നാലാംനാളിലും ഓഹരി വിപണിക്ക് മധുരം! തിളങ്ങി മെറ്റലുകള്‍; ആസ്റ്റര്‍ ഇന്നും വീണു, ഫാക്ട് കുതിച്ചു, സെയില്‍ 7.3% മുന്നേറി
നിക്ഷേപകര്‍ക്ക് ₹1.68 ലക്ഷം കോടി രൂപ നേട്ടം, കേരള ആയുര്‍വേദ ഇടിഞ്ഞു, വോഡ-ഐഡിയ 9% താഴേക്ക്, ടാറ്റാ ഓഹരികള്‍ക്കും ക്ഷീണം
മെറ്റല്‍ ഓഹരികളും ഓഹരി വിപണിയിലെ വന്‍കിടക്കാരും (Heavyweights) സ്വന്തമാക്കിയ മികച്ച വാങ്ങല്‍ താത്പര്യവും ആഗോളതലത്തില്‍ നിന്ന് വീശിയടിച്ച പോസിറ്റീവ് കാറ്റും ഇന്ത്യന്‍ ഓഹരി വിപണികളെ ഇന്നും നേട്ടത്തിലെത്തിച്ചു. തുടര്‍ച്ചയായ നാലാംനാളിലാണ് സെന്‍സെക്‌സും നിഫ്റ്റിയും നേട്ടം നുണയുന്നത്.
ഇന്ന് വ്യാപാരത്തിലുടനീളം സൂചികകള്‍ നേട്ടത്തിലായിരുന്നു. സെന്‍സെക്‌സ് ഒരുവേള 74,121 വരെ ഉയരുകയും ചെയ്തു. നിഫ്റ്റി 22,476 പോയിന്റും തൊട്ടു. വ്യാപാരാന്ത്യത്തില്‍ സെന്‍സെക്‌സുള്ളത് 114.49 പോയിന്റ് (+0.16%) നേട്ടവുമായി 73,852.94ലാണ്. നിഫ്റ്റിയാകട്ടെ 34.40 പോയിന്റുയര്‍ന്ന് (+0.15%) 22,402.40ലും.
ആഗോള, ആഭ്യന്തര സാമ്പത്തികരംഗം മെച്ചപ്പെടുന്നതിന്റെ സൂചനകള്‍, ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങളിലെ അയവ്, ഭേദപ്പെട്ട മാര്‍ച്ചുപാദ പ്രവര്‍ത്തനഫലങ്ങള്‍, ബ്രോക്കറേജുകളില്‍ നിന്നുള്ള മികച്ച റേറ്റിംഗ് അപ്‌ഡേറ്റ് എന്നിവയുടെ ബലത്തിലാണ് മെറ്റല്‍ ഓഹരികള്‍ തിളക്കം കൈവരിക്കുന്നത്.
ഇന്ന് കൂടുതല്‍ തിളങ്ങിയവര്‍
ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ടാറ്റാ സ്റ്റീല്‍, പവര്‍ഗ്രിഡ്, കോട്ടക് ബാങ്ക്, അള്‍ട്രടെക് സിമന്റ്, എന്‍.ടി.പി.സി., ബജാജ് ഫിനാന്‍സ് എന്നിവയാണ് ഇന്ന് സെന്‍സെക്‌സില്‍ കൂടുതല്‍ നേട്ടം കുറിച്ചവര്‍.
കോട്ടക് മഹീന്ദ്ര ബാങ്ക് ഓഹരി ഇന്ന് 1.65 ശതമാനം ഉയര്‍ന്നിട്ടുണ്ട്. അതേസമയം, പ്രവര്‍ത്തന ചട്ടങ്ങള്‍ വീഴ്ചവരുത്തിയെന്ന് കണ്ടെത്തിയ പശ്ചാത്തലത്തില്‍ കോട്ടക് ബാങ്കിനെതിരെ റിസര്‍വ് ബാങ്ക് കര്‍ശന നടപടിയെടുത്തിട്ടുണ്ട്. ഓണ്‍ലൈനായി പുതിയ ഉപയോക്താക്കളെ ചേര്‍ക്കാനും പുതുതായി ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യാനുമാണ് വിലക്ക്.
ഓഹരി വിപണിയില്‍ വ്യാപാരം അവസാനിച്ചശേഷമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നത്. നാളെ ബാങ്കിന്റെ ഓഹരികളില്‍ ഇത് ചലനം സൃഷ്ടിച്ചേക്കും.
ചെന്നൈ പെട്രോളിയം ഓഹരി ഇന്ന് 15.82 ശതമാനം ഉയര്‍ന്നു. മികച്ച നാലാംപാദ പ്രവര്‍ത്തനഫലവും 55 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചതും കമ്പനിയുടെ ഓഹരിക്ക് നേട്ടമായി. യുണൈറ്റഡ് ബ്രൂവറീസ് ഓഹരി ഇന്ന് 10 ശതമാനം കയറി. നാലാംപാദത്തിലെ മികച്ച പ്രവര്‍ത്തനഫലമാണ് കമ്പനിക്കും കരുത്തായത്.
സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (SAIL) ആണ് ഇന്ന് 7.36 ശതമാനം കുതിപ്പുമായി നിഫ്റ്റി 200ല്‍ നേട്ടത്തില്‍ മുന്നിലെത്തിയത്. മാക്‌സ് ഹെല്‍ത്ത്‌കെയര്‍, ഭാരത് ഡൈനാമിക്‌സ്, ഫാക്ട്, എന്‍.എം.ഡി.സി എന്നിവയും 5.5 മുതല്‍ 6.49 ശതമാനം വരെ ഉയര്‍ന്ന് തൊട്ടുപിന്നാലെയുണ്ട്.
നിരാശപ്പെടുത്തിയവര്‍
ടി.സി.എസ്., ടെക് മഹീന്ദ്ര, മാരുതി സുസുക്കി, ഇന്‍ഫോസിസ് എന്നിവയാണ് സെന്‍സെക്‌സില്‍ ഇന്ന് കൂടുതല്‍ നഷ്ടം നേരിട്ടവര്‍. 18,000 കോടി രൂപയുടെ ഫോളോ-ഓണ്‍ ഓഹരി വില്‍പന (FPO) നടത്തിയ വോഡഫോണ്‍-ഐഡിയ ഇന്ന് 9 ശതമാനം താഴേക്കുപോയി. നാളെയാണ് എഫ്.പി.ഒ വഴി വിതരണം ചെയ്ത ഓഹരികള്‍ വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നത്.
വോഡഫോണിന്റെ മാതൃകമ്പനിയായ വോഡഫോണ്‍ യു.കെയില്‍ നിന്ന് ഇന്‍ഡസ് ടവേഴ്‌സിന്റെ ഓഹരി വാങ്ങുമെന്ന വാര്‍ത്തകള്‍ ഭാരതി എയര്‍ടെല്‍ ഇന്ന് നിഷേധിച്ചിരുന്നു. 21.05 ശതമാനം ഓഹരി എയര്‍ടെല്‍ ഏറ്റെടുക്കുമെന്നായിരുന്നു വാര്‍ത്തകള്‍. നിലവില്‍ ഇന്‍ഡസ് ടവേഴ്‌സില്‍ 47.95 ശതമാനം ഓഹരി എയര്‍ടെല്ലിനുണ്ട്.
ഓഹരി ഏറ്റെടുക്കാനില്ലെന്ന എയര്‍ടെല്ലിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇന്‍ഡസ് ടവേഴ്‌സ് ഓഹരി ഇന്ന് മൂന്ന് ശതമാനത്തിലധികം ഇടിഞ്ഞു. വോഡഫോണ്‍-ഐഡിയ, ടാറ്റാ കണ്‍സ്യൂമര്‍, ടാറ്റാ എല്‍ക്‌സി, ഇന്‍ഡസ് ടവേഴ്‌സ്, സൈഡസ് ലൈഫ് സയന്‍സസ് എന്നിവയാണ് ഇന്ന് നിഫ്റ്റി 200ല്‍ കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയവര്‍.
ആക്‌സിസ് ബാങ്ക് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മാര്‍ച്ചുപാദത്തില്‍ 7,130 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തിയിട്ടുണ്ട്. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ കുറിച്ചത് 5,728 കോടി രൂപയുടെ നഷ്ടമായിരുന്നു. നാളെ ഇത് ഓഹരികളില്‍ കരുത്ത് പകര്‍ന്നേക്കാം. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഓഹരിക്ക് 24 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചതും നിക്ഷേപകരെ സ്വാധീനിച്ചേക്കും.
നാലാംപാദത്തില്‍ ലാഭം 22.5 ശതമാനം ഇടിഞ്ഞത് ടാറ്റാ കണ്‍സ്യൂമര്‍ ഓഹരികളെ ഇന്ന് തളര്‍ത്തി. ഓഹരിക്ക് 70 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചിട്ടും ടാറ്റാ എല്‍ക്‌സി ഓഹരികളും ഇന്ന് വീണു. നാലാംപാദ ലാഭം കുറഞ്ഞതാണ് കമ്പനിക്കും തിരിച്ചടിയായത്.
വിപണിയുടെ ട്രെന്‍ഡ്
വിശാലവിപണിയില്‍ ഇന്ന് നിഫ്റ്റി ഐ.ടി 0.81 ശതമാനം താഴ്ന്ന് വില്‍പനസമ്മര്‍ദ്ദത്തിലകപ്പെട്ടു. പി.എസ്.യു ബാങ്ക് സൂചിക 0.23 ശതമാനവും മീഡിയ 0.29 ശതമാനവും താഴ്ന്നു. നിഫ്റ്റി ഓട്ടോയാണ് (-0.08%) ചുവപ്പണിഞ്ഞ മറ്റൊരു സൂചിക.
