പ്രതിരോധ ഓഹരികളില്‍ വാങ്ങല്‍മേള! കത്തിക്കയറി മാസഗോണും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും, നിക്ഷേപക സമ്പത്ത് ₹410 ലക്ഷം കോടി കടന്നു
പ്രതിരോധ, റെയില്‍വേ ഓഹരികളില്‍ മുന്നേറ്റം; ഐ.ടിയില്‍ വില്‍പനസമ്മര്‍ദ്ദം, ഫാക്ട് നേട്ടത്തിലേറി, തിളങ്ങി ഡിക്‌സോണ്‍ ടെക്‌നോളജീസ്
വ്യാപാരത്തുടക്കത്തില്‍ വീശിയ ചാഞ്ചാട്ടക്കാറ്റിനെ തട്ടികയറ്റി നേട്ടത്തിലേറി ഇന്ത്യന്‍ ഓഹരി വിപണികള്‍. സെന്‍സെക്‌സ് 253.31 പോയിന്റ് (+0.34%) ഉയര്‍ന്ന് 73,917.03ലും നിഫ്റ്റി 62.25 പോയിന്റ് (+0.28%) നേട്ടവുമായി 22.466.10ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്നൊരുവേള സെന്‍സെക്‌സ് 73,459 വരെ താഴുകയും 74,070 വരെ ഉയരുകയും ചെയ്തിരുന്നു. നിഫ്റ്റിയും 22,345-22,502 പോയിന്റുകളില്‍ ചാഞ്ചാടിയ ശേഷമാണ് ഇന്നത്തെ വ്യാപാരത്തിന് തിരശീലയിട്ടത്.
വാഹനം, മെറ്റല്‍, റിയല്‍റ്റി ഓഹരികളിലുണ്ടായ മികച്ച വാങ്ങലുകളാണ് ഇന്ന് ഓഹരി സൂചികകളെ നേട്ടത്തിന്റെ ട്രാക്കില്‍ നിലനില്‍ക്കാന്‍ സഹായിച്ചത്. വിശാലവിപണിയില്‍ നിഫ്റ്റി ഓട്ടോ 1.74 ശതമാനവും മെറ്റല്‍ 1.62 ശതമാനവും റിയല്‍റ്റി 1.67 ശതമാനവും കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് 2.78 ശതമാനവും ഉയര്‍ന്നു.
അതേസമയം, ഇന്നലെ മികച്ച നേട്ടമുണ്ടാക്കിയ നിഫ്റ്റി ഐ.ടി സൂചിക ഇന്ന് 0.85 ശതമാനം നഷ്ടത്തിലേക്ക് വീണു. ഇന്ത്യന്‍ ഐ.ടി കമ്പനികളുടെ മുഖ്യ വരുമാനസ്രോതസ്സായ അമേരിക്കയില്‍ തൊഴില്‍വിപണി പരുങ്ങലിലാകുന്നുവെന്ന വാര്‍ത്തകളാണ് തിരിച്ചടിയായത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ മികച്ച മാര്‍ച്ചുപാദ പ്രവര്‍ത്തനഫലം, ഇ.വി രംഗത്തെ നിക്ഷേപ പദ്ധതികള്‍ എന്നിവയുടെ ചുവടുപിടിച്ച് കമ്പനിയുടെ ഓഹരികള്‍ തൊടുത്തുവിട്ട ഉന്മേഷമാണ് നിഫ്റ്റി ഓട്ടോ സൂചികയ്ക്ക് ഊര്‍ജമായത്.
ഇന്ന് നേട്ടം കൊയ്തവരും നിരാശപ്പെടുത്തിയവരും
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കുറഞ്ഞ പോളിംഗ് കണക്കുകളും നിലവിലെ എന്‍.ഡി.എ സര്‍ക്കാര്‍ തന്നെ തുടരാനുള്ള സാധ്യതയിലെ മങ്ങലുകളും മൂലം വിദേശ നിക്ഷേപകര്‍ വിറ്റൊഴിയല്‍ പാതയിലാണ്. എന്നാല്‍, ആഭ്യന്തര നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതിലേക്ക് കടന്നത് വിപണിക്ക് ആശ്വാസമാകുന്നുണ്ട്.
