നാലാം ദിനത്തിലും റെക്കോഡ് വിടാതെ സൂചികകള്‍, കിംഗ്‌സ് ഇന്‍ഫ്രയ്ക്ക് വന്‍ മുന്നേറ്റം; ഫെഡറല്‍ ബാങ്കും മുത്തൂറ്റ് ഫിനാന്‍സും പുതു ഉയരം തൊട്ടു

സെന്‍സെക്‌സ് 627 പോയിന്റ് ഉയര്‍ന്നു, മിഡ്-സ്‌മോള്‍ ക്യാപ്പുകള്‍ ക്ഷീണത്തില്‍

Update:2024-07-18 18:45 IST

രാവിലെ ചാഞ്ചാട്ടത്തിലാണ് തുടങ്ങിയതെങ്കിലും ഐ.ടി സ്റ്റോക്കുകളുടെ കരുത്തില്‍ ഇന്ത്യന്‍ ഓഹരി സൂചികകള്‍ തുടര്‍ച്ചയായ നാലാം വ്യാപാര ദിനത്തിലും റെക്കോഡ് തൊട്ടു. നിഫ്റ്റി ഇന്ന് 24,837.75 പോയിന്റ് വരെ ഉയര്‍ന്ന് പുതിയ റെക്കോഡ് തൊട്ടപ്പോള്‍ സെന്‍സെക്‌സ് 81,522.55 എന്ന പുതിയ ഉയരവും കുറിച്ചു. സെന്‍സെക്‌സ് 627 പോയിന്റ് ഉയര്‍ന്ന് 81,343ലും നിഫ്റ്റി 188 പോയിന്റ് ഉയര്‍ന്ന് 24,801ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബജാജ് ഫിന്‍സെര്‍വ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്.യു.എല്‍, ഇന്‍ഫോസിസ്, എച്ച്.സി.എല്‍ ടെക്, ടെക് മഹീന്ദ്ര, എസ്.ബി.ഐ, കോട്ടക് ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐ.ടി.സി, ഐ.സി.ഐസി.ഐ ബാങ്ക് എന്നിവയാണ് ഇന്ന് വിപണിക്ക് ഐകദാര്‍ഡ്യം പ്രഖ്യാപിച്ചത്. 0.70 ശതമാനം മുതല്‍ മൂന്നു ശതമാനം വരെയാണ് ഈ ഓഹരികളുയര്‍ന്നത്.
രൂപ ഇന്ന് റെക്കോഡ് താഴ്ചയ്ക്ക് അടുത്താണ്. ഏഴു പൈസ താഴ്ന്ന് 83.65 രൂപയിലെത്തി.
വിവിധ മേഖലകളുടെ പ്രകടനം 
നിഫ്റ്റി ഐ.ടി സൂചികകള്‍ 2.22 ശതമാനം വരെ ഉയര്‍ന്നു. ആദ്യമായി നിഫ്റ്റി ഐ.ടി സൂചിക 40,000 എന്ന നാഴികക്കല്ലും പിന്നിട്ട് 40,059 പോയിന്റു വരെ എത്തി. അതേസമയം പ്രീമിയം വാല്വേഷന്‍ ആണെന്ന ആശങ്കകകള്‍ ഇന്ന് മിഡ്, സ്‌മോള്‍ ക്യാപ് സൂചികകളെ നഷ്ടത്തിലാക്കി. കേന്ദ്ര ബജറ്റ് ഉടന്‍ വരാനിരിക്കെ ചെറുകിട ഓഹരികളില്‍ നിന്ന് വന്‍ ഓഹരികളിലേക്ക് നിക്ഷേപകര്‍ പണം മാറ്റുന്നതായാണ് കാണുന്നത്. വിപണി വ്യതിയാനത്തില്‍ താരതമ്യേന കുറഞ്ഞ ചാഞ്ചാട്ടമാകും വന്‍കിട കമ്പനികളുടെ ഓഹരികളിലുണ്ടാകുക എന്നതാണ് ഇതിനു കാരണം. നിഫ്റ്റി മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 0.96 ശതമാനം, 1.22 ശതമാനം എന്നിങ്ങനെ ഇടിഞ്ഞു. നിഫ്റ്റി മീഡിയ, മെറ്റല്‍, റിയല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ് എന്നിവ ഒഴികെയുള്ള മേഖലകളെല്ലാം ഇന്ന് നേട്ടത്തില്‍ അവസാനിപ്പിച്ചു.

