നേരിയ നഷ്ടത്തില്‍ അവസാനിപ്പിച്ച് സൂചികകള്‍, ഉയർന്ന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും മസഗണ്‍ ഡോക്കും

കേരള തിളക്കമായി ഹാരിസണ്‍സ് മലയാളം

Update:2024-07-11 19:11 IST

ദിവസം മുഴുവന്‍ നീണ്ട ചാഞ്ചാട്ടത്തിനൊടുവില്‍ ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് നേരിയ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ജൂണ്‍ പാദത്തിലെ പ്രവര്‍ത്തനഫലക്കണക്കുകള്‍ പുറത്തു വരുന്നതിനു മുന്നോടിയായി വമ്പന്‍ ഓഹരികളിലുണ്ടായ വില്‍പ്പന സമ്മര്‍ദ്ദമാണ് വിപണിയില്‍ ഇടിവുണ്ടാക്കിയത്. അതേ സമയം ഇന്‍ട്രാ ഡേ നഷ്ടം സൂചികകള്‍ തിരിച്ചു പിടിച്ചു.

സെന്‍സെക്‌സ് 27.43 പോയിന്റ് ഇടിഞ്ഞ് 79,897.34ലാണ് ക്ലോസ് ചെയ്തത്. വ്യാപാരത്തിനിടെ ഒരുവേള 245.32 പോയിന്റ് വരെ ഉയര്‍ന്ന് 80,170.09ലെത്തിയിരുന്നു. പക്ഷെ വില്‍പ്പന സമ്മര്‍ദ്ദം സൂചികകളെ താഴേക്ക് വലിച്ചു. ഒരുവേള 460 പോയിന്റ് വരെ താഴേക്ക് പോയശേഷമാണ് നഷ്ടം പരിമിതപ്പെടുത്തിയത്.
നിഫ്റ്റിയും 8.50 പോയിന്റ് ഇടിഞ്ഞ് 24,315.95ല്‍ വ്യാപാരം അവസാനിപ്പിച്ചു. 24,402.65നും 24,193.75നും ഇടയിലായിരുന്നു ഇന്ന് നിഫ്റ്റിയുടെ വ്യാപാരം. സെന്‍സെക്‌സ് ഓഹരികളില്‍ ബജാജ് ഫിനാന്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, സണ്‍ഫാര്‍മ, നെസ്‌ലെ, എന്‍.ടി.പി.സി, പവര്‍ ഗ്രീഡ്, അള്‍ട്രാ ടെക് സിമന്റ്‌സ്, എല്‍ ആന്‍ഡ് ടി എന്നിവയിലാണ് കൂടുതലായി ലാഭമെടുപ്പ് കണ്ടത്. അതേസമയം ഐ.ടി.സി, ടാറ്റ മോട്ടോഴ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, ടൈറ്റന്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തില്‍ മുന്നിട്ടു നിന്നു
എക്‌സ്‌ചേഞ്ച് ഡേറ്റകള്‍ പ്രകാരം വിദേശ നിക്ഷേപക സ്ഥാപനങ്ങൾ ഇന്ന് 583.96 കോടിയുടെ നിക്ഷേപമാണ് നടത്തിയത്.
രൂപ ഇന്ന് ഡോളറിനെതിരെ 4 പൈസ ഇടിവിലാണുള്ളത്.
വിവിധ മേഖലകളുടെ പ്രകടനം 
വിവിധ സൂചികകളെടുത്താല്‍ ഇന്ന് നിഫ്റ്റി ഓട്ടോ, ഫാര്‍മ, റിയല്‍റ്റി, ഹെല്‍ത്ത് കെയര്‍ സൂചികകളാണ് നഷ്ടത്തിന്റെ പിടിയിലമര്‍ന്നത്. നിഫ്റ്റി മീഡിയ, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നിവ ഇന്ന് ഒരു ശതമാനത്തിലധികം ഉയര്‍ന്നു. നിഫ്റ്റി മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 0.40 ശതമാനം, 0.69 ശതമാനം എന്നിങ്ങനെ ഉയര്‍ച്ചയിലാണ്.

