റിലയന്‍സും എച്ച്.ഡി.എഫ്.സിയും രക്ഷകരായി; കരകയറി ഓഹരികള്‍

ഐ.ടിയും ബാങ്ക് നിഫ്റ്റിയും മുന്നേറി; 19,500 കടന്ന് നിഫ്റ്റി, ഇന്‍ഡിട്രേഡ് ഇന്നും കുതിച്ചു

Update:2023-08-04 18:54 IST

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയിലും ഐ.ടി ഓഹരികളിലും ദൃശ്യമായ മികച്ച വാങ്ങല്‍ താത്പര്യത്തിന്റെ ബലത്തില്‍ നേട്ടത്തിലേക്ക് തിരിച്ച് കയറി ഇന്ത്യന്‍ ഓഹരി സൂചികകള്‍. മൂന്ന് ദിവസം തുടര്‍ച്ചയായി നേരിട്ട കനത്ത ഇടിവിന്റെ ട്രെന്‍ഡിനാണ് ഇതോടെ ഇന്ത്യന്‍ വിപണികള്‍ വിരാമവുമിട്ടത്.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ നിലവാരം 


 ആഗോള തലത്തില്‍ നിന്ന് നെഗറ്റീവ് കാറ്റാണ് വീശിയടിച്ചതെങ്കിലും ഇന്ന് ഇന്ത്യന്‍ ഓഹരികള്‍ വീഴാതെ പിടിച്ചുനില്‍ക്കുന്നതായിരുന്നു കാഴ്ച. സെന്‍സെക്‌സ് 480.57 പോയിന്റ് (0.74%) നേട്ടവുമായി 65,721.25ലും നിഫ്റ്റി 135.35 പോയിന്റ് (0.70%) ഉയര്‍ന്ന് 19,517ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

അമേരിക്കയുടെ റേറ്റിംഗ് താഴ്ത്തിയ ഫിച്ചിന്റെ നടപടികള്‍ക്ക് പിന്നാലെ അമേരിക്കന്‍ ഓഹരികള്‍ തളര്‍ച്ചയിലാണ്. യൂറോപ്യന്‍ ഓഹരികളില്‍ കാര്യമായ കുതിപ്പോ തളര്‍ച്ചയോ ദൃശ്യമായില്ല. ഏഷ്യന്‍ ഓഹരികള്‍ സമ്മിശ്ര പ്രകടനമാണ് കാഴ്ചവച്ചത്.
ഇന്ത്യന്‍ റുപ്പി ഡോളറിനെതിരെ രണ്ടര മാസത്തെ താഴ്ചയിലേക്ക് വീണു. ഏഷ്യന്‍ കറന്‍സികളിലാകമാനം ദൃശ്യമായ വിറ്റൊഴിയല്‍ ട്രെന്‍ഡും ഡോളറിനോടുള്ള പ്രിയവുമാണ് തിരിച്ചടിയായത്. ഫിച്ചിന്റെ നടപടികള്‍ക്ക് പിന്നാലെ ഡോളര്‍ ശക്തിപ്രാപിച്ചിട്ടുണ്ട്. ഇന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യമുള്ളത് 0.14 ശതമാനം ഇടിഞ്ഞ് 82.84ലാണ്.
നേട്ടത്തിലേറിയവര്‍
സെന്‍സെക്‌സില്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടെക് മഹീന്ദ്ര, വിപ്രോ, ഭാരതി എര്‍ടെല്‍, എച്ച്.സി.എല്‍ ടെക്, ആക്‌സിസ് ബാങ്ക്, റിലയന്‍സ് ഇന്‍സ്ട്രീസ്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയാണ് ഇന്ന് നേട്ടത്തിന് നേതൃത്വം നല്‍കിയത്.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ 

 

