താണു തുടങ്ങി, വീണ്ടും താണു; വിപണി തിരുത്തലിൽ
ഓഹരി വിപണി തിരുത്തൽ മേഖലയിലേക്ക് നീങ്ങുന്നു
ആഗോള പ്രവണതകളുടെ വഴിയേ ഇന്ത്യൻ വിപണിയും തളർച്ചയിൽ. ഇന്നു തുടക്കം തന്നെ അര ശതമാനത്തോളം താഴ്ചയിലായിരുന്നു. ഒരു മണിക്കൂർ കഴിയുമ്പോൾ സെൻസെക്സ് 52,000-നു താഴെയാണ്. നിഫ്റ്റി 15,550 ലേക്കു താണു. വിപണി തിരുത്തൽ മേഖലയിലേക്കു നീങ്ങി.
ബാങ്ക്, ധനകാര്യ കമ്പനികൾ താഴോട്ടു നീങ്ങി. സ്വദേശി ഫാർമ കമ്പനികളും ഇടിവിലാണ്. കഴിഞ്ഞ ദിവസം 10 ശതമാനത്തിലേറെ താണ ഡോ.റെഡ്ഡീസും അലെംബിക് ഫാർമയും ഇന്ന് രണ്ടു ശതമാനത്തിലേറെ താണു.
അമേരിക്കയിൽ ടെക് കമ്പനികൾ താഴ്ന്നതിൻ്റെ പിന്നാലെ ഇന്ത്യൻ ഐടി കമ്പനികളും താഴോട്ടു നീങ്ങി.
മാരുതി അടക്കം വാഹന കമ്പനികൾക്കും ഇന്നു വില കുറഞ്ഞു. സ്റ്റീൽ, ലോഹ കമ്പനികൾക്കും ഇന്നു വലിയ ക്ഷീണമാണ്.
വലിയ നേട്ടത്തോടെ ലിസ്റ്റ് ചെയ്യപ്പെട്ട സൊമാറ്റാേ ഓഹരികൾ ഇന്നും താഴോട്ടു നീങ്ങി. ഒരവസരത്തിൽ അഞ്ചു ശതമാനം ഇടിഞ്ഞു 126 രൂപയിലെത്തി.
കുറച്ചു ദിവസമായി താഴുന്ന കിറ്റെക്സ് ഗാർമെൻ്റ്സ് ഇന്നും തുടങ്ങിയതു താണ നിലയിലാണ്. 169 രൂപയിലാണു രാവിലെ വ്യാപാരം.
വലിയ നഷ്ടം വരുത്തിയ ഇൻറർ ഗ്ലാേബ് ഏവിയേഷൻ്റെ ഓഹരികൾ താഴോട്ടു നീങ്ങി.
ലോക വിപണിയിൽ സ്വർണവില രാവിലെ ഉയർന്ന് 1806 ഡോളർ വരെ എത്തി. കേരളത്തിൽ പവന് 160 രൂപ കൂടി 36,840 രൂപയായി.
ഡോളർ ഇന്നു മൂന്നു പൈസ താണ് 74.42 രൂപയിലാണു വ്യാപാരം തുടങ്ങിയത്.
ബ്രസീലിൽ കാലാവസ്ഥപ്പിഴവു മൂലം ഉൽപാദനം ഗണ്യമായി കുറഞ്ഞത് ആഗോള വിപണിയിൽ അറബിക്ക കാപ്പിയുടെ വില ഉയർത്തി. ഇന്ത്യയിൽ കിലോഗ്രാമിന് 240 രൂപയിലേക്കു വില കയറി. ഇനിയും ഉയരുമെന്നാണു സൂചന.
എണ്ണക്കുരുക്കളുടെ കൃഷി കൂടുതലായി നടക്കുന്ന പ്രദേശങ്ങളിൽ മഴ യഥാസമയം ലഭിക്കാത്തത് ഉൽപാദനം കുറയാൻ കാരണമാകും. ഇതു സസ്യ എണ്ണകൾ, പിണ്ണാക്ക്, കാലിത്തീറ്റ, കോഴിത്തീറ്റ എന്നിവയുടെ വില ഉയർത്തും. കാലി - കോഴി വളർത്തൽ കമ്പനികളുടെ ലാഭ മാർജിൻ കുറയും.