74,000ല്‍ തൊട്ട് സെന്‍സെക്‌സ്; സൗത്ത് ഇന്ത്യന്‍ ബാങ്ക് 5.3% ഇടിഞ്ഞു, മിഡ്-സ്മോൾക്യാപ്പ് ഓഹരികളിൽ വൻ വീഴ്ച

റെക്കോഡിട്ടിട്ടും നിക്ഷേപക സമ്പത്തില്‍ നഷ്ടം 1.66 ലക്ഷം കോടി; ടാറ്റാ കെമിക്കല്‍സ് കുതിച്ചു, എന്‍.ബി.എഫ്.സി, ഗ്യാസ് ഓഹരികൾ തളർന്നു, ഐ.ഐ.എഫ്.എല്‍ ഇന്നും 20% ഇടിഞ്ഞു, സൊമാറ്റോയ്ക്കും ക്ഷീണം

Update:2024-03-06 17:52 IST
ആശങ്കയും ആവേശവും ഒരുമിച്ച് നിഴലിച്ച ദിവസം! ഇന്ത്യന്‍ ഓഹരി സൂചികകളുടെ ഇന്നത്തെ ദിവസത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. ഒരുവശത്ത് സെന്‍സെക്‌സ് ചരിത്രത്തിലാദ്യമായി 74,000 പോയിന്റ് ഭേദിച്ച് വ്യാപാരം പൂര്‍ത്തിയാക്കിയിരിക്കുന്നു. മറുവശത്ത് ബി.എസ്.ഇയിലെ നിക്ഷേപക സമ്പത്തില്‍ നിന്ന് ഇന്ന് കൊഴിഞ്ഞത് 1.66 ലക്ഷം കോടി രൂപയും.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം 

 

ബാങ്കിംഗ്, ധനകാര്യ, ഐ.ടി ഓഹരികളിലെ വാങ്ങല്‍ ട്രെന്‍ഡിന്റെ കരുത്തില്‍ സൂചികകള്‍ ഇന്ന് മികച്ച നേട്ടം കുറിച്ചു. അമേരിക്കയിലെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാന്‍ ജെറോം പവല്‍ അമേരിക്കന്‍ നിയമനിര്‍മ്മാണ സഭയായ കാപ്പിറ്റോള്‍ ഹില്ലില്‍ ഇന്ന് സംസാരിക്കുന്നുണ്ട്. ഒരുവര്‍ഷത്തെ ധനനയത്തിന്റെ ദിശയെക്കുറിച്ചാകും അദ്ദേഹം കൂടുതല്‍ സംസാരിക്കുക. പവലില്‍ നിന്ന് അനുകൂല വാക്കുകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഐ.ടി ഓഹരികള്‍ ഇന്ന് തിളങ്ങിയത്.
നേട്ടത്തിലേറിയവര്‍
സെന്‍സെക്‌സില്‍ കോട്ടക് മഹീന്ദ്ര ബാങ്ക്, ആക്‌സിസ് ബാങ്ക്, സണ്‍ ഫാര്‍മ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്.സി.എല്‍ ടെക് എന്നിവ കൂടുതല്‍ തിളങ്ങിയ പ്രമുഖരാണ്.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ 

 

ടാറ്റാ കെമിക്കല്‍സ് 11.39 ശതമാനം ഉയര്‍ന്ന് നിഫ്റ്റി 200ല്‍ നേട്ടത്തില്‍ മുന്നിലെത്തി. പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ്, ഐ.സി.ഐ.സി.ഐ പ്രഡുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷ്വറന്‍സ്, വരുണ്‍ ബീവറേജസ്, മാക്‌സ് ഹെല്‍ത്ത്‌കെയര്‍ എന്നിവയാണ് നേട്ടത്തില്‍ ആദ്യ 5ലെത്തിയ മറ്റ് നിഫ്റ്റി 200 ഓഹരികള്‍.
ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ മാതൃസ്ഥാപനമായ ടാറ്റാ സണ്‍സ് ഐ.പി.ഒയ്ക്ക് സജ്ജമാകുന്നുവെന്ന വാര്‍ത്തകളാണ് ടാറ്റാ കെമിക്കല്‍സിന് നേട്ടമാകുന്നത്. ടാറ്റാ സണ്‍സ് ഐ.പി.ഒ പൊതുവേ ടാറ്റാ ഗ്രൂപ്പ് ഓഹരികള്‍ക്കെല്ലാം മികച്ച മൂല്യം സമ്മാനിക്കുമെന്നും കൂടുതല്‍ നേട്ടം ടാറ്റാ കെമിക്കല്‍സിനായിരിക്കുമെന്നും വിലയിരുത്തലുകളുണ്ട്.
നിരാശപ്പെടുത്തിയവര്‍
ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ (NBFCs) റിസര്‍വ് ബാങ്ക് വടിയെടുത്തത്, ഈ വിഭാഗം ഓഹരികളെ തളര്‍ത്തിയിട്ടുണ്ട്. ഗോള്‍ഡ് ലോണ്‍ വിതരണത്തിന് വിലക്കേര്‍പ്പെടുത്തപ്പെട്ട ഐ.ഐ.എഫ്.എല്‍ ഫിനാന്‍സ് ഓഹരി ഇന്നും 20 ശതമാനം തളര്‍ന്നുവീണു.
ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ 