നിഫ്റ്റി 200ല്‍ സൊമാറ്റോ, എല്‍.ഐ.സി ഹൗസിംഗ് ഫൈനാന്‍സ്, ഇന്‍ഫോ എഡ്ജ് (നൗക്രി), പി.ബി. ഫിന്‍ടെക്, ഡെല്‍ഹിവെറി എന്നിവയാണ് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. ജൂണ്‍പാദത്തില്‍, ഏവരെയും അമ്പരിപ്പിച്ച് ലാഭത്തിലേറിയതാണ് സൊമാറ്റോയ്ക്ക് ഗുണം ചെയ്തത്; ഓഹരി ഇന്ന് 10.17 ശതമാനം മുന്നേറി.
കുതിപ്പും കിതപ്പും
ബാങ്ക് നിഫ്റ്റി ഇന്ന് 0.82 ശതമാനം കുതിച്ച് 44,879.50ലെത്തി. നിഫ്റ്റി മിഡ്ക്യാപ്പ് 0.82 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.76 ശതമാനവും നേട്ടമുണ്ടാക്കി.
നിഫ്റ്റി ഐ.ടി 1.55 ശതമാനവും സ്വകാര്യ ബാങ്ക് 1.25 ശതമാനവും കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് 1.01 ശതമാനവും ഫാര്‍മ 0.94 ശതമാനവും നേട്ടത്തിലാണ്. ധനകാര്യ സേവന ഓഹരികള്‍ 0.79 ശതമാനവും ഉയര്‍ന്നു.
നിഫ്റ്റി ഓട്ടോ 0.33 ശതമാനം, എഫ്.എം.സി.ജി 0.02 ശതമാനം, പൊതുമേഖലാ ബാങ്ക് 0.70 ശതമാനം എന്നിങ്ങനെ നഷ്ടം നേരിട്ടു. എസ്.ബി.ഐയുടെ ജൂണ്‍പാദ ലാഭം 178 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 16,884 കോടി രൂപയിലെത്തി. എന്നാല്‍, ഓഹരി വില ഇന്ന് മൂന്ന് ശതമാനം ഇടിഞ്ഞു. നിരീക്ഷകര്‍ പ്രതീക്ഷിച്ച നിലയിലേക്ക് പ്രവര്‍ത്തനഫലം മെച്ചപ്പെടാതിരുന്നതാണ് ഇതിന് വഴിവച്ചത്.
ബാങ്കിന്റെ അറ്റ പലിശ വരുമാനം (NII) 39,000 കോടി രൂപ കടക്കുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തിയിരുന്നത്. എന്നാല്‍ 38,905 കോടി രൂപയാണ് ബാങ്ക് റിപ്പോര്‍ട്ട് ചെയ്തത്. അറ്റ പലിശ മാര്‍ജിന്‍ (NIM) പാദാടിസ്ഥാനത്തില്‍ 0.37 ശതമാനം കുറയുകയും ചെയ്തു. സെന്‍സെക്‌സില്‍ ഏറ്റവുമധികം ഇടിവ് നേരിട്ട ഓഹരികളിലൊന്നും എസ്.ബി.ഐയാണ്.
സെന്‍സെക്‌സില്‍ ഇന്ന് 2,196 കമ്പനികള്‍ നേട്ടത്തിലും 1,384 കമ്പനികള്‍ നഷ്ടത്തിലുമാണ്. 140 കമ്പനികളുടെ ഓഹരി വിലയില്‍ മാറ്റമില്ല. അപ്പര്‍ സര്‍ക്യൂട്ടില്‍ ഇന്ന് ഒറ്റ കമ്പനിയുമെത്തിയില്ല. മൂന്ന് കമ്പനികള്‍ ലോവര്‍ സര്‍ക്യൂട്ടിലായിരുന്നു. 253 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരത്തിലായിരുന്നു. 28 എണ്ണം താഴ്ചയിലും. ബി.എസ്.ഇയുടെ നിക്ഷേപക മൂല്യം ഇന്ന് 1.85 ലക്ഷം കോടി രൂപ വര്‍ദ്ധിച്ച് 304.16 ലക്ഷം കോടി രൂപയുമായി.
നിരാശപ്പെടുത്തിയവര്‍
എസ്.ബി.ഐക്ക് പുറമെ എന്‍.ടി.പി.സി., മാരുതി സുസുക്കി, ബജാജ് ഫിന്‍സെര്‍വ്, പവര്‍ഗ്രിഡ് എന്നിവയാണ് സെന്‍സെക്‌സില്‍ ഏറ്റവുമധികം നഷ്ടം നേരിട്ടത്.
ഇന്ന് ഏറ്റവുമധികം നിരാശപ്പെടുത്തിയവർ 

 

നിഫ്റ്റി 200ല്‍ ആദിത്യ ബിര്‍ള ഫാഷന്‍, കമിന്‍സ് ഇന്ത്യ, എസ്.ബി.ഐ., ആബട്ട് ഇന്ത്യ, മാക്‌സ് ഹെല്‍ത്ത് എന്നിവയാണ് ഏറ്റവുമധികം നിരാശപ്പെടുത്തിയത്. ആദിത്യ ബിര്‍ള 6.09 ശതമാനം ഇടിഞ്ഞു. ജൂണ്‍പാദത്തില്‍ 161.62 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയതാണ് തിരിച്ചടിയായത്. 2022-23ലെ സമാനപാദത്തില്‍ 94.44 കോടി രൂപ ലാഭം കുറിച്ച സ്ഥാനത്താണിത്.
ഇന്നും ഇന്‍ഡിട്രേഡ്
കേരള ഓഹരികളില്‍ ഇന്നും തിളങ്ങിയത് ഇന്‍ഡിട്രേഡാണ്. ഇന്ന് 9.98 ശതമാനം മുന്നേറി. നിറ്റ ജെലാറ്റിന്‍ ഓഹരി 8.69 ശതമാനം കുതിച്ചു. ഇന്ന് കമ്പനി ജൂണ്‍പാദ പ്രവര്‍ത്തന ഫലം പുറത്തുവിട്ടിട്ടുണ്ട്. ലാഭം മാര്‍ച്ച് പാദത്തിലെ 13.83 കോടി രൂപയില്‍ നിന്ന് 24.48 കോടി രൂപയായി കുതിച്ചുയര്‍ന്നു. മുന്‍വര്‍ഷത്തെ സമാനപാദത്തിലെ ലാഭം 8.44 കോടി രൂപയായിരുന്നു.
ഇന്ന് കേരള ഓഹരികളുടെ പ്രകടനം 

 

ആസ്പിന്‍വോള്‍ 5.68 ശതമാനവും കേരള ആയുര്‍വേദ 4.98 ശതമാനവും പ്രൈമ ഇന്‍ഡസ്ട്രീസ് 4.62 ശതമാനവും ഉയര്‍ന്നു.
പ്രവര്‍ത്തന ഫലം നിരാശപ്പെടുത്തിയതിനെ തുടര്‍ന്ന് ഇന്നലെ 20 ശതമാനം ഇടിഞ്ഞ കൊച്ചിന്‍ മിനറല്‍സ് ഓഹരി ഇന്ന് 10.98 ശതമാനം ഇടിഞ്ഞു. ഈസ്‌റ്റേണ്‍ ട്രെഡ്‌സ് (6.31 ശതമാനം), സ്‌റ്റെല്‍ ഹോള്‍ഡിംഗ്‌സ് (4.99 ശതമാനം), സെല്ല സ്‌പേസ് (3.33 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (1.47 ശതമാനം) എന്നിവയാണ് കൂടുതല്‍ നഷ്ടം നേരിട്ട മറ്റ് കേരള ഓഹരികള്‍.
Tags:    

Similar News