ലാഭമെടുപ്പില്‍ ചുവന്ന് ഓഹരിക്കളം; ചോര്‍ന്നത് 13.5 ലക്ഷം കോടി, അദാനിക്ക് മാത്രം നഷ്ടം 1.26 ലക്ഷം കോടി, കണ്ണീര്‍ക്കടലായി മിഡ്-സ്‌മോള്‍ ഓഹരികള്‍
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും സൗത്ത് ഇന്ത്യന്‍ ബാങ്കുമടക്കം ഒട്ടുമിക്ക കേരള ഓഹരികളും കനത്ത ഇടിവില്‍; നേട്ടത്തിലേറി കല്യാണ്‍ ജുവലേഴ്‌സ്, കൂപ്പുകുത്തി റിയല്‍ എസ്‌റ്റേറ്റ്, പൊതുമേഖലാ ഓഹരികള്‍
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും സൗത്ത് ഇന്ത്യന്‍ ബാങ്കുമടക്കം ഒട്ടുമിക്ക കേരള ഓഹരികളും കനത്ത ഇടിവില്‍; നേട്ടത്തിലേറി കല്യാണ്‍ ജുവലേഴ്‌സ്, കൂപ്പുകുത്തി റിയല്‍ എസ്‌റ്റേറ്റ്, പൊതുമേഖലാ ഓഹരികള്‍
സെബി തൊടുത്തുവിട്ട ആരോപണശരങ്ങളില്‍ തട്ടി ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് തകര്‍ന്നുവീണത് കനത്ത നഷ്ടത്തിലേക്ക്. ഇന്ന് ഒറ്റയടിക്ക് ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ നിക്ഷേപക സമ്പത്തില്‍ നിന്ന് ചോര്‍ന്നത് 13.47 ലക്ഷം കോടി രൂപ. കഴിഞ്ഞ 7 ദിവസത്തെ നഷ്ടം 21.83 ലക്ഷം കോടി രൂപ. 394 ലക്ഷം കോടി രൂപയ്ക്ക് മുകളിലായിരുന്ന മൊത്തം നിക്ഷേപക സമ്പത്ത് ഇന്ന് 372.16 ലക്ഷം കോടി രൂപയിലേക്കാണ് നിലംപൊത്തിയത്.
നേട്ടത്തോടെയാണ് ഇന്ന് ഇന്ത്യന്‍ ഓഹരി സൂചികകള്‍ വ്യാപാരം തുടങ്ങിയത്. അതിനുപക്ഷേ, ആയുസ്സ് തീരെക്കുറവായിരുന്നു. ആദ്യമണിക്കൂറില്‍ തന്നെ വിപണിയില്‍ കരടികള്‍ ആക്രമിച്ച് വിളയാടി.
73,993ല്‍ നേട്ടത്തോടെ വ്യാപാരം തുടങ്ങിയ സെന്‍സെക്‌സ് ഒരുവേള 74,000 ഭേദിച്ചു. തുടര്‍ന്ന് 1,500 പോയിന്റോളം ഇടിഞ്ഞ് 72,515 വരെ എത്തുകയും ചെയ്തു. വ്യാപാരാന്ത്യത്തില്‍ സെന്‍സെക്‌സുള്ളത് 906 പോയിന്റിടിഞ്ഞ് (-1.23%) 72,761.89ല്‍.
22,432ല്‍ തുടങ്ങി 22,446 വരെ കയറിയ നിഫ്റ്റിയും ഇന്നൊരുവേള 21,905 വരെ താഴ്ന്നു. വ്യാപാരം പൂര്‍ത്തിയായപ്പോള്‍ നിഫ്റ്റിയുള്ളത് 338 പോയിന്റ് (-1.51%) നഷ്ടവുമായി 21,997.70ല്‍.
എന്താണ് ഇന്ന് വിപണിയെ ഉലച്ചത്?
ഒട്ടുമിക്ക ഓഹരി വിഭാഗങ്ങളും ഇന്ന് വില്‍പന സമ്മര്‍ദ്ദത്തില്‍പ്പെട്ട് വലഞ്ഞു. കൂടുതല്‍ തിരിച്ചടിയായത് സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുചിന്റെ കഴിഞ്ഞദിവസത്തെ ഒരു അഭിപ്രായമാണ്. മിഡ്, സ്‌മോള്‍ക്യാപ്പ് ഓഹരികളുടെ വില ഊതിവീര്‍പ്പിച്ച കുമിളകള്‍ പോലെയാണെന്നും എസ്.എം.ഇ ശ്രേണിയില്‍ തിരിമറി നടക്കുന്നുണ്ടെന്നുമാണ് മാധബി പറഞ്ഞത്.
