ലാഭവളർച്ച വിപണിക്കു കരുത്താകും; ബുള്ളുകൾ പ്രതീക്ഷയിൽ; ക്രൂഡ് ഓയിൽ വീണ്ടും 83 ഡോളറിനു മുകളിൽ; വിലക്കയറ്റം ആശ്വാസമാകുമോ? പണനയം നൽകുന്ന മുന്നറിയിപ്പ്

സൗരോർജത്തിൽ വീണ്ടും റിലയൻസിൻ്റെ നിക്ഷേപം; ടിസിഎസ് പ്രതീക്ഷയോളം വന്നില്ല; ഈയാഴ്ച അൻപതിലേറെ പ്രമുഖ കമ്പനികളുടെ രണ്ടാം പാദ റിസൽട്ട് വരും

Update:2021-10-11 08:01 IST

കഴിഞ്ഞയാഴ്ച ആവേശപൂർവം തിരിച്ചു കയറിയ വിപണി, വളർച്ചയും വിലക്കയറ്റവും സംബന്ധിച്ച ആശങ്കകളിലേക്കാണു നീങ്ങുന്നത്. എങ്കിലും കരുത്തോടെ പുതിയ ഉയരങ്ങളിലേക്കു നീങ്ങാൻ ബുളളിഷ് നിക്ഷേപകർ ശ്രമിക്കും. നിഫ്റ്റി 50 സൂചികയിലെ കമ്പനികളുടെ രണ്ടാം പാദ ലാഭം 24.8 ശതമാനം കൂടുമെന്ന റിപ്പോർട്ടുകൾ ബുള്ളുകൾക്കു ശക്തി പകരും.

