ബജാജ് ഫിനാന്‍സും സ്വകാര്യബാങ്കുകളും തുണച്ചു; നേട്ടത്തിലേറി ഓഹരികള്‍, കോടതി കനിഞ്ഞിട്ടും സുസ്‌ലോണിന് വീഴ്ച
ടാറ്റാ കമ്മ്യൂണിക്കേഷന്‍സിന് ക്ഷീണം, മികവോടെ കൊച്ചി കപ്പല്‍ശാലയും കെ.എസ്.ഇയും, രൂപയും നേട്ടത്തില്‍
തുടര്‍ച്ചയായി 4 ദിവസം നഷ്ടയാത്ര നടത്തിയ ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് സ്വകാര്യബാങ്കുകളുടെയും ധനകാര്യസ്ഥാപനങ്ങളുടെയും പിന്തുണയോടെ നേട്ടത്തിലേക്ക് തിരികെ കയറി. മധ്യേഷ്യയില്‍ ഇറാനും ഇസ്രായേലും തമ്മിലെ സംഘര്‍ഷം സജീവ യുദ്ധത്തിലേക്ക് നീളില്ലെന്ന സൂചനകളാണ് ഓഹരികള്‍ക്ക് നേട്ടമായത്. സ്വകാര്യബാങ്ക്, സ്വകാര്യ ധനകാര്യസ്ഥാപനങ്ങള്‍ എന്നിവയില്‍ വാങ്ങല്‍താത്പര്യം ഉയര്‍ന്നത് ഇന്ത്യന്‍ സൂചികകളെ ഇന്ന് നേട്ടത്തിലേക്ക് ഉയര്‍ത്തുകയും ചെയ്തു.
അടിസ്ഥാന പലിശനിരക്കുകള്‍ ഉടനൊന്നും കുറയില്ലെന്ന സൂചനകളും ധനകാര്യസ്ഥാപനങ്ങളുടെ ഓഹരികളില്‍ തിളക്കത്തിന് വഴിയൊരുക്കി. സെന്‍സെക്‌സ് ഇന്ന് 599.34 പോയിന്റ് (+0.83%) നേട്ടവുമായി 73,088.83ലും നിഫ്റ്റി 151.15 പോയിന്റ് (+0.69%) ഉയര്‍ന്ന് 22,147ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്നും കനത്ത നഷ്ടത്തോടെയായിരുന്നു സൂചികകളുടെ തുടക്കം. ഒരുവേള സെന്‍സെക്‌സ് 71,816 വരെയും നിഫ്റ്റി 21,777 വരെയും താഴ്ന്നിരുന്നു. പിന്നീട്, ഉച്ചയോടെ സൂചികകള്‍ നേട്ടത്തിലേക്ക് കുതിച്ചുയരുകയായിരുന്നു.
അതേസമയം, ഡോളറിനെതിരെ രൂപ ഇന്ന് നേട്ടത്തിലേറി. കരുതല്‍ ശേഖരത്തില്‍ നിന്ന് വന്‍തോതില്‍ ഡോളര്‍ വിറ്റൊഴിഞ്ഞ് റിസര്‍വ് ബാങ്ക് നടത്തിയ രക്ഷാദൗത്യമാണ് രൂപയ്ക്ക് നേട്ടമായത്. വ്യാപാരാന്ത്യത്തില്‍ 83.47 എന്ന നിലയിലാണ് ഡോളറിനെതിരെ രൂപ. ഇന്നലെ മൂല്യം 83.53 വരെ താഴ്ന്നിരുന്നു.
വിപണിയുടെ ട്രെന്‍ഡ്
നിഫ്റ്റി50ല്‍ ഇന്ന് 30 ഓഹരികള്‍ നേട്ടത്തിലും 19 എണ്ണം നഷ്ടത്തിലുമായിരുന്നു. ബജാജ് ഫിനാന്‍സ് 3.15 ശതമാനം ഉയര്‍ന്ന് നേട്ടത്തില്‍ മുന്നിലെത്തി. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 2.92 ശതമാനവും എച്ച്.ഡി.എഫ്.സി ബാങ്ക് 2.64 ശതമാനവും മാരുതി സുസുക്കി 2.30 ശതമാനവും ജെ.എസ്.ഡബ്ല്യു സ്റ്റീല്‍ 2.27 ശതമാനവും നേട്ടവുമായി തൊട്ടുപിന്നാലെയുമുണ്ട്.
ബജാജ് ഓട്ടോയാണ് 2.48 ശതമാനം ഇടിഞ്ഞ് നഷ്ടത്തില്‍ ഒന്നാമതെത്തിയത്. ഉപസ്ഥാപനമായ ബജാജ് ഓട്ടോ ക്രെഡിറ്റ് ലിമിറ്റഡ് എന്ന എന്‍.ബി.എഫ്.സിയില്‍ 2,250 കോടി രൂപയുടെ അധിക നിക്ഷേപം ബജാജ് ഓട്ടോ നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഓഹരികള്‍ ഇടിഞ്ഞത്.
