നിഫ്റ്റിക്ക് '20,000' മുത്തം! സെന്‍സെക്‌സ് 67,000 ഭേദിച്ചു; ഏശാതെ ആഗോള പ്രതിസന്ധി

ഇന്ത്യയുടെ ജി20 നയതന്ത്ര വിജയം കൂടുതല്‍ ആവേശമായി; അദാനി ഗ്രൂപ്പ്, റെയില്‍വേ ഓഹരികളില്‍ വന്‍ മുന്നേറ്റം

Update:2023-09-11 17:43 IST

ആഗോളതലത്തിലെ വെല്ലുവിളികളെ കൂസാതെ തുടര്‍ച്ചയായ ഏഴാം നാളിലും മുന്നേറ്റം തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി സൂചികകള്‍. നിഫ്റ്റിയാണ് ഇന്നത്തെ താരം. ചരിത്രത്തില്‍ ആദ്യമായി നിഫ്റ്റി 20,000 പോയിന്റ് ഭേദിക്കുന്നതിന് ഇന്നത്തെ ദിനം സാക്ഷിയായി. എന്നാല്‍, വ്യാപാരാന്ത്യം ഈ നേട്ടം നിലനിറുത്താന്‍ നിഫ്റ്റിക്കായില്ല.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം 


 വ്യാപാരത്തിനിടെ ഒരുവേള 20,008.15 വരെ ഉയര്‍ന്ന് സര്‍വകാല റെക്കോഡ് കുറിച്ച നിഫ്റ്റി, വ്യാപാരം അവസാനിപ്പിച്ചത് 176.40 പോയിന്റ് (0.89%) നേട്ടവുമായി 19,996.35ല്‍. സെന്‍സെക്‌സ് 528.17 (0.79%) പോയിന്റ് മുന്നേറി 67,127.08ലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. സെന്‍സെക്‌സ് ഇന്നൊരുവേള 67,172.13 വരെ ഉയര്‍ന്നിരുന്നു. അതേസമയം, രൂപ ഒരുപൈസ താഴ്ന്ന് 83.03ലാണ് ഡോളറിനെതിരെയുള്ളത്. ക്രൂഡോയില്‍ വില വര്‍ദ്ധനയും മറ്റ് മുഖ്യ കറന്‍സികള്‍ക്കെതിരെ ഡോളര്‍ നടത്തുന്ന മുന്നേറ്റവുമാണ് തിരിച്ചടിയായത്.

