വില്ലനായി പാദഫലങ്ങള്‍, വിപണിക്ക് രണ്ടാം ദിനവും നഷ്ടം; അടിച്ചു കയറി ജിയോജിത്തും സൗത്ത് ഇന്ത്യന്‍ ബാങ്കും, നിരാശയില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്

ഐ.ടി, ഓട്ടോ സൂചികകളില്‍ ഒരു ശതമാനത്തിലധികം നഷ്ടം

Update:2024-10-16 18:21 IST

ഇന്ത്യന്‍ ഓഹരി വിപണിക്ക് രണ്ടാം ദിനത്തിലും വീഴ്ച. ക്രൂഡ് ഓയില്‍ വിലയിലുണ്ടായ കുറവ് വിപണിക്ക് ആശ്വാസം പകര്‍ന്നെങ്കിലും പ്രധാനപ്പെട്ട പല കമ്പനികളുടെയും പ്രതീക്ഷിച്ചതിനേക്കാള്‍ മോശം പാദഫലങ്ങള്‍ നിരാശപ്പെടുത്തി. ഒപ്പം വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ പണമൊഴുക്കു കുറഞ്ഞതും വിപണിയെ വലച്ചു. അതേസമയം, വിപണിയുടെ മധ്യ-ദീര്‍ഘകാല ഔട്ട്‌ലുക്ക് പോസിറ്റീവാണെന്ന് നിരീക്ഷകര്‍ കണക്കാക്കുന്നു.

സെന്‍സെക്‌സ് ഇന്ന് 318.76 പോയിന്റ് ഇടിഞ്ഞ് 81,501.36ലും  നിഫ്റ്റി 86.05 പോയിന്റ് താഴ്ന്ന് 24,971.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരുവേള സെന്‍സെക്‌സ് 81,358 പോയിന്റ് വരെയും നിഫ്റ്റി 24,908 പോയിന്റ് വരെയും ഇടിഞ്ഞിരുന്നു. പിന്നീട് നഷ്ടം കുറയ്ക്കുകയായിരുന്നു.

രൂപ ഇന്ന് നാല് പൈസ ഉയര്‍ന്ന് ഡോളറിനെതിരെ 84ലെത്തി നിലമെച്ചപ്പെടുത്തി.

വിവിധ സൂചികകളുടെ പ്രകടനം

നിഫ്റ്റി മിഡ്ക്യാപ് സൂചിക ഇന്ന് 0.24 ശതമാനം താഴ്ന്നു, സ്‌മോള്‍ ക്യാപ് സൂചിക 0.01 ശതമാനത്തിന്റെ നേരിയ നേട്ടത്തില്‍ പിടിച്ചു നിന്നു.

വിവിധ ഓഹരി സൂചികകളുടെ ഇന്നത്തെ പ്രകടനം

നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, റിയല്‍റ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകളാണ് ഇന്ന് നേട്ടത്തില്‍ പിടിച്ചു നിന്നത്. ഓട്ടോയും ഐ.ടിയും ഒരു ശതമാനത്തിലധികം നഷ്ടമുണ്ടാക്കി.

4,068 ഓഹരികളാണ് ഇന്ന് ബി.എസ്.ഇയില്‍ വ്യാപാരം നടത്തിയത്. ഇതില്‍ 2,032 ഓഹരികളും നേട്ടമുണ്ടാക്കി. 1,926 ഓഹരികള്‍ വില നഷ്ടം നേരിട്ടു. 110 ഓഹരികള്‍ക്ക് വിലയില്‍ മാറ്റമില്ല. എച്ച്.സി.എല്‍ ടെക്, ഡിക്‌സണ്‍ ടെക്‌നോളജീസ്, എച്ച്.ഡി.എഫ്.സി എ.എം.സി, ഒബ്‌റോണ്‍ റിയല്‍റ്റി, പേജ് ഇന്‍ഡ്ട്രീസ്, സീമെന്റ് എന്നിവയടക്കം 262 ഓഹരികളാണ് ഇന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വില തൊട്ടത്. 32 ഓഹരികള്‍ താഴ്ന്ന വിലയും കണ്ടു. 376 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ട് തൊട്ടപ്പോള്‍ 221 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലെത്തി.
ഇന്‍ഫോസിസ്, മഹീന്ദ്ര, ഐ.സി.ഐ.സി.ഐ ബാങ്ക്, ഐ.ടി.സി, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് ഇന്ന് സെന്‍സെക്‌സിനെ വലിച്ച് താഴേക്ക് കൊണ്ടു പോയത്. ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം 464 ലക്ഷം കോടി രൂപയില്‍ നിന്ന് 464 ലക്ഷം കോടി രൂപയായി. നിക്ഷേപകരുടെ സമ്പത്തില്‍ നിന്ന് ഒറ്റ ദിവസം കൊണ്ട് ചോര്‍ന്നത് ഒരു ലക്ഷം കോടി രൂപ.

