ലാഭക്കുതിപ്പില്‍ തുടക്കം, പിന്നെ കിതച്ച് ഓഹരി വിപണി; നിഫ്റ്റി 24,000ന് താഴെ; കേരളാ ഓഹരികളില്‍ കിറ്റക്‌സിന് മുന്നേറ്റം

റിയല്‍റ്റി, ഐ.ടി, മെറ്റല്‍ സൂചികകള്‍ നേട്ടത്തില്‍

Update:2024-08-06 19:06 IST
ഇന്ത്യൻ ഓഹരി വിപണികള്‍ രാവിലെ കൈവരിച്ച നേട്ടം നിലനിർത്തുന്നതിൽ പരാജയപ്പെടുന്ന കാഴ്ചയാണ് വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ കണ്ടത്. ഇതിനെ തുടര്‍ന്ന് തുടര്‍ച്ചയായി മൂന്നാം ദിവസവും വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു.
സെൻസെക്സ് 166.33 പോയിന്റും നിഫ്റ്റി 63.05 പോയിന്റും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 0.21 ശതമാനം താഴ്ന്ന് 78,593.07 ലും നിഫ്റ്റി 0.26 ശതമാനം താഴ്ന്ന് 23,992.55ലും എത്തി.
ബ്രിട്ടാനിയ (2.81%), ജെ.എസ്.ഡബ്ലിയു സ്റ്റീൽ (2.35%), ടെക് മഹീന്ദ്ര (1.74%), എൽ ആൻഡ് ടി (1.70%), ഹിന്ദുസ്ഥാൻ യൂണിലിവർ (1.54%) തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. എച്ച്.ഡി.എഫ്.സി ലൈഫ് (-4.28%), എസ്.ബി.ഐ ലൈഫ് (-2.43%), ബി.പി.സി.എൽ (-1.84%), ശ്രീറാം ഫിനാൻസ് (-1.71%), എസ്.ബി.ഐ (-1.47%) തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
വിവിധ സൂചികകളുടെ പ്രകടനം
വിശാല വിപണിയില്‍ ഇന്ന് ഭൂരിഭാഗം സൂചികകളും നഷ്ടത്തിലായിരുന്നു. നിഫ്റ്റി റിയാല്‍റ്റി, നിഫ്റ്റി ഐ.ടി, മെറ്റല്‍, എഫ്.എം.സി.ജി സൂചികകള്‍ മാത്രമാണ് നേട്ടം ഉണ്ടാക്കിയത്.
നിഫ്റ്റി പി.എസ്.യു ബാങ്കാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. 1.26 ശതമാനമാണ് പി.എസ്.യു ബാങ്ക് നഷ്ടം രേഖപ്പെടുത്തിയത്. നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ് 1.07 ശതമാനവും നിഫ്റ്റി ഓട്ടോ 0.75 ശതമാനവും കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് സൂചിക 0.71 ശതമാനവും നിഫ്റ്റി ബാങ്ക് 0.69 ശതമാനവും നഷ്ടം രേഖപ്പെടുത്തി.
വിവിധ സൂചികകളുടെ ഇന്നത്തെ പ്രകടനം

 നിഫ്റ്റി മിഡ് ക്യാപ് സൂചിക 0.61 ശതമാനത്തിന്റെയും നിഫ്റ്റി സ്മാള്‍ ക്യാപ് 0.39 ശതമാനത്തിന്റെയും നഷ്ടമാണ് ഇന്ന് നേരിട്ടത്.

ബി.എസ്.ഇയിൽ ആകെ വ്യാപാരം നടത്തിയ 4,006 ഓഹരികളില്‍ 1,652 ഓഹരികൾ നേട്ടത്തിലായപ്പോള്‍ 2,225 ഓഹരികൾ നഷ്ടത്തിലായിരുന്നു, 129 ഓഹരികൾ മാറ്റമില്ലാതെ തുടര്‍ന്നു. 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയ ഓഹരികള്‍ 184 ഉം 52 ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയത് 35 ഓഹരികളുമാണ്. 232 ഓഹരികൾ അപ്പർ സർക്യൂട്ടിലും 326 ഓഹരികൾ ലോവർ സർക്യൂട്ടിലും വ്യാപാരം നടത്തി.

