ഫെഡ് തീരുമാനത്തെ ഉറ്റു നോക്കി വിപണി; എൽഐസിയെ അവഗണിച്ചു വിദേശ ഫണ്ടുകൾ; ലോഹങ്ങൾക്കു കനത്ത ഇടിവ്; വളർച്ചയെപ്പറ്റി ആശങ്ക
രാജ്യം കാത്തിരുന്ന മെഗാ ഐ പി ഒ ഇന്നു മുതൽ; ഫെഡ് എന്തു പറയും?; അദാനിയുടെ ഏറ്റെടുക്കലുകൾ
വിപണികൾ അനിശ്ചിതത്വത്തിലും ആശങ്കയിലുമാണ്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും പ്രമുഖ വിപണികൾ നേട്ടത്തിൽ ക്ലോസ് ചെയ്തെങ്കിലും നിർണായകമായ ഒരു നീക്കവും നടത്തിയില്ല. ഉറപ്പില്ലാത്തതോ ആന്തരിക കരുത്തില്ലാത്തതോ ആയ ഒരു ആശ്വാസറാലി മാത്രം.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് നേരിയ നേട്ടത്തിലാണ്. ഏഷ്യൻ വിപണികൾ ചെറിയ ഉയർച്ചയിലാണു വ്യാപാരം തുടങ്ങിയത്. ഇന്നു രാത്രി (ഇന്ത്യൻ സമയം) യുഎസ് ഫെഡ് പലിശവർധനയും മറ്റു നടപടികളും പ്രഖ്യാപിച്ച് അവ വിലയിരുത്തിയ ശേഷമേ വിപണി വ്യക്തമായ ദിശാബോധം വീണ്ടെടുക്കൂ. (ചിലപ്പോൾ കൂടുതൽ അനിശ്ചിതത്വങ്ങൾ കടന്നു വന്നാലും ആശ്ചര്യപ്പെടേണ്ടതില്ല.) അതുവരെ ചെറിയ കയറ്റിറക്കങ്ങൾ പ്രതീക്ഷിക്കാം.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി തിങ്കളാഴ്ച 17,028 -ൽ ക്ലോസ് ചെയ്തു. ചൊവ്വാഴ്ച 17,045 ൽ എത്തി. ഇന്നു രാവിലെ 17,083 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നു രാവിലെ ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.
തിങ്കളാഴ്ച അവസാന മണിക്കൂറിലെ കുതിപ്പിലാണ് ഇന്ത്യൻ ഓഹരി സൂചികകൾ കനത്ത നഷ്ടം ഒഴിവാക്കിയത്. സെൻസെക്സ് 56,975.99 ലും നിഫ്റ്റി 17,069.1 ലും ക്ലോസ് ചെയ്തു. മിക്കവാറും എല്ലാ വ്യവസായ മേഖലകളും താഴ്ചയിലായി.
വിപണി ബെയറിഷ് മനോഭാവത്തിൽ നിന്നു മാറിയിട്ടില്ലെന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. നിഫ്റ്റിക്കു 16,900 നു സമീപം മികച്ച പിന്തുണ കിട്ടുമെങ്കിലും വീണ്ടും 16,800 നു താഴാേട്ടുള്ള വീഴ്ച തള്ളിക്കളയാനാവില്ലെന്നാണ് അവരുടെ നിഗമനം.
നിഫ്റ്റിക്ക് ഇന്നു 16,960-ലും 16,855 ലും ശക്തമായ സപ്പോർട്ട് പ്രതീക്ഷിക്കാം. ഉയരുമ്പോൾ 17,135 ലും 17,200 ലും തടസങ്ങൾ ഉണ്ടാകും.
യൂറോപ്പ് തിങ്കളാഴ്ച സമ്മിശ്രമായിരുന്നെങ്കിൽ ചൊവ്വാഴ്ച നേട്ടത്തിലായിരുന്നു. യുഎസ് സൂചികകൾ രണ്ടു ദിവസവും ചെറിയ നേട്ടം കാണിച്ചു. തിങ്കളാഴ്ച ഒരു വർഷത്തെ ഏറ്റവും താണ നിലയിലേക്ക് എത്തിയ ശേഷമാണു സൂചികകൾ തിരിച്ചു കയറിയത്. രണ്ടു ദിവസവും ഡൗ ജോൺസ് വളരെ ചെറിയ കയറ്റമാണു കാണിച്ചത്.