ഇന്ന് പൊതുമേഖലാ പ്രതിരോധ, റെയില്‍വേ ഓഹരികളിൽ മികച്ച വാങ്ങല്‍ ട്രെന്‍ഡ് ദൃശ്യമായി. മികച്ച മാര്‍ച്ചുപാദ ഫലങ്ങള്‍, പുതിയ ഓര്‍ഡറുകള്‍, എന്‍.ഡി.എ സര്‍ക്കാര്‍ തന്നെ തുടർന്നാൽ കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കുമെന്ന സൂചനകള്‍ തുടങ്ങിയവയാണ് പ്രതിരോധ, റെയില്‍വേ കമ്പനികളുടെ ഓഹരികള്‍ക്ക് ഇന്ന് ആവേശമായത്.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, അള്‍ട്രടെക് സിമന്റ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐ.ടി.സി., മാരുതി സുസുക്കി എന്നിവയാണ് ഇന്ന് സെന്‍സെക്‌സില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയ പ്രമുഖര്‍.
മാസഗോണ്‍ ഡോക്ക് ഷിപ്പ്ബില്‍ഡേഴ്‌സ് ഓഹരി ഇന്ന് 12.18 ശതമാനം കുതിച്ച് നിഫ്റ്റി 200ല്‍ നേട്ടത്തില്‍ ഒന്നാമതെത്തി. ഇന്നൊരുവേള ഓഹരിവില 15 ശതമാനത്തോളം കുതിച്ച് 2,790 രൂപ ഭേദിച്ചിരുന്നു; വ്യാപാരാന്ത്യത്തില്‍ വില 2,737 രൂപ. ഓഹരി നിലവിലെ ട്രെന്‍ഡ് തുടരുമെന്നും വില 3,100 രൂപ ഭേദിക്കുമെന്നും നിരീക്ഷക പ്രവചനങ്ങളുണ്ട്.
മറ്റൊരു പ്രതിരോധ കമ്പനിയായ ഭാരത് ഡൈനാമിക്‌സ് 11.08 ശതമാനം ഉയര്‍ന്ന് നിഫ്റ്റി 200ലെ നേട്ടത്തില്‍ രണ്ടാമതുണ്ട്. ഡിക്‌സോണ്‍ ടെക്‌നോളജീസ് 8.23 ശതമാനം, ഐ.ആര്‍.എഫ്.സി 7.36 ശതമാനം, ഇന്‍ഫോ എഡ്ജ് (നൗക്രി) 6.02 ശതമാനം എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്.
അണ്ടര്‍വെയിറ്റില്‍ നിന്ന് ബ്രോക്കറേജ് സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി ഈക്വല്‍-വെയിറ്റിലേക്ക് സ്റ്റാറ്റസ് ഉയര്‍ത്തിയത് ഡിക്‌സോണ്‍ ടെക്‌നോളജീസ് ഓഹരികളെ നേട്ടത്തിലേറ്റി. ഇന്നൊരുവേള ഓഹരിവില റെക്കോഡ് ഉയരമായ 9,062 രൂപവരെ എത്തിയിരുന്നു.
മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ 447 കോടി രൂപ നഷ്ടം കുറിച്ച നൗക്രി ഇക്കുറി മാര്‍ച്ചുപാദത്തില്‍ 162 കോടി രൂപയുടെ ലാഭത്തിലേക്ക് കയറിയത് ഓഹരികളും ആഘോഷമാക്കി.
വില്‍പനസമ്മര്‍ദ്ദത്തില്‍ അകപ്പെട്ട ടി.സി.എസ്., എച്ച്.സി.എല്‍ ടെക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, നെസ്‌ലെ ഇന്ത്യ, വിപ്രോ, ബജാജ് ഫിന്‍സെര്‍വ്, ഇന്‍ഫോസിസ് എന്നിവയാണ് ഇന്ന് സെന്‍സെക്‌സില്‍ കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയവര്‍.
എംഫസിസ്, വോള്‍ട്ടാസ്, എച്ച്.ഡി.എഫ്.സി അസറ്റ് മാനേജ്‌മെന്റ്, സിപ്ല, ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് എന്നിവ 1.6 മുതല്‍ 2.32 ശതമാനം വരെ താഴ്ന്ന് നിഫ്റ്റി 200ല്‍ നഷ്ടത്തില്‍ മുന്നിലെത്തി.
