കഴിഞ്ഞ ദിവസങ്ങളിലെ നേട്ടത്തിന്റെ ചുവടുപിടിച്ച് നിക്ഷേപകര്‍ കൂട്ടത്തോടെ ലാഭമെടുപ്പ് നടത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി സൂചികകള്‍ക്ക് ഇന്ന് കുറിച്ചിടാനായത് നേരിയ വളര്‍ച്ച മാത്രം. സെന്‍സെക്‌സ് 63.72 പോയിന്റ് (0.10%) ഉയര്‍ന്ന് 63,344.17ലും നിഫ്റ്റി 24.10 പോയിന്റ് (0.12%) നേട്ടവുമായി 19,355.90ലുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ നിലവാരം
ഇന്ന് നേട്ടത്തോടെയാണ് ഓഹരി വിപണി വ്യാപാരം തുടങ്ങിയത്. തുടര്‍ന്ന്, ഉച്ചയോടെ ലാഭമെടുപ്പ് കനക്കുകയും വിപണി ചാഞ്ചാടുകയുമായിരുന്നു. സെന്‍സെക്‌സ് ഇന്ന് ഒരുവേള 65,246.40 വരെ താഴുകയും 65,633.49 വരെ ഉയരുകയും ചെയ്തിരുന്നു. നിഫ്റ്റിയും 19,327.10 വരെ താഴുകയും 19,435.85 വരെ ഉയരുകയും ചെയ്തശേഷമാണ് 19,355.90ലേക്ക് ഇറങ്ങിയത്. രൂപയും ഇന്ന് നേട്ടത്തിലാണ്. ഡോളറിനെതിരെ 17 പൈസ ഉയര്‍ന്ന് 82.57 ആണ് വ്യാപാരാന്ത്യ മൂല്യം.
റിലയന്‍സാണ് താരം
നഷ്ടത്തിലേക്ക് വീഴാതെ ഇന്ന് സെന്‍സെക്‌സിനെ പിടിച്ചുനിറുത്തിയത് റിലയന്‍സ് ഇന്‍സ്ട്രീസിന്റെ മുന്നേറ്റമാണ്. വ്യാപാരത്തിനിടെ ഒരുവേള 4 ശതമാനത്തിലധികം കുതിച്ച് 52-ആഴ്ചത്തെ ഉയരമായ 2,756 രൂപവരെയെത്തിയ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണിമൂല്യം ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഇന്ന് 18 ലക്ഷം കോടി രൂപ കടക്കുകയും ചെയ്തു.
റിലയന്‍സ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡിനെ മാതൃകമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് വേര്‍പെടുത്തി, ജിയോ ഫൈനാന്‍ഷ്യല്‍ സര്‍വീസസ് എന്ന പേരില്‍ പുതുതായി അവതരിപ്പിക്കാനും ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനുമുള്ള നീക്കമാണ് റിലയന്‍സ് ഓഹരികള്‍ക്ക് ഇന്ന് കുതിപ്പേകിയത്. ജൂലൈ 20 ആണ് വിഭജനത്തിനുള്ള റെക്കോഡ് തീയതി.
കനത്ത ലാഭമെടുപ്പ്
ലോഹം, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നിവ ഒഴികെയുള്ള എല്ലാ ഓഹരി വിഭാഗങ്ങളിലും ഇന്ന് ലാഭമെടുപ്പുണ്ടായി. നിഫ്റ്റിയില്‍ ഐ.ടി സൂചികയാണ് (1.24 ശതമാനം) ഏറ്റവുമധികം സമ്മര്‍ദ്ദം നേരിട്ടത്.
മീഡിയ (0.95 ശതമാനം), എഫ്.എം.സി.ജി (0.77 ശതമാനം), റിയാല്‍റ്റി (0.85 ശതമാനം), ഓട്ടോ (0.62 ശതമാനം) എന്നിവയും തിരിച്ചടി നേരിട്ടു. നിഫ്റ്റി മിഡ്ക്യാപ്പ് ഇന്ന് 0.38 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.58 ശതമാനവും നഷ്ടത്തിലാണുള്ളത്.
ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടവർ
എച്ച്.സി.എല്‍ ടെക്, ടൈറ്റന്‍, പവര്‍ഗ്രിഡ്, ടി.സി.എസ് എന്നിവയാണ് ഇന്ന് നഷ്ടത്തിലേക്ക് വീണ പ്രധാന ഓഹരികള്‍. ഏറ്റവുമധികം നഷ്ടം കുറിച്ചവ ഇവയാണ് : ബാലകൃഷ്ണ ഇന്‍ഡസ്ട്രീസ്, ദീപക് നൈട്രൈറ്റ്, വണ്‍97 കമ്മ്യൂണിക്കേഷന്‍സ് (പേയ്ടിഎം), ഹിന്ദുസ്ഥാന്‍ സിങ്ക്.
