വില്ലന്‍ വേഷത്തില്‍ വീണ്ടും പണപ്പെരുപ്പം, കീഴ്‌മേല്‍ മറിഞ്ഞ് ഓഹരി വിപണി; പേയ്ടിഎമ്മിനെ 'മലര്‍ത്തിയടിച്ച്' റിസര്‍വ് ബാങ്ക്
സ്വകാര്യ ബാങ്കോഹരികളില്‍ വീഴ്ച; തിളങ്ങി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, 7 ലക്ഷം കോടി കടന്ന് എല്‍.ഐ.സിയുടെ വിപണിമൂല്യം
പണപ്പെരുപ്പം സംബന്ധിച്ച ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ലെന്ന റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ അഭിപ്രായം ഇന്ന് ഇന്ത്യന്‍ ഓഹരി വിപണികളില്‍ ഏല്‍പ്പിച്ചത് കനത്ത ആഘാതം. നേട്ടത്തിന്റെ ട്രാക്കിലേറി മികച്ച പ്രതീക്ഷകളോടെ വ്യാപാരം ആരംഭിച്ച സെന്‍സെക്‌സും നിഫ്റ്റിയും ശക്തികാന്ത ദാസിന്റെ നയപ്രഖ്യാപന പ്രസംഗത്തിന് പിന്നാലെ നഷ്ടത്തിലേക്ക് നിലംപൊത്തി.
സെന്‍സെക്‌സ് 723 പോയിന്റ് (1%) ഇടിഞ്ഞ് 71,428.43ലും നിഫ്റ്റി 212 പോയിന്റ് (0.97%) താഴ്ന്ന് 21,717.95ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. റിസര്‍വ് ബാങ്ക് അടിസ്ഥാന പലിശനിരക്കുകള്‍ കുറയ്ക്കില്ലെന്നത് പൊതുവേ ഏവരും പ്രതീക്ഷിച്ചത് തന്നെയാണ്. എന്നാല്‍, റീറ്റെയ്ല്‍ പണപ്പെരുപ്പം 4 ശതമാനമെന്ന നിയന്ത്രണ രേഖയ്ക്ക് ഏറെ മുകളില്‍ തുടരുന്നത് ആശങ്കയാണെന്നും പലിശ പരിഷ്‌കരണം സംബന്ധിച്ച നിലപാടില്‍ (Stance) റിസര്‍വ് ബാങ്ക് മാറ്റം വരുത്തുന്നില്ലെന്നും ശക്തികാന്ത ദാസ് പറഞ്ഞതോടെ ഓഹരി വിപണി നഷ്ടത്തിന്റെ പാതയിലേക്ക് ചുവടുമാറ്റുകയായിരുന്നു (Read Details).
വീണുടഞ്ഞ് സ്വകാര്യ ബാങ്കോഹരികള്‍
എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയുടെ ഓഹരികളിലുണ്ടായ കനത്ത നഷ്ടമാണ് ഇന്ന് മുഖ്യ ഓഹരി സൂചികകള്‍ക്ക് പ്രധാന തിരിച്ചടിയായത്. എച്ച്.ഡി.എഫ്.സി ബാങ്ക് 1.59 ശതമാനവും ഐ.സി.ഐ.സി.ഐ ബാങ്ക് 3 ശതമാനവുമാണ് ഇടിഞ്ഞത്. ഐ.ടി.സി., കോട്ടക് ബാങ്ക്, നെസ്‌ലെ എന്നീ വമ്പന്മാരുടെ വീഴ്ചയും സെന്‍സെക്‌സിനെ തളര്‍ത്തി.
പേയ്ടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സ് ഓഹരി ഇന്നും 10 ശതമാനം കൂപ്പുകുത്തി. ചട്ടങ്ങള്‍ പാലിക്കാന്‍ ആവശ്യത്തിന് അവസരം പേയ്ടിഎമ്മിന് നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും വീണ്ടും തുടര്‍ച്ചയായി വീഴ്ച വരുത്തിയ പശ്ചാത്തലത്തിലാണ് വിലക്ക് ഉള്‍പ്പെടെയുള്ള നടപടിയിലേക്ക് റിസര്‍വ് ബാങ്ക് കടന്നതെന്നും ശക്തികാന്ത ദാസ് ഇന്ന് പറഞ്ഞത് ഓഹരിവിലയെ ഇടിവിലേക്ക് നയിച്ചു. ഇടപാടുകാരുടെ സുരക്ഷ മുന്‍നിറുത്തിയാണ് പേയ്ടിഎമ്മിനെതിരെ നടപടി എടുത്തതെന്നും ദാസ് വ്യക്തമാക്കിയിട്ടുണ്ട്.