നേട്ടമുണ്ടാക്കിയവര്‍

എച്ച്.ഡി.എഫ്.സി അസറ്റ് മാനേജ്‌മെന്റ് കമ്പനിയാണ് നിഫ്റ്റി 200ന് ഇന്ന് കരുത്ത് പകര്‍ന്നത്. ഓഹരി വില ആറ് ശതമാനത്തോളം ഉയര്‍ന്ന് 4,808.30 രൂപയിലെത്തി. കമ്പനിയുടെ കഴിഞ്ഞ ത്രൈമാസത്തെ ലാഭം 32 ശതമാനം വര്‍ധിച്ച് 576.61 കോടിയായി. വരുമാനം 38 ശതമാനം ഉയര്‍ന്ന് 887.2 കോടിയുമായി. കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി 7.5 ശതമാനമാണ്. ബ്രോക്കിംഗ് സ്ഥാപനമായ പ്രഭുദാസ് ലിലാധര്‍ കമ്പനിക്ക് 'ബൈ' റേറ്റിംഗ് നല്‍കിയിരുന്നു, ഓഹരിയുടെ ലക്ഷ്യവില 5,360 രൂപയായി ഉയര്‍ത്തുകയും ചെയ്തു. ഇതാണ് ഓഹരി വില മുന്നേറ്റത്തിലാക്കിയത്.

നേട്ടമുണ്ടാക്കിയവര്‍

എന്‍ജിനീയറിംഗ് കമ്പനിയായ ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ് ഇന്ത്യ ഓഹരികള്‍ ഇന്ന് നാല് ശതമാനം ഉയരത്തിലാണ്.
വോള്‍ട്ടാസ് ഓഹരികളാണ് ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയ മറ്റൊരു ഓഹരി. എയര്‍ കണ്ടീഷ്ണറുകള്‍ക്കുള്ള നിർണായക സാമഗ്രികൾ നിർമിക്കാൻ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍വെസ്റ്റ്‌മെന്റ് സ്‌കീം പ്രകാരം വോള്‍ട്ടാസ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ 4,123 കോടി രൂപയുടെ നിക്ഷേപത്തിന് നിര്‍ദേശിച്ചിരുന്നു. ഓഹരി വില ഇന്ന് 3.97 ശതമാനം ഉയര്‍ന്ന് 1,883 രൂപയിലെത്തി. കുമ്മിന്‍സ് ഇന്ത്യ, അദാനി എനര്‍ജി സൊല്യൂഷന്‍സ് എന്നിവയും ഇന്ന് മികച്ച നേട്ടമുണ്ടാക്കിയ ഓഹരികളാണ്.
സ്‌ട്രൈഡ്‌സ് ഫാര്‍മയുടെ അസോസിയേറ്റഡ് സ്ഥാപനമായ വൺസോഴ്സ്  സ്‌പെഷ്യാലിറ്റി ഫാര്‍മയ്ക്ക് പ്രീ ലിസ്റ്റിംഗ് റൗണ്ടില്‍ 801 കോടി രൂപയുടെ നിക്ഷേപ ഓഫര്‍ ലഭിച്ചത് ഓഹരി വിലയെ ഉയര്‍ത്തി.
അദാനിയുടെ പവര്‍ വിതരണ കമ്പനിയായ അദാനി എനര്‍ജി സൊല്യൂഷന്‍സ് ഇലക്ട്രിക്കല്‍ യൂട്ടിലിറ്റി കമ്പനികളെ ഏറ്റെടുക്കുമെന്ന വാര്‍ത്ത ഓഹരികളെ മൂന്ന് ശതമാനം ഉയര്‍ത്തി.
രണ്ട് മെയ്ഡ് ഇന്‍ ഇന്ത്യ ഹൈസ്പീഡ് ട്രെയിനുകളുടെ രൂപകല്‍പ്പനയ്ക്കും നിര്‍മാണത്തിനും ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിന്ന് കരാര്‍ സ്വന്തമാക്കിയത് ഓഹരിയെ 7.7 ശതമാനം ഉയര്‍ത്തി.

