ഓഹരി വിപണി വീണ്ടും കുതിപ്പിലാകുമോ? എസ്ജിഎക്സ് നിഫ്റ്റി ഉയരത്തിൽ; ക്രിപ്റ്റോ വിപണി ഉലയുന്നു
ഓഹരി വിപണി വിദഗ്ധരുടെ വാക്കുകൾ വിശ്വസിക്കാമോ? ക്രൂഡ് നീക്കം പാളി, ക്രിപ്റ്റോകൾക്കു നിരോധനം; ഇടപാടുകൾ നടത്താൻ ഡിജിറ്റൽ കറൻസി
തലേന്നത്തെ നേട്ടങ്ങളെല്ലാം നഷ്ടപ്പെടുത്തിയ ബുധനാഴ്ച. വിദേശ നിക്ഷേപകർ വിൽപന വർധിപ്പിക്കുന്നതു വിപണിയെ ആശങ്കയിലാക്കി. ഇന്നു പ്രതിമാസ സെറ്റിൽമെൻ്റ് നടത്തേണ്ടതിൻ്റെ ആകുലതകളും ഇന്നലെ വിപണിയെ താഴോട്ടു പോകാൻ പ്രേരിപ്പിച്ചു. ആഗാേള പ്രവണതകളും ഉയർച്ചയ്ക്ക് അനുകൂലമായിരുന്നില്ല. വ്യാപാരത്തിൻ്റെ ഭൂരിപക്ഷം സമയവും ഉയർന്നു നിന്ന സൂചികകൾ അവസാന മണിക്കൂറിലാണു താഴോട്ടു പതിച്ചത്.സെൻസെക്സിൽ 850 പോയിൻ്റ് ചാഞ്ചാട്ടമാണ് ഇന്നലെ കണ്ടത്.
ബെയറിഷ് മനോഭാവം
വിപണി വീണ്ടും ബെയറിഷ് ആയെന്ന് സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. നിഫ്റ്റി 17,600 മേഖലയിൽ നേരിടുന്ന തടസം മറികടക്കാൻ തക്ക കുതിപ്പിൽ ആയിട്ടല്ല. 17,340-17,520 മേഖലയിൽ നിഫ്റ്റി സമാഹരണം (കൺസോളിഡേഷൻ) നടത്തിയാലേ മുന്നോട്ടു കുതിക്കാനാവൂ എന്ന് അവർ കരുതുന്നു. ഇന്നും നാളെയും 17,216-നു മുകളിൽ നിഫ്റ്റി ക്ലാേസ് ചെയ്യുന്നുവെന്നും ഉറപ്പു വരുത്തണം. ഇപ്പോൾ നിഫ്റ്റി യുടെ സപ്പോർട്ട് 17,315- ലും 17,210-ലുമാണ്. തടസം 17,560-ലും 17,700-ലും.
ഇന്നലെ യൂറോപ്യൻ സൂചികകൾ മിശ്ര സൂചനകളാണ് നൽകിയത്. യുഎസ് സൂചികകൾ തുടക്കത്തിൽ നല്ല താഴ്ചയിലായിരുന്നെങ്കിലും വ്യാപാരാന്ത്യത്തിൽ തിരിച്ചു കയറി. ഡൗ ജോൺസ് നാമമാത്രമായി താണു ക്ലോസ് ചെയ്തു. നാസ്ഡാകും മറ്റും ഉയർന്നു നിന്നു. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് ഉയരത്തിലേക്കു സൂചന നൽകുന്നില്ല. ഏഷ്യൻ വിപണികൾ ഇന്നു ചെറിയ കയറ്റത്തിലാണ്.
താഴുന്നവയേക്കാൾ കൂടുതൽ ഉയരുന്നു
ഇന്നലെ സെൻസെക്സും നിഫ്റ്റിയും തുടക്കം മുതലേ ഉയരത്തിലായിരുന്നു. സെൻസെക്സ് 59,000 കടക്കും എന്ന ധാരണ വരെ ജനിപ്പിച്ചു. പിന്നീടു പാശ്ചാത്യ വിപണികൾ തുറന്ന ശേഷമാണു താഴോട്ടു പതിച്ചത്. സെൻസെക്സ് 323.34 പോയിൻ്റ് (0.55%) താണ് 58,340.99 ലും നിഫ്റ്റി 88.3 പോയിൻ്റ് (0.5%) താണ് 17,415.05ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.4 ശതമാനം താണപ്പോൾ സ്മോൾ ക്യാപ് സൂചിക 0.63% ഉയർന്നു. എൻഎസ്ഇയിൽ 1099 ഓഹരികൾ ഉയർന്നപ്പോൾ 761 എണ്ണം താഴാേട്ടു പോയി.