വിപണിയുടെ ട്രെന്‍ഡ്
അമേരിക്കന്‍ ഓഹരി വിപണി പൊതുവേ ക്ഷീണത്തിലായിരുന്നു. പണപ്പെരുപ്പം കുറഞ്ഞെങ്കിലും അടിസ്ഥാന പലിശനിരക്ക് ഉടനൊന്നും കുറച്ചേക്കില്ലെന്ന കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിലെ ചില ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലാണ് തിരിച്ചടിയായത്. അതേസമയം ചൈനീസ്, ഹോങ്കോംഗ് വിപണികള്‍ വലിയ നേട്ടത്തിലായിരുന്നു.
നിഫ്റ്റി 50ല്‍ ഇന്ന് 27 ഓഹരികള്‍ നേട്ടത്തിലേറിയപ്പോള്‍ 23 എണ്ണം നഷ്ടത്തിലേക്ക് വീണു. 5.83 ശതമാനം ഉയര്‍ന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര നേട്ടത്തിലും 1.63 ശതമാനം താഴ്ന്ന് സിപ്ല നഷ്ടത്തിലും ഒന്നാമതെത്തി.
ബി.എസ്.ഇയില്‍ 2,345 ഓഹരികള്‍ നേട്ടത്തിലും 1,479 എണ്ണം നഷ്ടത്തിലുമായിരുന്നു. 115 ഓഹരികളുടെ വില മാറിയില്ല. 218 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരവും 28 എണ്ണം താഴ്ചയും കണ്ടു.
അപ്പര്‍-സര്‍ക്യൂട്ട് ഇന്നും കാലിയായിരുന്നു; ലോവര്‍-സര്‍ക്യൂട്ടില്‍ രണ്ട് കമ്പനികളുണ്ടായിരുന്നു. ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത നിക്ഷേപക സമ്പത്ത് അഥവാ സംയുക്ത വിപണിമൂല്യം ഇന്ന് 2.86 ലക്ഷം കോടി രൂപ ഉയര്‍ന്ന് എക്കാലത്തെയും ഉയരമായ 410.21 ലക്ഷം കോടി രൂപയിലുമെത്തി.
കുതിച്ച് കപ്പല്‍ശാല, ആശ്വാസത്തില്‍ ഫാക്ട്
യൂറോപ്പില്‍ നിന്ന് ലഭിച്ച 1,000 കോടി രൂപയുടെ ഹൈബ്രിഡ് വെസ്സല്‍ നിര്‍മ്മാണക്കരാറും പൊതുവേ പൊതുമേഖലാ പ്രതിരോധ, കപ്പല്‍നിര്‍മ്മാണ കമ്പനികള്‍ കാഴ്ചവച്ച മുന്നേറ്റവും ഇന്ന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികളെ റെക്കോഡ് ഉയരത്തിലെത്തിച്ചു.
ഓഹരിവില ആദ്യമായി 1,400 രൂപ ഭേദിച്ച് വ്യാപാരാന്ത്യത്തില്‍ 1,414 രൂപയിലെത്തി. കമ്പനിയുടെ വിപണിമൂല്യം 37,200 രൂപയും മറികടന്നു. മാര്‍ച്ചുപാദത്തിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷവും നഷ്ടത്തിലേക്ക് വീണ ഫാക്ട് ഓഹരികള്‍ ഇന്നലത്തെ കിതപ്പില്‍ നിന്ന് ഇന്ന് കരകയറി; ഓഹരി 2.29 ശതമാനം ഉയര്‍ന്നു.
ആസ്പിന്‍വാള്‍ 5.06 ശതമാനം, ഇന്‍ഡിട്രേഡ് 9.71 ശതമാനം, കിംഗ്‌സ് ഇന്‍ഫ്ര 3.91 ശതമാനം, സ്റ്റെല്‍ 3.94 ശതമാനം എന്നിവയും ഇന്ന് കൂടുതല്‍ തിളങ്ങിയ കേരള ഓഹരികളാണ്.
വെര്‍ട്ടെക്‌സ്, വണ്ടര്‍ല ഹോളിഡേയ്‌സ്, സ്‌കൂബിഡേ, ഹാരിസണ്‍സ് മലയാളം, പ്രൈമ അഗ്രോ എന്നിവയാണ് 2.4 മുതല്‍ 4.71 ശതമാനം വരെ താഴ്ന്ന് നഷ്ടത്തില്‍ മുന്നിലെത്തിയവ. മോശം മാര്‍ച്ചുപാദ പ്രവര്‍ത്തനഫലമാണ് വണ്ടര്‍ല ഓഹരികള്‍ക്ക് തിരിച്ചടിയായത്.