കഷ്ടിച്ച് കരകയറി വിപണി, ജി.എസ്.ടിയില്‍ തട്ടി 10% ഇടിഞ്ഞ് ഫാക്ട്, ക്വാണ്ട് ഫണ്ട് ആശങ്കയില്‍ ഓഹരികളും

വിപ്രോയെ നീക്കി അദാനി പോര്‍ട്‌സ് സെന്‍സെക്‌സിലെത്തി

Update:2024-06-24 18:55 IST

വലിയ ചാഞ്ചാട്ടത്തിലായിരുന്ന സൂചികകള്‍ വ്യാപാരാന്ത്യത്തില്‍ നേട്ടത്തിന്റെ തോണിയിലേക്ക് കാല്‍ വച്ചു. ആഗോള വിപണികളില്‍ നിന്നുള്ള വാര്‍ത്തകളും ക്വാണ്ട് മ്യൂച്വല്‍ഫണ്ടിന്റെ ഫ്രണ്ട് റണ്ണിംഗ് ആരോപണങ്ങളുമാണ് ഇന്ന് വിപണിയെ പിടിച്ചുലച്ചത്.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, പവര്‍ ഗ്രിഡ്, സണ്‍ ഫാര്‍മ, നെസ്ലെ ഇന്ത്യ, അള്‍ട്രാടെക് സിമന്റ്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഐ.ടി.സി, എന്‍.ടി.പി.സി, ഭാരതി എയര്‍ടെല്‍ തുടങ്ങിയ കരുത്തുറ്റ ഓഹരികള്‍ വിപണിക്ക് രക്ഷകരായി.

ഇന്ന് സെന്‍സെക്‌സ് 131 പോയിന്റ് ഉയര്‍ന്ന് 77,341ലും നിഫ്റ്റി 37 പോയിന്റുയര്‍ന്ന് 23,538ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, അദാനി പോര്‍ട്‌സ്, ടാറ്റ സ്റ്റീല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫിനാന്‍സ്, ആക്‌സിസ് ബാങ്ക്, എസ്.ബി.ഐ എന്നിവ ഇന്ന് രണ്ട് ശതമാനത്തിലധികം ഇടിഞ്ഞ് സെന്‍സെക്‌സിലെ വലിയ നഷ്ടക്കാരായി.

രൂപയിന്ന് ഡോളറിനെതിരെ 0.09 ശതമാനം ഉയര്‍ന്ന് 83.47ലെത്തി.
വിവിധ സൂചികകളുടെ പ്രകടനം
വിശാല വിപണിയില്‍ ബി.എസ്.ഇ മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.37 ശതമാനം, 0.27 ശതമാനം നേട്ടത്തിലായി.
നിഫ്റ്റി മീഡിയ 1.8 ശതമാനം നഷ്ടമുണ്ടാക്കി. നിഫ്റ്റി മെറ്റല്‍, പി.എസ്.യു ബാങ്ക് സൂചികകള്‍ ഇന്ന് 0.6 ശതമാനം ഇടിഞ്ഞു. നിഫ്റ്റി ഓട്ടോ, ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എഫ്.എം.സി.ജി, റിയല്‍റ്റി, ഹെല്‍ത്ത്‌കെയര്‍ സൂചികകളാണ് ഇന്ന് പച്ചകുത്തിയത്.