പേടിഎം ഓഹരി ഇന്നലെ 17.2 ശതമാനം ഉയർന്ന് 1752 രൂപയിൽ എത്തി. എങ്കിലും ഇഷ്യു വിലയായ 2150 കുറേക്കൂടി ഉയരത്തിലാണ്. അഡാനി പോർട്സ്, ഒഎൻജിസി, വോഡഫോൺ ഐഡിയ തുടങ്ങിയവ ഇന്നലെ നല്ല നേട്ടമുണ്ടാക്കി.
ഐടി കമ്പനികളും വാഹന കമ്പനികളുമാണ് ഇന്നലെ വലിയ താഴ്ചയിലായത്. ഹെൽത്ത് കെയർ, ഫാർമ, കൺസ്യൂമർ ഡുറബിൾസ്, എഫ്എംസിജി തുടങ്ങിയവയും താഴ്ചയിലായി. ബാങ്ക്, ധനകാര്യ, ഓയിൽ - ഗ്യാസ് കമ്പനികൾ നല്ല നേട്ടമുണ്ടാക്കി.
വിദേശികൾ അതിവേഗം വിൽക്കുന്നു
വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ ഇന്നലെ 5122.65 കോടി രൂപയുടെ വിൽപനക്കാരായി. ഈ മാസം മൂന്നു ദിവസമൊഴികെ എന്നും വിദേശികൾ വിൽപനക്കാരായിരുന്നു. ഈ മാസം ഇതു വരെ 23,037.98 കോടി രൂപയാണ് ക്യാഷ് വിപണിയിൽ നിന്ന് അവർ പിൻവലിച്ചത്. കെ്ടോബറിൽ 25,572 കോടി രൂപ പിൻവലിച്ചിരുന്നു. ഐപിഒകളിലും മറ്റും വിദേശികൾ വലിയ നിക്ഷേപകരാണ്. തന്മൂലം രാജ്യത്തു നിന്നു പണം വൻതോതിൽ തിരിച്ചു കൊണ്ടു പോകുന്നില്ല. എങ്കിലും സെക്കൻഡറി വിപണിയുടെ ആത്മവിശ്വാസം കളയുന്നതാണു വിദേശികളുടെ വിൽപന. സ്വദേശി ഫണ്ടുകൾ ഇന്നലെയും 3809.62 കോടിയുടെ ഓഹരികൾ വാങ്ങി.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 17,388 ലേക്കു താണു. ഇന്നു രാവിലെ 17,450 ലേക്കു കയറിയാണു വ്യാപാരം. ഇന്നത്തെ വ്യാപാരത്തുടക്കം നേട്ടത്തോടെയാകുമെന്ന പ്രതീക്ഷയാണു ഡെറിവേറ്റീവ് വ്യാപാരത്തിലുള്ളത്.
ക്രൂഡ് നീക്കം പാളി
ക്രൂഡ് ഓയിൽ റിസർവിൽ നിന്നു വിൽപന നടത്തുമെന്ന യുഎസ് പ്രസിഡൻ്റിൻ്റെ പ്രഖ്യാപനം വിപണിയിൽ കാര്യമായ ചലനമുണ്ടാക്കിയില്ല. വില ഉയർന്നു തന്നെ തുടരുന്നു. ബ്രെൻ്റ് ഇനം 82.25 ഡോളറിലും ഡബ്ള്യുടിഐ ഇനം 78.4 ഡോളറിലുമാണ് ഇന്നു രാവിലെ. പ്രകൃതിവാതക വില രണ്ടു ശതമാനം കയറി യൂണിറ്റിന് അഞ്ച് ഡോളറിനു മുകളിലെത്തി. ഇന്ധന വില കുറയ്ക്കാനുള്ള ശ്രമം തുടക്കത്തിലേ പരാജയപ്പെട്ടത് പ്രസിഡൻ്റ് ബൈഡനു രാഷ്ടീയ തിരിച്ചടിയാണ്. ഇറാനും യുഎൻ ആണവ ഏജൻസിയുമായി നടന്ന ചർച്ച പരാജയപ്പെട്ടു. ഇറാൻ്റെ വ്യാപാര വിലക്ക് ഉടനേ മാറ്റില്ലെന്നതാണ് ഇതിൻ്റെ ഫലം.
