നഷ്ടത്തില്‍ ക്ലോസ് ചെയ്ത് വിപണി, ബ്രിട്ടാനിയ, ബി.പി.എല്‍, സ്കൂബി ഡേ ഓഹരികള്‍ക്ക് ചൊവ്വ നഷ്ട ദിനം
നിഫ്റ്റി ഐ.ടി, റിയല്‍റ്റി സൂചികകൾ മാത്രമാണ് പച്ചവെളിച്ചം കണ്ടത്
നേട്ടത്തിൽ വ്യാപാരം തുടങ്ങിയ വിപണി പിന്നീട് നഷ്ടത്തിലേക്കു വീണു. തുടര്‍ന്ന് വിപണി ചാഞ്ചാട്ടത്തിന്റെ പാതയാണ് സ്വീകരിച്ചത്. ഉച്ച കഴിഞ്ഞുളള സെഷനില്‍ നെഗറ്റീവ് ആയി വ്യാപാരം പുരോഗമിച്ചതിന് ശേഷം വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്യുകയായിരുന്നു.
ഓട്ടോ, എഫ്.എം.സി.ജി ഓഹരികളില്‍ കുത്തനെയുണ്ടായ ഇടിവ് വിപണിയെ തളർത്തി. സെൻസെക്‌സ് 1.03 ശതമാനം താഴ്ന്ന് 78,675.18 ലും നിഫ്റ്റി 1.07 ശതമാനം താഴ്ന്ന് 23,883.50 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സ് 820.97 പോയിൻ്റും നിഫ്റ്റി 257.80 പോയിൻ്റും നഷ്ടം രേഖപ്പെടുത്തി.
ഒക്ടോബറിലെ ഉപഭോക്തൃ വില സൂചിക വിദേശ നിക്ഷേപകര്‍ വലിയ തോതില്‍ ഓഹരികള്‍ വിറ്റഴിക്കുന്നതും ഓഹരികളുടെ ഉയർന്ന മൂല്യനിർണയങ്ങളും കമ്പനികളുടെ മോശം രണ്ടാം പാദഫലങ്ങളും സൂചികകളെ സമ്മർദ്ദത്തിലാക്കിയതാണ് വിപണി നഷ്ടത്തിലേക്ക് വഴിമാറാന്‍ കാരണം. പുറത്തിറങ്ങുന്നതിനു തൊട്ടു മുമ്പാണ് വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തത്.
രണ്ടാം പാദ വരുമാന സീസൺ അവസാനിക്കുമ്പോൾ വിപണി ദിശയെ പോസിറ്റീവ് ആയി സ്വാധീനിക്കുന്ന ഫണ്ടുകളുടെ ഒഴുക്ക് വിദഗ്ധർ പ്രതീക്ഷിക്കുന്നുണ്ട്. വിശാല വിപണിയിൽ മൂല്യനിർണയ സമ്മർദം വർദ്ധിക്കുന്നതിനാൽ ലാർജ് ക്യാപ് ഓഹരികള്‍ താരതമ്യേന മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഏറ്റവും ഉയർന്ന മൂല്യനിർണയത്തിലെത്തിയതായി വിദഗ്ധര്‍ വിലയിരുത്തുന്നു.
വിവിധ സൂചികകളുടെ പ്രകടനം
വിശാല വിപണിയില്‍ ഇന്ന് ഭൂരിഭാഗം ഓഹരികളും ചുവപ്പിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ഐ.ടി, റിയല്‍റ്റി സൂചികകൾ മാത്രമാണ് പച്ചവെളിച്ചം കണ്ടത്. നിഫ്റ്റി സ്മാള്‍ക്യാപ് 1.28 ശതമാനത്തിന്റെയും നിഫ്റ്റി മിഡ്ക്യാപ് 1.07 ശതമാനത്തിന്റെയും നഷ്ടം രേഖപ്പെടുത്തി.
