നിഫ്റ്റിക്ക് പുതിയ ഉയരം; സെന്‍സെക്‌സ് 75,000ന് മുകളില്‍, വേദാന്തയും എണ്ണ ഓഹരികളും കുതിക്കുന്നു, ഇനി കാതോര്‍ക്കാം അമേരിക്കയിലേക്ക്

നിക്ഷേപക സമ്പത്ത് ₹402 ലക്ഷം കോടിയായി, ഐ.ടി ഓഹരികളും രൂപയും മുന്നോട്ട്, നാളെ ഓഹരി വിപണിക്ക് അവധി

Update:2024-04-10 19:49 IST
ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് തന്നെ നിര്‍ണായകമായ അമേരിക്കയുടെ റീറ്റെയ്ല്‍ പണപ്പെരുപ്പക്കണക്കും കേന്ദ്രബാങ്കായ യു.എസ് ഫെഡറല്‍ റിസര്‍വിന്റെ കഴിഞ്ഞ പണനയ യോഗത്തിന്റെ മിനിട്ട്‌സും ഇന്ത്യന്‍ സമയം ഇന്ന് രാത്രിയോടെ പുറത്തുവരാനിരിക്കേ, ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് നടത്തിയത് റെക്കോഡ് തേരോട്ടം.
കഴിഞ്ഞമാസത്തെ പണപ്പെരുപ്പം ഫെബ്രുവരിയെ അപേക്ഷിച്ച് കൂടിയിട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ യു.എസ് ഫെഡ് സമീപകാലത്തൊന്നും അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കില്ല. സമ്പദ്‌വളര്‍ച്ച, പണപ്പെരുപ്പം എന്നിവയുടെ ദിശയെക്കുറിച്ച് യു.എസ് ഫെഡ് കഴിഞ്ഞ പണനയത്തില്‍ എന്തൊക്കെ ചര്‍ച്ച ചെയ്‌തെന്ന് മിനിട്ട്‌സ് പുറത്തുവരുന്നതോടെ വ്യക്തമാകും. കഴിഞ്ഞമാസം അമേരിക്കയിലെ പുതിയ തൊഴിലവസരങ്ങളുടെ എണ്ണം പ്രതീക്ഷിച്ചതിനേക്കാള്‍ കൂടിയെന്നത്, അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുന്നതിന്റെ സൂചനകളായാണ് പൊതുവേ വിലയിരുത്തപ്പെടുന്നതും. ഇത്, വരുമാനത്തിന്റെ മുഖ്യപങ്കും അമേരിക്കയില്‍ നിന്ന് നേടുന്ന ഇന്ത്യന്‍ ഐ.ടി കമ്പനികളുടെ ഓഹരികളെ ഇന്ന് ഉയരങ്ങളിലേക്കും നയിച്ചു.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം

 