നേട്ടത്തിലായവരും നഷ്ടത്തിലായവരും

നിഫ്റ്റി റിയൽറ്റി സൂചിക 0.84 ശതമാനം ​​മുന്നേറ്റമാണ് കാഴ്ചവെച്ചത്. ഗോദ്‌റെജ് പ്രോപ്പർട്ടീസ് ലിമിറ്റഡ് (3.23 ശതമാനം വർധന), ബ്രിഗേഡ് എന്റർപ്രൈസസ് ലിമിറ്റഡ് (2.96 ശതമാനം വർധന), ഡിഎൽഎഫ് ലിമിറ്റഡ് (1.31 ശതമാനം വർധന), സൺടെക്ക് റിയാലിറ്റി ലിമിറ്റഡ് (1.28 ശതമാനം വർധന) തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. മഹീന്ദ്ര ലൈഫ്‌സ്‌പേസ് ഡെവലപ്പേഴ്‌സ് ലിമിറ്റഡ് (3.14 ശതമാനം കുറവ്), ഫീനിക്‌സ് മിൽസ് ലിമിറ്റഡ് (3.13 ശതമാനം ഇടിവ്) തുടങ്ങിയവ നഷ്ടത്തിലായിരുന്നു.
നേട്ടത്തിലുളളവര്‍

 നിഫ്റ്റി ഓട്ടോ സൂചിക 0.75 ശതമാനം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഭാരത് ഫോർജ് ലിമിറ്റഡ് (2.3 ശതമാനം കുറവ്), മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് (1.72 ശതമാനം കുറവ്), അപ്പോളോ ടയേഴ്സ് ലിമിറ്റഡ് (1.6 ശതമാനം കുറവ്), എക്സൈഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (0.77 ശതമാനം കുറവ്), ബജാജ് ഓട്ടോ ലിമിറ്റഡ് (0.61 ശതമാനം ഇടിവ്) തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു. ബോഷ് ലിമിറ്റഡ് (1.07 ശതമാനം ഉയർന്ന്) ഓഹരി നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

പൊകർണ ലിമിറ്റഡ് (5.23% കുറഞ്ഞു), 20 മൈക്രോൺസ് ലിമിറ്റഡ് (4.23% കുറഞ്ഞു), കോൾ ഇന്ത്യ ലിമിറ്റഡ്(1.43% കുറഞ്ഞു) തുടങ്ങിയ മൈനിങ് ഓഹരികള്‍ നഷ്ടത്തിലായിരുന്നു. മാധവ് മാർബിൾസ് ആൻഡ് ഗ്രാനൈറ്റ്സ് ലിമിറ്റഡ് (2.94% വർധന), ഓറിയന്റൽ ട്രൈമെക്സ് ലിമിറ്റഡ് (2.37% ഉയർന്നു), ലെക്സസ് ഗ്രാനിറ്റോ ഇന്ത്യ ലിമിറ്റഡ് (0.91% ഉയർന്നു) എന്നിവ നേട്ടമുണ്ടാക്കി.
നഷ്ടത്തിലുളളവര്‍

വേദാന്ത ലിമിറ്റഡ് 2024 ജൂൺ 30 ന് അവസാനിച്ച പാദത്തിൽ ഏകീകൃത അറ്റാദായം 36.5 ശതമാനം വർധിച്ച് 3,606 കോടി രൂപയായി റിപ്പോർട്ട് ചെയ്തു. വരുമാനം മുന്‍ സാമ്പത്തിക വർഷത്തിലെ 33,342 കോടി രൂപയിൽ നിന്ന് 2025 സാമ്പത്തിക വർഷത്തിൽ 5.6 ശതമാനം ഉയർന്ന് 35,239 കോടി രൂപയായി. വേദാന്ത ഓഹരി 0.18 ശതമാനം ഉയര്‍ന്ന് 414 ലാണ് ക്ലോസ് ചെയ്തത്.