നാസ്ഡാക് തിങ്കളാഴ്ച 1.63 ശതമാനം ഉയർന്നിട്ട് ഇന്നലെ 0.22 ശതമാനം കയറി. ഏഷ്യൻ ഓഹരികളും ചെറിയ നേട്ടങ്ങളാണു രേഖപ്പെടുത്തിയത്. ജപ്പാനിൽ വ്യാഴം വരെ വിപണി അവധിയാണ്.
ക്രൂഡ് ഓയിൽ വില ചൊവ്വാഴ്ച അൽപം താഴ്ന്നെങ്കിലും ഇന്ന് ഉയർച്ചയിലാണ്. ബ്രെൻ്റ് ഇനം ക്രൂഡ് 105 ഡോളറിൽ നിന്നു 106.2 ലേക്കു കയറി. റഷ്യക്കെതിരെ യൂറോപ്യൻ യൂണിയൻ്റെ പുതിയ ഉപരോധം വരുന്നതു വിപണി ശ്രദ്ധയോടെ നിരീക്ഷിക്കുകയാണ്.
പാശ്ചാത്യ രാജ്യങ്ങളിലെ ക്രൂഡ് ഓയിൽ ശേഖരം പ്രതീക്ഷയിലധികം താഴ്ന്നതും വിപണിയെ ബാധിക്കുന്നു. പ്രകൃതി വാതക വില 7.8 ഡോളറിനു മുകളിലായി.
ലോഹങ്ങൾക്ക് വലിയ ഇടിവ്
വ്യാവസായിക ലോഹങ്ങൾ വീണ്ടും ഇടിഞ്ഞു. ചെമ്പ് മൂന്നു ശതമാനത്തിലധികം താഴ്ന്നു ടണ്ണിന് 9511 ഡോളർ ആയി. അലൂമിനിയം 4.5 ശതമാനം ഇടിഞ്ഞ് 2911 ഡോളറിലായി.
മാസങ്ങൾക്കു ശേഷമാണ് അലൂമിനിയം വില ടണ്ണിനു 3000 ഡോളറിനു താഴെയാകുന്നത്. നിക്കൽ 4.7 ശതമാനം ഇടിഞ്ഞ് 30,900-ലെത്തി. സിങ്ക് 3.96 ശതമാനം താണു.
ലഭ്യത കുറഞ്ഞതു സ്റ്റീൽ വിലയെ പിടിച്ചു നിർത്തി. പലിശവർധന സാമ്പത്തിക വളർച്ചയും ലോഹങ്ങളുടെ ആവശ്യവും കുറയ്ക്കുമെന്നു വിപണി വിലയിരുത്തുന്നു.
സ്വർണം തിരിച്ചുകയറ്റ ശ്രമത്തിൽ വീണ്ടും പരാജയപ്പെടുന്നു. ചൊവ്വാഴ്ച 1850 ഡോളറിൽ നിന്ന് 1877.7 ഡോളറിലേക്കു കയറിയെങ്കിലും 1865 ലേക്കു തിരിച്ചിറങ്ങി.
ഇന്നു രാവിലെ 1865-1867 ലാണു വ്യാപാരം. അക്ഷയതൃതീയ ദിനമായ ഇന്നലെ കേരളത്തിൽ വില മാറ്റം ഉണ്ടായില്ല.
എൽഐസി ഓഹരിവിൽപന ഇന്നു മുതൽ
രാജ്യത്തെ ഏറ്റവും വലിയ ഐപിഒ (പ്രാരംഭ ഓഹരി വിൽപന) ഇന്നാരംഭിക്കുകയാണ്. ലൈഫ് ഇൻഷ്വറൻസ് കോർപറേഷൻ്റെ (എൽഐസി) ഓഹരികൾക്ക് അടുത്ത തിങ്കൾ വരെ അപേക്ഷിക്കാം. 21,000 കോടി രൂപയാണ് മൂന്നര ശതമാനം ഓഹരി വിറ്റ് കേന്ദ്ര സർക്കാർ നേടുക.
എൽഐസി ഓഹരി വിൽപനയോട് വിദേശ നിക്ഷേപകർ വലിയ ആവേശം പ്രകടിപ്പിക്കുന്നില്ല. ആങ്കർ നിക്ഷേപകരുടെ വിഹിതത്തിൽ 71 ശതമാനവും സ്വദേശി മ്യൂച്വൽ ഫണ്ടുകളാണു വാങ്ങിയത്. എൽഐസിയോടു താൽപര്യക്കുറവ് ഉണ്ടായിട്ടല്ല വിദേശികൾ വിട്ടുനിൽക്കുന്നത് എന്ന് വ്യാഖ്യാനമുണ്ട്.