റിസർവ് ബാങ്കിൻ്റെ പണനയം ഒറ്റ നോട്ടത്തിൽ വിപണിക്കു രസിച്ചെങ്കിലും ഉള്ളടക്കം അത്ര മെച്ചമായില്ല. പലിശ കൂട്ടൽ വൈകില്ലെന്നതും വിലക്കയറ്റം കുറയുമെന്ന പ്രതീക്ഷ ഉറപ്പുള്ളതല്ലാത്തതും നിരാശാജനകമായി. കേന്ദ്ര സർക്കാർ നിഷേധിക്കുന്നുണ്ടെങ്കിലും രാജ്യത്തു കൽക്കരിക്ഷാമം വൈദ്യുതി പ്രതിസന്ധി ഉണ്ടാക്കുന്നു എന്നതു യാഥാർഥ്യമാണ്. ഇതു വ്യവസായ ഉൽപാദനത്തെ എത്രമാത്രം ബാധിക്കും എന്നതു വിപണി നിരീക്ഷിക്കും.
ഇന്ധനവില വീണ്ടും ഉയരുകയാണ്. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വീണ്ടും 83 ഡോളറിനു മുകളിലായി. ലോക വിപണിയിൽ കൽക്കരിയും പ്രകൃതി വാതകവും ഉയർന്ന വിലയിലാണു തുടരുന്നത്.
സെമികണ്ടക്ടർ ചിപ്പുകളുടെ ദൗർലഭ്യം 2022 പകുതി വരെ തുടരുമെന്നാണു പുതിയ റിപ്പോർട്ടുകൾ. വാഹനങ്ങൾ, മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക് സാമഗ്രികൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവയുടെ ഉൽപാദനം തടസപ്പെടും. ലോഹങ്ങളുടെ വില വീണ്ടും ഉയർച്ചയിലായി. കെമിക്കലുകൾക്കും വില വർധിക്കുന്നു.
അമേരിക്കൻ സാമ്പത്തിക വളർച്ച ഇക്കൊല്ലം 5.6 ഉം അടുത്ത വർഷം നാലും ശതമാനമായിരിക്കും എന്നു ഗോൾഡ്മാൻ സാക്സ് ഇന്നലെ വിലയിരുത്തി. വളർച്ച പ്രതീക്ഷ 6.3 ശതമാനത്തിൽ നിന്ന് ഒന്നര മാസത്തിനിടെ മൂന്നു തവണ കുറച്ചാണ് 5.6 ലെത്തിയത്. റിപ്പോർട്ട് പുറത്തുവന്നതോടെ യുഎസ് സൂചികകളുടെ ഫ്യൂച്ചേഴ്സ് താഴ്ചയിലായി.
കഴിഞ്ഞയാഴ്ച സെൻസെക്സും നിഫ്റ്റിയും രണ്ടു ശതമാനത്തിലേറെ ഉയർന്നു.സെൻസെക്സ് 60,059.06 ലും നിഫ്റ്റി 17,895.2 ലും ക്ലോസ് ചെയ്തു. പണ നയത്തെ തുടർന്നു വെള്ളിയാഴ്ച രാവിലെ വലിയ നേട്ടം കാണിച്ച ബാങ്ക് നിഫ്റ്റി പിന്നീടു നേട്ടങ്ങൾ നഷ്ടപ്പെടുത്തി. ഇതോടെ മുഖ്യ സൂചികകളും കാര്യമായ നേട്ടമില്ലാതെ ക്ലോസ് ചെയ്യേണ്ടി വന്നു.
ഈയാഴ്ച വരുന്ന രണ്ടാം പാദ ഫലങ്ങളാണു വിപണിഗതിയെ നിർണയിക്കുക എന്നു ബ്രോക്കറേജുകൾ പറയുന്നു. അമേരിക്കൻ ഫ്യൂച്ചേഴ്സ് രാവിലെ താഴ്ചയിലായി. ഏഷ്യൻ വിപണികൾ ഇന്നു രാവിലെ ഉയർച്ചയിലാണു തുടങ്ങിയത്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജി എക്സ് നിഫ്റ്റി വെള്ളിയാഴ്ച 17,945-ൽ ക്ലോസ് ചെയ്തത്. പിന്നീട് 17,867 ആയി താണു. ഇന്ന് രാവിലെ 17,920 ലേക്ക് ഉയർന്നിട്ടു വീണ്ടും താണു.
വെള്ളിയാഴ്ച വിദേശ ഫണ്ടുകൾ ക്യാഷ് വിപണിയിൽ 64 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 168 കോടിയുടെ ഓഹരികൾ വിറ്റഴിച്ചു. എന്നാൽ വിദേശികൾ ഓപ്ഷൻസിൽ 11,000 കോടിയിലേറെ രൂപയുടെ വാങ്ങലുകാരായി.
നിഫ്റ്റി മുന്നോട്ടുള്ള ഗതിയിൽ 17,945 ലും 17,995ലും തടസങ്ങൾ നേരിടുമെന്ന് സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. അവ മറികടന്നാൽ 18,100-18,300 തലത്തിലേക്ക് ഉയരാം. 17, 845 ലും 17,790 ലും നിഫ്റ്റിക്കു സപ്പോർട്ട് ഉണ്ട്. അവ തകർന്നാൽ 17,500 വരെ താണേക്കാം.

83 കടന്ന് ക്രൂഡ്

ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വില ഇന്നു രാവിലെ 83. 32 ഡോളറിലെത്തി. ഉപയോഗം വർധിക്കുന്നതും ശീതകാലം അടുത്തു വരുന്നതുമാണു കാരണം. വില ഇനിയും ഉയരുമെന്നാണു സൂചന. ഡിസംബറോടെ 90-100 ഡോളറിൽ ക്രൂഡ് എത്തുമെന്നു പലരും പ്രവചിച്ചിട്ടുണ്ട്.
സ്വർണ വില ഇന്നു രാവിലെ ഔൺസിന് 1751 ഡോളർ വരെ താണിട്ട് 1758 ഡോളറിലേക്കു കയറി.