റെക്കോഡിന്റെ ദിനം, നേട്ടത്തിന്റെ കാരണങ്ങള്‍
ശക്തമായ ഡോളര്‍, ഉയരുന്ന അമേരിക്കന്‍ ട്രഷറി ബോണ്ട് യീല്‍ഡ്, ചൈനയുടെ മോശം കയറ്റുമതി കണക്കുകള്‍, പണപ്പെരുപ്പ ഭീതി തുടങ്ങി ആഗോളതലത്തില്‍ നിന്ന് നിരവധി വെല്ലുവിളികള്‍ ഉയര്‍ന്നെങ്കിലും അവയെ ഗൗനിക്കാതെയായിരുന്നു ഇന്ന് ഇന്ത്യന്‍ ഓഹരി സൂചികകളുടെ കുതിപ്പ്.
ഡല്‍ഹിയില്‍ നടന്ന ജി20 സംഗമത്തില്‍ ഇന്ത്യ കൈവരിച്ച നയതന്ത്ര നേട്ടങ്ങളും ഓഹരികളുടെ കുതിപ്പിന് വളമായി. സംഗമത്തിലെ അദ്ധ്യക്ഷരായ ഇന്ത്യ മുന്നോട്ടുവച്ച ഇന്ത്യ-മിഡില്‍ഈസ്റ്റ്-യൂറോപ്പ്-അമേരിക്ക സാമ്പത്തിക ഇടനാഴി പദ്ധതി, യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന സംയുക്ത പ്രസ്താവന, ഇന്ത്യ മുന്‍കൈ എടുത്ത് ആഫ്രിക്കന്‍ യൂണിയനും ജി20 സ്ഥിരാംഗത്വം ലഭ്യമാക്കിയത് തുടങ്ങിയ നേട്ടങ്ങള്‍ ഓഹരികളെ സ്വാധീനിച്ചു.
ഇടനാഴിയിലെ കുതിപ്പ്
ഇന്ത്യ, യു.എ.ഇ., സൗദി അറേബ്യ, അമേരിക്ക എന്നിവിടങ്ങളിലെ റെയില്‍, തുറമുഖങ്ങള്‍ എന്നിവയെ ബന്ധപ്പെടുത്തിയുള്ള സാമ്പത്തിക ഇടനാഴി പദ്ധതി അദാനി പോര്‍ട്‌സ്, ഐ.ആര്‍.എഫ്.സി., ആര്‍.വി.എന്‍.എല്‍., റൈറ്റ്‌സ്, ഐ.ആര്‍.സി.ഒ.എന്‍ തുടങ്ങിയ റെയില്‍വേ ഓഹരികളെയും 7-20% മുന്നേറ്റത്തിന് സഹായിച്ചു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, അദാനി എന്റര്‍പ്രൈസസ്, അപ്പോളോ ഹോസ്പിറ്റല്‍സ്, ഹിന്‍ഡാല്‍കോ, പവര്‍ഗ്രിഡ്, എച്ച്.ഡി.എഫ്.സി ലൈഫ്, മാരുതി സുസുക്കി, ആക്‌സിസ് ബാങ്ക്, എച്ച്.സി.എല്‍ ടെക്, ഹീറോ മോട്ടോകോര്‍പ്പ്, എസ്.ബി.ഐ., എന്‍.ടി.പി.സി., ടാറ്റാ മോട്ടോഴ്‌സ്, ടാറ്റാ സ്റ്റീല്‍, ബജാജ് ഓട്ടോ എന്നീ വന്‍കിട ഓഹരികളിലുണ്ടായ മികച്ച വാങ്ങലുകളും ഇന്നത്തെ ദിവസം സൂചികകള്‍ക്ക് നേട്ടത്തിന്റേതാക്കി.
വിദേശ, ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളും റീട്ടെയില്‍ നിക്ഷേപകരും വന്‍തോതില്‍ പണമൊഴുക്കുന്നതും നേട്ടമാകുകയാണ്. 
നിഫ്റ്റിയുടെ മുന്നേറ്റം
കഴിഞ്ഞ ജൂലൈ 20ന് കുറച്ച 19,991.85 പോയിന്റിന്റെ റെക്കോഡ് ഭേദിച്ചാണ് നിഫ്റ്റി ഇന്ന് ചരിത്രത്തിലാദ്യമായി 20,000 പോയിന്റ് എന്ന നിര്‍ണായക നാഴികക്കല്ല് പിന്നിട്ടത്. പുതിയ റെക്കോഡ് കുറിക്കാന്‍ നിഫ്റ്റിക്ക് വേണ്ടി വന്നത് വെറും 36 സെഷനുകളാണ്. ജൂണ്‍ 28ന് കുറിച്ച 19,000ല്‍ നിന്ന് വെറും 52 സെഷനുകള്‍ കൊണ്ട് ആയിരം പോയിന്റ് നേട്ടവുമായി 20,000വും മറികടന്നു.
കഴിഞ്ഞ മാര്‍ച്ച് 20ന് നിഫ്റ്റി 16,828ല്‍ ആയിരുന്നു എന്നും ഓര്‍ക്കണം.