ഏറെക്കാലമായി അതിക്രമിച്ച മൂല്യത്തിലാണ് പൊതുവേ ഈ ചെറുകിട ഓഹരികളെന്നും ഏത് നിമിഷവും തിരുത്തല്‍ (Correction) ഉണ്ടായേക്കാമെന്നും നിക്ഷേപകര്‍ പ്രതീക്ഷിച്ചിരിക്കേയാണ് മാധബി പുരിയുടെ വാക്കുകളെത്തിയത്. ഇതോടെ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞ് മാറാന്‍ മത്സരിച്ചു. ഇത് വിപണിയെ ഇന്ന് ചോരക്കളമാക്കുകയായിരുന്നു.
റിലയന്‍സ് അടക്കം വന്‍കിട ഓഹരികളിലും വിറ്റൊഴിയല്‍ക്കാറ്റ് ആഞ്ഞടിച്ചു. അദാനി ഓഹരികള്‍ ഒന്നടങ്കം ഉലഞ്ഞു. അതിക്രമിച്ച വാല്യൂവേഷനുണ്ടെന്ന് വിലയിരുത്തപ്പെട്ട കേന്ദ്ര പൊതുമേഖലാ ഓഹരികളിലും വിറ്റൊഴിയല്‍ മഹാമേള അരങ്ങേറി. റിയല്‍റ്റി ഓഹരികളും ലാഭമെടുപ്പില്‍ മുങ്ങി. സാമ്പത്തിക വര്‍ഷത്തെ അവസാനത്തെ മാസമായതിനാല്‍ നികുതി കണക്കാക്കുന്നതടക്കമുള്ള സാമ്പത്തിക ആവശ്യങ്ങളുടെ ഭാഗമായി നിരവധിപേര്‍ ഓഹരികള്‍ വിറ്റുമാറിയതും തിരിച്ചടിയായി.
വിപണിയുടെ ട്രെന്‍ഡ്
നിഫ്റ്റി 50ല്‍ ഇന്ന് വെറും 6 കമ്പനികളാണ് പച്ചതൊട്ടത്. 43 ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു, ഒരു ഓഹരിയുടെ വില മാറിയില്ല. പവര്‍ഗ്രിഡ്, കോള്‍ ഇന്ത്യ, അദാനി എന്റര്‍പ്രൈസസ്, എന്‍.ടി.പി.സി., അദാനി പോർട്സ് എന്നിവ 6.5-7 ശതമാനം ഇടിഞ്ഞ് നഷ്ടയാത്രയ്ക്ക് ചുക്കാന്‍ പിടിച്ചു. അതേസമയം ഐ.ടി.സി 4 ശതമാനത്തിലധികം കയറി തിളങ്ങി. പ്രൊമോട്ടര്‍മാരായ ബ്രിട്ടീഷ് അമേരിക്കന്‍ ടുബാക്കോ (BAT) കമ്പനി ഓഹരി പങ്കാളിത്തം കുറച്ചതും നിരവധി ബ്രോക്കറേജുകള്‍ ഐ.ടി.സിയുടെ ലക്ഷ്യവില കൂട്ടിയതും ഐ.ടി.സി ഓഹരികള്‍ക്ക് ഇന്ന് ആഘോഷമായി.
ബി.എസ്.ഇയില്‍ 3,976 ഓഹരികള്‍ വ്യാപാരം ചെയ്യപ്പെട്ടതില്‍ 350 ഓഹരികളേ ഇന്ന് നേട്ടം കുറിച്ചുള്ളൂ. 3,569 എണ്ണവും താഴേക്കുപോയി. 57 ഓഹരികളുടെ വില മാറിയില്ല. 97 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരം കണ്ടു; 253 എണ്ണം താഴ്ചയും. അപ്പര്‍-സര്‍കീട്ടില്‍ കമ്പനികളുണ്ടായില്ല. ലോവര്‍-സര്‍കീട്ടില്‍ രണ്ട് കമ്പനികളുണ്ടായിരുന്നു.
ചോരപ്പുഴയായി വിശാലവിപണി
നിഫ്റ്റി എഫ്.എം.സി.ജി ഓഹരി 0.05 ശതമാനം കയറിയതൊഴിച്ചാല്‍ വിശാലവിപണിയില്‍ ഇന്ന് കണ്ടത് ഓഹരികളുടെ രക്തച്ചൊരിച്ചിലാണ്. സെബിയുടെ 'അടിയേറ്റ്' നിഫ്റ്റി മിഡ്ക്യാപ്പ് 4.40 ശതമാനവും സ്‌മോള്‍ക്യാപ്പ് 5.28 ശതമാനവും ഇടിഞ്ഞു.
നിഫ്റ്റി മീഡിയ 5.62 ശതമാനം, മെറ്റല്‍ 5.69 ശതമാനം, പി.എസ്.യു ബാങ്ക് 4.28 ശതമാനം, റിയല്‍റ്റി 5.32 ശതമാനം, ഓയില്‍ ആന്‍ഡ് ഗ്യാസ് 4.87 ശതമാനം എന്നിങ്ങനെയും കൂപ്പുകുത്തി.
