വ്യാപാരാന്ത്യത്തില്‍ റെക്കോഡ് കൈവിട്ട് സെന്‍സെക്‌സും നിഫ്റ്റിയും, മുന്നേറി റിയല്‍റ്റിയും എഫ്.എം.സി.ജിയും ഐ.ടിയും

സൊമാറ്റോയ്ക്കും ജിയോഫിനാന്‍ഷ്യലിനും ക്ഷീണം

Update:2024-07-16 18:40 IST

തുടര്‍ച്ചയായ മൂന്നാം വ്യാപാര ദിനത്തിലും പുതിയ റെക്കോഡ് താണ്ടിയാണ് ഇന്ത്യന്‍ ഓഹരി സൂചികകള്‍ വ്യാപാരം അവസാനിപ്പിച്ചത്. പക്ഷെ, ആഗോള വിപണികളില്‍ നിന്നുള്ള ദുര്‍ബല സൂചനകളും യൂണിയന്‍ ബജറ്റിനു മുന്നോടിയായുള്ള ജാഗ്രതയും വിപണിയുടെ നേട്ടം പരിമിതപ്പെടുത്തി. ഇതിനിടയിലും ചില വമ്പന്‍ ഓഹരികളില്‍ വാങ്ങല്‍ താത്പര്യം തുടര്‍ന്നത് വിപണിയെ നേട്ടത്തില്‍ പിടിച്ചു നിര്‍ത്തുകയും ചെയ്തു.

ഇന്നത്തെ വ്യാപാരത്തിനിടെ സെന്‍സെക്‌സ് 80,898.3 പോയിന്റും നിഫ്റ്റി 24,661.25 പോയിന്റും എന്ന പുതു ഉയരം കുറിച്ചു. വ്യാപാരാന്ത്യത്തോടടുത്തപ്പോള്‍ ആ നേട്ടത്തിന്റെ നല്ലൊരു പങ്കും സൂചികകള്‍ നഷ്ടപ്പെടുത്തിയിരുന്നു. സെന്‍സെക്‌സ് വെറും 52 പോയിന്റ് ഉയര്‍ന്ന് 80,716.55ലും നിഫ്റ്റി 26  പോയിന്റിന്റെ നേരിയ നേട്ടത്തോടെ 24,613ലും വ്യാപാരം അവസാനിപ്പിച്ചു. ഇരു സൂചികകളുടെയും റെക്കോഡ് ക്ലോസിംഗ് നിലവാരമാണിത്.
ബജറ്റ് വരെ ഇപ്പോഴത്തെ രീതിയിലുള്ള മുന്നേറ്റം പ്രതീക്ഷിക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തലുകള്‍. ഈ സാഹചര്യത്തില്‍ ബജറ്റിനു മുന്‍പ് നിഫ്റ്റി 25,000 പോയിന്റ് കടക്കുമോ എന്നാണ് നിക്ഷേപകര്‍ ഉറ്റു നോക്കുന്നത്. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ക്കൊപ്പം ആഭ്യന്തര നിക്ഷേപകരും സജീവമായി നില്‍ക്കുന്നത് സെന്‍സെക്‌സിനെയും നിഫ്റ്റിയെയും പുതിയ റെക്കോഡുകളിലേക്ക് നയിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ചയാണ് നിഫ്റ്റി ആദ്യമായി 24,500 പോയിന്റ് ഉയര്‍ന്നത്.
നാളെ ഓഹരി വിപണിയില്‍ വ്യാപാരമില്ല. മുഹറം പ്രമാണിച്ച് ബി.എസ്.ഇക്കും എന്‍.എസ്.ഇക്കും അവധിയാണ്.
വിവിധ സൂചികകളുടെ പ്രകടനം
വിശാല വിപണിയില്‍ ഇന്ന് ഭൂരിഭാഗം സൂചികകളും ചുവപ്പണിഞ്ഞു. ഒരു ശതമാനത്തിലധികം നേട്ടവുമായി നിഫ്റ്റി റിയല്‍റ്റിയാണ് പച്ചകൊടിയേന്തി മുന്നേ നടന്നത്. നിഫ്റ്റി ഓട്ടോ, എഫ്.എം.സി.ജി, ഐ.ടി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവ പിന്നാലെയും നടന്നു. നിഫ്റ്റി മീഡിയ ഇന്ന് ഒരു ശതമാനത്തിലധികം നഷ്ടത്തിലായി.

വിവിധ സൂചികകളുടെ പ്രകടനം

ഇന്ന് ബി.എസ്.ഇയില്‍ 4,008 ഓഹരികള്‍ വ്യാപാരം ചെയ്തു. ഇതില്‍ 2,002 ഓഹരികള്‍ നേട്ടത്തിലായപ്പോള്‍ 1,909 ഓഹരികള്‍ നഷ്ടത്തിലേക്ക് വീണ്ടു. 97 ഓഹരികളുടെ വില മാറിയില്ല. ഇന്ന് 271 ഓഹരികളാണ് 52 ആഴ്ചയിലെ ഉയര്‍ന്ന വില തൊട്ടത്. 23 ഓഹരികള്‍ താഴ്ന്ന വിലയിലായി. അപ്പര്‍ സര്‍ക്യൂട്ടില്‍ ഒറ്റ ഓഹരിയുമില്ല. ലോവര്‍ സര്‍ക്യൂട്ടില്‍ ഒറ്റ ഓഹരി മാത്രം.
ഓഹരികളിലെ കുതിപ്പും കിതപ്പും
ഭാരതി എയര്‍ടെല്‍, ഐ.സി.ഐ.സി.ഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയാണ് ഇന്ന് നിഫ്റ്റിയിലെ മുഖ്യ നേട്ടക്കാര്‍. അതേ സമയം റിലയന്‍സ് ഇൻഡസ്ട്രീസ്, കോട്ടക് മഹീന്ദ്ര ബാങ്ക്, എന്‍.ടി.പി.സി എന്നിവ സൂചികകളെ താഴോട്ട് വലിക്കുന്നതില്‍ മുന്നില്‍ നിന്നു.
ഒന്നാം പാദത്തില്‍ ലാഭത്തില്‍ കുറവ് രേഖപ്പെടുത്തിയത് ജിയോ ഫിനാന്‍ഷ്യല്‍ ഓഹരികളെ മൂന്ന് ശതമാനത്തോളം ഇടിവിലാക്കി. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തേക്കാള്‍ ലാഭം 6 ശതമാനത്തോളം കുറഞ്ഞു.
ഒന്നാം പാദലാഭത്തില്‍ ഉയര്‍ച്ച രേഖപ്പെടുത്തിയ ബജാജ് ഓട്ടോ ഓഹരികള്‍ രണ്ട് ശതമാനത്തോളം ഉയര്‍ന്നു.

നേട്ടം കുറിച്ചവര്‍

എല്‍.ഐ.സി ഓഹരികളാണ് ഇന്ന് നിഫ്റ്റി 200ല്‍ കരുത്ത് തെളിയിച്ച മുഖ്യ ഓഹരി. വ്യാപാരാന്ത്യത്തില്‍ 4.31 ശതമാനം നേട്ടത്തോടെ 1.105.95 രൂപയിലാണ് ഓഹരിയുള്ളത്. പൂനാവാല ഫിന്‍കോര്‍പ്പ് ഇന്ന് 3.67 ശതമാനം നേട്ടത്തോടെ രണ്ടാം സ്ഥാനത്തുണ്ട്. പിരാമല്‍ എന്റര്‍പ്രൈസസ് 3.57 ശതമാനം, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ 3.07 ശതമാനം, കോള്‍ ഇന്ത്യ 3.01 ശതമാനം എന്നിങ്ങനെ നേട്ടവുമായി തൊട്ടു പിന്നിലുണ്ട്.
പ്ലാറ്റ്‌ഫോം ഫീസ് ഉയര്‍ത്തിയ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോ ഓഹരികള്‍ ഇന്ന് 4.71 ശതമാനം ഇടിവിലായി. കഴിഞ്ഞ ദിവസം ഓഹരി അഞ്ച് ശതമാനത്തോളം ഉയര്‍ന്നിരുന്നു. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ഇന്ന് 3.30 ശതമാനം ഇടിവുമായി നിഫ്റ്റി നഷ്ടപ്പട്ടികയില്‍ രണ്ടാമതെത്തി. ഓയില്‍ ഇന്ത്യയാണ് 3.21 ശതമാനവുമായി തൊട്ടു പിന്നില്‍.
സീ എന്റര്‍ടെയിന്‍മെന്റ് എന്റര്‍പ്രൈസസാണ് ഇന്ന് 2.95 ശതമാനം നഷ്ടവുമായി ആദ്യ അഞ്ചില്‍ എത്തിയ മറ്റൊരു ഓഹരി.

നഷ്ടം കുറിച്ചവര്‍

മോര്‍ഗന്‍ സ്റ്റാന്‍ലി 'ഓവര്‍വെയിറ്റ്' റേറ്റിംഗ് നല്‍കിയത് ഭാരതി ഹെക്‌സാകോം ഓഹരികളെ ഇന്ന് 9 ശതമാനം ഉയര്‍ത്തി. ഓഹരിയുടെ ലക്ഷ്യവില 20 ശതമാനം ഉയര്‍ത്തി 1,1280 രൂപയാക്കിയിട്ടുണ്ട്.
താഴേക്കിറങ്ങി ആഡ്‌ടെക് സിസ്റ്റംസ്
കേരള കമ്പനി ഓഹരികളിലിന്ന് സമ്മിശ്ര പ്രകടനമായിരുന്നു. ഏറ്റവും കൂടുതല്‍ നേട്ടം കാഴ്ചവച്ചത് പ്രൈമ അഗ്രോ ഓഹരിയാണ്. ഓഹരി വില 12.91 ശതമാനം ഉയര്‍ന്ന് 30 രൂപയിലെത്തി. കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ഓഹരി വില 6.68 ശതമാനം ഉയര്‍ന്ന് 234.49 രൂപയിലെത്തി. കാലിത്തീറ്റ കമ്പനിയായ കെ.എസ്.ഇ ഓഹരികള്‍ മൂന്ന്  ശതമാനത്തിലിധം ഉയര്‍ന്നു. ഫാക്ട്, ഹാരിസണ്‍സ് മലയാളം, കല്യാണ്‍ ജുവലേഴ്‌സ്, അപ്പോളോ ടയേഴ്‌സ്, എ.വി.ടി നാച്വറല്‍സ് തുടങ്ങിയ ഓഹരികളാണ് ഇന്ന് നേട്ടത്തില്‍ മുന്നിലെത്തിയത്.

കേരള കമ്പനി ഓഹരികളുടെ ഇന്നത്തെ പ്രകടനം

കേരള ആയുര്‍വേദ ഓഹരികളും സെല്ല സ്‌പേസും ഇന്നും നഷ്ടത്തില്‍ തുടരുകയാണ്. തുടര്‍ച്ചയായി അപ്പര്‍ സര്‍ക്യൂട്ടില്‍ തുടര്‍ന്നിരുന്ന ആഡ്‌ടെക് സിസ്റ്റംസ് ഇന്ന് രണ്ട് ശതമാനത്തോളം താഴ്ന്നു. സഫ സിസ്റ്റംസ് ഓഹരി വിലയിലും 4 ശതമാനത്തിലധികം ഇടിവുണ്ടായി. കിംഗ്‌സ് ഇന്‍ഫ്ര വെഞ്ച്വേഴ്‌സ്, ടി.സി.എസ്, വണ്ടര്‍ലാ, വീഗാര്‍ഡ് തുടങ്ങിയ ഓഹരികളും ഇന്ന് ഇടിവിലാണ്.
Tags:    

Similar News