2021 നവംബറില്‍ 1,798 രൂപവരെ ഉയര്‍ന്ന പേയ്ടിഎം ഓഹരിവില ഇന്നുള്ളത് 446 രൂപയിലാണ്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 34 ശതമാനം ഇടിവ് ഓഹരി നേരിട്ടു. കഴിഞ്ഞ ഏതാനും ദിവസത്തെ ഇടിവിലൂടെ കമ്പനിയുടെ വിപണിമൂല്യത്തില്‍ നിന്ന് കൊഴിഞ്ഞത് 20,000 കോടിയിലേറെ രൂപയാണ്.
പേയ്ടിഎം, മുത്തൂറ്റ് ഫിനാന്‍സ്, പിരമല്‍ എന്റര്‍പ്രൈസസ്, കോട്ടക് മഹീന്ദ്ര ബാങ്ക്, എ.യു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവയാണ് നിഫ്റ്റി 200ല്‍ ഇന്ന് കൂടുതല്‍ ഇടിവ് നേരിട്ടത്.
ഇവര്‍ തിളങ്ങി
എസ്.ബി.ഐ., പവര്‍ഗ്രിഡ്, ടി.സി.എസ്., എച്ച്.സി.എല്‍ ടെക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയാണ് ഇന്ന് സെന്‍സെക്‌സില്‍ കൂടുതല്‍ തിളങ്ങിയ പ്രമുഖര്‍. മികച്ച കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങളുടെയും റിസര്‍വ് ബാങ്ക് ധനനയം അനുകൂലമാകുമെന്ന പ്രതീക്ഷകളുടെയും മറ്റും പിന്‍ബലത്തിലാണ് എസ്.ബി.ഐ ഓഹരിവില കുതിച്ചത്. ബാങ്കിന്റെ ഓഹരിമൂല്യം 6 ലക്ഷം കോടി രൂപ കടന്ന്, രാജ്യത്ത് ഈ നേട്ടം കുറിക്കുന്ന രണ്ടാമത്തെ മാത്രം പൊതുമേഖലാ ലിസ്റ്റഡ് കമ്പനിയെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു.
ഭാരത് ഡൈനാമിക്‌സ്, കമിന്‍സ് ഇന്ത്യ, സീ എന്റര്‍ടെയ്ന്‍മെന്റ്, എല്‍.ഐ.സി., ട്രെന്റ് എന്നിവയാണ് നിഫ്റ്റി 200ല്‍ കൂടുതല്‍ നേട്ടം കുറിച്ചത്. ഡിസംബര്‍ പാദത്തില്‍ ലാഭം 26 ശതമാനം വര്‍ധിച്ചതിന്റെയും ഓഹരിക്ക് 18 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചതിന്റെയും പശ്ചാത്തലത്തിലാണ് കമിന്‍സ് ഇന്ത്യയുടെ കുതിപ്പ്.
ഇന്ന് പുറത്തുവരുന്ന മൂന്നാംപാദ ഫലം മികച്ചതാകുമെന്ന പ്രതീക്ഷകളുടെ കരുത്തിലാണ് എല്‍.ഐ.സി ഓഹരികള്‍ തിളങ്ങിയത്. മികച്ച മൂന്നാംപാദ ഫലമാണ് ട്രെന്റ് ഓഹരികള്‍ക്കും ഊര്‍ജമായത്.
ബാങ്ക് നിഫ്റ്റിയുടെ വീഴ്ച
സ്വകാര്യബാങ്ക് ഓഹരികളുടെ വീഴ്ചയെ തുടര്‍ന്ന് ബാങ്ക് നിഫ്റ്റി ഇന്ന് 1.76 ശതമാനം ഇടിഞ്ഞു. 2.59 ശതമാനമാണ് നിഫ്റ്റി പി.എസ്.യു ബാങ്ക് സൂചികയുടെ ഇടിവ്.