ബംഗ്ലാദേശിൽ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ അശാന്തിയുടെ ഫലമായി മാരികോ ഓഹരികൾ 6 ശതമാനത്തിലധികം ഇടിഞ്ഞു. മാരിക്കോയുടെ മൊത്തം വരുമാനത്തിന്റെ 12 ശതമാനവും ബംഗ്ലാദേശ് വിപണിയെയാണ് ആശ്രയിക്കുന്നത്. മാരികോ ഓഹരികൾ 6.27 ശതമാനം താഴ്ന്ന് 630 ലാണ് ക്ലോസ് ചെയ്തത്.
2025 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ ലാഭത്തിൽ 32 ശതമാനം വർധനവ് റിപ്പോർട്ട് ചെയ്തതിന് ശേഷം ത്രിവേണി ടർബൈൻസ് ഓഹരികൾ 4 ശതമാനത്തോളം ഉയർന്നു. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 463 കോടി രൂപയായി ഉയർന്നു. ത്രിവേണി ടർബൈൻസ് ഓഹരി 618 ലെത്തി.
മുൻവർഷത്തെ കാലയളവിലെ 578 കോടി രൂപയിൽ നിന്ന് ബി.ഇ.എം.എല്ലിന്റെ വരുമാനം 634.6 കോടി രൂപയായി ഉയർന്നെങ്കിലും, ഓഹരികൾ 7 ശതമാനത്തിലധികം ഇടിവ് നേരിട്ടു. ബി.ഇ.എം.എല്‍ ഓഹരി 3,881 ലാണ് ക്ലോസ് ചെയ്തത്.
2025 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ ഗ്രാഫൈറ്റ് ഇന്ത്യ 237 കോടി രൂപ അറ്റാദായം റിപ്പോർട്ട് ചെയ്തതിന് ശേഷം ഓഹരികൾ ഏകദേശം 3 ശതമാനം ഉയർന്നു. ഗ്രാഫൈറ്റ് ഇന്ത്യ 500 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
കിറ്റക്സിന് മുന്നേറ്റം; കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഇടിവില്‍
കേരളാ ഓഹരികള്‍ ഇന്ന് സമ്മിശ്ര പ്രകടനമാണ് കാഴ്ചവെച്ചത്. കിറ്റക്സ് ഗാര്‍മെന്റ്സിന്റെ ഓഹരികള്‍ 16.70 ശതമാനമാണ് ഉയര്‍ന്നത്. ബംഗ്ലാദേശിലെ കലാപത്തെ തുടര്‍ന്ന് ഇന്ത്യയിലെ ടെക്‌സ്റ്റൈല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ഗുണം ചെയ്യുമെന്ന അവസ്ഥയാണ് കിറ്റെക്‌സിനെ പിന്തുണച്ചത്. ബംഗ്ലാദേശില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ലഭിച്ചിരുന്ന കയറ്റുമതി ഓര്‍ഡറുകള്‍ കിറ്റക്സ് അടക്കമുളള ഇന്ത്യന്‍ കമ്പനികളിലേക്ക് മാറ്റപ്പെട്ടേക്കാമെന്ന സാധ്യതകളാണ് രൂപപ്പെട്ടത്.

കേരളാ ഓഹരികളുടെ ഇന്നത്തെ പ്രകടനം

210.80 രൂപയിലായിരുന്നു കിറ്റെക്‌സ് തിങ്കളാഴ്ച ക്ലോസ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ മുതല്‍ ഉയര്‍ന്നു തുടങ്ങിയ കിറ്റെക്‌സ് ഓഹരികള്‍ ഒരുഘട്ടത്തില്‍ 249 രൂപ വരെയെത്തി. തുടര്‍ന്ന് 246 ലാണ് കിറ്റക്സ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. എ.വി.ടി നാച്ചുറല്‍ പ്രോഡക്ട്സ് 6.38 ശതമാനവും ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ 3.03 ശതമാനവും ഈസ്റ്റേണ്‍ ട്രേഡേഴ്സ് 3.77 ശതമാനവും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

കേരളാ ഓഹരികളില്‍ ഇന്ന് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത് കൊച്ചിന്‍ ഷിപ്പ് യാര്‍ഡിനാണ്. 5 ശതമാനം താഴ്ന്ന് 2290.45 ലാണ് കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ധനലക്ഷ്മി ബാങ്ക് 3.63 ശതമാനവും കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് 2.94 ശതമാനവും മുത്തൂറ്റ് ഫിനാന്‍സ് 2.20 ശതമാനവും നഷ്ടം നേരിട്ടു. പോപ്പുലര്‍ വെഹിക്കിള്‍സ്, അപ്പോളോ ടയേഴ്സ്, ആഡ്ടെക് സിസ്റ്റംസ്, ബി.പി.എല്‍, വണ്ടര്‍ലാ ഹോളിഡേയ്സ് തുടങ്ങിയ ഓഹരികളും നഷ്ടത്തിലായിരുന്നു.
Tags:    

Similar News