റിസർച്ച് വില ഇനിയും താഴുമെന്ന സൂചന നൽകി. കമ്പനിയുടെ ബിസിനസ് മാതൃക തൃപ്തികരമല്ലെന്ന നിലപാടാണ് മക്കാറീക്കുള്ളത്. 2150 രൂപയ്ക്കാക്കായിരുന്നു 18,300 കോടി രൂപയുടെ ഇഷ്യു.
ഐപിഒ തരംഗത്തിന് ഒരു തിരിച്ചടിയായി പേടിഎം മാറുമോ എന്ന സംശയം പലരും ഉന്നയിക്കുന്നു. അമിതവില ഈടാക്കി സൂപ്പർ ലാഭം കൊയ്ത് പ്രൈവറ്റ് ഇക്വിറ്റി - വെഞ്ചർ കാപ്പിറ്റൽ സ്ഥാപനങ്ങൾക്കു പിന്മാറാൻ അവസരം ഒരുക്കുന്നതായി പല ഐപിഒകളും മാറിയ സാഹചര്യത്തിലാണിത്. ലാഭകരമായ ബിസിനസ് മോഡൽ പലർക്കും ഇല്ല. പ്രചാരണ കോലാഹലത്തിലൂടെ നിക്ഷേപകരെ ആകർഷിച്ച് നഷ്ടത്തിലേക്കു തള്ളി വിടുന്നു എന്നാണു വിമർശനം.
ഇന്ത്യയെ തള്ളി വിദേശ ബ്രോക്കറേജുകൾ; വിൽപനപ്രളയം വരുമോ?
കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിൽ അര ഡസനിലേറെ വിദേശ ബ്രാേക്കറേജുകളും നിക്ഷേപ ബാങ്കുകളും ഇന്ത്യൻ വിപണി അത്ര മെച്ചമല്ലെന്ന റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു. ഇന്ത്യൻ ഓഹരികളുടെ വലിയ വിലയാണ് അവർ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. ഇത്ര ഉയർന്ന വിലയെ ന്യായികരിക്കാവുന്ന വരുമാനവർധന അവർ പ്രതീക്ഷിക്കുന്നില്ല. പോർട്ട് ഫോളിയോയിൽ 'ഓവർവെയ്റ്റ് ' നൽകിയിരുന്ന ഇന്ത്യയെ മിക്ക ബ്രോക്കറേജുകളും 'ന്യൂട്രലി' ലേക്കു മാറ്റി. അധികം ഇന്ത്യൻ ഓഹരികൾ പോർട്ട് ഫോളിയോയിൽ വേണ്ട എന്നു ചുരുക്കം. ക്രെഡിറ്റ് സ്വിസ്, യുബിഎസ്, മോർഗൻ സ്റ്റാൻലി, ബാങ്ക് ഓഫ് അമേരിക്ക, മക്കാറീ, ഗോൾഡ്മാൻ സാക്സ്, നൊമുറ തുടങ്ങിയവയൊക്കെയാണ് ഇന്ത്യ അത്ര നല്ല വിപണിയല്ലെന്ന വിലയിരുത്തൽ നടത്തിയത്.
അമേരിക്കൻ ഫെഡ് കടപ്പത്രം വാങ്ങൽ അടുത്ത മാസം മുതൽ കുറയ്ക്കുമെന്ന സൂചന ലഭിച്ചതുമുതൽ വിദേശ നിക്ഷേപ സ്ഥാപനങ്ങളും ഫണ്ടുകളും ഇവിടെ നിന്നു പണം പിൻവലിക്കാൻ ശ്രമിച്ചു വരികയാണ്. ക്യാഷ് മാർക്കറ്റിൽ ഇന്നലെ വിദേശികൾ 3930.62 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഈ മാസം നടത്തിയ ഏറ്റവും വലിയ പ്രതിദിന വിൽപനയാണിത്. ഈ മാസം ഇതു വരെ വിദേശികൾ 9999.51 കോടി രൂപ ക്യാഷ് വിപണിയിൽ നിന്നു പിൻവലിച്ചു. ഒക്ടോബറിലെ 25,572 കോടി രൂപയുടെ പിന്മാറ്റത്തിനു പിന്നാലെയാണിത്.
വിദേശികൾ പിന്മാറ്റത്തിനു വേഗം കൂട്ടിയാൽ വിപണിയുടെ താഴ്ച വേഗത്തിലാകും. പിൻവലിക്കുന്നതിനു തുല്യമായ തുക നിക്ഷേപിക്കാൻ സ്വദേശി ഫണ്ടുകൾക്കും റീട്ടെയിൽ നിക്ഷേപകർക്കും കൂടി സാധിക്കണമെന്നില്ല.
സ്റ്റാഗ്ഫ്ലേഷൻ എന്ന വില്ലൻ
വിദേശികളുടെ പിന്മാറ്റം പോലെ തന്നെ ആശങ്ക വളർത്തുന്ന കാര്യം ഉയർന്ന വിലക്കയറ്റവും ആഗോള വളർച്ചയിൽ വരാവുന്ന ഇടിവുമാണ്. വിലക്കയറ്റം കൂടുകയും ജിഡിപി വളർച്ച കുറയുകയും ചെയ്യുന്ന സ്റ്റാഗ്ഫ്ലേഷൻ (Stagflation) എന്ന അവസ്ഥയിലേക്കു കാര്യങ്ങൾ നീങ്ങുന്നു എന്ന ഭീതിയുണ്ട്. വളർച്ച മന്ദഗതിയിലും വിലക്കയറ്റം അതിവേഗവും എന്ന അവസ്ഥ. ഒരു ക്ലാസിക് സ്റ്റാഗ്ഫ്ലേഷനിലേക്ക് യൂറോപ്പ് അതിവേഗം നീങ്ങുകയാണ്. യൂറോപ്യൻ യൂണിയനിലെ വളർച്ച 2.1 ശതമാനം, വിലക്കയറ്റം 4.4 ശതമാനം. യൂറോ സ്വീകരിച്ച രാജ്യങ്ങൾ മാത്രമെടുത്താൽ 2.2 ശതമാനം വളർച്ചയും 4.1 ശതമാനം വിലക്കയറ്റവും.
ചൈന മുതൽ യുഎസ് വരെയുള്ള രാജ്യങ്ങളും സമാനമായ വെല്ലുവിളിയാണു നേരിടുന്നത്. തൊഴിലും വരുമാനവും കൂടുന്നതിനേക്കാൾ വളരെ വേഗം വിലകൾ ഉയരുന്നു. ഇങ്ങനെയായാൽ അമേരിക്കയിലും മറ്റും ഓഹരി വിലകൾ 50 ശതമാനം വരെ ഇടിയുമെന്ന് യുബിഎസ് സെക്യൂരിറ്റീസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകി. വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ മനോഭാവത്തെ സ്വാധീനിക്കാവുന്ന കാര്യങ്ങളാണിത്.
This section is powered by Muthoot Finance