ബാങ്കുകളും റിലയന്‍സും തുണച്ചു; മികച്ച നേട്ടവുമായി ഓഹരി സൂചികകള്‍
സെന്‍സെക്‌സ് 404 പോയിന്റ് ഉയര്‍ന്നു; നിഫ്റ്റി 17,700 കടന്നു, 7.6% മുന്നേറി സ്‌കൂബീഡേ ഗാര്‍മെന്റ്‌സ്
കഴിഞ്ഞയാഴ്ചയിലെ ആലസ്യങ്ങളെല്ലാം മറന്ന് മികച്ച നേട്ടത്തിലേക്ക് തിരിച്ചുകയറി ഇന്ത്യന്‍ ഓഹരി സൂചികകള്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐ.സി.ഐ.സി.ഐ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര തുടങ്ങിയവ പുറത്തുവിട്ട മികച്ച ജനുവരി-മാര്‍ച്ച്പാദ പ്രവര്‍ത്തനഫലമാണ് ഓഹരിനിക്ഷേപകര്‍ക്ക് ഉണര്‍വ് പകര്‍ന്നത്.
401 പോയിന്റുയര്‍ന്ന് (0.67 ശതമാനം) 60,056.10ലാണ് സെന്‍സെക്‌സ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഒരുവേള സെന്‍സെക്‌സ് 60,101 വരെയ ഉയര്‍ന്നിരുന്നു. വ്യാപാരത്തിനിടെ ഒരുവേള 17,750 പോയിന്റുകള്‍ ഭേദിച്ച നിഫ്റ്റിയുള്ളത് 119.35 പോയിന്റ് (0.68 ശതമാനം) നേട്ടവുമായി 17,743.40ല്‍. കേന്ദ്രസര്‍ക്കാരിന്റെ 2033 വരെ കാലാവധിയുള്ള 10-വര്‍ഷ ബോണ്ടിന്റെ (കടപ്പത്രം) യീല്‍ഡ് (ബോണ്ടില്‍ നിന്ന് നിക്ഷേപകന് ലഭിക്കുന്ന ആദായം/റിട്ടേണ്‍) ഏഴ് മാസത്തെ താഴ്ചയായ 7.1163 ശതമാനത്തിലെത്തിയതും ഓഹരികളിലേക്ക് നിക്ഷേപകരെ ആകര്‍ഷിച്ചു.
നിഫ്റ്റി പി.എസ്.യു ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എഫ്.എം.സി.ജി., ഐ.ടി., ലോഹം, റിയാല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നീ സൂചികകള്‍ ഇന്ന് നേട്ടത്തിലാണുള്ളത്. നിഫ്റ്റി മിഡ്ക്യാപ്പ് 0.39 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.59 ശതമാനവും ഉയര്‍ന്നു. ബി.എസ്.ഇ മിഡ്ക്യാപ്പ്, സ്‌മോള്‍ക്യാപ്പ് സൂചികകള്‍ 0.5 ശതമാനം വീതം നേട്ടവും രേഖപ്പെടുത്തി. നിഫ്റ്റി മീഡിയ, ഫാര്‍മ സൂചികകള്‍ ഒരു ശതമാനം താഴ്ന്നു.
എച്ച്.ഡി.എഫ്.സി ലൈഫിന്റെ ഓഹരിവില ആറ് ശതമാനത്തിനുമേല്‍ ഉയര്‍ന്നു. എച്ച്.ഡി.എഫ്.സിക്കോ എച്ച്.ഡി.എഫ്.സി ബാങ്കിനോ കമ്പനിയില്‍ ഓഹരി പങ്കാളിത്തം ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് അനുവദിച്ചതാണ് നേട്ടമായത്. ഐ.ആര്‍.എഫ്.സി., ടാറ്റാ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്, പെഴ്‌സിസ്റ്റന്റ് സിസ്റ്റംസ്, വരുണ്‍ ബീവറേജസ് എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍.