ഓഹരികളില്‍ ആലസ്യം, 83ലേക്ക് വീണ് രൂപ; അദാനി ഓഹരികള്‍ ഇടിഞ്ഞു

കുതിച്ച് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്; മുത്തൂറ്റ് ഫിനാന്‍സും ഫാക്ടും 5 ശതമാനത്തിലേറെ നഷ്ടത്തില്‍, ഓഹരി വിപണിക്ക് നാളെ അവധി

Update:2023-08-14 18:37 IST

വ്യാപാരത്തിന്റെ തുടക്കത്തില്‍ കനത്ത ഇടിവ് നേരിട്ട ഇന്ത്യന്‍ ഓഹരി സൂചികകള്‍, ഉച്ചയ്ക്ക് ശേഷം കരകയറി നേരിയ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. വ്യാവസായിക ഉത്പാദന സൂചികയുടെ (IIP) വളര്‍ച്ച മേയിലെ 5.3 ശതമാനത്തില്‍ നിന്ന് ജൂണില്‍ 3.7 ശതമാനമായി കുറഞ്ഞതും ഇന്ന് ഏഷ്യന്‍ വിപണികള്‍ നേരിട്ട തളര്‍ച്ചയുമാണ് ഇന്ത്യന്‍ ഓഹരികളെ ആദ്യ സെഷനില്‍ നഷ്ടത്തിലാഴ്ത്തിയത്.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ നിലവാരം 


 എന്നാല്‍, ഇന്ത്യയുടെ ജൂലൈയിലെ മൊത്തവില (wholesale) സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം തുടര്‍ച്ചയായ നാലാംമാസവും പണച്ചുരുക്കത്തിലാണെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഓഹരികളില്‍ നേരിയ ഉണര്‍വുണ്ടായി. നെഗറ്റീവ് 1.36 ശതമാനമാണ് ജൂലൈയില്‍ മൊത്തവില പണച്ചുരുക്കം (Wholesale Inflation). ജൂണില്‍ ഇത് നെഗറ്റീവ് 4.12 ശതമാനമായിരുന്നു.

സെന്‍സെക്‌സ് 79.27 പോയിന്റ് (0.12%) നേട്ടവുമായി 65,401.92ലാണ് വ്യാപാരാന്ത്യമുള്ളത്. നിഫ്റ്റി 6.25 ശതമാനം (0.03%) ഉയര്‍ന്ന് 19,434.55ലാണുള്ളത്. ഇന്നൊരുവേള നിഫ്റ്റി 19,257.90 വരെയും സെന്‍സെക്‌സ് 64,821.88 വരെയും ഇടിഞ്ഞിരുന്നു. സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഓഹരി വിപണികള്‍ക്ക് നാളെ (ചൊവ്വ) അവധിയാണ്.
രൂപയ്ക്ക് തകര്‍ച്ച
ഇന്ത്യന്‍ റുപ്പി ഇന്ന് ഡോളറിനെതിരെ ഒരുവേള 10-മാസത്തെ താഴ്ചയായ 83.07 വരെ കൂപ്പുകുത്തി. 2022 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന മൂല്യമാണിത്.
റിസര്‍വ് ബാങ്കിന് വേണ്ടി ഏതാനും പൊതുമേഖലാ ബാങ്കുകള്‍ പിന്നീട് വന്‍തോതില്‍ ഡോളര്‍ വിറ്റൊഴിഞ്ഞതോടെ രൂപ അല്‍പം കരകയറി. വ്യാപാരാന്ത്യം 10 പൈസ ഇടിഞ്ഞ് 82.95ലാണ് രൂപയുള്ളത്.
പ്രമുഖ കറന്‍സികള്‍ക്കെതിരെ ഡോളര്‍ ശക്തിപ്രാപിക്കുന്നതാണ് രൂപയ്ക്ക് തിരിച്ചടിയാകുന്നത്. ഓഹരികളുടെ തളര്‍ച്ച, ക്രൂഡോയില്‍ വില വര്‍ദ്ധന എന്നിവയും വലച്ചു.
യൂറോ, യെന്‍ തുടങ്ങിയവ അടക്കമുള്ള ആറ് സുപ്രധാന കറന്‍സികള്‍ക്കെതിരെ ഡോളര്‍ ഇന്‍കെസ് ഇന്ന് 103ലേക്ക് ഉയര്‍ന്നിരുന്നു. അമേരിക്കന്‍ കടപ്പത്രങ്ങളുടെ യീല്‍ഡ് (ആദായം) കൂടുന്നതും ഡോളറിന് കരുത്താകുന്നുണ്ട്.
നിരാശപ്പെടുത്തിയവര്‍
നിഫ്റ്റി മെറ്റല്‍ സൂചിക ഇന്ന് 2.14 ശതമാനം ഇടിഞ്ഞു. പി.എസ്.യു ബാങ്ക് (0.71%), റിയല്‍റ്റി (0.66%). ധനകാര്യം (0.34%), വാഹനം (0.33%) എന്നിവയും നിരാശപ്പെടുത്തി. ബാങ്ക് നിഫ്റ്റി 0.24 ശതമാനം താഴ്ന്ന് 44,090.95ലാണുള്ളത്. നിഫ്റ്റി മിഡ്ക്യാപ്പ് 0.17 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.73 ശതമാനവും നഷ്ടത്തിലാണ്.
ഇന്ന് കൂടുതൽ നഷ്ടം കുറിച്ചവർ 

 

നിഫ്റ്റി 200ല്‍ ഏറ്റവുമധികം നിരാശപ്പെടുത്തിയത് നൈകയുടെ മാതൃബ്രാന്‍ഡായ എഫ്.എസ്.എന്‍ ഇ-കൊമേഴ്‌സാണ് (8.28%). വിവിധ ബ്രോക്കറേജ് ഏജന്‍സികള്‍ ജൂണ്‍പാദ പ്രവർത്തനഫലം വന്നതിനു പിന്നാലെ നൈക ഓഹരിയുടെ സ്റ്റാറ്റസ് താഴ്ത്തിയതാണ് തിരിച്ചടിയായത്. ഓഹരി ഒരുവേള 11 ശതമാനം വരെ ഇടിഞ്ഞു.
മുത്തൂറ്റ് ഫിനാന്‍സ്, ജിന്‍ഡാല്‍ സ്റ്റീല്‍, സെയില്‍, ഡാല്‍മിയ ഭാരത് എന്നിവയാണ് കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയ മറ്റ് ഓഹരികള്‍. സെന്‍സെക്‌സില്‍ ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, എസ്.ബി.ഐ., ബജാജ് ഫിന്‍സെര്‍വ്, ടാറ്റാ സ്റ്റീല്‍ എന്നിവയാണ് കൂടുതല്‍ നഷ്ടം നേരിട്ടവര്‍.
അദാനി ഗ്രൂപ്പിന് കീഴിലെ എല്ലാ കമ്പനികളുടെയും ഓഹരി വില ഇന്ന് ഇടിഞ്ഞു. അദാനി ഗ്രൂപ്പിനെ സംശയമുനയില്‍ നിറുത്തി അദാനി പോർട്സിന്റെ ഓഡിറ്റര്‍ പദവിയില്‍ നിന്ന് ഡെലോയിറ്റ് രാജിവച്ചതാണ് തിരിച്ചടിയായത്.
നേട്ടത്തിലേറിയവര്‍
സെന്‍സെക്‌സിനെ നേട്ടത്തില്‍ നിലനില്‍ക്കാന്‍ ഇന്ന് പിന്തുണച്ചത് റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, എച്ച്.യു.എല്‍., ഐ.സി.ഐ.സി.ഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, എല്‍ ആന്‍ഡ് ടി എന്നിവയാണ്.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ 

 

നിഫ്റ്റിയില്‍ എഫ്.എം.സി.ജി 0.49 ശതമാനവും ഐ.ടി 0.68 ശതമാനവും മീഡിയ 0.87 ശതമാനവും നേട്ടമുണ്ടാക്കി. എന്‍.എം.ഡി.സി., ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (ഐ.ആര്‍.എഫ്.സി/IRFC), ജെ.എസ്.ഡബ്ല്യു എനര്‍ജി., ബാങ്ക് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് എന്നിവയാണ് നിഫ്റ്റി 200ല്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയത്.
വിപണിയുടെ ട്രെന്‍ഡ്
സെന്‍സെക്‌സില്‍ ഇന്ന് 1,515 ഓഹരികള്‍ നേട്ടത്തിലും 2,217 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 163 ഓഹരികളുടെ വില മാറിയില്ല. 208 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരത്തിലും 52 എണ്ണം താഴ്ചയിലുമായിരുന്നു. 5 കമ്പനികള്‍ ലോവര്‍ സര്‍ക്യൂട്ടിലായിരുന്നു. അപ്പര്‍ സര്‍ക്യൂട്ടില്‍ ഒരു കമ്പനിയും ഉണ്ടായില്ല.
ബി.എസ്.ഇയുടെ നിക്ഷേപക മൂല്യം 94,000 കോടി രൂപ താഴ്ന്ന് 303.74 ലക്ഷം കോടി രൂപയായി.

കുതിച്ച് കപ്പല്‍ശാല, കിതച്ച് വളം നിര്‍മ്മാണശാല
കേരള ഓഹരികളില്‍ ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡാണ് (6.36%). ജൂണ്‍പാദത്തില്‍ ലാഭം ഇരട്ടിക്കുകയും വരുമാനം മെച്ചപ്പെടുകയും ചെയ്തത് കപ്പല്‍ശാലയ്ക്ക് നേട്ടമായി. ഇന്‍ഡിട്രേഡ് (4.61%), സെല്ല സ്‌പേസ് (4.24%), ധനലക്ഷ്മി ബാങ്ക് (4.10%), സ്റ്റെല്‍ ഹോള്‍ഡിംഗ്‌സ് (3.57%) എന്നിവയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍.
കേരള ഓഹരികളുടെ ഇന്നത്തെ നിലവാരം 

 

കേന്ദ്ര പൊതുമേഖലാ വളം നിര്‍മ്മാണശാലയായ ഫാക്ട് 5.91 ശതമാനം ഇടിഞ്ഞ് ഇന്ന് നഷ്ടത്തില്‍ ഒന്നാമതെത്തി. ജൂണ്‍പാദത്തിലെ പ്രവര്‍ത്തനഫലം നിരാശപ്പെടുത്തിയതാണ് തിരിച്ചടിയായത്. മുത്തൂറ്റ് ഫിനാന്‍സ് ഓഹരി ഇന്നൊരുവേള 8 ശതമാനം വരെ ഇടിഞ്ഞു. ജൂണ്‍പാദത്തില്‍ ലാഭം മെച്ചപ്പെട്ടെങ്കിലും നിഷ്‌ക്രിയ വായ്പ, അറ്റ പലിശ മാര്‍ജിന്‍ എന്നിവയില്‍ നേരിട്ട സമ്മര്‍ദ്ദമാണ് മുത്തൂറ്റ് ഓഹരികളെ വലച്ചത്. പുറമേ വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ഓഹരിയുടെ റേറ്റിംഗ് കുറച്ചതും തിരിച്ചടിയായി.
കെ.എസ്.ഇ (3.57%), കൊച്ചിന്‍ മിനറല്‍സ് (3.51%), എ.വി.ടി (3.26%) എന്നിവയാണ് കൂടുതല്‍ നഷ്ടം നേരിട്ട മറ്റ് ഓഹരികള്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് കൊച്ചിന്‍ മിനറല്‍സ് ഓഹരികളുടെ വീഴ്ച.
Tags:    

Similar News