കുതിപ്പ് തുടരാൻ ബുള്ളുകൾ; ടെലികോം പാക്കേജിൽ ഉണർവ്; ക്രൂഡ് വില 100 ഡോളറിലെത്തിയാൽ? സീ ഗ്രൂപ്പിൽ ഇനിയെന്ത്?
തിരുത്തൽ വാദം തള്ളി ഓഹരി വിപണി മുന്നോട്ട്, ക്രൂഡ് വില ഡിസംബറോടെ 100 ഡോളർ? ടെലികോം, ഓട്ടോ മേഖലകൾക്ക് ഉത്തേജനം, സീ ഗ്രൂപ്പിൽ സംഭവിക്കുന്നതെന്ത്?
തിരുത്തൽ വാദമെല്ലാം മാറ്റിവച്ച് വിപണി പുത്തൻ ഉയരങ്ങളിൽ. ആവേശത്തിനു കരുത്തുപകരാൻ ടെലികോം, വാഹന വ്യവസായങ്ങൾക്കുള്ള പാക്കേജുകളും. സൂചികകൾ ബുളളിഷ് പാറ്റേൺ രൂപപ്പെടുത്തിയത് തുടർ കയറ്റത്തിന് സഹായകം. നിഫ്റ്റി 17,800 അടുത്ത ലക്ഷ്യമായി കാണുന്നു.
സെൻസെക്സ് 476.11 പോയിൻ്റ് (0.82 ശതമാനം) കയറി 58,723.2 ലും നിഫ്റ്റി 139.45 പോയിൻ്റ് (0.8 ശതമാനം) കയറി 17,519.45 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.02 ശതമാനം ഉയർന്നപ്പോൾ സ്മാേൾ ക്യാപ് സൂചിക 0.65 ശതമാനം നേട്ടമുണ്ടാക്കി. മീഡിയ - എൻ്റർടെയ്ൻമെൻ്റ് ഒഴികെ എല്ലാ ബിസിനസ് മേഖലകളും നേട്ടത്തിലായിരുന്നു. ഐടി സൂചിക 1.82 ശതമാനം ഉയർന്നപ്പോൾ വാഹനങ്ങളുടേത് 0.86 ശതമാനം കയറി.
തുടർകയറ്റം പ്രതീക്ഷിച്ച്
പുതിയ റിക്കാർഡ് കുറിച്ച സൂചികകൾ തുടർ കയറ്റത്തിന് സജ്ജമാണെന്നു ബ്രോക്കറേജുകൾ കണക്കാക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി നിഫ്റ്റിക്കു ബാലികേറാമലയായിരുന്ന 17,450 മറികടന്നതോടെ പുതിയ ലക്ഷ്യങ്ങൾ മുന്നിൽ കാണാമെന്നായി. 17,570-ലും 17,625 ലും ആണു നിഫ്റ്റിക്കു തടസങ്ങൾ. 17,425 ലും 17,340 ലും ശക്തമായ സപ്പോർട്ട് ഉണ്ടെന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങളോ സ്വദേശി ഫണ്ടുകളോ ഇന്നലത്തെ കുതിപ്പിൽ വലിയ പങ്കുവഹിച്ചില്ല. വിദേശികളുടെ വാങ്ങൽ 232.84 കോടിയുടേതും സ്വദേശി ഫണ്ടുകളുടേത് 167.67 കോടിയിലും ഒതുങ്ങി.
ഇന്നലെ യൂറോപ്യൻ ഓഹരികൾ പൊതുവേ താഴോട്ടായിരുന്നു. അമേരിക്കൻ വിപണി ഉത്സാഹപൂർവം ഉയർന്നു. മിക്ക വ്യവസായ മേഖലകളും നേട്ടം കൊയ്തു. പ്രമുഖ സൂചികകൾ 0.8 ശതമാനം ഉയർന്നു. പെട്ടെന്നു വളർച്ച പ്രതീക്ഷിക്കുന്ന (Growth) ഓഹരികൾക്കൊപ്പം അടിസ്ഥാനപരമായി മൂല്യമേറിയ (Value) ഓഹരികളും ഇന്നലെ കയറി.
ഏഷ്യൻ ഓഹരികൾ രാവിലെ ചെറിയ നേട്ടത്തിലാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ് ജി എക്സ് നിഫ്റ്റി 17,565ലെത്തി. പിന്നീട് 17,53660ക്കു താണു. വീണ്ടും കയറി. ഇന്ത്യയിൽ വിപണി ഉയർന്നു തുടങ്ങുമെന്ന പ്രതീക്ഷയിലാണു ഡെറിവേറ്റീവ് വ്യാപാരികൾ.
വോൾ സ്ട്രീറ്റിൽ ആവേശം
വിലക്കയറ്റ ഭീഷണി കുറയുന്നതും വളർച്ചയ്ക്ക് അനുകൂല ഘടകങ്ങൾ ശക്തിപ്പെടുന്നതും ആണു വോൾ സ്ട്രീറ്റിനെ ആവേശം കൊള്ളിച്ചത്. അടുത്തയാഴ്ച ചേരുന്ന ഫെഡ് ഓപ്പൺ മാർക്കറ്റ്സ് കമ്മിറ്റി (എഫ്ഒഎംസി) കടപ്പത്രം വാങ്ങൽ കുറയ്ക്കുന്നതു ചർച്ച ചെയ്യുമെന്നു കരുതപ്പെടുന്നു. ജനുവരിയോടെ കടപ്പത്രം വാങ്ങൽ കുറച്ചു തുടങ്ങുമെന്നാണു പ്രതീക്ഷ.
75 കടന്നു ക്രൂഡ്, ഡിസംബറോടെ 100 ഡോളർ?
ഡിമാൻഡ് വർധിക്കുന്നത് ക്രൂഡ് ഓയിൽ വില വീണ്ടും കയറ്റി. ബ്രെൻ്റ് ഇനം വീപ്പയക്ക് 75.3 ഡോളറിലെത്തി. ഇന്നലെ മാത്രം രണ്ടര ശതമാനം കയറ്റം. ഈ വർഷമവസാനത്തോടെ ക്രൂഡ് വില 100 ഡോളർ കടക്കുമെന്ന് ബാങ്ക് ഓഫ് അമേരിക്ക റിസർച്ച് റിപ്പോർട്ടിൽ പറയുന്നു. അടുത്ത വർഷം പകുതിയോടെ 100 ഡോളർ എത്തുമെന്നായിരുന്നു മുൻ പ്രവചനം. കോവിഡ് ഭീതി അകലുന്നതോടെ ഉപയോഗം കൂടുന്നതു തന്നെ മുഖ്യ കാരണം. ഉപയോഗ വർധനയ്ക്കനുസരിച്ചു ക്രൂഡ് ഉൽപാദനം വർധിക്കില്ല. വില 80 ഡോളറിനു മുകളിലാകുന്നത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ വിലക്കയറ്റം നിയന്ത്രണാതീതമാക്കും. വികസനലക്ഷ്യങ്ങൾ നേടാനും കഴിയില്ല.
വാവസായിക ലോഹങ്ങളുടെ വില വീണ്ടും ഉയരുകയാണ്. ചെമ്പ് ഒരു ശതമാനത്തോളം കയറിയപ്പോൾ അലൂമിനിയം 2.2 ശതമാനം വർധിച്ചു. ഇരുമ്പയിര് വില മൂന്നു ശതമാനത്തിലധികം താണതാണു വ്യത്യസ്തം. ചൈനയിൽ ഓഗസ്റ്റിലെ ഇടിവിനു ശേഷം വ്യവസായ ഉൽപാദന വളർച്ച വീണ്ടും കൂടിയതു വില ഉയരാൻ സഹായിക്കുന്നു.
സ്വർണം ഇന്നലെ ഔൺസിന് 1807 ഡോളർ വരെ കയറിയെങ്കിലും അവിടെ നിലയുറപ്പിക്കാനായില്ല. ഇന്നു രാവിലെ 1794-1796 ഡോളർ മേഖലയിലാണു വ്യാപാരം. ഡോളർ സൂചിക വീണ്ടും താണിട്ടുണ്ട്.
ടെലികോമിൽ ചോദിച്ചതിലധികം
ടെലികോം മേഖല ആവശ്യപ്പെട്ടതിലും കൂടുതൽ അനുവദിച്ച പാക്കേജാണ് ഇന്നലെ കേന്ദ്ര മന്ത്രിസഭ അനുവദിച്ചത്.
കുടിശികയ്ക്കു രണ്ടു വർഷം മോറട്ടോറിയം ആവശ്യപ്പെട്ടത് നാലുവർഷമാക്കി നൽകി. പ്രതിവർഷം 16,000 കോടി രൂപ വച്ച് 64,000 കോടി രൂപയുടെ ആശ്വാസം വോഡഫോൺ ഐഡിയയ്ക്ക് ഉണ്ടാകും. ഇതു കമ്പനിയുടെ ക്യാഷ് ഫ്ളോ വിഷയങ്ങൾക്കു പരിഹാരമാകും. എന്നാൽ വരിക്കാർ കൊഴിഞ്ഞു പോകുന്നതു തടയാനും 5 ജി സ്പെക്ട്രം വാങ്ങി ശേഷി കൂട്ടാനും വേണ്ട പണം വേറേ കണ്ടെത്തണം. അത് അനായാസമല്ലെങ്കിലും പഴയതിനേക്കാൾ എളുപ്പമാകും. വേണ്ടിവന്നാൽ വിദേശ കമ്പനികൾക്കു ഓഹരി വിൽക്കലും പുതിയ നയം മൂലം എളുപ്പമായി.
ഭാരതി എയർടെലിന് 26,000 കോടി രൂപയുടെ കുടിശിക അടയ്ക്കലിനു നാലു വർഷം കൂടി കിട്ടുന്നത് വലിയ നേട്ടമാണ്. മറ്റു കടങ്ങൾ കുറയ്ക്കാനും മൂലധന നിക്ഷേപം വർധിപ്പിക്കാനും നെറ്റ് വർക്ക് ശക്തമാക്കാനും കഴിയും.