സെന്‍സെക്‌സ് ഇന്ന് ഒരുവേള 75,105.14 വരെ ഉയര്‍ന്നു. എന്നാല്‍, ഇന്നലെ കുറിച്ച സര്‍വകാല ഉയരമായ 75,124 ഭേദിക്കാന്‍ കഴിഞ്ഞില്ല. പക്ഷേ, 75,038 എന്ന എക്കാലത്തെയും ഉയര്‍ന്ന ക്ലോസിംഗ് നിലവാരം കൈവരിക്കാനായെന്നത് നേട്ടമായി. 354.45 പോയിന്റാണ് (+0.47%) ഇന്നത്തെ നേട്ടം. അതേസമയം, നിഫ്റ്റി ഇന്ന് എക്കാലത്തെയും ഉയരവും റെക്കോഡ് ക്ലോസിംഗ് പോയിന്റും കുറിച്ചു. ഒരുവേള 22,775.70 വരെ മുന്നേറിയ നിഫ്റ്റി വ്യാപാരാന്ത്യത്തിലുള്ളത് 111.05 പോയിന്റ് (+0.49%) നേട്ടവുമായി 22,753.80ലാണ്. ഈദ്-ഉല്‍-ഫിത്ര്‍ പ്രമാണിച്ച് നാളെ ഓഹരി വിപണിക്ക് അവധിയാണ്.
രൂപയ്ക്കും മികച്ച നേട്ടം
ഓഹരി, കടപ്പത്ര വിപണികളിലേക്ക് മികച്ചനിലയില്‍ വിദേശ നിക്ഷേപം എത്തുന്നതും ഡോളര്‍ ദുര്‍ബലമായതും അമേരിക്കന്‍ കടപ്പത്രങ്ങളുടെ ആദായനിരക്ക് (ബോണ്ട് യീല്‍ഡ്) താഴ്ന്നതും രൂപയ്ക്കിന്ന് നേട്ടമായി. രൂപ ഇന്ന് വ്യാപാരാന്ത്യത്തില്‍ ഡോളറിനെതിരെ 0.16 ശതമാനം നേട്ടവുമായി 83.18ലാണുള്ളത്. ഒരുവേള മൂല്യം 83.16 വരെ ഉയര്‍ന്നിരുന്നു. കഴിഞ്ഞ മാര്‍ച്ച് 21ന് ശേഷമുള്ള ഏറ്റവും മികച്ച നിലവാരമാണിത്. പൊതുമേഖലാ ബാങ്കുകള്‍ ഇന്ന് വന്‍തോതില്‍ ഡോളര്‍ വാങ്ങിക്കൂട്ടിയിരുന്നു. ഇതില്ലായിരുന്നെങ്കില്‍ രൂപ ഇന്ന് കൂടുതല്‍ മെച്ചപ്പെടുമായിരുന്നു.
വിപണിയുടെ ട്രെന്‍ഡ്
കാളകളുടെ തേരോട്ടമാണ് ഇന്ന് നിഫ്റ്റി50ല്‍ കണ്ടത്. 32 ഓഹരികള്‍ മുന്നേറിയപ്പോള്‍ നഷ്ടം രുചിച്ചത് 18 എണ്ണം. കോള്‍ ഇന്ത്യ (+3.56%), ബി.പി.സി.എല്‍ (+3.46%), ഐ.ടി.സി (+2.26%), കോട്ടക് ബാങ്ക് (+2.26%), ഹിന്‍ഡാല്‍കോ (+2.26%) എന്നിവ നേട്ടത്തില്‍ മുന്നിലെത്തി. എച്ച്.ഡി.എഫ്.സി ലൈഫ് (-2.04%), സിപ്ല (-1.68%) എന്നിവയാണ് നഷ്ടത്തില്‍ മുന്നിലുള്ളവ.
ബി.എസ്.ഇയില്‍ 3,933 ഓഹരികള്‍ വ്യാപാരം ചെയ്യപ്പെട്ടതില്‍ 1,904 എണ്ണം നേട്ടത്തിലും 1,939 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 90 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
183 ഓഹരികള്‍ ഇന്ന് 52-ആഴ്ചത്തെ ഉയരവും 11 എണ്ണം താഴ്ചയും കണ്ടു. അപ്പര്‍-സര്‍കീട്ട് ഇന്ന് കാലിയായിരുന്നു. ലോവര്‍-സര്‍കീട്ടില്‍ ഒരു കമ്പനിയുണ്ടായിരുന്നു. ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയുക്ത വിപണിമൂല്യം ഇന്ന് 2.27 ലക്ഷം കോടി രൂപ വര്‍ധിച്ച് എക്കാലത്തെയും ഉയരമായ 402.19 ലക്ഷം കോടി രൂപയിലെത്തി; അതായത് 4.83 ലക്ഷം കോടി (ട്രില്യണ്‍) ഡോളര്‍. 5 ട്രില്യണ്‍ ഡോളര്‍ എന്ന മാജിക്‌സംഖ്യയിലേക്ക് ഇനിയുള്ളത് 0.17 ട്രില്യണ്‍ ഡോളറിന്റെ ദൂരം.
നേട്ടത്തിലേറിയവരും കുതിപ്പിന്റെ പശ്ചാത്തലവും
ഐ.ടി.സി., കോട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയര്‍ടെല്‍, എസ്.ബി.ഐ., ഏഷ്യന്‍ പെയിന്റ്‌സ്, ടി.സി.എസ്., ഇന്‍ഫോസിസ് എന്നിവയാണ് സെന്‍സെക്‌സില്‍ ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയവ. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തികളായ അമേരിക്കയിലും ചൈനയിലും മാനുഫാക്ചറിംഗ് മേഖല മികച്ച വളര്‍ച്ചയിലേക്ക് തിരിച്ചുകയറുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ മെറ്റല്‍ ഓഹരികള്‍ ഇന്നും തിളങ്ങി.
ഇന്ന് കൂടുതൽ നേട്ടം കൈവരിച്ചവ‌ർ

 