നഷ്ടത്തിലേക്ക് വീണവര്‍

എണ്ണ വില ഇടിഞ്ഞത് ഇന്ന് ഓയില്‍ ഇന്ത്യ ഓഹരികളില്‍ ഇടിവുണ്ടാക്കി ഓഹരി വില 6.52 ശതമാനം താഴ്ന്ന് 523 രൂപയായി.
ബി.എസ്.ഇ ഓഹരികളെ ബ്രോക്കറേജായ ജെഫ്രീസ് തരം താഴ്ത്തിയത് വിലയെ ബാധിച്ചു. ഓഹരി 5.41 ശതമാനം ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ അഞ്ച് ശതമാനം ഓഹരികള്‍ ഒ.എഫ്.എസ് വഴി വില്‍പ്പന നടത്തിയത് ഓഹരി വിലയെ അഞ്ച് ശതമാനത്തിനടുത്ത് ഇടിവിലാക്കി. ഇന്നലത്തെ ക്ലോസിംഗ് വിലയായ 1,671.95 രൂപയില്‍ നിന്ന് എട്ട് ശതമാനത്തോളം താഴെയായിരുന്നു ഓഹരി വില്‍പ്പന.

നഷ്ടമുണ്ടാക്കിയവര്‍

പോളിക്യാബ് ഇന്ത്യ (4.26 ശതമാനം), സൈഡസ് ലൈഫ്‌സയന്‍സസ് (3.72 ശതമാനം എന്നിവയാണ് ഇന്ന് കൂടുതല്‍ നേട്ടം വരിച്ച മറ്റ് ഓഹരികള്‍.

പാദഫലം പ്രതീക്ഷക്കൊപ്പമാകാതിരുന്നത് റിലയന്‍സ് ഓഹരികളെ കഴിഞ്ഞ ദിവസം താഴെയാക്കിയിരുന്നു. ഇന്ന് നേരിയ നേട്ടത്തിലേക്ക് തിരിച്ചു കയറി.

കേരള ഓഹരികളുടെ പ്രകടനം

കേരള ഓഹരികളില്‍ ഇന്ന് വലിയ മുന്നേറ്റം കാഴ്ചവച്ചത് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരിയാണ്. 8.28 ശതമാനം ഉയര്‍ന്ന് ഓഹരി വില 144.66 രൂപയിലെത്തി.
സൗത്ത് ഇന്ത്യന്‍ ബാങ്ക് രണ്ടാം പാദപ്രവര്‍ത്തനഫലങ്ങള്‍ പുറത്തു വിട്ടതിനു ശേഷം ഓഹരികള്‍ ഇന്ന് ഏഴ് ശതമാനത്തോളം മുന്നേറി. ബാങ്കിന്റെ ലാഭം 18 ശതമാനം വര്‍ധിച്ച് 325 കോടി രൂപയായി. ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി നില മെച്ചപ്പെട്ടതാണ് ഓഹരിക്ക് ഗുണമായത്.

കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

ടി.സി.എം (5.91 ശതമാനം), ബി.പി.എല്‍ (4.99 ശതമാനം), പ്രൈമ ഇന്‍ഡസ്ട്രീസ് (4.02 ശതമാനം) എന്നിവയും മികച്ച നേട്ടമുണ്ടാക്കി.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡാണ് നഷ്ടത്തില്‍ മുന്നില്‍. ഫെഡറല്‍ ബാങ്ക് ഓഹരി വില ഇന്ന് 2.12 ശതമാനം ഇടിഞ്ഞു. മോത്തിലാല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഫെഡറല്‍ ബാങ്ക് ഓഹരിക്ക് ബൈ റേറ്റിംഗ് നല്‍കിയത് കഴിഞ്ഞ ദിവസം ഓഹരിയെ ഉയര്‍ത്തിയിരുന്നു.
കെ.എസ്.ഇ (3.64 ശതമാനം), വെര്‍ട്ടെക്‌സ് (3.58 ശതമാനം), മണപ്പുറം ഫിനാന്‍സ് (1.56 ശതമാനം), സ്‌കൂബിഡേ ഗാര്‍മെന്റ്‌സ് (2.05 ശതമാനം), വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (1.34 ശതമാനം) എന്നിവയാണ് ഇന്ന് കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയത്.
Tags:    

Similar News