ബ്യൂറോക്രാറ്റിക് ദുഷ്ടബുദ്ധി
എജിആർ (അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു) വിഷയത്തിലെ മാറ്റം വളരെ ശ്രദ്ധേയമാണ്. ടെലികോമിൽ നിന്നല്ലാത്ത വരുമാനമെല്ലാം എജിആറിൽ നിന്ന് ഒഴിവാക്കും. ഇതിനു മുൻകാല പ്രാബല്യം പറഞ്ഞിട്ടില്ല. സത്യത്തിൽ വോഡഫോൺ ഐഡിയയെ തകർത്തത് വികലമായ എജിആർ നിർവചനമാണ്. പരസ്യമടക്കമുള്ള മറ്റു വരുമാനങ്ങളെല്ലാം റവന്യുവിൽ പെടുത്തി. ദുഷ്ടബുദ്ധിയോടെയുള്ള ബ്യൂറോക്രാറ്റിക് നിർവചനം ഇത്രകാലവും തിരുത്താത്തതാണ് അദ്ഭുതകരം.
അന്യായ വ്യവസ്ഥകൾ മാറ്റി
കുടിശികയ്ക്കും മറ്റും പ്രതിമാസ കൂട്ടുപലിശ ചുമത്തിയിരുന്നത് വാർഷിക കൂട്ടുപലിശയാക്കി. സ്പെക്ട്രം ലൈസൻസ് കാലാവധി ഇനി 30 വർഷമാകും. സ്പെക്ട്രം വിൽക്കാനോ പങ്കുവയ്ക്കാനോ അനുവദിക്കും. ബാങ്ക് ഗാരൻ്റി വ്യവസ്ഥകൾ ഉദാരമാക്കി. ഇങ്ങനെയുള്ള ഭരണപരമായ മാറ്റങ്ങളും വളരെ മുമ്പേ കൊണ്ടുവരേണ്ടതായിരുന്നു. 2 ജി യുടെ പേരിലുണ്ടാക്കിയ കോലാഹലത്തെ തുടർന്നാണ് ഇതിലെ പല അന്യായ വ്യവസ്ഥകളും കൊണ്ടുവന്നത്. അനാവശ്യമായ കോലാഹലത്തിൻ്റെ ദുഷ്ഫലങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല.
ടെലികോമിൽ 100 ശതമാനം വിദേശനിക്ഷേപത്തിന് പ്രത്യേക അനുമതി വേണ്ടെന്ന തീരുമാനം കമ്പനികൾക്കു വിദേശ കമ്പനികളുമായി സഖ്യമുണ്ടാക്കൽ എളുപ്പമാക്കും. വിദേശ കമ്പനികളുടെ പങ്കാളിത്തത്തിനായി എയർടെൽ ശ്രമിക്കുന്നുണ്ട്. ചൈനീസ് കമ്പനികൾക്കുള്ള വിലക്ക് തുടരും.
വാഹനമേഖലയ്ക്കു പ്രാേത്സാഹനം
വാഹന വ്യവസായത്തിനു പ്രഖ്യാപിച്ച ഉൽപാദന ബന്ധിത പ്രോത്സാഹന (പിഎൽഐ) പദ്ധതി അഞ്ചു കൊല്ലം കൊണ്ട് 42,500 കോടി രൂപയുടെ മൂലധന നിക്ഷേപത്തിനു സഹായിക്കും. 2.3 ലക്ഷം കോടി രൂപയുടെ ഉൽപാദനമാണു ലക്ഷ്യം. ഇതിന് പ്രോത്സാഹനമായി 25,938 കോടി രൂപ നൽകും. 7.6 ലക്ഷം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണു പ്രതീക്ഷ.
സീ ഗ്രൂപ്പിൽ നടക്കുന്നത്
പ്രശ്നങ്ങളിൽ പെട്ട സീ ഗ്രൂപ്പ് ഒരു മാസത്തിനകം അസാധാരണ പൊതുയോഗങ്ങൾ വിളിച്ച് നിക്ഷേപക ഗ്രൂപ്പുകളുടെ പ്രമേയങ്ങൾ ചർച്ച ചെയ്യണം. സീ എൻ്റർടെയ്ൻമെൻ്റിലും ഡിഷ് ടിവിയിലും മാനേജ്മെൻ്റ് മാറ്റത്തിനാണ് വിദേശ ഫണ്ടുകളും വായ്പാദാതാക്കളും ചേർന്ന നിക്ഷേപക ഗ്രൂപ്പുകൾ ശ്രമിക്കുന്നത്. പ്രൊമോട്ടർ ഓഹരി ന്യൂനപക്ഷമായി മാറിയതിനാൽ നിക്ഷേപകരുടെ നീക്കം ജയിച്ചേക്കും. മറ്റു ബിസിനസുകൾക്കു പണമുണ്ടാക്കാൻ പ്രൊമോട്ടർ സുഭാഷ് ചന്ദ്ര തൻ്റെ ഓഹരികൾ പണയം വച്ചാണ് ഭൂരിപക്ഷവും കമ്പനികളുടെ നിയന്ത്രണവും നഷ്ടപ്പെടുത്തിയത്.