 

ഓഹരികളും കടപ്പത്രങ്ങളും ഈടായിവാങ്ങി വായ്പ നല്‍കുന്നതില്‍ നിന്ന് ജെ.എം. ഫിനാന്‍ഷ്യലിനെയും റിസര്‍വ് ബാങ്ക് വിലക്കി. ഓഹരി ഇന്നൊരുവേള 19 ശതമാനം വരെ ഇടിഞ്ഞെങ്കിലും പിന്നീട് നഷ്ടം 10 ശതമാനത്തിലേക്ക് കുറച്ചു.
സൊമാറ്റോ ഓഹരി ഇന്ന് 2.7 ശതമാനം താഴ്ന്നു. ഏകദേശം 3,000 കോടി രൂപ മതിക്കുന്ന ഓഹരികള്‍ ബ്ലോക്ക് ഡീലിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതാണ് തിരിച്ചടിയായത്. ഓഹരി പങ്കാളിത്തമുള്ള ആന്റ് ഫിനാന്‍ഷ്യലാണ് ഓഹരികള്‍ വിറ്റഴിച്ചതെന്ന് കരുതുന്നു.
അള്‍ട്രാടെക് സിമന്റ്, എന്‍.ടി.പി.സി., മാരുതി സുസുക്കി, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, പവര്‍ഗ്രിഡ് എന്നിവയാണ് സെന്‍സെക്‌സില്‍ ഇന്ന് കൂടുതല്‍ നഷ്ടം നേരിട്ടത്. മിഡ്ക്യാപ്പ്, സ്മോൾക്യാപ്പ് ഓഹരികളിൽ ഇന്ന് കനത്ത വിൽപന സമ്മർദ്ദം അലയടിച്ചു. നിലവില്‍ മിഡ്, സ്‌മോള്‍ക്യാപ്പ് ഓഹരികള്‍ക്ക് യഥാര്‍ത്ഥത്തില്‍ കൂടുതല്‍ മൂല്യം (Overstrectched Valuations) ഉണ്ടെന്നും വൈകാതെ തിരുത്തലുണ്ടായേക്കാമെന്നും വിലയിരുത്തലുകള്‍ ശക്തമാണ്. ഈ പശ്ചാത്തലത്തിലാണ് വില്‍പനസമ്മര്‍ദ്ദം ഇന്ന് ആഞ്ഞടിച്ചത്. മിഡ്ക്യാപ്പ് സൂചിക ഇന്നൊരുവേള 2 ശതമാനവും സ്‌മോള്‍ക്യാപ്പ് 3.3 ശതമാനവും വരെ ഇടിഞ്ഞെങ്കിലും പിന്നീട് നഷ്ടം നിജപ്പെടുത്തി.
എല്‍ ആന്‍ഡ് ടി ഫിനാന്‍സ് 7.31 ശതമാനം താഴ്ന്ന് നിഫ്റ്റി 200ല്‍ നഷ്ടത്തില്‍ മുന്നിലെത്തി. എന്‍.ബി.എഫ്.സികള്‍ക്കെതിരായ നടപടികളാണ് കമ്പനിയുടെ ഓഹരികളെയും സമ്മര്‍ദ്ദത്തിലാക്കിയത്. ഇന്ദ്രപ്രസ്ഥ ഗ്യാസ്, ആദിത്യ ബിര്‍ള കാപ്പിറ്റല്‍, ഗുജറാത്ത് ഗ്യാസ്, പിരാമല്‍ എന്റര്‍പ്രൈസസ് എന്നിവയാണ് നഷ്ടത്തില്‍ മുന്നിലുള്ള മറ്റ് ഓഹരികള്‍. സി.എന്‍.ജി വില കുറഞ്ഞതാണ് ഗ്യാസ് ഓഹരികളെ വില്‍പനസമ്മര്‍ദ്ദത്തില്‍ മുക്കിയത്.
വിപണിയുടെ ട്രെന്‍ഡ്
വിശാല വിപണിയില്‍ നിഫ്റ്റി ഐ.ടി 0.77 ശതമാനം, ധനകാര്യ സേവനം 0.63 ശതമാനം, ഫാര്‍മ 0.64 ശതമാനം, സ്വകാര്യബാങ്ക് 0.87 ശതമാനം എന്നിങ്ങനെ നേട്ടം കുറിച്ചു. നിഫ്റ്റി റിയല്‍റ്റി 1.34 ശതമാനവും ഓയില്‍ ആന്‍ഡ് ഗ്യാസ് 1.03 ശതമാനവും ഇടിഞ്ഞു. നിഫ്റ്റി 2.54 ശതമാനവും മെറ്റല്‍ 0.52 ശതമാനവും നഷ്ടത്തിലാണുള്ളത്.
ബാങ്ക് നിഫ്റ്റി 0.81 ശതമാനം ഉയര്‍ന്നു. നിഫ്റ്റി മിഡ്ക്യാപ്പ് 0.52 ശതമാനവും നിഫ്റ്റി സ്‌മോള്‍ക്യാപ്പ് 1.96 ശതമാനവും താഴ്ന്നു.
നിഫ്റ്റി 50ല്‍ 35 ഓഹരികള്‍ നേട്ടത്തിലും 15 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ബജാജ് ഓട്ടോ, കോട്ടക് ബാങ്ക്, ഭാരതി എയര്‍ടെല്‍ എന്നിവ 2.3-3.4 ശതമാനം ഉയര്‍ന്ന് നേട്ടത്തില്‍ മുന്നില്‍നിന്നു. അദാനി എന്റര്‍പ്രൈസസ്, എന്‍.ടി.പി.സി., അള്‍ട്രാടെക് സിമന്റ് എന്നിവ 1.8-2.1 ശതമാനം നഷ്ടവുമായി ഇടിവിലും മുന്നിലെത്തി.
റെക്കോഡിനിടയിലും ബി.എസ്.ഇയില്‍ ഇന്ന് 856 ഓഹരികള്‍ക്കേ നേട്ടത്തിലേറാനായുള്ളൂ. 3,000 ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു. 84 ഓഹരികളുടെ വില മാറിയില്ല.
180 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരവും 97 എണ്ണം താഴ്ചയും കണ്ടു. അപ്പര്‍-സര്‍കീട്ട് ശൂന്യമായിരുന്നു. ലോവര്‍-സര്‍കീട്ടില്‍ ഒരു കമ്പനിയെ കണ്ടു. ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ മൊത്തം നിക്ഷേപകമൂല്യം 1.66 ലക്ഷം കോടി രൂപ താഴ്ന്ന് 391.29 ലക്ഷം കോടി രൂപയിലെത്തി.
നിരാശപ്പെടുത്തി കേരള ഓഹരികള്‍; സൗത്ത് ഇന്ത്യന്‍ ബാങ്ക് 5% ഇടിഞ്ഞു
കേരളത്തില്‍ നിന്നുള്ള ലിസ്റ്റഡ് കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നിറഞ്ഞുനിന്നത് പൊതുവേ വില്‍പന സമ്മര്‍ദ്ദമാണ്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അവകാശ ഓഹരി വില്‍പനയ്ക്ക് ഇന്ന് തുടക്കമായി (Read Details
). എന്നാല്‍, ഓഹരിവില 5.39 ശതമാനം ഇടിഞ്ഞു. 

കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം 

 

വണ്ടര്‍ല 4.13 ശതമാനം, സ്‌റ്റെല്‍ 4.62 ശതമാനം, പാറ്റ്‌സ്പിന്‍ 6.62 ശതമാനം, കിറ്റെക്‌സ് 3 ശതമാനം, പ്രൈമ ഇന്‍ഡസ്ട്രീസ് 4.44 ശതമാനം, ഫാക്ട് 3.42 ശതമാനം എന്നിങ്ങനെ താഴ്ന്നു. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ (CMRL) 4.09 ശതമാനം, എ.വി.ടി 3.96 ശതമാനം, ഇസാഫ് ബാങ്ക് 2.36 ശതമാനം, ജിയോജിത് 2.89 ശതമാനം, കിംഗ്‌സ് ഇന്‍ഫ്ര 2.83 ശതമാനം എന്നിങ്ങനെയും താഴ്ന്നു.
അതേസമയം ഫെഡറല്‍ ബാങ്ക് 1.32 ശതമാനം നേട്ടമുണ്ടാക്കി. ഐ.ഐ.എഫ്.എല്‍ ഉള്‍പ്പെടെ ഏതാനും എന്‍.ബി.എഫ്.സികള്‍ക്കെതിരായ റിസര്‍വ് ബാങ്കിന്റെ നടപടിയുടെ പശ്ചാത്തലത്തില്‍, ഗോള്‍ഡ് ലോണ്‍ രംഗത്ത് മികച്ച സാന്നിദ്ധ്യമുള്ള മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരി ഇന്ന് 1.88 ശതമാനം കയറി. കല്യാണ്‍ ജുവലേഴ്‌സ്, ഈസ്‌റ്റേണ്‍, വി-ഗാര്‍ഡ്, റബ്ഫില എന്നിവയും ഇന്ന് ഭേദപ്പെട്ട പ്രകടനം നടത്തി.

Similar News