ഫ്ലാറ്റായി ക്ലോസ് ചെയ്ത് വിപണി, ഏഷ്യൻ പെയിൻ്റ്സ് നഷ്ടത്തില്‍, ബി.പി.എല്ലും കൊച്ചിൻ ഷിപ്പ്‌യാർഡും മങ്ങി

വിശാല വിപണിയില്‍ മിക്ക സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്

Update:2024-11-11 18:44 IST
തിങ്കളാഴ്ച വിപണി വലിയ ചാഞ്ചാട്ടത്തിന്റെ പാതയാണ് സ്വീകരിച്ചത്. രാവിലത്തെ സെഷനില്‍ താഴ്ന്നു വ്യാപാരം തുടങ്ങിയ വിപണി പിന്നീടു നേട്ടത്തിലായി. നിഫ്റ്റി 24,004 വരെയും സെന്‍സെക്‌സ് 79,001 വരെയും താഴ്ന്ന ശേഷം പിന്നീട് ചെറിയ നേട്ടത്തിലേക്കു കയറി.
നിക്ഷേപകരുടെ ലാഭമെടുപ്പ് ശക്തമായതോടെ വിപണിയുടെ എല്ലാ ഇൻട്രാഡേ നേട്ടങ്ങളും നിഷ്ഫലമായി. തുടര്‍ന്ന് വിപണി ഫ്ലാറ്റായി വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.
സെൻസെക്സ് 0.01 ശതമാനം ഉയർന്ന് 79,496.15 ലും നിഫ്റ്റി 0.03 ശതമാനം ഇടിഞ്ഞ് 24,141.30 ലുമാണ് ക്ലോസ് ചെയ്തത്. സെന്‍സെക്സ് 9.83 പോയിൻ്റിന്റെ നേട്ടവും നിഫ്റ്റി 6.90 പോയിൻ്റിന്റെ നഷ്ടവും രേഖപ്പെടുത്തി.
വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും ഏഷ്യൻ വിപണികളിലെ ദുർബലമായ പ്രവണതകളും കമ്പനികളുടെ നിരാശാജനകമായ ത്രൈമാസ പ്രകടന റിപ്പോര്‍ട്ടുകളും വിപണിയുടെ തളര്‍ച്ചയ്ക്കുളള കാരണങ്ങളാണ്.

വിവിധ സൂചികകളുടെ പ്രകടനം

വിശാല വിപണിയില്‍ ഇന്ന് മിക്ക സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി സ്മാള്‍ക്യാപ് 1.20 ശതമാനത്തിന്റെയും മിഡ്ക്യാപ് 0.88 ശതമാനത്തിന്റെയും ഇടിവ് രേഖപ്പെടുത്തി.
നിഫ്റ്റി ഹെല്‍ത്ത് കെയര്‍ ഇന്‍ഡക്സ് 1.50 ശതമാനത്തിന്റെ ഇടിവോടെ നഷ്ടപട്ടികയില്‍ മുന്നിട്ടു നിന്നു. നിഫ്റ്റി മീഡിയ 1.30 ശതമാനത്തിന്റെയും മെറ്റല്‍ ഒരു ശതമാനത്തിന്റെയും നഷ്ടം രേഖപ്പെടുത്തി.
വിവിധ സൂചികകളുടെ പ്രകടനം

 

1.28 ശതമാനം ഉയര്‍ച്ചയോടെ നിഫ്റ്റി ഐ.ടി യാണ് സൂചികകളില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. നിഫ്റ്റി ബാങ്ക് 0.61 ശതമാനത്തിന്റെയും ഫിനാന്‍ഷ്യല്‍ സര്‍വീസസ് 0.53 ശതമാനത്തിന്റെയും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
ബി.എസ്.ഇ യില്‍ വ്യാപാരം നടത്തിയ ഓഹരികളില്‍ 1,446 ഓഹരികൾ നേട്ടത്തിലായിരുന്നപ്പോള്‍ 2,478 ഓഹരികള്‍ നഷ്ടത്തിലായിരുന്നു. 116 ഓഹരികള്‍ മാറ്റമില്ലാതെ തുടര്‍ന്നു.

നേട്ടത്തിലായവരും നഷ്ടത്തിലായവരും

യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ ബംഗളൂരുവിലെ ബയോകോണിന്റെ ബയോളജിക്കൽ യൂണിറ്റിന് "വോളണ്ടറി ആക്ഷൻ ഇൻഡിക്കേറ്റഡ്" (വി.എ.ഐ) പദവി നൽകിയതിനെ തുടര്‍ന്ന് ഓഹരികൾ 8 ശതമാനം ഉയർന്നു. ബയോകോൺ ഓഹരി 348.20 രൂപയിലാണ് ക്ലോസ് ചെയ്തത്.
നേട്ടത്തിലായവര്‍

 

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തില്‍ നിന്ന് കരകയറി ട്രെന്റ് ഓഹരികൾ 2.6 ശതമാനം ഉയർന്നു. അന്താരാഷ്ട്ര ബ്രോക്കറേജ് സ്ഥാപനമായ ഗോൾഡ്മാൻ സാച്ച്സ് ഓഹരിക്ക് വാങ്ങല്‍ ശുപാര്‍ശ നടത്തിയിരുന്നു. ഓഹരിക്ക് 8,000 രൂപ ലക്ഷ്യ വിലയാണ് നല്‍കിയിരിക്കുന്നത്. ട്രെൻ്റ് 6,463 രൂപയിലാണ് ക്ലോസ് ചെയ്തത്.