പണനയം: വിശദാംശങ്ങൾ ആവേശം പകർന്നില്ല

റിസർവ് ബാങ്കിൻ്റെ പണനയം പ്രഖ്യാപിച്ചപ്പോൾ വിപണി ആവേശത്തിലായിരുന്നു. എന്നാൽ പിന്നീടു റിസർവ് ബാങ്ക് കാര്യങ്ങൾ വിശദീകരിക്കുകയും പണനയരേഖ പഠിക്കുകയും ചെയ്തതോടെ ആ ആവേശം ഇല്ലാതായി. വിപണി പ്രതീക്ഷിച്ചത്ര കാര്യങ്ങളേ സംഭവിച്ചുള്ളു. നിരക്കുകൾ കൂട്ടിയില്ല. ബാങ്കുകളുടെ പണലഭ്യത കൂട്ടാൻ നടത്തിവന്ന ജിസാപ് (കടപ്പത്രങ്ങൾ തിരിച്ചു വാങ്ങൽ) നിർത്തലാക്കി. വളർച്ച നിഗമനം മാറ്റമില്ലാതെ തുടർന്നു. വിലക്കയറ്റ പ്രതീക്ഷ അൽപം താഴ്ത്തി.
നിരക്കുവർധന അധികം വൈകില്ലെന്ന സൂചന പണനയത്തിൽ ഉണ്ട്. ജനുവരിയോടെ നിരക്കു വർധന തുടങ്ങുമെന്ന നിഗമനത്തിലാണ് വിപണി. ഡിസംബർ ആദ്യം ചേരുന്ന പണനയ കമ്മിറ്റി നിരക്കുവർധന ഡിസംബറിൽ തന്നെ തുടങ്ങാൻ തീരുമാനിക്കുമോ എന്ന ആശങ്കയേ വിപണിക്കുള്ളൂ.

ധനകമ്മി കുറയും

ജിസാപ് നിർത്തലാക്കൽ രണ്ടു കാര്യങ്ങൾ സൂചിപ്പിക്കുന്നു. ഒന്ന്: ബാങ്കുകൾക്ക് ആവശ്യമായത്ര പണലഭ്യത ഉണ്ട്. വായ്പാവിതരണം വർധിച്ചാലും പണലഭ്യതയിൽ ഞെരുക്കം വരില്ല. രണ്ട്: ഗവണ്മെൻ്റിൻ്റെ കടമെടുപ്പ് ആദ്യം പ്രതീക്ഷിച്ചത്ര വേണ്ടി വരില്ല. അതിനാൽ ബാങ്കുകളുടെ പക്കലുള്ള പഴയ കടപ്പത്രങ്ങൾ തിരിച്ചുവാങ്ങിക്കേണ്ട കാര്യമില്ല ബാങ്കുകൾ പുതിയ കടപ്പത്രങ്ങൾ വാങ്ങാനായിട്ടാണു റിസർവ് ബാങ്ക് പഴയവ തിരിച്ചു വാങ്ങിയത്.
ബജറ്റിൽ പ്രതീക്ഷിച്ച ധനകമ്മി ജിഡിപിയുടെ 6.8 ശതമാനമാണ്. ഇപ്പോൾ അത് 5.8 ശതമാനമായി കുറയുമെന്നാണു കണക്കാക്കുന്നത്. നികുതി വരുമാനത്തിലെ അപ്രതീക്ഷിത വർധനയും രണ്ടാം പകുതിയിലെ ജിഡിപി വളർച്ചയിൽ ഉണ്ടാകുന്ന ചെറിയ കുതിപ്പുമാണ് ധനകമ്മി കുറയ്ക്കുന്ന ഘടകങ്ങൾ.
ചില്ലറ വിലക്കയറ്റം മുൻനിഗമനത്തെ അപേക്ഷിച്ചു ഗണ്യമായി കുറയുമെന്നാണു റിസർവ് ബാങ്ക് പറയുന്നത്. 5.7 ശതമാനത്തിൽ നിന്ന് 5.3 ശതമാനത്തിലേക്കാണു പ്രതീക്ഷ താഴ്ത്തിയത്. ഇന്ധനങ്ങൾ, ലോഹങ്ങൾ, രാസവസ്തുക്കൾ, കാർഷികോൽപന്നങ്ങൾ തുടങ്ങിയവയുടെ വില വർധിച്ചു വരുന്നത് റിസർവ് ബാങ്കിൻ്റെ ഈ ശുഭാപ്തി വിശ്വാസത്തെ തകിടം മറിച്ചെന്നു വരാം. ഇന്ധനത്തിന്മേലുള്ള നികുതി കുറയ്ക്കണമെന്നു പണനയരേഖയിൽ ആവശ്യപ്പെട്ടതു ശ്രദ്ധേയമാണ്.