വിദേശ ധനകാര്യ സ്ഥാപനങ്ങളും (എഫ്.ഐ.ഐ) ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളും (ഡി.ഐ.ഐ) ഒരുപോലെ ഈ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഇതുവരെ വിദേശ നിക്ഷേപകര്‍ വാങ്ങിക്കൂട്ടിയത് 1.54 ലക്ഷം കോടി രൂപയുടെ ഇന്ത്യന്‍ ഓഹരികളാണ്. ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ 33,400 കോടി രൂപയും ഒഴുക്കി.
അദാനി ഗ്രൂപ്പും റെയില്‍വേ ഓഹരികളും
ജി20യിലെ സാമ്പത്തിക ഇടനാഴി പദ്ധതി പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ ഓഹരികളെല്ലാം ഇന്ന് നല്ല മുന്നേറ്റം കാഴ്ചവച്ചു. ഐ.ആര്‍.സി.ഒ.എന്‍ (Ircon) ഓഹരി 20 ശതമാനത്തോളം കുതിച്ച് 52-ആഴ്ചയിലെ ഉയരത്തിലെത്തി. റെയില്‍ വികാസ് നിഗം, ഐ.ആര്‍.എഫ്.സി എന്നിവയും 10-18 ശതമാനം കുതിച്ച് 52-ആഴ്ചയിലെ ഉയരം തൊട്ടു.
അദാനി പോര്‍ട്‌സിന് പുറമേ മറ്റെല്ലാ അദാനി ഗ്രൂപ്പ് ഓഹരികളും ഇന്ന് മികച്ച നേട്ടത്തിലാണ്. പ്രമോട്ടര്‍മാര്‍ വിവിധ കമ്പനികളിലെ ഓഹരി പങ്കാളിത്തം കൂട്ടിയതാണ് മുന്നേറ്റത്തിന് ആക്കം കൂട്ടിയത് (Click here to read more).
അദാനി പോര്‍ട്‌സ് (7%), അദാനി പവര്‍ (8%), അദാനി ട്രാന്‍സ്മിഷന്‍ (5%), എന്‍.ഡി.ടിവി (5%), അദാനി എന്റര്‍പ്രൈസസ് (3.72%) എന്നിവയാണ് കൂടുതല്‍ മുന്നേറിയ അദാനി ഗ്രൂപ്പ് ഓഹരികള്‍.
നേട്ടത്തിലേറിയവരും കിതച്ചവരും
നിഫ്റ്റിയില്‍ മീഡിയ ഒഴികെയുള്ള വിഭാഗങ്ങള്‍ക്കെല്ലാം ഇന്ന് മുന്നേറ്റത്തിന്റെ വണ്ടി കിട്ടി. നിഫ്റ്റി മീഡിയ സൂചിക 0.33 ശതമാനം നഷ്ടത്തിലാണ്.
നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചിക 3.13 ശതമാനം, മെറ്റല്‍ 1.81 ശതമാനം, ഓട്ടോ 1.69 ശതമാനം എന്നിങ്ങനെ നേട്ടം രേഖപ്പെടുത്തി. ബാങ്ക് നിഫ്റ്റി 0.92 ശതമാനം മുന്നേറി 45,570.70ലെത്തി.
നിഫ്റ്റി ധനകാര്യം (0.83%), എഫ്.എം.സി.ജി (0.89%), ഐ.ടി (0.70%), സ്വകാര്യബാങ്ക് (0.79%), റിയല്‍റ്റി (0.88%), ഹെല്‍ത്ത്‌കെയര്‍ (0.88%), ഓയില്‍ ആന്‍ഡ് ഗ്യാസ് (0.55%) എന്നിങ്ങനെയും നേട്ടമുണ്ടാക്കി.
നിഫ്റ്റി മിഡ്ക്യാപ്പ് 1.14 ശതമാനവും സ്‌മോള്‍ക്യാപ്പ് 1.33 ശതമാനവും നേട്ടത്തിലാണ്.
ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്, ഐ.ആര്‍.എഫ്.സി., ജെ.എസ്.ഡബ്ല്യു എനര്‍ജി, അദാനി പവര്‍, അദാനി പോര്‍ട്‌സ് എന്നിവയാണ് നിഫ്റ്റി 200ല്‍ ഇന്ന് കൂടുതല്‍ നേട്ടം കൈവരിച്ചത്.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ 