പവർ ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ്, പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, ജെ.എസ്.ഡബ്ല്യു എനർജി, ഇൻഫോ എഡ്ജ് (ഇന്ത്യ), ഇൻഫോസിസ്, എച്ച്.സി.എൽ ടെക്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഏഷ്യൻ പെയിൻ്റ്സിന്റെ രണ്ടാം പാദ ഫലങ്ങളില്‍ ഒട്ടേറെ ബ്രോക്കറേജുകൾ നിരാശ പ്രകടിപ്പിച്ചതിനെത്തുടർന്ന് ഓഹരി 8 ശതമാനം ഇടിഞ്ഞു. വില്‍പ്പനയിലും മറ്റു കമ്പനികളില്‍ നിന്നുളള മത്സരങ്ങളിലും ഏഷ്യൻ പെയിൻ്റ്സ് വലിയ വെല്ലുവിളികളാണ് നേരിടുന്നത്. ഏഷ്യൻ പെയിൻ്റ്സ് 2,547.8 രൂപയിലാണ് ക്ലോസ് ചെയ്തത്.

നഷ്ടത്തിലായവര്‍

 

2024 സെപ്‌റ്റംബർ 30ന് അവസാനിച്ച പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 8.2 ശതമാനം ഇടിഞ്ഞ് 30.33 കോടി രൂപയായതിനെ തുടർന്ന് മാപ്പ് മൈ ഇന്ത്യ മാതൃസ്ഥാപനത്തിൻ്റെ ഓഹരി 8 ശതമാനത്തിലധികം നഷ്ടം രേഖപ്പെടുത്തി. സി.ഇ ഇൻഫോ സിസ്റ്റംസ് 1,882 രൂപയിലാണ് ക്ലോസ് ചെയ്തത്.
ബ്രിട്ടാനിയ, അപ്പോളോ ഹോസ്പിറ്റൽസ്, സിപ്ല, ഒ.എൻ.ജി.സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായിരുന്നു.

മണപ്പുറം ഫിനാന്‍സ് നേട്ടത്തില്‍, മങ്ങി കൊച്ചിൻ ഷിപ്പ്‌യാർഡ്

കേരളാ കമ്പനികളിലും ഇന്ന് ഭൂരിഭാഗം ഓഹരികളും നഷ്ടത്തിലായിരുന്നു. 3.63 ശതമാനം നഷ്ടത്തോടെ ബി.പി.എല്‍ നഷ്ടപട്ടികയില്‍ മുന്നിലായി. ബി.പി.എല്‍ 109 ലാണ് ക്ലോസ് ചെയ്തത്.
കൊച്ചിന്‍ മിനറല്‍സ് 2.66 ശതമാനവും ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 2.51 ശതമാനവും പോപ്പീസ് കെയര്‍ രണ്ട് ശതമാനവും ഹാരിസണ്‍സ് മലയാളം 1.99 ശതമാനവും നഷ്ടത്തോടെയാണ് തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.
കേരളാ ഓഹരികളുടെ പ്രകടനം

 

കൊച്ചിൻ ഷിപ്പ്‌യാർഡ് 3.32 ശതമാനം നഷ്ടത്തോടെ 1399 രൂപയിലാണ് ക്ലോസ് ചെയ്തത്. ഫാക്ട് 2.13 ശതമാനം നഷ്ടത്തോടെ 866 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
മണപ്പുറം ഫിനാന്‍സ് 4.08 ശതമാനം നേട്ടത്തില്‍ 156 രൂപയില്‍ ക്ലോസ് ചെയ്തു. കല്യാണ്‍ ജുവലേഴ്സ് 1.14 ശതമാനവും സി.എസ്.ബി ബാങ്ക് 0.61 ശതമാനവും ഫെഡറല്‍ ബാങ്ക് 0.57 ശതമാനവും നേട്ടം രേഖപ്പെടുത്തി.
വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്സ്, മുത്തൂറ്റ് ഫിനാന്‍സ്, ആസ്പിന്‍വാള്‍ ആന്‍ഡ് കമ്പനി, എ.വി.ടി നാച്ചുറല്‍ പ്രോഡക്ട്സ് തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.
Tags:    

Similar News