നേട്ടത്തില്‍ സൂചികകള്‍; റെക്കോഡ് തൊട്ട് ഫെഡറല്‍ ബാങ്ക്, ലോവര്‍ സര്‍ക്യൂട്ടടിച്ച് നായിഡുവിന്റെ ഹെരിറ്റേജ് ഫുഡ്‌സ്

നിഫ്റ്റിയും സെന്‍സ്‌ക്‌സും നേരിയ നേട്ടത്തില്‍, മിഡ്, സ്‌മോള്‍ക്യാപ് ഓഹരികള്‍ ഇന്നും മിന്നി

Update:2024-06-12 18:01 IST

വ്യാപാരത്തിനിടെ ഇന്ന് റെക്കോഡ് നേട്ടത്തിലെത്തിയ സൂചികകള്‍ വ്യാപാരാന്ത്യം കഷ്ടിച്ച് രക്ഷപെട്ടു. സെന്‍സെക്‌സ് 150 പോയിന്റ് ഉയര്‍ന്ന് 76,607ലും നിഫ്റ്റി 58 പോയിന്റ് മാത്രമുയര്‍ന്ന് 23,323ലുമാണുള്ളത്. വ്യാപാരത്തിനിടെ ഇന്നൊരുവേള നിഫ്റ്റി 23,442 പോയിന്റെന്ന റെക്കോഡ് നേട്ടത്തിലെത്തിയിരുന്നു. പിന്നീട് ചാഞ്ചാട്ടത്തിലായി. അമേരിക്കയില്‍ നിന്നുള്ള ചില്ലറ വിലക്കയറ്റ കണക്കും യു.എസ് ഫെഡറല്‍ റിസര്‍വിന്റെ പണനയ തീരുമാനങ്ങള്‍ക്കും വേണ്ടി കാതോര്‍ത്തിരിക്കുകയാണ് വിപണി.

ആഗോള വിപണികളില്‍ നിന്ന് അനുകൂല നീക്കങ്ങളാണ് ഇന്ത്യൻ വിപണിക്കും തുണയായത്. പ്രധാന യൂറോപ്യന്‍, ഏഷ്യന്‍ വിപണികള്‍ ഇന്ന് ഉയര്‍ന്നു. യു.എസ് പണപ്പെരുപ്പക്കണക്കുകള്‍ മെച്ചപ്പെടുമെന്നും പലിശ നിരക്ക് എപ്പോള്‍ കുറയ്ക്കുമെന്നതിനെ കുറിച്ച് അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ തലവന്‍ ജെറോം പവല്‍ സൂചന നല്‍കിയേക്കുമെന്നുമുള്ള പ്രതീക്ഷയാണ് മിക്ക വിപണികള്‍ക്കും 
കരുത്തായത്. 
.
ഇന്ത്യയില്‍ ഉടന്‍ വരാനിരിക്കുന്ന കേന്ദ്ര ബജറ്റാണ് വിപണിയുടെ ഗതി നിര്‍ണയിക്കുക. അതു വരെ സൂചികകള്‍ ചാഞ്ചാട്ടത്തില്‍ തുടര്‍ന്നേക്കാമെന്ന് നിരീക്ഷകര്‍ പറയുന്നു.
രൂപയിന്ന്  ഡോളറിനെതിരെ രണ്ട് പൈസ ഉയര്‍ന്ന്‌  83.54ല്‍ എത്തി.
വിവിധ വിഭാഗങ്ങളുടെ പ്രകടനം 
ബി.എസ്.ഇയില്‍ ഇന്ന് 3,911 ഓഹരികളാണ് വ്യാപാരം നടത്തിയത്. ഇതില്‍ 2,554 ഓഹരികള്‍ നേട്ടത്തിലായി. 1,336 ഓഹരികള്‍ വിലയിടിവ് നേരിട്ടു. 101 ഓഹരികളുടെ വില മാറിയില്ല.
ഭാരതി എയര്‍ടെല്‍, ഹീറോ മോട്ടോ കോര്‍പ്, ബജാജ് ഓട്ടോ, അശോക് ലെയ്‌ലാന്‍ഡ്, ഭാരത് ഫോര്‍ജ്, ടാറ്റ സ്റ്റീല്‍, ഫെഡറല്‍ ബാങ്ക്, അള്‍ട്രാ ടെക് സിമന്റ് എന്നിവയുള്‍പ്പെടെ 250 ഓഹരികള്‍ ഇന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വില തൊട്ടു. 21 ഓഹരികള്‍ താഴ്ന്ന വിലയും കണ്ടു. ഇന്ന് ആറ് ഓഹരികളാണ് അപ്പര്‍ സര്‍ക്യൂട്ടിലുണ്ടായിരുന്നത്. രണ്ട് ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലുമെത്തി.