ബി.എസ്.ഇയില്‍ ഇന്ന് 4,023 ഓഹരികളാണ് വ്യാപാരം നടത്തിയത്. ഇതില്‍ 2,172 ഓഹരികള്‍ നേട്ടത്തിലും 1,739 ഓഹരികള്‍ നഷ്ടത്തിലുമായി. 112 ഓഹരികളുടെ വില മാറിയില്ല.
ഇന്ന് ആറ് ഓഹരികളാണ് അപ്പര്‍സര്‍ക്യൂട്ടിലുള്ളത്. രണ്ട് ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലുമുണ്ട്. 266 ഓഹരികള്‍ 52 ആ ഴ്ചയിലെ ഉയര്‍ന്ന വില തൊട്ടു. 17 ഓഹരികള്‍ താഴ്ന്ന വിലയും.
ബി.എസ്.യിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണി മൂല്യം ഇന്ന് ഒരു ലക്ഷം കോടി രൂപ വര്‍ധിച്ചു.

ടി.സി.എസിന്റെ ഫലപ്രഖ്യാപനമാണ് പ്രധാനമായും ഇന്ന് ഓഹരി വിപണി കാതോര്‍ത്തിരുന്നത്. പക്ഷെ വിപണി സമയം കഴിഞ്ഞാണ് പാദഫലപ്രഖ്യാപനം നടത്തിയത്. ടി.സി.എസിന്റെ ഏപ്രില്‍-ജൂണ്‍ പാദത്തിലെ സംയോജിത ലാഭം മുന്‍ വര്‍ഷത്തെ സമാന കാലയളവിലെ 11,074 കോടി രൂപയേക്കാള്‍ 8.7 ശതമാനം വര്‍ധിച്ച് 12,040 കോടി രൂപയായി. പ്രവര്‍ത്തന വരുമാനം ഇക്കാലയളവില്‍ 5.4 ശതമാനം ഉയര്‍ന്ന് 63,613 കോടിയുമായി. ഇന്ന് 0.33 ശതമാനം നേട്ടത്തിലാണ് ടി.സി.എസ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.

കുതിച്ചും കിതച്ചും 

വ്യക്തിഗത ഓഹരികളില്‍ കൂടുതൽ തിളങ്ങിയത് ആര്‍.വി.എന്‍.എല്ലും യെസ് ബാങ്കുമാണ്.
ആര്‍.വി.എന്‍.എല്‍ ഇന്നൊരു വേള അഞ്ച് ശതമാനത്തിലധികം ഉയര്‍ന്ന് ഓഹരി വില 643.95 എന്ന എക്കാലത്തെയും ഉയരം തൊട്ടതോടെ കമ്പനിയുടെ വിപണി മൂല്യം 1.33 ലക്ഷം കോടി കടന്നിരുന്നു. ഇതോടെ വിപണി മൂല്യത്തില്‍ ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനിയായ ഭാരത് പെട്രോളിയത്തെയും പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിനെയുമാണ് ആര്‍.വി.എന്‍.എല്‍ പിന്നിലാക്കിയത്. കഴിഞ്ഞ ഒരാഴ്ചക്കാലയളവില്‍ 54 ശതമാനത്തോളമാണ് ആര്‍.വി.എന്‍.എല്‍ ഓഹരികളുടെ നേട്ടം. ജൂണ്‍ അഞ്ചിന് രേഖപ്പെടുത്തിയെ എക്കാലത്തെയും ഇടിവായ 312 രൂപയില്‍ നിന്ന് വില ഇരട്ടിയിലധികം വര്‍ധിച്ചു.
ഷിപ് ബിൽഡിങ് ഓഹരികൾ ഇന്നും നേട്ടത്തിലായി. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികളിന്ന് അപ്പര്‍സര്‍ക്യൂട്ടടിച്ചിരുന്നു.  അഞ്ച് ശതമാനം ഉയര്‍ന്ന് 2,863.60 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് ഓഹരികളും ഇന്ന് മികച്ച നേട്ടത്തിലായി. വ്യാപാരാന്ത്യത്തില്‍ 6.57 ശതമാനം ഉയര്‍ന്ന് ഓഹരി വില 5,710 രൂപയിലായി.
ഓയില്‍ ഇന്ത്യ ഇന്ന് 8.20 ശതമാനം ഉയര്‍ന്ന് നിഫ്റ്റി 200ലെ മുഖ്യ നേട്ടക്കാരായി. ഒഹരി വില 554.90 രൂപയായി. എസ്.ജെ.വി.എന്‍ ഓഹരി 6.05 ശതമാനവും എന്‍.എച്ച്.പി.സി 4.95 ശതമാനവും ഹിന്ദിസ്ഥാന്‍ പെട്രോളിയം 4.28 ശതമാനവും ഉയര്‍ന്ന് നിഫ്റ്റിയുടെ നേട്ടക്കാരുടെ പട്ടികയില്‍ ആദ്യ അഞ്ചിലെത്തി.

ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഓഫ് ഇന്ത്യയാണ് ഇന്ന് 6.62 ശതമാനം ഇടിവുമായി നിഫ്റ്റിയിലെ വലിയ നഷ്ടക്കാര്‍. മാക്രോടെക് ഡെവലപ്പേഴ്‌സ്, ഇന്‍ഫോ എഡ്ജ്, ഡെല്‍ഹിവെറി, ടാറ്റ എല്‍ക്‌സി എന്നിവയും ഇന്ന് കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയ ഓഹരികളാണ്.
നഷ്ടം കുറിച്ചവർ 

ഇന്ന് പുതുതായി ഓഹരി വിപണിയില്‍ എത്തിയ അംബെ ലാബ്‌സിന്റെ ലിസ്റ്റിംഗ് 31 ശതമാനം പ്രീമിയത്തിലാണ്.

തിളക്കമായി ഹരിസൺസ് 
കേരള ഓഹരികളില്‍ ഇന്ന് കൂടുതല്‍ നേട്ടം കൊയ്തത് ഹാരിസണ്‍സ് മലയാളമാണ്. തേയില ഉത്പാദനത്തില്‍ കുറവുണ്ടായതിനെ തുടര്‍ന്ന് വില ഉയര്‍ന്നതാണ് ഹാരിസണ്‍ ഓഹരികള്‍ക്ക് ഗുണമായത്. ഓഹരി ഇന്ന് 11.45 ശതമാനം ഉയർന്ന് 249 രൂപയായി.
ആസ്പിന്‍വാള്‍ ഓഹരി ഇന്ന് 7.37 ശതമാനം ഉയര്‍ന്ന് 301 രൂപയിലെത്തി.
സെല്ല സ്‌പേസും ആഡ്‌ടെക് സിസ്റ്റംസും ഇന്ന് അഞ്ച് ശതമാനം അപ്പര്‍ സര്‍ക്യൂട്ടില്‍ തന്നെയാണ്. ബി.പി.എല്‍ 7.73 ശതമാനം ഉയര്‍ന്നു.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികളും ഇന്ന് നേട്ടത്തിൽ മുന്നിലായി. വ്യാപാരാന്ത്യത്തില്‍ 5 ശതമാനം ഉയര്‍ച്ചയോടെ 2,863.60 രൂപയിലാണ് ഓഹരി വിലയുള്ളത്. 
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഡിട്രേഡ് ക്യാപിറ്റല്‍, സഫ സിസ്റ്റംസ്, ടി.സി.എല്‍ എന്നിവയാണ് ഇന്ന് കൂടുതല്‍ മുന്നേറ്റം കാണിച്ച മറ്റ് ഓഹരികൾ.

മുഖ്യ പ്രമോട്ടര്‍ കമ്പനിയായ കട്ര ഹോള്‍ഡിംഗ്‌സ് ലിക്വിഡേഷന്‍ നടപടികളിലേക്ക് വീണത് കേരള ആയുര്‍വേദ ഓഹരികളെ ഇന്നും അപ്പര്‍ സര്‍ക്യൂട്ടിലാക്കി. നിലവില്‍ 357 രൂപയിലാണ് ഓഹരിയുള്ളത്.
അപ്പോളോ ടയേഴ്‌സ്, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍, എ.വി.ടി നാച്വറല്‍സ്, സി.എസ്.ബി ബാങ്ക്, കല്യാണ്‍ ജുവലേഴ്‌സ്, വിഗാര്‍ഡ് എന്നിവയാണ് ഇന്ന് നഷ്ടത്തിലുള്ള മറ്റ് പ്രമുഖ ഓഹരികള്‍.


Tags:    

Similar News