ഓഹരി വിപണിയില്‍ വൈറസ് ആക്രമണം, നിക്ഷേപകര്‍ക്ക് നഷ്ടം ₹11 ലക്ഷം കോടി, കട്ടച്ചുവപ്പില്‍ കേരള ഓഹരികള്‍

സെന്‍സെക്‌സും നിഫ്റ്റിയും 1.5 ശതമാനം ഇടിഞ്ഞു

Update:2025-01-06 18:06 IST

ചൈനയില്‍ പൊട്ടിപുറപ്പെട്ട എച്ച്.എം.പി വൈറസ് ഇന്ത്യയിലും സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ന് ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച. സെന്‍സെക്‌സും നിഫ്റ്റിയും ഇന്ന് ഒന്നര ശതമാനത്തിലധികം ഇടിഞ്ഞാണ് വ്യാപാരം അവസാനിപ്പിച്ചത്. വൈറസ് ആശങ്ക നിക്ഷേപകരെ വില്‍പ്പനക്കാരാക്കി മാറ്റിയതാണ് വിപണിയെ വീഴ്ത്തിയത്. നിഫ്റ്റി 1.6 ശതമാനം ഇടിഞ്ഞ് 23,616ലും സെന്‍സെക്‌സ് 1.59 ശതമാനം ഇടിഞ്ഞ് 77,964ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അടുത്ത ദിവസങ്ങളില്‍ പുറത്ത് വരാനിരിക്കുന്ന കമ്പനികളുടെ മൂന്നാം പാദ ഫലത്തെക്കുറിച്ചും ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര നയങ്ങളെക്കുറിച്ചും നിക്ഷേപകര്‍ക്കുള്ള ആശയക്കുഴപ്പവും വീഴ്ചക്ക് കാരണമായി.

വിശാല വിപണിയില്‍ ഇന്ന് വീഴ്ച അതിശക്തമായിരുന്നു. നിഫ്റ്റി സ്‌മോള്‍ ക്യാപ് സൂചിക 3.2 ശതമാനവും മിഡ്ക്യാപ് സൂചിക 2.7 ശതമാനവും ഇടിഞ്ഞു. സമസ്തമേഖലകളും ഇന്ന് ചുവപ്പണിഞ്ഞു. പി.എസ്.യു ബാങ്ക്, മെറ്റല്‍, എനര്‍ജി, റിയല്‍റ്റി, മീഡിയ സൂചികകള്‍ 2.51 ശതമാനം മുതല്‍ നാല് ശതമാനം വരെ ഇടിവിലാണ്.



ടാറ്റ സ്റ്റീല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്. എച്ച്.ഡി.എഫ്.സി ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, ഐ.ടി.സി, ടാറ്റമോട്ടോഴ്‌സ് എന്നീ വമ്പന്‍മാരാണ് വിപണിയുടെ വീഴ്ചയ്ക്ക് ആക്കം കൂട്ടിയത്.

ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ മൂല്യം ഇന്ന് 11 ലക്ഷം കോടി രൂപ ഇടിഞ്ഞ് 438 ലക്ഷം കോടി രൂപയായി.



ചുവപ്പിൽ മുങ്ങി കേരള ഓഹരികൾ 

കേരള ഓഹരികളില്‍ ഇന്ന് ചുവപ്പിലേക്ക് വീഴാതെ പിടിച്ചു നിന്നത് ഈസ്റ്റോണ്‍ ട്രെഡ്‌സ് മാത്രമാണ്.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് അഞ്ച് ശതമാനം ലോവര്‍ സര്‍ക്യൂട്ടിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സ്‌റ്റെല്‍ ഹോള്‍ഡിംഗിസാണ് ഇന്ന് 8 ശതമാനത്തിലധികം വീഴ്ചയോടെ കേരളകമ്പനികളുടെ നഷ്ടക്കച്ചവടത്തിന് കൊടിപിടിച്ചത്. ടോളിന്‍സ്, ധനലക്ഷ്മി ബാങ്ക്, ഫാക്ട്, ജിയോജിത്, പാറ്റ്‌സ്പിന്‍, പോപ്പീസ്, പ്രൈമ അഗ്രോ എന്നിവ അഞ്ച് ശതമാനത്തില്‍ മുകളില്‍ വീഴ്ച രേഖപ്പെടുത്തി.

കിറ്റെക്‌സ് കേരള ആയുര്‍വേദ, കല്യാണ്‍ ജുവലേഴ്‌സ്, മണപ്പുറം ഫിനാന്‍സ്, പ്രൈമ ഇന്‍ഡസ്ട്രീസ്, സ്‌കൂബിഡേ ഗാര്‍മെന്റ്‌സ്, വെസ്റ്റേണ്‍ പ്ലൈവുഡ്‌സ് എന്നിവയും കനത്ത നഷ്ടം നേരിട്ടു.
Tags:    

Similar News