വാരാന്ത്യത്തിലും നേട്ടം നിലനിര്‍ത്തി സൂചികകള്‍, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരി മുന്നേറ്റം തുടരുന്നു
സെന്‍സെക്‌സ് 333 പോയിന്റുയര്‍ന്നു, നിഫ്റ്റി 19,820ല്‍
തുടര്‍ച്ചയായ ആറാം ദിനത്തിലും നേട്ടം നിലനിര്‍ത്താനായതിന്റെ ആശ്വാസത്തിലാണ് ഇന്ന് വിപണി. സെന്‍സെക്‌സ് 333 പോയിന്റ് ഉയര്‍ന്ന് 66,599ലാണ് വ്യാപാരം അവസാനിപ്പിച്ചത്. എല്‍ & ടി, ഭാരതി എയര്‍ടെല്‍, ബാങ്ക് ഓഹരികള്‍ എന്നിവയാണ് സൂചികകള്‍ക്ക് കരുത്തു പകര്‍ന്നത്. പവര്‍, റെയില്‍ അനുബന്ധ ഓഹരികളും ഇന്ന് മികച്ച നേട്ടുമുണ്ടാക്കി.
സെന്‍സെക്‌സിലെ 30 ഓഹരികളില്‍ എന്‍.ടി.പി.സി മൂന്ന് ശതമാനം ഉയര്‍ന്നു. ടാറ്റ മോട്ടോഴ്‌സ്, എല്‍ & ടി എന്നിവ രണ്ടു ശതമാനം വീതം നേട്ടമുണ്ടാക്കി. ബജാജ് ഫിന്‍സെര്‍വ്, ഭാരതി എയര്‍ടെല്‍, റിലയന്‍സ്, ടൈറ്റന്‍ എന്നിവരാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയ മറ്റ് പ്രമുഖ ഓഹരികള്‍.
ഇന്ത്യയില്‍ എന്‍വിഡിയയുമായി ചേര്‍ന്ന് എ.ഐ ഇന്‍ഫ്രാ ഒരുക്കാനുള്ള നീക്കം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളെ ഉയര്‍ത്തി. യു.സ് ഗവണ്‍മെന്റ് കമ്പനിയില്‍ നിന്ന് ഓഡര്‍ ലഭിച്ചതിനെ തുടര്‍ന്ന് കപ്പല്‍ നിര്‍മാതാക്കളായ മസഗോണ്‍ ഡോക്ക് ഓഹരി അഞ്ച് ശതമാനത്തിലധികം ഉയര്‍ന്നു.
പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍, ആര്‍.ഇ.സി, ഹാവെല്‍സ് ഇന്ത്യ, ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പറേഷന്‍ (ഐ.ആര്‍.എഫ്.സി), ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് എന്നിവയാണ് നിഫ്റ്റി 200ല്‍ ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയ ഓഹരികള്‍.
നഷ്ടം രേഖപ്പെടുത്തിയവര്‍
ഷെമാരൂ എന്റര്‍ടെയിന്‍മെന്റ് ലിമിറ്റഡിന്റെ ചീഫ് എക്‌സ്‌ക്യൂട്ടീവ് ഓഫീസറായ ഹിരെണ്‍ ഗദയെ 70.25 കോടി രൂപയുടെ നികുതി വെട്ടിപ്പ് കേസില്‍ സെന്‍ട്രല്‍ ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് (C.G.S.T) ഡിപ്പാര്‍ട്ട്‌മെന്റ് അറ്സ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഓഹരി വില ഇന്ന് 5 ശതമാനം ലോവര്‍ സര്‍കീട്ടിലെത്തി.
സീ എന്റര്‍ടെയിന്‍മെന്റ് എന്റര്‍പ്രൈസസ്, എന്‍.എച്ച്.പി.സി, കോറോമാന്‍ഡെല്‍ ഇന്റര്‍നാഷണല്‍, പേജ് ഇന്‍ഡസ്ട്രീസ്, മാന്‍കൈന്‍ഡ് ഫാര്‍മ എന്നിവയാണ് ഇന്ന് താഴ്ചയിലേക്ക് പോയ മുഖ്യ ഓഹരികള്‍.
മുന്നേറ്റം നിലനിര്‍ത്തി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരി
യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്‌സ്, സാഫ സിസ്റ്റംസ് ആന്‍ഡ് ടെക്‌നോളജീസ്, പ്രൈമ ഇന്‍ഡസ്ട്രീസ് എന്നീ ഓഹരികള്‍ അഞ്ച് ശതമാനത്തോളം ഉയര്‍ന്നു. ടി.സി.എം ഓഹരികളാണ് ഇന്ന് കൂടുതല്‍ ഇടിവ് രേഖപ്പെടുത്തിയ കേരള കമ്പനി. 4.41 ശതമാനംഇടിഞ്ഞ് 40.50 രൂപയിലാണ് ഓഹരി. സ്‌കൂബി ഡേ ഗാര്‍മെന്റ്‌സ്, ഇന്‍ഡിട്രേഡ് ക്യാപിറ്റല്‍ സെക്യൂരിറ്റീസ്, നിറ്റ ജെലാറ്റിന്‍, ഹാരിണ്‍സ് മലയാളം എന്നിവ മൂന്നു ശതമാനം വരെ നഷ്ടമുണ്ടാക്കി.