ഫ്ലാറ്റായി ക്ലോസ് ചെയ്ത് വിപണി, ചോളമണ്ഡലം, സി.എസ്.ബി ബാങ്ക് ഓഹരികള്‍ക്ക് നേട്ട ദിനം, കൊച്ചിൻ ഷിപ്പ്‍യാർഡ് നഷ്ടത്തില്‍‌

നിഫ്റ്റി മിഡ്ക്യാപ് 0.23 ശതമാനത്തിന്റെയും സ്മാള്‍ ക്യാപ് 0.28 ശതമാനത്തിന്റെയും നേട്ടത്തില്‍ ക്ലോസ് ചെയ്തു

Update:2024-12-10 18:06 IST
ബെഞ്ച്മാർക്ക് സൂചികകൾ ഫ്ലാറ്റായി ചൊവ്വാഴ്ച വ്യാപാരം അവസാനിച്ചു. വളരെ ചാഞ്ചാട്ടം നിറഞ്ഞ ദിവസത്തിനാണ് വിപണി ഇന്ന് സാക്ഷ്യം വഹിച്ചത്. രാവിലെ നല്ല തുടക്കത്തില്‍ ആരംഭിച്ച വിപണി ആദ്യ പകുതിയിൽ പോസിറ്റീവ് ആയാണ് വ്യാപാരം നടത്തിയത്. രണ്ടാം പകുതിയില്‍ നിക്ഷേപകര്‍ ലാഭ ബുക്കിംഗില്‍ ഏര്‍പ്പെട്ടത് നിഫ്റ്റിയെ ചുവപ്പിലേക്ക് വീഴ്ത്തി.
ഐ.ടി, റിയൽറ്റി മേഖലകളില്‍ അവസാന മണിക്കൂറില്‍ വലിയ വാങ്ങലുകളാണ് നിക്ഷേപകര്‍ നടത്തിയത്. ഇന്ത്യയിലെയും യു.എസിലെയും ഉപഭോക്തൃ വില സൂചിക ഈ ആഴ്‌ച പുറത്തു വരാനിരിക്കുകയാണ്. ഇതിനാല്‍ നിക്ഷേപകര്‍ മുൻകരുതൽ സ്വീകരിക്കുന്നതും വിപണി ഫ്ലാറ്റായി ക്ലോസ് ചെയ്യാനുളള കാരണമാണ്.
സെൻസെക്സ് 1.59 പോയിൻ്റ് ഉയർന്ന് 81,510.05 ലും നിഫ്റ്റി 0.04 ശതമാനം (8.95 പോയിൻ്റ്) ഇടിഞ്ഞ് 24,610.05 ലുമാണ് ക്ലോസ് ചെയ്തത്.
വിവിധ സൂചികകളുടെ പ്രകടനം

 

വിശാല വിപണിയില്‍ ഇന്ന് നിഫ്റ്റി മിഡ്ക്യാപ് 0.23 ശതമാനത്തിന്റെയും സ്മാള്‍ ക്യാപ് 0.28 ശതമാനത്തിന്റെയും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
മീഡിയ, ഫാര്‍മ, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഓട്ടോ സൂചികകളാണ് നഷ്ടത്തില്‍ ക്ലോസ് ചെയ്തത്. നിഫ്റ്റി റിയല്‍റ്റി 1.43 ശതമാനത്തിന്റെയും ഐ.ടി 0.82 ശതമാനത്തിന്റെയും നേട്ടം കാഴ്ചവെച്ചു.

നേട്ടത്തിലായവരും നഷ്ടത്തിലായവരും

ചോളമണ്ഡലം ഇൻവെസ്റ്റ്‌മെൻ്റ് ആൻഡ് ഫിനാൻസ് കമ്പനി 4.49 ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. മൂന്നാം പാദത്തില്‍ കമ്പനി മികച്ച പ്രകടനം കാഴ്ചവെക്കുന്നത് ഓഹരിക്ക് ശക്തി പകരുന്നു. ചോളമണ്ഡലത്തിൻ്റെ വൈവിധ്യമാർന്ന സാമ്പത്തിക സേവന മാതൃക വിപണി സാഹചര്യങ്ങള്‍ക്ക് അനുയോജ്യമാണെന്നാണ് വിലയിരുത്തല്‍. ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് 1,500 രൂപ ലക്ഷ്യവിലയാണ് ഓഹരിക്ക് പ്രവചിച്ചിട്ടുളളത്. ഓഹരി 1339 രൂപയിലാണ് ക്ലോസ് ചെയ്തത്.
നേട്ടത്തിലായവര്‍

 

എഫ്.എസ്.എന്‍ ഇ-കൊമേഴ്‌സ് വെഞ്ചേഴ്‌സ് (4.13%), ഫീനിക്സ് മിൽസ് (3.72%), ബജാജ് ഫിൻസെർവ്, ഇൻഫോസിസ്, എച്ച്‌സിഎൽ ടെക്‌നോളജീസ്, വിപ്രോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ (എല്‍.ഐ.സി) നവംബറിലെ പ്രീമിയം ഇടിവ് മൂലം ഓഹരി ഏകദേശം 4 ശതമാനം ഇടിഞ്ഞു. എൽ.ഐ.സി യുടെ ഹോള്‍സെയില്‍, റീട്ടെയിൽ വാർഷിക പ്രീമിയത്തില്‍ നവംബറിൽ യഥാക്രമം 19 ശതമാനവും 12 ശതമാനവും ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓഹരി 947 രൂപയിലാണ് ക്ലോസ് ചെയ്തത്. അദാനി ഗ്രീന്‍ എനര്‍ജി 3.45 ശതമാനം നഷ്ടത്തില്‍ 1,175 ലാണ് ക്ലോസ് ചെയ്തത്.

നഷ്ടത്തിലായവര്‍

 

ഭാരതി ഹെക്സാകോം, റെയില്‍ വികാസ് നിഗം തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

സി.എസ്.ബി ക്ക് മുന്നേറ്റം

കേരളാ ഓഹരികള്‍ ഇന്ന് സമ്മിശ്ര പ്രകടനമായിരുന്നു കാഴ്ചവെച്ചത്. കിറ്റെക്സ് ഗാര്‍മെന്റ്സ്, പോപ്പീസ് കെയര്‍, സി.എസ്.ബി ബാങ്ക് എന്നിവ 5 ശതമാനത്തിനും 7 ശതമാനത്തിനും ഇടയില്‍ നേട്ടമുണ്ടാക്കി.
മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് മൈക്രോഫിന്‍, എ.വി.ടി, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.
കേരളാ കമ്പനികളുടെ പ്രകടനം

 

കൊച്ചിൻ ഷിപ്പ്‍യാർഡ് 2.44 ശതമാനം ഇടിഞ്ഞ് 1642 രൂപയിലാണ് ക്ലോസ് ചെയ്തത്. ഫാക്ട് ഓഹരി 2.57 ശതമാനം ഉയര്‍ന്ന് 1022 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ടോളിന്‍സ് ടയേഴ്സ് (6.82%), കല്യാണ്‍ ജുവലേഴ്സ് (2.31%), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (3.90%) തുടങ്ങിയ ഓഹരികളും നഷ്ടത്തിലായിരുന്നു.
Tags:    

Similar News