നിഫ്റ്റി പി.എസ്.യു ബാങ്ക് 1.92 ശതമാനത്തിന്റെയും ഓട്ടോ 1.94 ശതമാനത്തിന്റെയും നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ് 1.65 ശതമാനത്തിന്റെയും നിഫ്റ്റി എഫ്.എം.സി.ജി 1.63 ശതമാനത്തിന്റെയും ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി ബാങ്ക് 1.39 ശതമാനവും കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് 1.36 ശതമാനവും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
നിഫ്റ്റി റിയല്‍റ്റി 0.18 ശതമാനത്തിന്റെയും നിഫ്റ്റി ഐ.ടി 0.05 ശതമാനത്തിന്റെയും നേട്ടം രേഖപ്പെടുത്തി.
ബിഎസ്ഇയിൽ വ്യാപാരം നടത്തിയ 4,033 ഓഹരികളില്‍ 2,638 ഓഹരികൾ നഷ്ടത്തിലായിരുന്നപ്പോള്‍ 1,295 ഓഹരികള്‍ നഷ്ടത്തിലായിരുന്നു. 100 ഓഹരികള്‍ മാറ്റമില്ലാതെ തുടർന്നു. 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിലയിൽ രേഖപ്പെടുത്തിയ ഓഹരികളുടെ എണ്ണം 184 ആയിരുന്നു, 52 ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയത് 60. അപ്പർ സർക്യൂട്ടില്‍ 284 ഓഹരികളും ലോവർ സർക്യൂട്ടിൽ 347 ഓഹരികളും വ്യാപാരം നടത്തി.
നേട്ടത്തിലായവരും നഷ്ടത്തിലായവരും
ജൂലൈ-സെപ്റ്റംബർ പാദ ഫലങ്ങള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് ജൂബിലൻ്റ് ഫുഡ് വർക്ക്സ് ഓഹരി 6 ശതമാനത്തിലധികം ഉയർന്നു. 2024 സെപ്തംബർ 30 ന് അവസാനിച്ച രണ്ടാം പാദത്തിൽ 66.53 കോടി രൂപയുടെ ഏകീകൃത അറ്റാദായമാണ് ഡോമിനോസ് പിസ ഓപ്പറേറ്റർ രേഖപ്പെടുത്തിയത്. ജൂബിലൻ്റ് ഫുഡ് വർക്ക്സ് ഓഹരി 638.50 രൂപയിലാണ് ക്ലോസ് ചെയ്തത്.
ട്രെൻ്റ് (0.42%), സൺ ഫാർമ (0.13%), എച്ച്സിഎൽ ടെക് (0.06%), ഇൻഫോസിസ് (0.05%) തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
കാലിഫോർണിയ ആസ്ഥാനമായ എ.ഐ സോഫ്റ്റ്‌വെയർ സ്ഥാപനം ഇൻ്റലിസ്വിഫ്റ്റിനെ 110 മില്യൺ ഡോളറിന് ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചതിന് ശേഷം എല്‍ ആന്‍ഡ് ടി ടെക്നോളജി സര്‍വീസസ് ഓഹരി 3 ശതമാനം ഉയർന്നു. സോഫ്‌റ്റ്‌വെയർ ഉൽപ്പന്നങ്ങളുടെ വികസനം, പ്ലാറ്റ്‌ഫോം എഞ്ചിനീയറിംഗ്, ഡിജിറ്റൽ ഇൻ്റഗ്രേഷൻ, എ.ഐ എന്നിവയിൽ എൽ ആൻഡ് ടി ടെക്കിൻ്റെ ബിസിനസ് വർദ്ധിപ്പിക്കുന്നതാണ് ഈ നീക്കം. എല്‍ ആന്‍ഡ് ടി ടെക് 5,270 രൂപയിലാണ് ക്ലോസ് ചെയ്തത്.