സൗരോർജത്തിൽ വീണ്ടും റിലയൻസിൻ്റെ നിക്ഷേപം

സൗരോർജ മേഖലയിൽ വലിയ രണ്ട് ഏറ്റെടുക്കലുകൾ മുകേഷ് അംബാനിയുടെ റിലയൻസ് കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിച്ചു.2030 ഓടെ 100 ഗിഗാവാട്ട് സൗരോർജ ശേഷി നേടാനുള്ള പദ്ധതിക്ക് ഈ വാങ്ങലുകൾ ആക്കം കൂട്ടും.
നോർവേ ആസ്ഥാനമായുള്ള ആർഇസി സോളർ ഹോൾഡിംഗ്സിനെ റിലയൻസ് വാങ്ങി. 77.1 കോടി ഡോളറിനാണ് (5780 കോടി രൂപ) റിലയൻസിൻ്റെ ഉപകമ്പനിയായ റിലയൻസ് ന്യൂ എനർജി സോളർ വഴി ആണു വാങ്ങൽ. ചൈന നാഷണൽ ബ്ളൂസ്റ്റാർ ഗ്രൂപ്പിൽ നിന്നാണു വാങ്ങിയത്.
ഷപ്പൂർജി പല്ലാേൺജി (എസ് പി) ഗ്രൂപ്പിലെ സ്റ്റെർലിംഗ് ആൻഡ് വിൽസൺ സോളർ ലിമിറ്റഡിൻ്റെ 40 ശതമാനം ഓഹരികൾ റിലയൻസ് ന്യൂ എനർജി വാങ്ങുമെന്നും പ്രഖ്യാപനമുണ്ടായി.
സൗരോർജ മേഖലയിൽ 600 പേറ്റൻ്റുകൾ ആർഇസിക്കുണ്ട്. ജാംനഗറിലെ ധീരുഭായ് അംബാനി ഗ്രീൻ എനർജി ഗിഗാ കോംപ്ലക്സിൽ തുടങ്ങുന്ന സിലിക്കോൺ ടു ഫോട്ടോ വോൾട്ടായിക് പാനൽ ഗിഗാ ഫാക്ടറിയിൽ ആർഇസി യുടെ സാങ്കേതിക വിദ്യ ഉപയോഗിക്കും. ഗാർഹിക - വാണിജ്യ-വ്യാവസായിക ഉപയോഗങ്ങൾക്കുള്ള റൂഫ് ടോപ് - ഗ്രൗണ്ട് മൗണ്ട് പാനലുകൾക്ക് ആർഇസി ടെക്നോളജി ഉപയോഗിക്കാനാകും.
ദീർഘകാലം ഊർജം സൂക്ഷിക്കാവുന്ന ബാറ്ററി സാങ്കേതിക വിദ്യ ഉള്ള അമേരിക്കൻ കമ്പനി അംബ്രിയിൽ റിലയൻസ് ഈയിടെ 14.4 കോടി ഡോളർ നിക്ഷേപിച്ചിരുന്നു. വലിയ സൗരോർജ പദ്ധതികളിൽ ലഭിക്കുന്ന ഊർജം വെളിച്ചം കുറഞ്ഞ സീസണിലേക്കു സൂക്ഷിക്കാൻ അംബ്രി സാങ്കേതിക വിദ്യ പ്രയോജനപ്പെടും.
സ്റ്റെർലിംഗ് ആൻഡ് വിൽസണിൽ 40 ശതമാനം ഓഹരി വാങ്ങാൻ 2850 കോടി രൂപയാണു റിലയൻസ് മുടക്കുക. സൗരോർജ പദ്ധതികളുടെ എൻജിനിയറിംഗ് മുതൽ നിർമാണം വരെയുള്ള കാര്യങ്ങൾ ഏറ്റെടുത്തു നടത്തുന്നതിൽ അഞ്ചു ദശകക്കാലത്തെ പരിചയം കമ്പനിക്കുണ്ട്. പശ്ചിമേഷ്യയിലും ആഫ്രിക്കയിലും അമേരിക്കയിലുമടക്കം 11 ഗിഗാവാട്ട് പദ്ധതികൾ ടേൺ കീ അടിസ്ഥാനത്തിൽ നിർമിച്ചിട്ടുണ്ട്. സൗരോർജ പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കാൻ ഈ നിക്ഷേപം അംബാനിയെ സഹായിക്കും. കഴിഞ്ഞയാഴ്ച റിലയൻസ് ഓഹരികൾക്കു വില ഗണ്യമായി വർധിച്ചിരുന്നു.