കഴിഞ്ഞ ധനകാര്യവർഷം വിദേശികൾ ഇന്ത്യൻ വിപണിയിൽ നിന്ന് 1.40ക്ഷം കോടി രൂപ പിൻവലിച്ചു. ഈ ഏപ്രിലിൽ 17,144 കോടി മടക്കിക്കൊണ്ടുപോയി. ഇന്ത്യയിൽ നിക്ഷേപം കുറയ്ക്കുന്ന ഈ പ്രവണതയുടെ തുടർച്ചയാണ് എൽഐസിയോടും കാണുന്നതെന്നാണു വ്യാഖ്യാനം.
ദീർഘകാല നിക്ഷേപം എന്ന നിലയിലാണ് എൽഐസിയെ ഭൂരിഭാഗം ബ്രോക്കറേജുകളും ശിപാർശ ചെയ്യുന്നത്. അനൗദ്യോഗിക വിപണിയിൽ എൽഐസി ഓഹരിക്ക് 50 രൂപയോളമേ പ്രീമിയം ഉള്ളൂ എന്നാണു മാധ്യമ റിപ്പോർട്ടുകൾ. അത്ര ആവേശത്താേടെയല്ല വിപണി ഈ ഓഹരിയെ കാത്തിരിക്കുന്നത് എന്നു ചുരുക്കം.
കയറ്റുമതിമികവ് തുടർന്നില്ല
ഏപ്രിൽ മാസത്തെ കയറ്റുമതി കണക്ക് ആശ്വാസകരമായില്ല. തലേ ഏപ്രിലിനെ അപക്ഷിച്ച് 24.22 ശതമാനം വർധന ഉണ്ടായി. ഏപ്രിൽ മാസത്തെ കയറ്റുമതിയിൽ ഇതൊരു റിക്കാർഡുമാണ്. എന്നാൽ മാർച്ചിലെ കയറ്റുമതിയെ അപേക്ഷിച്ച് കയറ്റുമതി കുറഞ്ഞു. മാർച്ചിൽ കയറ്റുമതി 4220 കോടി ഡോളർ. ഏപ്രിലിൽ കയറ്റുമതി 3819 കോടി ഡോളർ. 9.5 ശതമാനം കുറവ്.
ഇറക്കുമതി 26.6 ശതമാനം വർധിച്ച് 5826 കോടി ഡോളറിൽ എത്തി. വാണിജ്യകമ്മി 2007 കോടി ഡോളറിലേക്ക് ഉയർന്നു. ക്രൂഡ് ഓയിൽ വിലക്കയറ്റമാണ് വാണിജ്യ കമ്മി കുതിക്കാൻ കാരണം. വരും മാസങ്ങളിൽ ഭക്ഷ്യ എണ്ണയും കൽക്കരിയും കൂടുതൽ ഇറക്കുമതി ചെയ്യേണ്ടി വരുമ്പോൾ കമ്മി വർധിക്കും.
2021- 22 ൽ ഇന്ത്യയുടെ കയറ്റുമതി 42,000 കോടി ഡോളറും ഇറക്കുമതി 61,200 കോടി ഡോളറും ആയിരുന്നു. വാണിജ്യ കമ്മി 19,200 കോടി ഡോളറും. ഉൽപന്ന വിലകൾ ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ പുതിയ ധനകാര്യവർഷം പ്രതിമാസ കമ്മി 2000 കോടി ഡോളറിൽ കുറയില്ല എന്നാണു വിലയിരുത്തൽ.
കോഹിനൂർ അദാനിക്ക്
അദാനി ഗ്രൂപ്പിലെ ഭക്ഷ്യോൽപന്ന കമ്പനിയായ അഡാനി വിൽമർ ബസുമതി അരിയിലെ പ്രമുഖ ബ്രാൻഡ് ആയ കോഹിനൂർ വാങ്ങിയെടുത്തു. രാജ്യാന്തര കമ്പനിയായ മക് കോർമിക്കിൽ നിന്ന് എത്ര തുകയ്ക്കാണ് ഇതു വാങ്ങിയതെന്നു കമ്പനി അറിയിച്ചില്ല. കോഹിനൂറിനു പുറമേ ചർമിനാർ, ട്രോഫി ബ്രാൻഡുകളും അഡാനി സ്വന്തമാക്കി.