ബി.എസ്.ഇയില്‍ 1,717 ഓഹരികള്‍ നേട്ടത്തിലേറിയപ്പോള്‍ നഷ്ടം നുണഞ്ഞത് 2,073 ഓഹരികളാണ്. 113 ഓഹരികളുടെ വില മാറിയില്ല. 174 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരവും 19 എണ്ണം താഴ്ചയും കണ്ടു.
9 ഓഹരികള്‍ ഇന്ന് അപ്പര്‍-സര്‍ക്യൂട്ടിലും മൂന്നെണ്ണം ലോവര്‍-സര്‍ക്യൂട്ടിലും ആയിരുന്നു. ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യം ഇന്ന് 56,480.61 കോടി രൂപ ഉയര്‍ന്ന് 393.45 ലക്ഷം കോടി രൂപയിലെത്തി. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ നിക്ഷേപകര്‍ക്ക് ഒറ്റയടിക്ക് മൂന്നുലക്ഷം കോടി രൂപയിലധികം നഷ്ടമായിരുന്നു. ഉച്ചയോടെയാണ് പിന്നീട് നഷ്ടം ഒഴിവായത്.
നേട്ടത്തിലേറിയവര്‍
ബജാജ് ഫിനാന്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്.ഡി.എഫ്.സി ബാങ്ക്, മാരുതി സുസുക്കി, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍ എന്നിവയാണ് ഇന്ന് 2-3 ശതമാനം നേട്ടവുമായി സെന്‍സെക്‌സില്‍ തിളങ്ങിയ പ്രമുഖര്‍.
സാമ്പത്തികരംഗത്ത് പ്രതിസന്ധികള്‍ അകലുന്നുവെന്ന വിലയിരുത്തലുകളെ തുടര്‍ന്ന് ബാങ്കിംഗ്, ഫിനാന്‍സ്, ഓട്ടോ, മെറ്റല്‍ ഓഹരികളില്‍ നിക്ഷേപകരുടെ വാങ്ങല്‍ താത്പര്യം കൂടുകയായിരുന്നു.
വിശാലവിപണിയില്‍ ഇന്ന് നിഫ്റ്റി സ്വകാര്യബാങ്ക് സൂചിക 1.11 ശതമാനം, മെറ്റല്‍ 0.96 ശതമാനം, ഫിനാന്‍ഷ്യല്‍ സര്‍വീസസ് 1.31 ശതമാനം, ഓട്ടോ 0.41 ശതമാനം എന്നിങ്ങനെ ഉയര്‍ന്നു. ബാങ്ക് നിഫ്റ്റി 1.07 ശതമാനവും നേട്ടമുണ്ടാക്കി.
ബജാജ് ഫിനാന്‍സാണ് ആണ് ഇന്ന് നിഫ്റ്റി 200ല്‍ നേട്ടത്തില്‍ മുന്നില്‍. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എസ്‌കോര്‍ട്‌സ് കുബോട്ട, എച്ച്.ഡി.എഫ്.സി ബാങ്ക്, മാക്‌സ് ഫിനാന്‍ഷ്യല്‍ എന്നിവ തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്. 2.35 മുതല്‍ 3.15 ശതമാനം വരെയാണ് ഇവയുടെ നേട്ടം.
നിരാശപ്പെടുത്തിയവര്‍
ടാറ്റാ കമ്മ്യൂണിക്കേഷന്‍സ് 5.61 ശതമാനം ഇടിഞ്ഞ് നിഫ്റ്റി 200ല്‍ നഷ്ടത്തില്‍ ഒന്നാമതെത്തി. സുസ്‌ലോണ്‍ എനര്‍ജി 4.98 ശതമാനം താഴ്ന്ന് രണ്ടാമതുണ്ട്. മാന്‍കൈന്‍ഡ് ഫാര്‍മ, ല്യൂപിന്‍, സുപ്രീം ഇന്‍ഡസ്ട്രീസ് എന്നിവയാണ് കൂടുതല്‍ നഷ്ടം നേരിട്ട മറ്റ് പ്രധാന ഓഹരികള്‍; മൂന്ന് ശതമാനത്തോളമാണ് ഇവയുടെ വീഴ്ച.
കഴിഞ്ഞ രണ്ടാഴ്ചയോളമായി വലിയ സമ്മര്‍ദ്ദത്തിലാണ് ടാറ്റാ കമ്മ്യൂണിക്കേഷന്‍സ് ഓഹരികള്‍. 2,085 രൂപയായിരുന്ന ഓഹരിവിലയാണ് ഇക്കാലയളവില്‍ 1,750 രൂപ നിലവാരത്തിലേക്ക് താഴ്ന്നത്. ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഓസ്വാള്‍ ന്യൂട്രല്‍ റേറ്റിംഗാണ് ടാറ്റാ കമ്മ്യൂണിക്കേഷന്‍സ് ഓഹരിക്ക് നല്‍കുന്നത്.