സെപ്റ്റംബറിൽ അവസാനിച്ച പാദത്തിലെ മോശം വരുമാന റിപ്പോർട്ടിനെത്തുടർന്ന് ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ഓഹരികൾ 7 ശതമാനത്തിലധികം ഇടിഞ്ഞു. 531.5 കോടി രൂപയുടെ ഏകീകൃത അറ്റാദായമാണ് ഈ എഫ്എംസിജി കമ്പനി റിപ്പോർട്ട് ചെയ്തത്. മുൻ വർഷത്തെ 586.5 കോടി രൂപയെ അപേക്ഷിച്ച് 9.4 ശതമാനം ഇടിവാണ് അറ്റാദായത്തില്‍ കമ്പനിക്കുണ്ടായത്. ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ഓഹരി 5,038 രൂപയിലാണ് ക്ലോസ് ചെയ്തത്.
ബി.ഇ.എല്‍ (-3.49%), എന്‍.ടി.പി.സി (-3.12%), ഏഷ്യൻ പെയിൻ്റ്‌സ് (-2.86%), എച്ച്.ഡി.എഫ്.സി ബാങ്ക് (-2.68%) തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
ഏഷ്യൻ പെയിൻ്റ്സ് മൂന്നര വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇന്ന് ക്ലോസ് ചെയ്തത്. ഓഹരി 2500 രൂപക്ക് താഴെയെത്തി. ഏഷ്യൻ പെയിൻ്റ്സ് 2,470.30 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
എച്ച്.ജി ഇൻഫ്രാ എഞ്ചിനീയറിംഗ് കമ്പനിയുടെ അറ്റാദായത്തിൽ 16 ശതമാനം ഇടിവ് റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഓഹരികൾ 5 ശതമാനം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. 80.7 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ അറ്റാദായം 96.1 കോടി രൂപയായിരുന്നു. എച്ച്.ജി ഇൻഫ്രാ എഞ്ചിനീയറിംഗ് 1,216.50 രൂപയിലാണ് ക്ലോസ് ചെയ്തത്.
മോശം പ്രകടനവുമായി കെ.എസ്.ഇ യും ബി.പി.എല്ലും
ഭൂരിഭാഗം കേരളാ ഓഹരികളും ചൊവാഴ്ച ചുവപ്പിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആറ് കമ്പനികള്‍ മാത്രമാണ് പച്ചവെളിച്ചം കണ്ടത്. കെ.എസ്.ഇ 5.39 ശതമാനം ഇടിവോടെ നഷ്ടപട്ടികയില്‍ മുന്നിട്ടു നിന്നു. കെ.എസ്.ഇ 2546 രൂപയിലാണ് ക്ലോസ് ചെയ്തത്.
ബി.പി.എല്‍ 5 ശതമാനത്തിന്റെയും സ്കൂബി ഡേ ഗാര്‍മെന്റ്സ് 4.08 ശതമാനത്തിന്റെയും മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് 3.10 ശതമാനത്തിന്റെയും നഷ്ടം രേഖപ്പെടുത്തി.
കൊച്ചിൻ ഷിപ്പ്‌യാർഡ് 2.03 ശതമാനം നഷ്ടത്തില്‍ 1365 രൂപയിലാണ് ക്ലോസ് ചെയ്തത്. ഫാക്ട് ഓഹരി 1.02 ശതമാനം നഷ്ടത്തില്‍ 857 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ടോളിന്‍സ് ടയേഴ്സ് 1.59 ശതമാനം നേട്ടത്തോടെ 170 രൂപയിലാണ് ക്ലോസ് ചെയ്തത്. കല്യാണ്‍ ജുവലേഴ്സ് 0.43 ശതമാനം നേട്ടത്തില്‍ 703 രൂപയില്‍ ക്ലോസ് ചെയ്തു.
മണപ്പുറം ഫിനാന്‍സ്, സി.എസ്.ബി ബാങ്ക്, യൂണിറോയൽ മറൈൻ എക്സ്പോർട്ട്സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ് ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.