നിരാശപ്പെടുത്തിയവരും തിളങ്ങിയവരും
അദാനി ഗ്രൂപ്പ് ഓഹരികള്‍ ഇന്ന് 3-7 ശതമാനം തകര്‍ന്നടിഞ്ഞു. 1.26 ലക്ഷം കോടി രൂപയാണ് അദാനി ഗ്രൂപ്പ് ഓഹരികളുടെ സംയുക്ത വിപണിമൂല്യത്തില്‍ നിന്ന് ഇന്ന് കൊഴിഞ്ഞത്.
പവര്‍ഗ്രിഡ്, കോള്‍ ഇന്ത്യ, അദാനി എന്റര്‍പ്രൈസസ്, എന്‍.ടി.പി.സി, അദാനി പോര്‍ട്‌സ്, ടാറ്റാ സ്റ്റീല്‍, ഒ.എന്‍.ജി.സി., ടൈറ്റന്‍, ഹിന്‍ഡാല്‍കോ, ഭാരതി എയര്‍ടെല്‍, എല്‍ ആന്‍ഡ് ടി., ടാറ്റാ കണ്‍സ്യൂമര്‍, ടാറ്റാ മോട്ടോഴ്‌സ്, എച്ച്.യു.എല്‍., ഹീറോ മോട്ടോകോര്‍പ്പ്, ആക്‌സിസ് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മാരുതി, എസ്.ബി.ഐ., ബജാജ് ഫിന്‍സെര്‍വ്, വിപ്രോ, ബജാജ് ഓട്ടോ എന്നിവ ഇന്ന് ലാഭമെടുപ്പില്‍ വലഞ്ഞവയാണ്; നഷ്ടം 7 ശതമാനം വരെ.
നിഫ്റ്റി 200ല്‍ മാക്രോടെക് ഡെവലപ്പേഴ്‌സ് 10.44 ശതമാനം ഇടിഞ്ഞ് നഷ്ടത്തില്‍ ഒന്നാമതെത്തി. ഐ.ആര്‍.എഫ്.സി., വോഡഫോണ്‍ ഐഡിയ, അദാനി ടോട്ടല്‍ ഗ്യാസ്, ഫാക്ട് എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്.
പ്രതിസന്ധിക്കാറ്റ് ആഞ്ഞടിച്ചിട്ടും പിടിച്ചുനിന്നവരില്‍ മുന്നില്‍ ഐ.ടി.സി തന്നെ. ഓഹരി ഇന്ന് 4 ശതമാനത്തിലധികം കയറി. സി.ജി പവര്‍, ഐ.സി.ഐ.സി.ഐ ബാങ്ക്, കോട്ടക് ബാങ്ക്, ബജാജ് ഫിനാന്‍സ് എന്നിവയും 0.22 മുതല്‍ 1.11 ശതമാനം ഉയര്‍ന്ന് നിഫ്റ്റി 200ല്‍ നേട്ടത്തില്‍ തൊട്ടുപിന്നാലെയുണ്ട്.
കൂപ്പുകുത്തി കേരള ഓഹരികളും
കല്യാണ്‍ ജുവലേഴ്‌സും (+1.81%) പ്രൈമ ഇന്‍ഡസ്ട്രീസും (+3.62%) ഒഴികെയുള്ള എല്ലാ കേരള ഓഹരികളും ഇന്ന് കനത്ത നഷ്ടം നേരിട്ടു. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് 10.82 ശതമാനവും ജി.ടി.എന്‍ 14.17 ശതമാനവും കിറ്റെക്‌സ് 12.39 ശതമാനവും ഇടിഞ്ഞു.
ആസ്പിന്‍വാള്‍, ബി.പി.എല്‍., ഫാക്ട്, ജിയോജിത്, കിംഗ്‌സ് ഇന്‍ഫ്ര, മുത്തൂറ്റ് മൈക്രോഫിന്‍, നിറ്റ ജെലാറ്റിന്‍, സ്റ്റെല്‍, പാറ്റ്‌സ്പിന്‍, പി.ടി.എല്‍., ടി.സി.എം., വി-ഗാര്‍ഡ്, വണ്ടര്‍ല, സി.എം.ആര്‍.എല്‍ എന്നിവ 6-9 ശതമാനം കൂപ്പുകുത്തി.
സെല്ല, സി.എസ്.ബി ബാങ്ക്, ഈസ്റ്റേണ്‍, ധനലക്ഷ്മി ബാങ്ക്, ഹാരിസണ്‍സ് മലയാളം, ഇന്‍ഡിട്രേഡ്, കേരള ആയുര്‍വേദ, മണപ്പുറം ഫിനാന്‍സ്, റബ്ഫില, സഫ, യൂണിറോയല്‍ എന്നിവ 4-6 ശതമാനവും ഇടിഞ്ഞു.