ടിസിഎസ് പ്രതീക്ഷയോളം വന്നില്ല

വെള്ളിയാഴ്ച ടിസിഎസ് പുറത്തുവിട്ട രണ്ടാം പാദ ഫലങ്ങൾ വിപണിയുടെ പ്രതീക്ഷയോളം എത്തിയില്ല. വാർഷികാടിസ്ഥാനത്തിൽ വരുമാനം 16.77 ശതമാനവും അറ്റാദായം 28.75 ശതമാനവും കൂടി. എന്നാൽ തലേ പാദത്തെ അപേക്ഷിച്ച് വരുമാനം 2.9 ശതമാനവും അറ്റാദായം 6.84 ശതമാനവും മാത്രമാണു കൂടിയത്. മാധ്യമ സർവേകളിൽ പ്രതീക്ഷിച്ചതിലും കുറവായി വരുമാനവും അറ്റാദായവും. 46,867 കോടി രൂപ വരുമാനത്തിൽ 9624 കോടി രൂപയാണ് അറ്റാദായം.
കമ്പനിയിൽ നിന്നു 11.9 ശതമാനം പേർ പോയി. തലേ പാദത്തിൽ 8.6 ശതമാനമായിരുന്നു കൊഴിച്ചിൽ. കമ്പനി 19,690 പേരെക്കൂടി എടുത്തതാേടെ മൊത്തം ജീവനക്കാർ 5,28,748 ആയി.
ബ്രോക്കറേജുകൾ ടിസിഎസ് ഓഹരിയെപ്പറ്റി ഭിന്നാഭിപ്രായങ്ങളാണു പ്രകടിപ്പിച്ചത്. മോട്ടിലാൽ ഓസ്വാളും എംകേയും ഓഹരിവില താഴുമെന്ന നിഗമനത്തിലാണ്. എന്നാൽ ഷെയർ ഖാനും ഐബിബിഐ കാപ്പിറ്റലും കെ ആർ ചോക്സീയും എച്ച്ഡിഎഫ്സി കാപ്പിറ്റലും പ്രഭുദാസ് ലിലാധറും വില കൂടുമെന്ന് അഭിപ്രായപ്പെട്ടു.