 

വൊഡാഫോണ്‍-ഐഡിയ ഓഹരികള്‍ ഇന്ന് 10 ശതമാനത്തോളം മുന്നേറ്റം കാഴ്ചവച്ചു. ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ച് പാദത്തിലെ സ്‌പെക്ട്രം, ലൈസന്‍സ് ഫീസ് കുടിശികയിനത്തില്‍ കേന്ദ്രത്തിന് വീട്ടാനുള്ള 50 ശതമാനം തിരിച്ചടച്ചെന്ന വാര്‍ത്തകളാണ് കരുത്തായത്.
ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ 

 

ഭാരത് ഹെവി ഇലക്ട്രിക്കല്‍സ്, ട്രൈഡന്റ്, യുണൈറ്റഡ് ബ്രൂവറീസ്, ഐ.ആര്‍.സി.ടി.സി., സി.ജി പവര്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സൊല്യൂഷന്‍സ് എന്നിവയാണ് ഇന്ന് കൂടുതല്‍ നഷ്ടം നിഫ്റ്റി 200ല്‍ കുറിച്ചത്. ഐ.ആര്‍.സി.ടി.സി ഒരു റെയില്‍വേ ഇ-കൊമേഴ്‌സ്/ഓണ്‍ലൈന്‍ ടിക്കറ്റ് പ്ലാറ്റ്‌ഫോം മാത്രമായതിനാലാണ് സാമ്പത്തിക ഇടനാഴി പദ്ധതി പ്രഖ്യാപനം, അവയുടെ ഓഹരികള്‍ക്ക് ആവേശമാകാതിരുന്നത്.
വിപണിയുടെ ട്രെന്‍ഡ്
സെന്‍സെക്‌സില്‍ ഇന്ന് 2,067 ഓഹരികള്‍ നേട്ടത്തിലും 1,711 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 164 ഓഹരികളുടെ വിലയില്‍ മാറ്റമില്ല. 70 കമ്പനികളുടെ ഓഹരികള്‍ 52-ആഴ്ചത്തെ ഉയരത്തിലും 17 എണ്ണം താഴ്ചയിലുമായിരുന്നു. അപ്പര്‍-സര്‍കീട്ടില്‍ ഇന്ന് കമ്പനികളെയൊന്നും കണ്ടില്ല. ഒരു കമ്പനി ലോവര്‍-സര്‍കീട്ടിലായിരുന്നു.
ബി.എസ്.ഇയിലെ കമ്പനികളുടെ മൊത്തം മൂല്യം ഇന്ന് 3.30 ലക്ഷം കോടി രൂപ വര്‍ദ്ധിച്ച് എക്കാലത്തെയും ഉയരമായ 324 ലക്ഷം കോടി രൂപയിലുമെത്തി.
സ്‌കൂബിഡേയുടെ ദിനം
കേരള ഓഹരികളില്‍ ഇന്ന് ഏറ്റവുമധികം തിളങ്ങിയത് സ്‌കൂബിഡേയാണ്, നേട്ടം 4.99 ശതമാനം. യൂണിറോയല്‍ 4.94 ശതമാനം, ഇന്‍ഡിട്രേഡ് 4.69 ശതമാനം, സഫ സിസ്റ്റംസ് 4.59 ശതമാനം, പ്രൈമ ഇന്‍ഡസ്ട്രീസ് 4.40 ശതമാനം എന്നിവയും നേട്ടത്തില്‍ മുന്നിലെത്തി.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം 

 

സെല്ല സ്‌പേസാണ് 4.43 ശതമാനവുമായി നഷ്ടത്തില്‍ മുന്നില്‍. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ 3.46 ശതമാനം, റബ്ഫില 2.93 ശതമാനം, മുത്തൂറ്റ് കാപ്പിറ്റല്‍ 1.91 ശതമാനം, ആസ്റ്റര്‍ ഡി.എം 1.29 ശതമാനം എന്നിങ്ങനെയും നഷ്ടം നേരിട്ടു.
Tags:    

Similar News