വിവിധ ഓഹരി സൂചികകളുടെ പ്രകടനംText

ബി.എസ്.ഇയില്‍ ഇന്ന് 4,155 ഓഹരികള്‍ വ്യാപാരം നടത്തിയതില്‍ 2,107 ഓഹരികള്‍ നേട്ടത്തിലായി. 1,890 ഓഹരികള്‍ നഷ്ടത്തിലും. 150 ഓഹരികളുടെ വില മാറിയില്ല. 301 ഓഹരികളാണ് ഇന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വില തൊട്ടത്. 31 ഓഹരികള്‍ താഴ്ന്ന വിലയും കണ്ടു. അഞ്ച് ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലുണ്ടായിരുന്നു. മൂന്ന് ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലും.
ക്വാണ്ട് ഫണ്ട് ക്രമക്കേട് ആശങ്ക
ക്വാണ്ട് മ്യൂച്വല്‍ഫണ്ട് എ.എം.സിയിലെ ഫണ്ട് മാനേജര്‍മാര്‍ ഫ്രണ്ട് റണ്ണിംഗ് നടത്തിയിട്ടുണ്ടെന്ന് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) സംശയിക്കുന്നു. ഇതിന്റെ ഭാഗമായി ക്വാണ്ടിന്റെ ഓഫീസുകളില്‍ സെബി പരിശോധന നടത്തുകയും ചെയ്തു. അധാര്‍മികവും നിയമവിരുദ്ധമായും ഓഹരികള്‍ വാങ്ങി കൂട്ടി ലാഭമെടുക്കുന്നതിനെയാണ് 'ഫ്രണ്ട് റണ്ണിംഗ്' എന്നു പറയുന്നത്. അതായത് ഓഹരിയില്‍ വലിയ നിക്ഷേപങ്ങള്‍ ഉണ്ടാകുമെന്ന് ഷെയര്‍ബ്രോക്കര്‍മാര്‍ക്ക് മുന്‍കൂട്ടി അറിയാനാകും. ഇതുപ്രകാരം നിക്ഷേപം നടക്കും മുമ്പ് തന്നെ ആ ഓഹരികള്‍ വാങ്ങി നേട്ടമുണ്ടാക്കുന്നു. ഓഹരികളില്‍ നിക്ഷേപം വരുമ്പോള്‍ പൊതുവേ വിലയില്‍ കാര്യമായ മുന്നേറ്റം ഉണ്ടാകാറുണ്ട്.
26 സ്‌കീമുകളിലായ 93,000 കോടി രൂപയുടെ നിക്ഷേപ ആസ്തി കൈകാര്യം ചെയ്യുന്ന മ്യൂച്വല്‍ഫണ്ടാണ് ക്വാണ്ട്. ഫണ്ടിന്റെ നിക്ഷേപകരില്‍ ഇത് വലിയ ആശങ്കയ്ക്ക് വഴിവച്ചിട്ടുണ്ട്.
ജി.എസ്.ടിയില്‍ തട്ടി വളം ഗെയിമിംഗ് കമ്പനികള്‍
ഫാക്ട് അടക്കമുള്ള വളംമേഖലയിലെ ഓഹരികള്‍ക്ക് ഇന്ന് നിരാശയുടെ ദിനമായി. വളത്തിനെ ജി.എസ്.ടിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന പാര്‍ലമെന്ററി പാനലിന്റെ ശിപാര്‍ശ ജി.എസ്.ടി കൗണ്‍സില്‍ മന്ത്രി തലസമിതിക്ക് വിട്ടതിനെ തുടര്‍ന്നാണ് ഓഹരികളിടിഞ്ഞത്. മന്ത്രിതല സമിതി അനുവാദം നല്‍കിയതിനു ശേഷമാണ് നിര്‍ദേശം ജി.എസ്.ടി കൗണ്‍സില്‍ പരിഗണിക്കുന്നത്.
ഫാക്ട് ഓഹരികള്‍ ഇന്ന് 10 ശതമാനം വരെ ഇടിഞ്ഞു. ജി.എന്‍.എഫ്.സി, ജി.എസ്.എഫ്.സി എന്നീ ഓഹരികള്‍ വ്യാപാരത്തിനിടെ അഞ്ച് ശതമാനത്തിലേറെ ഇടിവ് രേഖപ്പെടുത്തി.
ദീപക് ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് പെട്രോ കെമിക്കല്‍സ് ആറ് ശതമാനവും നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ് എട്ട് ശതമാനവും ചെമ്പല്‍ ഫെര്‍ട്ടിലൈസേഴ്‌സ്, കോറമാന്‍ഡല്‍ ഇന്റര്‍നാഷണല്‍ എന്നിവ മൂന്ന് ശതമാനത്തിലധികവും നഷ്ടം രേഖപ്പെടുത്തി.
ഗെയിമിംഗ് കമ്പനികള്‍ക്ക് നികുതി കുറയ്ക്കുമെന്ന പ്രതീക്ഷ നടക്കാതെ വന്നത് ഡെല്‍റ്റ കോര്‍പ്പറേഷന്റെ ഓഹരിയെ എട്ട് ശതമാനത്തോളം താഴ്ത്തി. നസാറ ടെക്‌നോളജീസും രണ്ട് ശതമാത്തിലധികം താഴ്ന്നിരുന്നു.
ഓഹരികളിലെ കുതിപ്പും കിതപ്പും
ബജാജ് ഹോള്‍ഡിംഗ്‌സാണ് ഇന്ന് നിഫ്റ്റി 200ല്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ഒഹരി വില 6.18 ശതമാനം ഉയര്‍ന്ന് 8,735 രൂപയിലെത്തി. ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് 5.69 ശതമാനം ഉയര്‍ന്നു. ആസ്ട്രല്‍, ജെ.എസ്.ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ചര്‍, സി.ജി പപവര്‍ എന്നിവയും മൂന്നര ശതമാനം മുതല്‍ 6 ശതമാനം വരെ നേട്ടത്തിലാണ്.