മോശം ഡിസംബര്‍ പാദത്തിന്റെ പശ്ചാത്തലത്തില്‍ എഫ്.എം.സി.ജി., ഓട്ടോ ഓഹരികളും തളര്‍ച്ചയിവാണ്. നിഫ്റ്റി എഫ്.എം.സി.ജി 2.06 ശതമാനവും ഓട്ടോ 1.28 ശതമാനവും ഇടിഞ്ഞു. നിഫ്റ്റി ധനകാര്യ സേവന സൂചിക 1.85 ശതമാനം താഴ്ന്നു.
അതേസമയം, നിഫ്റ്റി പി.എസ്.യു ബാങ്ക് രണ്ട് ശതമാനം, മീഡിയ 1.99 ശതമാനം എന്നിങ്ങനെ നേട്ടമുണ്ടാക്കി. ഓയില്‍ ആന്‍ഡ് ഗ്യാസ് 0.93 ശതമാനം ഉയര്‍ന്നു. നിഫ്റ്റി മിഡ്ക്യാപ്പ് 0.05 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.39 ശതമാനവും നഷ്ടത്തിലാണുള്ളത്.
നഷ്ടം ഒരുലക്ഷം കോടി
നിഫ്റ്റി 50ല്‍ ഇന്ന് 15 കമ്പനികളേ നേട്ടം കുറിച്ചുള്ളൂ. 34 എണ്ണം നഷ്ടത്തിലേക്ക് വീണു. ഒരു ഓഹരിയുടെ വില മാറിയില്ല.
ബി.എസ്.ഇയില്‍ 1,575 ഓഹരികള്‍ നേട്ടത്തിലേറിയപ്പോള്‍ 2,274 എണ്ണം രുചിച്ചത് നഷ്ടം. 96 ഓഹരികളുടെ വിലയില്‍ മാറ്റമില്ല. 524 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരവും 24 എണ്ണം താഴ്ചയും കണ്ടു. അപ്പര്‍, ലോവര്‍ സര്‍കീട്ടുകള്‍ ശൂന്യമായിരുന്നു.
ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ മൊത്തം നിക്ഷേപക സമ്പത്തില്‍ നിന്ന് ഇന്ന് ഒറ്റദിവസം ഒരുലക്ഷം കോടി രൂപ കൊഴിഞ്ഞു. 389.25 ലക്ഷം കോടി രൂപയില്‍ നിന്ന് 388.21 ലക്ഷം കോടി രൂപയിലേക്കാണ് മൂല്യമിടിഞ്ഞത്.
റബ്ഫില വീണു, കപ്പല്‍ശാല ഉയര്‍ന്നു
കേരളത്തില്‍ നിന്നുള്ള ലിസ്റ്റഡ് കമ്പനികളില്‍ ഇന്ന് റബ്ഫിലയാണ് കൂടുതല്‍ നഷ്ടം നേരിട്ടത് (-12.79%). മൂന്നാംപാദത്തില്‍ ലാഭം കുറഞ്ഞത് കമ്പനിക്ക് തിരിച്ചടിയായി. വണ്ടര്‍ല (-2.96%), മുത്തൂറ്റ് ഫിനാന്‍സ് (-4.57%), ഹാരിസണ്‍സ് മലയാളം (-4.53%), ധനലക്ഷ്മി ബാങ്ക് (-3.10 ശതമാനം) എന്നിവയും ഇന്ന് കുറിച്ചത് നഷ്ടം.
വണ്ടര്‍ലയുടെ ഡിസംബര്‍പാദ പ്രവര്‍ത്തനഫലം ഇന്ന് പുറത്തുവന്നു. ലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 38.94 കോടി രൂപയില്‍ നിന്ന് 37.35 കോടി രൂപയിലേക്ക് കുറഞ്ഞു.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഇന്ന് 4.22 ശതമാനം നേട്ടത്തിലേറി. ആസ്റ്റര്‍, ഇന്‍ഡിട്രേഡ്, കല്യാണ്‍ ജുവലേഴ്‌സ്, സഫ സിസ്റ്റംസ് എന്നിവയും ഭേദപ്പെട്ട നേട്ടം രേഖപ്പെടുത്തി.