റിസൽട്ടുകൾ ഗതി സൂചിപ്പിക്കും

ഈയാഴ്ച അൻപതിലേറെ പ്രമുഖ കമ്പനികളുടെ രണ്ടാം പാദ റിസൽട്ട് വരും. കഴിഞ്ഞയാഴ്ച നാലര ശതമാനം ഉയർന്ന ഐടി സൂചികയ്ക്ക് ആ നേട്ടം നിലനിർത്താൻ പറ്റുമോ എന്നതാണു പ്രധാന ചോദ്യം. ഇൻഫോസിസ് ടെക്നോളജീസ്, വിപ്രോ, എച്ച്സിഎൽ, മൈൻഡ് ട്രീ, സിയൻ്റ് എന്നിവയുടെ റിസൽട്ടുകൾ ഈയാഴ്ചയാണ്. ടിസിഎസ് കഴിഞ്ഞ വെള്ളിയാഴ്ച റിസൽട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഇൻഫോസിസ് കൂടുതൽ മെച്ചപ്പെട്ട ഭാവി സാധ്യത അറിയിക്കും എന്നാണു വിപണിയുടെ പ്രതീക്ഷ.
എച്ച്ഡിഎഫ്സി ബാങ്ക്, അവന്യു സൂപ്പർമാർട്സ്, ഇന്ത്യാ ബുൾസ് റിയൽ എസ്‌റ്റേറ്റ് തുടങ്ങിയവയുടെ റിസൽട്ടുകളും ഈയാഴ്ച വരും.

വിലക്കയറ്റം എങ്ങനെ?

ഈയാഴ്ച സെപ്റ്റംബറിലെ വിലക്കയറ്റ കണക്കുകളും ഓഗസ്റ്റിലെ വ്യവസായ ഉത്പാദന കണക്കുകളും പ്രസിദ്ധീകരിക്കും. ഓഗസ്റ്റിലെ വ്യവസായ ഉൽപാദന സൂചിക (ഐഐപി) യും സെപ്റ്റംബറിലെ ചില്ലറവില സൂചിക (സിപിഐ) യും ചൊവ്വാഴ്ച വൈകുന്നേരമാണു പുറത്തു വിടുന്നത്. സെപ്റ്റംബറിലെ മൊത്തവില സൂചിക (ഡബ്ള്യുപിഐ) വ്യാഴാഴ്ച ഉച്ചയ്ക്കു പ്രസിദ്ധീകരിക്കും.
ചില്ലറവില സൂചിക 4.3 ശതമാനത്തിലേക്കു താഴുമെന്ന് പലരും കരുതുന്നുണ്ട്. ഓഗസ്റ്റിൽ 5.3 ശതമാനമായിരുന്നു; ജൂലൈയിൽ 5.59 ശതമാനവും. ഭക്ഷ്യവിലകൾ കുറഞ്ഞതും കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വിലക്കയറ്റം വളരെ ഉയർന്ന 7.34 ശതമാനം ആയിരുന്നതുമാണ് ഈ സെപ്റ്റംബറിലെ വിലക്കയറ്റം താഴ്ന്നു നിൽക്കാൻ കാരണം.
മൊത്തവിലക്കയറ്റം 11 ശതമാനത്തിനു മുകളിലായിരിക്കുമെന്നാണു പ്രതീക്ഷ. ഓഗസ്റ്റിൽ 11.39 ശതമാനമായിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വെറും 1.32 ശതമാനമായിരുന്നു മൊത്ത വിലക്കയറ്റം.
വ്യവസായ ഉൽപാദന വളർച്ച ഈ ഓഗസ്റ്റിൽ 11.3 ശതമാനമാകുമെന്നാണു കണക്കുകൂട്ടൽ. ജൂലൈയിൽ 11.5 ശതമാനമായിരുന്നു. കഴിഞ്ഞ വർഷം ഈ മാസങ്ങളിൽ ലോക്ക് ഡൗൺ മൂലം ഉൽപാദന വളർച്ച നാമമാത്രമായിരുന്നതാണ് ഇത്തവണ ഇരട്ടയക്ക വളർച്ചയ്ക്കു വഴിവയ്ക്കുന്നത്.


This section is powered by Muthoot Finance


Tags:    

Similar News