ഇന്ന് നേട്ടം കൊയ്തവര്‍

ദാനി ഗ്രൂപ്പിലെ മുഖ്യ കമ്പനിയായ അദാനി പോര്‍ടിസിനെ ഇന്ന് മുതല്‍ 30 ഓഹരികള്‍ ഉള്‍പ്പെട്ട സൂചികയായി സെന്‍സെക്‌സില്‍ ഉള്‍പ്പെടുത്തി. ഐ.ടി കമ്പനിയായ വിപ്രോയെയാണ് സെന്‍സെക്‌സില്‍ നിന്നൊഴിവാക്കിയത്. അദാനി പോര്‍ട്‌സ് ഓഹരികള്‍ ഇന്ന് 1.73 ശതമാനം ഇടിവിലാണുള്ളത്. വിപ്രോ ഓഹരികൾ നേരിയ നേട്ടത്തിലായിരുന്നു.
ബോണ്ട് ഇഷ്യു വഴി 1,500 കോടി സമാഹരിക്കുന്നുവെന്ന പ്രഖ്യാപിനം ഐ.ആര്‍.ഡി.എ ഓഹരികളെ ഇന്ന് നാല് ശതമാനത്തിലധികം ഉയര്‍ത്തി.
യൂറോപ്പില്‍ ഉത്പാദനത്തിനു തടസമുണ്ടായേക്കാമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ടാറ്റ സ്റ്റീല്‍ ഓഹരി രണ്ട് ശതമാനത്തോളം ഇടിഞ്ഞു.
ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ അടുത്ത പാദങ്ങളിലെ വരുമാന പ്രതീക്ഷ മാനേജ്‌മെന്റ് താഴ്ത്തിയതിനെ തുടര്‍ന്ന് ഓഹരി എട്ട് ശതമാനം വരെ ഇടിഞ്ഞു.
കപ്പല്‍ നിര്‍മാണ കമ്പനിയായ ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് ആന്‍ഡ് എന്‍ജിനീയേഴ്‌സ് ഓഹരി ഇന്ന് 10 ശതമാനത്തിലധികം ഉയര്‍ന്നു, വിവിധോദ്ദേശ കപ്പലുകളുടെ നിര്‍മാണത്തിന് 5.4 കോടി ഡോളറിന്റെ വിദേശ കരാര്‍നേടാനായതാണ് ഓഹരിയെ ഉയര്‍ത്തിയത്.
റൂട്ട്മൊബൈല്‍ മെസേജിംഗ് ആപ്പായ വാട്‌സാപ്പുമായി ചേര്‍ന്ന് നാഗ്പൂര്‍, പൂനൈ, ഹൈദരാബാദ് മെട്രോകളില്‍ ടിക്കറ്റിംഗ് സേവനം നടപ്പാക്കുന്നുവെന്ന വാര്‍ത്തകള്‍ ഓഹരി വിലയിൽ 17.5 ശതമാനം മുന്നേറ്റമുണ്ടാക്കി. ഓഹരി 52 ആഴ്ചയിലെ ഉയര്‍ന്ന വിലയും തൊട്ടു.
സെഞ്ച്വറി ടെക്‌സ്‌റ്റൈല്‍സ് ഓഹരികള്‍ ഇന്ന് 5.9 ശതമാനം ഉയര്‍ന്നു. കമ്പനിയുടെ ഉപകമ്പനിയായ ബിര്‍ള എസ്റ്റേറ്റ്‌സ് പൂനൈയില്‍ സാന്നിധ്യം വിപുലപ്പെടുത്താനായി ഭൂമി ഏറ്റെടുത്തിരുന്നു.

ഇന്ന് നഷ്ടം വരിച്ചവര്‍

കേരളം അസാഥാനമായുള്ള വളം നിര്‍മാതാക്കളായ ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡാണ് (ഫാക്ട്) ഇന്ന് നിഫ്റ്റി 200ലെ മുഖ്യ നഷ്ടക്കാര്‍. പോളിസി ബസാറിന്റെ മാതൃകമ്പനിയായ പി.ബി ഫിന്‍ടെക് ഓഹരി ഇന്ന് 4.02 ശതമാനം ഇടിഞ്ഞു. മാക്‌സ് ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ന് 3.75 ശതമാനം ഇടിഞ്ഞ് 893.45 രൂപയിലെത്തി. സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നിവയും ഇന്ന് മൂന്നര ശതമാനത്തോളം ഇടിവിലാണ്.

സമ്മിശ്ര പ്രകടനമായി കേരള ഓഹരികൾ 
കേരള കമ്പനി ഓഹരികളില്‍ സമ്മിശ്ര പ്രകടനമായിരുന്നു. ഫാക്ട് ഒഴികെയുള്ള വമ്പന്‍ കമ്പനികളൊന്നും തന്നെ വലിയ മുന്നേറ്റമോ വീഴ്ചയോ കാഴ്ചവച്ചില്ല.
പ്രൈമ ഇൻഡസ്ട്രീസ് 7.33 ശതമാനവും വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 4.95 ശതമാനവും ബി.പി.എല്‍ 4.38 ശതമാനവും ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 4.05 ശതമാനവും സെല്ല സ്‌പേസ് 3.66 ശതമാനവും ഉയര്‍ന്ന് നേട്ടക്കണക്കില്‍ മുന്നിലെത്തി.

ഇന്‍ഡിട്രേഡ് ക്യാപിറ്റലാണ് നഷ്ടത്തില്‍ ഫാക്ടിനേക്കാള്‍ മുന്നില്‍. 13.45 ശതമാനമാണ് ഓഹരിയുടെ നഷ്ടം. യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍സ്, പോപ്പീസ് കെയര്‍, റബ്ഫില ഇന്റര്‍നാഷണൽ എന്നിവ 3-4 ശതമാനം നഷ്ടം രേഖപ്പെടുത്തി.
Tags:    

Similar News