ആദായനികുതി വകുപ്പില്‍ നിന്ന് കിട്ടിയ 261 കോടി രൂപയുടെ പിഴയ്‌ക്കെതിരെ സമര്‍പ്പിച്ച അപ്പീലില്‍ ഗുജറാത്ത് ഹൈക്കോടതി സുസ്‌ലോണ്‍ എനര്‍ജിക്ക് ഇടക്കാല ആശ്വാസമെന്നോണം സ്‌റ്റേ അനുവദിച്ചട്ടുണ്ട്. എന്നാല്‍, ഓഹരി ഇന്ന് ഇടിയുകയായിരുന്നു.
പ്രതീക്ഷയ്‌ക്കൊത്തുയരാത്ത ഇക്കഴിഞ്ഞ മാര്‍ച്ചുപാദ പ്രവര്‍ത്തനഫലവും 2024-25ലേക്കുള്ള വരുമാന വളര്‍ച്ചാപ്രതീക്ഷ വെട്ടിക്കുറച്ചതും ഐ.ടി കമ്പനി ഓഹരികളെ ഇന്ന് സമ്മര്‍ദ്ദത്തിലാക്കി. ഇന്‍ഫോസിസും ടി.സി.എസും നഷ്ടത്തിലേക്ക് വീണു.
നിഫ്റ്റി ഐ.ടി സൂചിക ഇന്ന് 0.39 ശതമാനം താഴ്ന്നു. നിഫ്റ്റി മീഡിയ 1.02 ശതമാനവും നിഫ്റ്റി റിയല്‍റ്റി 0.70 ശതമാനവും നഷ്ടം കുറിച്ചു. നിഫ്റ്റി മിഡ്ക്യാപ്പ് 0.61 ശതമാനവും സ്‌മോള്‍ക്യാപ്പ് സൂചിക 0.10 ശതമാനവും നഷ്ടത്തിലാണുള്ളത്.
നെറ്റ്‌വര്‍ക്ക് 18 മീഡിയ, ടിവി18 ബ്രോഡ്കാസ്റ്റ് എന്നിവ യഥാക്രമം 1.5 ശതമാനം, 2.6 ശതമാനം എന്നിങ്ങനെ ഇടിഞ്ഞതാണ് നിഫ്റ്റി മീഡിയ സൂചികയ്ക്ക് ഇന്ന് ക്ഷീണമായത്. ഇരുകമ്പനികളും നാലാംപാദത്തില്‍ വന്‍ നഷ്ടം രേഖപ്പെടുത്തിയത് ഓഹരികളെ ഉലയ്ക്കുകയായിരുന്നു.
സമ്മിശ്ര പ്രകടനവുമായി കേരള ഓഹരികള്‍
സമ്മിശ്ര പ്രകടനമാണ് ഇന്ന് കേരള ഓഹരികള്‍ നടത്തിയത്. മധ്യേഷ്യയിലെ യുദ്ധസാഹചര്യങ്ങളെ തുടര്‍ന്ന് പ്രതിരോധ ഓഹരികള്‍ പൊതുവേ ഇന്ന് നേട്ടത്തിലായിരുന്നു. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരി 1.90 ശതമാനം നേട്ടമുണ്ടാക്കി.
പുതിയ എം.ഡി ആന്‍ഡ് സി.ഇ.ഒയായി കെ.കെ. അജിത് കുമാറിനെ നിയമിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്കിയ പശ്ചാത്തലത്തില്‍ ധനലക്ഷ്മി ബാങ്കോഹരി ഇന്ന് 1.37 ശതമാനം ഉയര്‍ന്നു. ഉച്ചവരെ സമ്മര്‍ദ്ദത്തിലായിരുന്ന ഓഹരി പിന്നീട് ഉണര്വിലേറുകയായിരുന്നു.
കെ.എസ്.ഇ ഓഹരികള്‍ ഇന്ന് 8.52 ശതമാനം കുതിച്ചുയര്‍ന്നു. കല്യാണ്‍ ജുവലേഴ്‌സ് (+1.48%), കേരള ആയുര്‍വേദ (+1.98%), പി.ടി.എല്‍ എന്റര്‍പ്രൈസസ് (+4.05%), വെര്‍ട്ടെക്‌സ് (+3.73%), ടി.സി.എം (+2.10%), വണ്ടര്‍ല (+1.06%) എന്നിവയും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍, ഫാക്ട്, കിറ്റെക്‌സ്, മുത്തൂറ്റ് കാപ്പിറ്റല്‍, പാറ്റ്‌സ്പിന്‍, പ്രൈമ അഗ്രോ, പ്രൈമ ഇന്‍ഡസ്ട്രീസ്, സ്‌കൂബീഡേ, സ്റ്റെല്‍ ഹോള്‍ഡിംഗ്‌സ്, ഡബ്ല്യു.ഐ.പി.എല്‍., യൂണിറോയല്‍ മറീന്‍, വി-ഗാര്‍ഡ് എന്നിവ ഇന്ന് 1-6 ശതമാനം നഷ്ടത്തിലാണുള്ളത്.