ജിയോ ഫൈനാന്‍ഷ്യല്‍ സര്‍വീസ് വെല്ലുവിളിയാകുമെന്ന വിലയിരുത്തലുകളാണ് പേയ്ടിഎം ഓഹരികളെ ബാധിച്ചത്. ഓഹരി ഒന്നിന് ഏഴ് രൂപ വീതം ലാഭവിഹിതം പ്രഖ്യാപിച്ചെങ്കിലും ഹിന്ദുസ്ഥാന്‍ സിങ്ക് ഇന്ന് ഇടിയുകയായിരുന്നു. മാതൃകമ്പനിയായ വേദാന്ത, ഹിന്ദുസ്ഥാന്‍ സിങ്കിന്റെ റിസര്‍വ് പണം കൈയിട്ടുവാരുന്നതിന്റെ ഭാഗമായാണ് തുടര്‍ച്ചയായുള്ള ഈ ലാഭവിഹിത പ്രഖ്യാപനമെന്നാണ് നിരീക്ഷകർ വാദിക്കുന്നത്.
നേട്ടത്തിലേറിയവര്‍
റിലയന്‍സിന് പുറമേ ടാറ്റാ സ്റ്റീല്‍, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, എച്ച്.ഡി.എഫ്.സി ലൈഫ്, ഭാരതി എയര്‍ടെല്‍ എന്നിവയിലുണ്ടായ വാങ്ങല്‍ താത്പര്യവും ഇന്ന് നേട്ടത്തില്‍ നിലനില്‍ക്കാന്‍ ഓഹരി സൂചികകള്‍ക്ക് തുണയായി.
ഇന്ന് ഏറ്റവുമധികം നേട്ടം കുറിച്ചവർ
ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ, ഗ്ലാന്‍ഡ് ഫാര്‍മ, എസ്‌കോര്‍ട്‌സ് കുബോട്ട എന്നിവയാണ് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. സ്റ്റീല്‍ കമ്പനികള്‍ക്ക് പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പൊതുവേ ശുക്രദശ പ്രവചിച്ചതാണ് ഇന്നത്തെ കുതിപ്പിന് കാരണം.
കുതിപ്പും കിതപ്പും
ബി.എസ്.ഇ മിഡ്ക്യാപ്പ് ഓഹരികള്‍ ഇന്ന് 0.45 ശതമാനവും സ്‌മോള്‍ക്യാപ്പ് ഓഹരികള്‍ 0.25 ശതമാനവും നഷ്ടത്തിലാണുള്ളത്. സെന്‍സെക്‌സില്‍ ഇന്ന് 2,200 കമ്പനികള്‍ നഷ്ടത്തിലും 1,473 കമ്പനികള്‍ നേട്ടത്തിലുമാണ്. 157 കമ്പനികളുടെ ഓഹരിവില മാറിയില്ല.
226 കമ്പനികള്‍ 52-ആഴ്ചത്തെ ഉയരത്തിലും 59 കമ്പനികള്‍ താഴ്ചയിലുമെത്തി. 11 കമ്പനികള്‍ ഇന്ന് അപ്പര്‍ സര്‍ക്യൂട്ടിലും 59 കമ്പനികള്‍ ലോവര്‍ സര്‍ക്യൂട്ടിലും വ്യാപാരം ചെയ്യപ്പെട്ടു. നിഫ്റ്റിയില്‍ മെറ്റല്‍ സൂചിക 1.69 ശതമാനവും ഓയില്‍ ആന്‍ഡ് ഗ്യാസ് 0.59 ശതമാനവും ഉയര്‍ന്നു. ചൈനീസ് സമ്പദ്‌വ്യവസ്ഥ കരകയറുന്നുവെന്ന സൂചനകളും ഇന്ന് മെറ്റല്‍ ഓഹരികള്‍ക്ക് ആവേശമായി.
തിളങ്ങാതെ കേരള ഓഹരികള്‍
കേരള ഓഹരികളുടെ ഇന്നത്തെ നിലവാരം
കേരളം ആസ്ഥാനമായ പ്രമുഖ കമ്പനികളൊന്നും ഇന്ന് ശ്രദ്ധേയ മുന്നേറ്റം കാഴ്ചവച്ചില്ല. സ്‌കൂബിഡേ 3 ശതമാനവും അപ്പോളോ ടയേഴ്‌സ് 2.83 ശതമാനവും ഉയര്‍ന്നു. സ്‌റ്റെല്‍ ഹോള്‍ഡിംഗ്‌സ് ഓഹരി 8.24 ശതമാനം കുതിച്ചു.
ഫാക്ട് 3.10 ശതമാനം താഴ്ന്നു. വണ്ടര്‍ല, വി-ഗാര്‍ഡ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ടി.സി.എം ലിമിറ്റഡ്, സെല്ല സ്‌പേസ് എന്നിവ 2-4 ശതമാനം നഷ്ടത്തിലാണുള്ളത്.