വേദാന്ത, യുണൈറ്റഡ് സ്പിരിറ്റ്‌സ് (മക്ഡവല്‍സ്), ഹിന്ദുസ്ഥാന്‍ പെട്രോളിയം (HPCL), സണ്‍ ടിവി, എന്‍.എം.ഡി.സി എന്നിവയാണ് നിഫ്റ്റി 200ല്‍ ഇന്ന് നേട്ടത്തില്‍ മുന്നിലെത്തിയവ. ബ്രോക്കറേജ് സ്ഥാപനമായ സി.എല്‍.എസ്.എയില്‍ നിന്ന് 'വാങ്ങല്‍' (Buy) റേറ്റിംഗും 390 രൂപയെന്ന ലക്ഷ്യവിലയും കിട്ടിയ പശ്ചാത്തലത്തിലാണ് കഴിഞ്ഞ രണ്ടുദിവസമായി വേദാന്ത ഓഹരികളുടെ കുതിപ്പ്. ഓഹരിവില ഇന്നുള്ളത് 6.68 ശതമാനം ഉയര്‍ന്ന് 361.20 രൂപയിലാണ്.
യുണൈറ്റഡ് സ്പിരിറ്റ്‌സില്‍ ബ്രിട്ടീഷ് കമ്പനിയായ ഡയാജിയോ ഓഹരി പങ്കാളിത്തം 25.02 ശതമാനത്തിലേക്ക് ഉയര്‍ത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്, ഓഹരിവില ഇന്ന് 6.68 ശതമാനം ഉയര്‍ന്നത്.
ക്രൂഡോയില്‍ വില ബാരലിന് 90 ഡോളറിന് താഴെയെത്തിയ പശ്ചാത്തലത്തിലാണ് എച്ച്.പി.സി.എല്‍ ഉള്‍പ്പെടെയുള്ള എണ്ണക്കമ്പനി ഓഹരികള്‍ ഇന്ന് തിളങ്ങിയത്. ബി.പി.സി.എല്‍., ഇന്ത്യന്‍ ഓയില്‍ ഓഹരികളും ഇന്ന് മികച്ച നേട്ടത്തിലാണ്.
സണ്‍ ടിവി കഴിഞ്ഞദിവസം ഓഹരിക്ക് മൂന്നുരൂപ വീതം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ എട്ട് ആയിരുന്നു ഇതിന്റെ റെക്കോഡ് തീയതി. മോത്തിലാല്‍ ഓസ്വാളില്‍ നിന്ന് മികച്ച റേറ്റിംഗും ലക്ഷ്യവിലയും കിട്ടിയ റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ കോള്‍ട്ടെ-പാട്ടീലിന്റെ ഓഹരി ഇന്ന് 10 ശതമാനത്തിലേറെ ഉയര്‍ന്നു.
ഇരുമ്പയിര് വില വര്‍ധിക്കുന്നതാണ് എന്‍.എം.ഡി.സിക്ക് നേട്ടമാകുന്നത്. ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡുമായി വിപണനസഖ്യത്തിലേര്‍പ്പെട്ട പോളിസിബസാറിന്റെ (PB Fintech) ഓഹരി ഇന്നൊരുവേള 5 ശതമാനത്തിലധികം ഉയര്‍ന്നു.
നിരാശപ്പെടുത്തിയവര്‍
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി സുസുക്കി, എച്ച്.ഡി.എഫ്.സി ബാങ്ക്, എല്‍ ആന്‍ഡ് ടി എന്നിവയാണ് ഇന്ന് സെന്‍സെക്‌സില്‍ കൂടുതല്‍ നിരാശപ്പെടുത്തിയ പ്രമുഖര്‍.
ഇന്ന് കൂടുതൽ നഷ്ടം രുചിച്ചവർ

 