വിവിധ സൂചികകളുടെ ഇന്നത്തെ പ്രകടനം

4,016 ഓഹരികളാണ് ഇന്ന് ബി.എസ്.ഇയില്‍ വ്യാപാരം നടത്തിയത്. അതില്‍ 1,424 ഓഹരികള്‍ക്ക് മാത്രമാണ് ഇന്ന് മുന്നേറാനായത്. 2,500 ഓഹരികള്‍ നഷ്ടത്തിലേക്ക് പതിച്ചു. 92 ഓഹരികള്‍ക്ക് വില മാറ്റമില്ല. ആറ് ഓഹരികളെയാണ് അപ്പര്‍ സര്‍ക്യൂട്ടില്‍ കണ്ട്ത്. രണ്ട് ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലുമുണ്ട്. ഇന്ന് 239 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരം കണ്ടു. 25 ഓഹരികള്‍ താഴ്ന്ന നിലവാരത്തിലേക്കും പോയി.
നേട്ടം സ്വന്തമാക്കിയവർ 
സോഫ്റ്റ് വെയര്‍ കമ്പനിയായ എല്‍.ടി.ഐ മൈൻഡ് ട്രീയുടെ മികച്ച നേട്ടക്കണക്കുകളാണ് ഇന്ന് വിപണിക്ക് ഊർജ്ജമായത്. ജൂണ്‍ പാദത്തില്‍ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ വരുമാന വര്‍ധന കമ്പനി നേടി. പാദഫലം പുറത്തുവിടുന്ന  ഇന്‍ഫോസിസ്, ടാറ്റ ടെക്‌നോളജീസ് എന്നിവയുടെ ഓഹരികളും ഇന്ന് 
ശ്രദ്ധാ
കേന്ദ്രങ്ങളായിരുന്നു. വ്യാപാര സമയം അവസാനിച്ച ശേഷമാണ് ഇരു കമ്പനികളും പാദഫലപ്രഖ്യാപനം നടത്തിയത്. ഇന്‍ഫോസിസിന്റെ ലാഭം ഒന്നാം പാദത്തില്‍ 7.1 ശതമാനം വര്‍ധിച്ച് 6,368 കോടിയായി. വരുമാനം 3.6 ശതമാനം വര്‍ധിച്ച് 39,315 കോടിയിലുമെത്തി. ലാഭത്തില്‍ 10 ശതമാനം വര്‍ധനയാണ് നിരീക്ഷകര്‍ പ്രതീക്ഷിച്ചിരുന്നത്.

ടാറ്റ ടെക്‌നോളജീസിന്റെ ലാഭം 15.4 ശതമാനം ഇടിഞ്ഞ് 162.03 കോടി രൂപയായി. വരുമാനം 0.9 ശതമാനത്തിന്റെ നേരിയ വര്‍ധനയോടെ 1,269 കോടി രൂപയുമാണ്.

ഐ.ഡി.ബി.ഐ ബാങ്കിന്റെ ഓഹരി വില്‍ക്കുന്നതു സംബന്ധിച്ച് റിസര്‍വ് ബാങ്ക് കേന്ദ്ര സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയ വാര്‍ത്തകള്‍ ഓഹരിയെ അഞ്ച് ശതമാനത്തോളം ഉയര്‍ത്തി. ഓഹരി വാങ്ങാന്‍ താല്‍പര്യമുള്ളവരുടെ പട്ടിക ഓഹരി വില്‍പന മന്ത്രാലയം റിസര്‍വ് ബാങ്കിനു കൈമാറിയിരുന്നു.

നേട്ടത്തിലേറിയവര്‍

ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ഓഹരികളിന്ന് 3.14 ശതമാനം നേട്ടത്തോടെ നിഫ്റ്റി 200ലെ നേട്ടക്കാരുടെ പട്ടികയിലിടം പിടിച്ചു. ടൊറെന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്, ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ എന്നിവയും ഇന്ന് നേട്ടത്തിലാണ്.
നഷ്ടം കുറിച്ചവർ 
ആറായിരം കോടി രൂപയുടെ മൂലധന സമാഹരണത്തിന് അനുമതി ലഭിച്ച സീ എന്റര്‍ടെയിന്‍മെന്റ് ഓഹരികള്‍ ഇന്ന് എട്ട് ശതമാനത്തോളം ഇടിഞ്ഞ് നിഫ്റ്റി 200ലെ മുഖ്യ നഷ്ടക്കാരായി. ഫോറിന്‍ കറന്‍സി കണ്‍വെര്‍ട്ടിബിള്‍ ബോണ്ടുകള്‍ വഴി പണം സമാഹരിക്കാനാണ് അനുമതി.
ഹിന്ദുസ്ഥാന്‍ ഏയ്‌റോനോട്ടിക്കല്‍സ് ഓഹരി വില ആറ് ശതമാനത്തോളം ഇടിവിലാണ്. പ്രതിരോധ ഓഹരികള്‍ ഉയര്‍ന്ന വാല്വേഷനിലാണെന്ന ബ്രോക്കറേജുകളുടെ നിഗമനമാണ് ഓഹരികളില്‍ ഇടിവുണ്ടാക്കിയത്. സി.ജി പവറും ഓയില്‍ ഇന്ത്യയും ഇന്ന് ആറ് ശതമാനത്തോളം നഷ്ടത്തിലാണ്.

നഷ്ടം കുറിച്ചവര്‍

റെയില്‍വേ ഓഹരികള്‍ ഇന്ന് വില്‍പ്പന സമ്മര്‍ദ്ദത്തിന്റെ പിടിയിലായി. ടിറ്റാഗഡ്‌ റെയില്‍ സിസ്റ്റംസ് 4.24 ശതമാനവും റെയില്‍ വികാസ് നിഗം 4.50 ശതമാനവും ഐ.ആര്‍.സി.ടി.സി രണ്ട് ശതമാനത്തോളവും റെയില്‍ ടെല്‍ ആറ് ശതമാനത്തോളവും നഷ്ടം രേഖപ്പെടുത്തി. ബെമല്‍, ഭാരത് ഇലക്ട്രോണിക്‌സ് എന്നിവയും നഷ്ടത്തിലായിരുന്നു.
മെച്ചപ്പെട്ട പാദഫലങ്ങള്‍ പുറത്തുവിട്ടെങ്കിലും ബജാജ് ഓട്ടോ ഓഹരി താഴ്ചയിലാണ്. രാവിലെ മൂന്നു ശതമാനത്തോളം ഇടിഞ്ഞ ഓഹരി പിന്നീട് വില ചെറുതായി മെച്ചപ്പെടുത്തി. നൈജീരിയയിലെ കറന്‍സി പ്രശ്‌നങ്ങള്‍ കമ്പനിയുടെ കയറ്റുമതിക്കു നഷ്ടം വരുത്തി.
അരബിന്ദോ ഫാര്‍മയുടെ 51.4 ലക്ഷം ഓഹരി 1,460 രൂപ വീതം വിലയ്ക്ക് തിരിച്ചു വാങ്ങാന്‍ ബോര്‍ഡ് തീരുമാനിച്ചത് രാവിലെ ഓഹരികളെ ചെറുതായി മുന്നേറ്റത്തിലാക്കിയെങ്കിലും വ്യാപാരാന്ത്യത്തില്‍ 2.53 ശതമാനം ഇടിവിലായി.
ബജാജ് ഇലക്ട്രിക്കല്‍സ് എം.ഡിയും സി.ഇ.ഒയും ആയ അനുജ് പോഡര്‍ രാജി വച്ചതിനെ തുടര്‍ന്ന് ഓഹരി നാലര ശതമാനത്തിനു മേല്‍ ഇടിഞ്ഞു.
ഒന്നാം പാദത്തില്‍ വില്‍പനയും ലാഭവും ലാഭമാര്‍ജിനും കുറഞ്ഞ ഏഷ്യന്‍ പെയിന്റ്‌സിനെ ബ്രോക്കറേജുകള്‍ തരം താഴ്ത്തിയതിനെ തുടര്‍ന്ന് ഓഹരി നാല് ശതമാനത്തോളം താഴ്ന്നു. സിറ്റി ഗ്രൂപ്പ് ലക്ഷ്യവില 2,700 രൂപയില്‍ നിന്ന് 2,400 രൂപയാക്കി. ഈ വര്‍ഷവും അടുത്ത വര്‍ഷവും ലാഭം കുറയുമെന്നും വിലയിരുത്തലുണ്ട്.
രണ്ട് ഉപകമ്പനികള്‍ക്ക് ജി.എസ്.ടി ബാധ്യതയുടെ പേരില്‍ കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചത് നസാറ ടെക്‌നോളജീസ് ഓഹരികളെ അഞ്ച് ശതമനത്തോളം താഴ്ത്തി.