നിഫ്റ്റി മെറ്റല്‍ 2.69 ശതമാനവും ഹെല്‍ത്ത്‌കെയര്‍ 1.26 ശതമാനവും റിയല്‍റ്റി 0.89 ശതമാനവും ഫിനാന്‍ഷ്യല്‍ സര്‍വീസസ് 0.51 ശതമാനവും ഉയര്‍ന്ന് തിളക്കമാര്‍ന്ന പ്രകടനം നടത്തി. ബാങ്ക് നിഫ്റ്റി 0.46 ശതമാനവും കയറി. നിഫ്റ്റി മിഡ്ക്യാപ്പ് സൂചിക 0.76 ശതമാനവും സ്‌മോള്‍-ക്യാപ്പ് 0.36 ശതമാനവും നേട്ടത്തിലാണുള്ളത്.
നിഫ്റ്റി 50ല്‍ ഇന്ന് 30 ഓഹരികള്‍ നേട്ടത്തിലും 20 എണ്ണം താഴ്ചയിലുമായിരുന്നു. ഹിന്‍ഡാല്‍കോയാണ് 3.96 ശതമാനം ഉയര്‍ന്ന് നേട്ടത്തില്‍ മുന്നില്‍. സിപ്ല 3.92 ശതമാനം, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍ 3.87 ശതമാനം, ടാറ്റാ സ്റ്റീല്‍ 2.82 ശതമാനം എന്നിങ്ങനെ ഉയര്‍ന്ന് തൊട്ടുപിന്നാലെയുണ്ട്.
ടാറ്റാ കണ്‍സ്യൂമര്‍ 5.48 ശതമാനം താഴ്ന്ന് നഷ്ടത്തില്‍ മുന്നിലെത്തി. ബി.എസ്.ഇയില്‍ 2,228 ഓഹരികള്‍ നേട്ടത്തിലും 1,594 എണ്ണം നഷ്ടത്തിലുമായിരുന്നു. 107 ഓഹരികളുടെ വില മാറിയില്ല.
267 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരവും 11 എണ്ണം താഴ്ചയും കണ്ടു. അപ്പർ-സര്‍ക്യൂട്ട് ഇന്ന് ശൂന്യമായിരുന്നു. ലോവര്‍-സര്‍ക്യൂട്ടില്‍ ഒരു കമ്പനിയുണ്ടായിരുന്നു.
ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യം വീണ്ടും 400 ലക്ഷം കോടി രൂപ കടന്നുവെന്ന പ്രത്യേകതയും ഇന്നത്തെ ദിവസത്തിനുണ്ട്. 1.68 ലക്ഷം കോടി രൂപ വര്‍ധിച്ച് 401.37 ലക്ഷം കോടി രൂപയാണ് വ്യാപാരാന്ത്യത്തില്‍ മൂല്യം.
തിളങ്ങി കേരള ഓഹരികളും
ഒട്ടുമിക്ക കേരള ഓഹരികളും തിളക്കമാര്‍ന്ന പ്രകടനം ഇന്ന് കാഴ്ചവച്ചു. നിക്ഷേപ സേവനസ്ഥാപനമായ ജിയോജിത്തിന്റെ ഓഹരി 11.45 ശതമാനം ഉയര്‍ന്നു. ഫാക്ട് 5.57 ശതമാനം കയറി. ഹാരിസണ്‍സ് മലയാളം 6.68 ശതമാനവും സെല്ല സ്‌പേസ് 4.55 ശതമാനവും ബി.പി.എല്‍ 3.42 ശതമാനവും നേട്ടമുണ്ടാക്കി.
ഇന്‍ഡിട്രേഡ് 3.60 ശതമാനം, സഫ സിസ്റ്റംസ് 10 ശതമാനം, കിറ്റെക്‌സ് 2.76 ശതമാനം എന്നിങ്ങനെയും ഉയര്‍ന്നു. കഴിഞ്ഞദിവസങ്ങളില്‍ മികച്ച കുതിപ്പ് നടത്തിയ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഇന്നത്തെ നേട്ടം പക്ഷേ 1.67 ശതമാനം മാത്രമാണ്.
കഴിഞ്ഞദിവസങ്ങളില്‍ വലിയ നേട്ടമുണ്ടാക്കിയ കേരള ആയുര്‍വേദ ഇന്ന് 4.76 ശതമാനം ഇടിഞ്ഞു. പ്രൈമ ഇന്‍ഡസ്ട്രീസ് 4.98 ശതമാനം, യൂണിറോയല്‍ മറീന്‍ 4.06 ശതമാനം, മുത്തൂറ്റ് മൈക്രോഫിന്‍ 2.01 ശതമാനം, കെ.എസ്.ഇ 4.85 ശതമാനം എന്നിങ്ങനെയും ഇടിവിലാണുള്ളത്.
നിക്ഷേപകര്‍ക്ക് 118 രൂപ സ്‌പെഷ്യല്‍ ലാഭവിഹിതം പ്രഖ്യാപിച്ചശേഷം ആസ്റ്റര്‍ നേരിടുന്ന ഇടിവ് ഇന്നും തുടര്‍ന്നു; ഓഹരി 4.04 ശതമാനം നഷ്ടത്തിലാണ് ഇന്ന് വ്യാപാരം പൂര്‍ത്തിയാക്കിയത്.