വിശാല വിപണിയില്‍ ബി.എസ്.ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ ഇന്നും ഒരു ശതമാനം നേട്ടവുമായി മികച്ച് നിന്നു

വിവിധ സെ്കടറുകളെടുത്താല്‍ നിഫ്റ്റി എഫ്.എം.സി.ജി മാത്രമാണ് ഇന്ന് നഷ്ടം രുചിച്ചത്. മീഡിയ, പി.എസ്.യു ബാങ്ക് എന്നിവ രണ്ട് ശതമാനം ഉയര്‍ന്നു.

വിവിധ വിഭാഗങ്ങളുടെ പ്രകടനം

ഇന്ന് ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം 427 ലക്ഷം കോടി രൂപയില്‍ നിന്ന് 429.3 ലക്ഷം കോടിയായി ഉയര്‍ന്നു. നിക്ഷേപകരുടെ സമ്പത്തില്‍ ഒറ്റ ദിവസം കൊണ്ട് രണ്ട് ലക്ഷം കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.

നേട്ടത്തിലിവർ 

കോള്‍ ഇന്ത്യ, പവര്‍ ഗ്രിഡ്, ഐഷര്‍ മോട്ടോഴ്‌സ്, എസ്.ബി.ഐ ലൈഫ്, ടെക് മഹീന്ദ്ര, ശ്രീറാം ഫിനാന്‍സ്, ബജാജ് ഫിനാന്‍സ്, ബി.പി.സി.എല്‍ എന്നിവ ഇന്ന് ഒരു ശതമാനത്തിലധികം വളര്‍ച്ചയുമായി സൂചികകളെ നയിച്ചു.
വിദേശ ബ്രോക്കറേജായ ജെഫറീസ് ലക്ഷ്യവില 1,250 രൂപയായി ഉയര്‍ത്തിയതിനെ തുടര്‍ന്ന് ടാറ്റ മോട്ടോഴ്‌സ് ഓഹരികള്‍ ഇന്ന് രണ്ട് ശതമാനം കയറി.
ഉപകമ്പനിയായ ട്രൈഡന്റ് ഗ്ലോബൽ ബി.വിയില്‍ വീണ്ടും നിക്ഷേപം നടത്തിയതിനെ തുടര്‍ന്ന് ട്രൈഡന്റ് ഓഹരി ഇന്ന് ഏഴ് ശതമാനം കുതിച്ചുയര്‍ന്നു.

ഇന്ന് നേട്ടത്തിലായവര്‍

മാക്‌സ് ഹെല്‍ത്ത് കെയര്‍ ഓഹരികള്‍ ഇന്ന് 8.54 ശതമാനം നേട്ടവുമായി നിഫ്റ്റി 200ലെ ഏറ്റവും വലിയ നേട്ടക്കാരായി.
പേയ്ടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ഇന്ന് 5.51 ശതമാനവും എല്‍.ഐ.സി ഹൗസിംഗ് ഫിനാന്‍സ് 5.43 ശതമാനവും ഉയര്‍ന്നു. എച്ച്.ഡിഎഫ്.സി അസറ്റ് മാനേജ്‌മെന്റ് കമ്പനി (5.06 ശതമാനം), കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (4.80 ശതമാനം) എന്നിവയും നിഫ്റ്റി 200ലെ നേട്ടക്കാരുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ ഇടം പിടിച്ചു.
നഷ്ടം കുറിച്ചവർ 

ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. എച്ച്.യു.എല്‍, ടൈറ്റല്‍, ടാറ്റ കണ്‍സ്യൂമര്‍, അദാനി പോര്‍ട്‌സ്, ആക്‌സിസ് ബാങ്ക്, ഇന്‍ഫോസിസ് എന്നിവരാണ് സെൻസെക്സിൽ നഷ്ടം കൊയ്തത്.

ചന്ദ്ര ബാബു നായിഡുവിന്റെ കമ്പനിയായ ഹെരിറ്റേജ് ഫുഡ്‌സ് ഇന്ന് ലോവര്‍ സര്‍ക്യൂട്ടിലായി. ബി.ജെ.പി മുന്നണി അധികാരത്തിലേറുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ കുതിച്ചുയര്‍ന്ന ഓഹരികളിലൊന്നാണിത്. ഓഹരിയില്‍ 89 കോടിയുടെ ബള്‍ക്ക് ഡീല്‍ നടന്നതാണ് വില ഇടിച്ചത്.

ഇന്ന് നഷ്ടത്തിലായവര്‍

എ.പി.എല്‍ അപ്പോളോ ട്യൂബ്‌സ്, പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ്, മാരികോ ലിമറ്റഡ്, സൊമാറ്റോ, എഫ്.എസ്.എന്‍ ഇ-കൊമേഴ്‌സ് വെഞ്ച്വേഴ്‌സ് എന്നിവയാണ് നിഫ്റ്റി 200 ലെ വലിയ നഷ്ടക്കാര്‍.

തിളങ്ങി ഫെഡറൽ ബാങ്ക് 
കേരള കമ്പനികളില്‍ ഇന്ന് വലിയ വീഴ്ചയും കയറ്റവും കണ്ടില്ല. കേരള ആയുര്‍വേദ ഓഹരി 4.88 ശതമാനം ഉയര്‍ന്നു.
ഫെഡറല്‍ ബാങ്കിന്റെ എം.ഡി ആന്‍ഡ് സി.ഇ.ഒ സ്ഥാനത്തേക്ക് പരിഗണിക്കാനായി മൂന്ന് പേരുടെ പട്ടിക ഇന്ന് റിസര്‍വ് ബാങ്കിന് സമര്‍പ്പിച്ചു. തുടര്‍ന്ന് ഓഹരി നാല് ശതമാനത്തോളം കയറി 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലവാരമായി 174.60 രൂപയിലെത്തി. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ മുന്‍ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ കെ.വി.എസ് മണിയന്‍, ഫെഡറല്‍ ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ശാലിനി വാര്യര്‍, ഹര്‍ഷ് ദുര്‍ഗ്ഗ് എന്നിവരാണ് ചുരുക്കപട്ടികയിലുള്ളതെന്നാണ് സൂചന. 2010 മുതല്‍ ഫെഡറല്‍ ബാങ്കിന്റെ എം.ഡിയും സി.ഇ.
യുമായി തുടരുന്ന ശ്യാം ശ്രീനിവാസന്റെ പ്രവര്‍ത്തന കാലാവധി സെപ്റ്റംബര്‍ 22ന് അവസാനിക്കും.

കേരള കമ്പനികളുടെ ഇന്നത്തെ പ്രകടനം

യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്‌സ്, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, ജി.ടി.എൻ  ടെക്‌സ്‌റ്റൈല്‍സ് എന്നിവയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികള്‍.
പോപീസ് കെയര്‍ ഓഹരി ഇന്ന് രണ്ട് ശതമാനത്തോളം നഷ്ടം രേഖപ്പെടുത്തി. കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, കല്യാണ്‍ ജുവലേഴ്‌സ്, നിറ്റ ജെലാറ്റിന്‍, സ്റ്റെല്‍ ഹോള്‍ഡിംഗ് എന്നിവയും ഇന്ന് ഒരു ശതമാനത്തിനു മേല്‍ നഷ്ടത്തിലായിരുന്നു.


Tags:    

Similar News