കുതിച്ചുയര്‍ന്ന്‌  കിംഗ്‌സ് ഇന്‍ഫ്ര, തിരിച്ചു വരവിൽ കേരള ആയുർവേദ 

കേരള ഓഹരികളില്‍ കിംഗ്‌സ് ഇന്‍ഫ്ര വെഞ്ച്വേഴ്‌സാണ് നേട്ടക്കൊയ്ത്ത് നടത്തിയത്. ഓഹരി വില 10 ശതമാനത്തിലധികം ഉയര്‍ന്ന് 173 രൂപയിലെത്തി. ടി.സി.എമ്മും ദി വെസ്റ്റേണ്‍ പ്ലൈവുഡ്‌സും നാല് ശതമാനം വീതം ഉയരത്തിലാണ്.
സ്വര്‍ണ പണയ സ്ഥാപനങ്ങളായ മണപ്പുറത്തിനും മുത്തൂറ്റ് ഫിനാന്‍സിനും ആഗോള ബ്രോക്കറേജായ ജെഫ്രീസ് 'ബൈ' റേറ്റിംഗ് നല്‍കിയിരുന്നു. തുടര്‍ന്ന് മണപ്പുറം ഫിനാന്‍സ് ഓഹരികള്‍ 3.43 ശതമാനം ഉയര്‍ന്ന് വില 228.20 രൂപയിലെത്തി. മുത്തൂറ്റ് ഫിനാന്‍സ് ഓഹരികളും രാവിലത്തെ സെഷനില്‍ ഒരു ശതമാനത്തിലധികം ഉയര്‍ന്നെങ്കിലും പിന്നീട്ട് നേട്ടം 0.019 ശതമാനമായി കുറച്ചു.ഇന്ന് എക്കാലത്തെയും ഉയര്‍ന്ന വിലയും മുത്തൂറ്റ് ഫിനാന്‍സ് ഓഹരികള്‍ താണ്ടി. ഫെഡറല്‍ ബാങ്ക് ഓഹരികളും ഇന്ന് റെക്കോഡ് വിലയിലാണ് വ്യാപാരം നടത്തിയത്. വ്യാപാരാന്ത്യത്തില്‍ 0.58 ശതമാനം നേട്ടത്തില്‍ 196.49 രൂപയിലാണ് ഓഹരിയുള്ളത്.

കേരള കമ്പനി ഓഹരികളുടെ പ്രകടനം

മുഖ്യ ഓഹരി ഉടമകളായ കട്ര ഹോള്‍ഡിംഗ്‌സ് ലിക്വിഡേഷന്‍ പ്രശ്‌നത്തിലേക്ക്‌ നീങ്ങിയതു മൂലം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലോവര്‍ സര്‍ക്യൂട്ടിലായിരുന്ന കേരള ആയുര്‍വേദ ഓഹരികളിന്ന് 3.15 ശതമാനം ഉയര്‍ച്ചയിലാണ്.

പ്രൈമ അഗ്രോ, ഈസ്‌റ്റേണ്‍ ട്രെഡ്‌സ് എന്നിവയാണ് ഇന്ന് കൂടുതല്‍ നഷ്ടം കാഴ്ചവച്ചത്. ആസ്പിന്‍വാള്‍ ഓഹരികള്‍ 5.72 ശതമാനം താഴ്ന്നു. പ്രതിരോധ ഓഹരികള്‍ക്കുണ്ടായ ക്ഷീണം ഇന്ന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികളെയും ബാധിച്ചു. ഓഹരി വില 4.13 ശതമാനം ഇടിഞ്ഞു.

ജി.ടി.എന്‍ ടെക്‌സ്‌റ്റൈല്‍സാണ് ഇന്ന് നാല് ശതമാനത്തിലധികം നഷ്ടവുമായി തൊട്ടു പിന്നിലുള്ളത്.
Tags:    

Similar News