വ്യാവസായിക ലോഹങ്ങൾ ഇന്നലെയും ഉയർന്നു. ഡിമാൻഡ് വർധിക്കുന്നതാണു കാരണം. അലൂമിനിയം ഒരു ശതമാനം ഉയർന്നപ്പോൾ ചെമ്പിൻ്റെ ഉയർച്ച 0.4 ശതമാനമായിരുന്നു.
സ്വർണം ഉയർച്ചയ്ക്കു വഴികാണാതെ 1800 ഡോളറിനു താഴെ കറങ്ങുകയാണ്. ഇന്നലെ 1797 ൽ നിന്ന് 1777 ഡോളർ വരെ താണു. ഇന്നു രാവിലെ വില 1793 - 1794 മേഖലയിലാണ്.
ക്രിപ്റ്റോകൾക്കു നിരോധനം; ഇടപാടുകൾ നടത്താൻ ഡിജിറ്റൽ കറൻസി
ഡിജിറ്റൽ ഗൂഢ (ക്രിപ്റ്റോ) കറൻസികൾ നിരോധിക്കുകയും അംഗീകൃത ഡിജിറ്റൽ കറൻസി ഇറക്കുകയും ചെയ്യാൻ ഗവണ്മെൻ്റ് ഒരുങ്ങുന്നു. ഗൂഢ കറൻസി നിരോധിക്കുമെങ്കിലും ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ഇവയെ ധനകാര്യ ആസ്തിയായി അംഗീകരിക്കുമെന്നു സൂചനയുണ്ട്. കറൻസിക്കു പകരമായി വ്യാപാര - വാണിജ്യ കൈമാറ്റത്തിന് ഇവ ഉപയോഗിക്കാനാവില്ല. ഇവ വാങ്ങുകയും വിൽക്കുകയും ചെയ്യാം. അതിലെ നേട്ടം സ്വന്തമാക്കാം, നഷ്ടം സഹിക്കാം. റിസർവ് ബാങ്ക് പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസി ആർക്കും വ്യാപാര ഇടപാടുകൾക്ക് ഉപയോഗിക്കാം.
മൂല്യത്തിന് ആധാരമായി എന്തെങ്കിലും ആസ്തി ഉള്ളവയല്ല ഗൂഢ കറൻസികൾ. സത്യത്തിൽ കമ്പ്യൂട്ടർ പ്രാേഗ്രാമുകൾ മാത്രമാണ് അവ. കേന്ദ്ര ബാങ്കുകൾ അടിച്ചിറക്കുന്ന കറൻസികൾക്ക് ആ ബാങ്കുകളും അവയ്ക്കു പിന്നിലുള്ള സർക്കാരുകളും നൽകുന്ന ഉറപ്പും ആധികാരികതയും ഉണ്ട്. ഗൂഢ കറൻസി ആര് ഇറക്കുന്നു, പണത്തിന് ആര് അല്ലെങ്കിൽ എന്ത് ആണ് ഉറപ്പ് എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരമില്ല. ഡോ.രഘുറാം രാജൻ പറഞ്ഞതുപോലെ കൂടുതൽ വലിയ മണ്ടൻ വരുമെന്ന ധാരണയിൽ ഓരോരുത്തരും വാങ്ങിച്ചു വാങ്ങിച്ചു വില കൂട്ടുന്നു എന്നു മാത്രം. 17-ാം നൂറ്റാണ്ടിൽ നെതർലൻഡ്സിൽ ഒരു ടുലിപ് കിഴങ്ങിന് (ടുലിപ് പൂ ഉണ്ടാകുന്ന ചെടിയുടെ കിഴങ്ങ് അതിൻ്റെ വിത്താണ്) ഒരു ബംഗ്ലാവിൻ്റെ വില വന്നതു പോലെ. ഇപ്പോൾ പല ഗൂഢ കറൻസികളുടെയും വില അചിന്ത്യമായ നിലയിലേക്ക് ഉയർന്നിരുന്നു.
ഗവണ്മെൻ്റ് നീക്കം ഇന്നലെ ക്രിപ്റ്റോ എക്സ്ചേഞ്ചുകളിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. അതിസമ്പന്നരും നവതലമുറ ടെക്കികളും മറ്റുമാണു ഗൂഢകറൻസി നിക്ഷേപകരിൽ ഏറെയും. പല കറൻസികളുടെയും വില എട്ടു മുതൽ 15 വരെ ശതമാനം ഇടിഞ്ഞു.
This section is powered by Muthoot Finance