കല്യാണ്‍ ജുവലേഴ്‌സ്, നൗക്രി (ഇന്‍ഫോ എഡ്ജ്), ടാറ്റാ കമ്മ്യൂണിക്കേഷന്‍സ്, എച്ച്.ഡി.എഫ്.സി ലൈഫ്, എ.പി.എല്‍ അപ്പോളോ ട്യൂബ്‌സ് എന്നിവയാണ് നിഫ്റ്റി 200ല്‍ നഷ്ടത്തില്‍ മുന്നിലുള്ളവ. ഇവ രണ്ടുമുതല്‍ രണ്ടര ശതമാനം വരെ താഴ്ന്നു.
പേയ്ടിഎം പേമെന്റ്‌സ് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായിരുന്ന സുരീന്ദര്‍ ചൗള രാജിവച്ചതിനെ തുടര്‍ന്ന് പേയ്ടിഎം (വണ്‍97 കമ്മ്യൂണിക്കേഷന്‍സ്) ഓഹരികള്‍ ഇന്നൊരുവേള മൂന്ന് ശതമാനത്തിലധികം താഴേക്കുപോയി.
ഡി.എം.ആര്‍.സിയില്‍ നിന്ന് 8,000 കോടി രൂപ പേറ്റന്റ് തുക ഈടാക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതിയെ സമീപിച്ച അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന് കീഴിലെ ഡല്‍ഹി എയര്‍പോര്‍ട്ട് മെട്രോ എക്‌സ്പ്രസ് കമ്പനിക്ക് കനത്ത തിരിച്ചടിയുണ്ടായി. കേസില്‍ ഡി.എം.ആര്‍.സിക്ക് അനുകൂലമായി വിധിച്ച സുപ്രീം കോടതി, ഇതുവരെ ഈടാക്കിയ പണം റീഫണ്ട് ചെയ്യണമെന്നും ആവശ്യപ്പെടുകയായിരുന്നു (
ഇത് സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
). റിലയന്‍സ് ഇന്‍ഫ്ര ഓഹരി ഇന്ന് 20 ശതമാനം ഇടിഞ്ഞ് ലോവര്‍-സര്‍കീട്ടില്‍പ്പെട്ടു.
വിശാല വിപണിയിലെ താരങ്ങള്‍
വിശാലവിപണിയില്‍ നിഫ്റ്റി ഫാര്‍മയും (-0.34%) ഓട്ടോയും (-0.06) ഒഴികെയുള്ളവ മികച്ച നേട്ടമുണ്ടാക്കി. ക്രൂഡോയില്‍ വില താഴ്ന്ന സാഹചര്യത്തില്‍ നിഫ്റ്റി ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചിക 1.50 ശതമാനം ഉയര്‍ന്നു.
നിഫ്റ്റി പി.എസ്.യു ബാങ്ക് 1.53 ശതമാനം, മീഡിയ 1.80 ശതമാനം, മെറ്റല്‍ 1.18 ശതമാനം, എഫ്.എം.സി.ജി 1.23 ശതമാനം, ഐ.ടി 0.61 ശതമാനം എന്നിങ്ങനെ നേട്ടമുണ്ടാക്കി. ബാങ്ക് നിഫ്റ്റി 0.53 ശതമാനം നേട്ടത്തിലേറി. നിഫ്റ്റി മിഡ്ക്യാപ്പ് 0.97 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.73 ശതമാനവും നേട്ടത്തിലാണുള്ളത്.
കേരള ഓഹരികള്‍ സമ്മിശ്രം
പൊതുവേ സമ്മിശ്ര പ്രകടനമാണ് കേരളത്തില്‍ നിന്നുള്ള ലിസ്റ്റഡ് കമ്പനികളുടെ ഓഹരികള്‍ കാഴ്ചവച്ചത്. മുന്‍നിര കമ്പനികള്‍ക്കൊന്നും മികച്ച നേട്ടമുണ്ടാക്കാനായില്ല.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

 

പ്രൈമ ഇന്‍ഡസ്ട്രീസ് 10 ശതമാനം ഉയര്‍ന്നു. യൂണിറോയല്‍ മറീന്‍ 4.96 ശതമാനവും വെര്‍ട്ടെക്‌സ് 4.87 ശതമാനവും അപ്പോളോ ടയേഴ്‌സ് 4.01 ശതമാനവും നേട്ടവുമായി തൊട്ടുപിന്നാലെയുണ്ട്. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ (CMRL) 3.26 ശതമാനം നേട്ടമുണ്ടാക്കി. സി.എസ്.ബി ബാങ്ക് 2.20 ശതമാനവും ഫെഡറല്‍ ബാങ്ക് 2.18 ശതമാനവും വി-ഗാര്‍ഡ് 1.15 ശതമാനവും ഉയര്‍ന്നു.
പാറ്റ്‌സ്പിന്‍ 10.28 ശതമാനം ഇടിഞ്ഞു. പ്രൈമ അഗ്രോ, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ജി.ടി.എന്‍ ടെക്‌സ്റ്റൈല്‍സ്, സ്റ്റെല്‍ ഹോള്‍ഡിംഗ്‌സ് എന്നിവ 3-3.5 ശതമാനം താഴ്ന്ന് തൊട്ടുപിന്നാലെയുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്ക്, പോപ്പുലര്‍ വെഹിക്കിള്‍സ്, മുത്തൂറ്റ് മൈക്രോഫിന്‍, മുത്തൂറ്റ് ഫിനാന്‍സ്, ധനലക്ഷ്മി ബാങ്ക് എന്നിവയും ഇന്ന് നഷ്ടത്തിലാണുള്ളത്.
Tags:    

Similar News