തുടര്‍ച്ചയായ അഞ്ചാംദിവസവും നേട്ടവുമായി ഓഹരികള്‍

നിഫ്റ്റി 17,800 ഭേദിച്ചു; വണ്ടര്‍ല ഹോളിഡെയ്‌സിന് 5.8 ശതമാനം നേട്ടം

Update:2023-04-26 17:54 IST

ചെറിയ ചാഞ്ചാട്ടത്തിനൊടുവില്‍ തുടര്‍ച്ചയായ അഞ്ചാംദിനത്തിലും നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി ഇന്ത്യന്‍ ഓഹരി സൂചികകള്‍. അമേരിക്കന്‍, ഏഷ്യന്‍ ഓഹരികളില്‍ ദൃശ്യമായ സമ്മര്‍ദ്ദങ്ങളാണ് വ്യാപാര തുടക്കത്തിൽ  ഇന്ത്യന്‍ ഓഹരി സൂചികകളിലും പ്രതിഫലിച്ചത്. എന്നാല്‍ വാഹനം, റിയാല്‍റ്റി, ക്യാപ്പിറ്റല്‍ ഗുഡ്‌സ് ഓഹരികളില്‍ മികച്ച വാങ്ങല്‍ താത്പര്യമുണ്ടായതോടെ സെന്‍സെക്‌സും നിഫ്റ്റിയും പിന്നീട് നേട്ടത്തിലേറുകയായിരുന്നു.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ നിലവാരം 


 സെന്‍സെക്‌സ് 169.87 പോയിന്റ് ഉയര്‍ന്ന് 60,300.58ലും നിഫ്റ്റി 44.35 പോയിന്റ് നേട്ടവുമായി 17,813.60ലുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. ബാങ്കിംഗ്, ധനകാര്യം, ഐ.ടി ഓഹരികളുടെ നേട്ടവും സൂചികകള്‍ക്ക് ഗുണകരമായി. നിഫ്റ്റി എഫ്.എം.സി.ജി, നിഫ്റ്റി ഓട്ടോ, നിഫ്റ്റി ഐ.ടി., നിഫ്റ്റി ബാങ്ക് എന്നിവ ഇന്ന് നേട്ടത്തിലാണുള്ളത്. ബി.എസ്.ഇ മിഡ്ക്യാപ്പ്, സ്‌മോള്‍ക്യാപ്പ് സൂചികകളും 0.34 ശതമാനം വരെ നേട്ടമുണ്ടാക്കി.

നേട്ടത്തിലേറിയവര്‍
പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എല്‍ ആന്‍ ടി, നെസ്‌ലെ, എച്ച്.സി.എല്‍ ടെക്, എച്ച്.യു.എല്‍., ടാറ്റാ മോട്ടോഴ്‌സ് എന്നിവ നേടിയ മികച്ച വാങ്ങല്‍ താത്പര്യവും സൂചികകളെ നേട്ടത്തിലേക്ക് നയിച്ചു. എന്‍.എച്ച്.പി.സി., വൊഡാഫോണ്‍ ഐഡിയ, ഇന്‍ഡസ് ടവേഴ്‌സ്, സിയമെന്‍സ്, ഡെല്‍ഹിവെറി എന്നിവയാണ് ഏറ്റവുമധികം മുന്നേറിയ ഓഹരികള്‍.
ഇന്ന് ഏറ്റവുമധികം നേട്ടം കുറിച്ചവർ 

 

ഗുജറാത്തില്‍ നിന്നുള്ള സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളും ഇന്ന് മികച്ച നേട്ടമുണ്ടാക്കി. ഓഹരി ഉടമകള്‍ക്കുള്ള ലാഭവിഹിതം, ബോണസ് ഓഹരി എന്നിവ വിതരണം ചെയ്യുന്നതിന് ഗുജറാത്ത് സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നയമാണ് നേട്ടമായത്. 20 ശതമാനത്തോളം വര്‍ദ്ധന ഈ കമ്പനികളുടെ ഓഹരികള്‍ ഇന്ന് രേഖപ്പെടുത്തി.
നിരാശപ്പെടുത്തിയവര്‍
യൂണികെം ലാബിന്റെ 33.38 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാനുള്ള തീരുമാനത്തെ തുടര്‍ന്ന് ഇന്നലെ 10 ശതമാനം നഷ്ടം നേരിട്ട ഇപ്ക ലാബ്‌സിന്റെ ഓഹരികള്‍ ഇന്ന് 5.28 ശതമാനം ഇടിഞ്ഞു.
ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവ 

 

ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാൻസ്, കോട്ടക് ബാങ്ക്, എന്‍.ടി.പി.സി, അദാനി പോര്‍ട്‌സ്, ബജാജ് ഓട്ടോ എന്നിവ നേരിട്ട വില്‍പന സമ്മര്‍ദ്ദമാണ് സൂചികകളെ ചാഞ്ചാട്ടത്തിലേക്ക് നയിച്ചത്. അദാനി ട്രാന്‍സ്മിഷന്‍, പൂനാവാല ഫിന്‍കോര്‍പ്പ്, ക്രോംപ്ടണ്‍ ഗ്രീവ്‌സ്, എ.യു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവയാണ് ഏറ്റവുമധികം ഇടിവ് നേരിട്ട ഓഹരികള്‍.
മികച്ച നേട്ടവുമായി കൊച്ചിന്‍ മിനറല്‍സും വണ്ടര്‍ലയും
കേരളം ആസ്ഥാനമായ കമ്പനികളില്‍ ഇന്ന് മികച്ച നേട്ടം കുറിച്ചത് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ആണ്; കമ്പനിയുടെ ഓഹരിവില ഇന്ന് 7.58 ശതമാനം ഉയര്‍ന്നു. വണ്ടര്‍ല ഹോളിഡെയ്‌സ് (5.83 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (4.05 ശതമാനം), ഇന്‍ഡിട്രേഡ് ക്യാപ്പിറ്റല്‍ (3.90 ശതമാനം) എന്നിവയും മികച്ച നേട്ടം കുറിച്ചു.
കേരള കമ്പനികളുടെ ഇന്നത്തെ പ്രകടനം 

 

അതേസമയം ഈസ്റ്റേണ്‍ ട്രെഡ്‌സ് ഓഹരിവില 8.15 ശതമാനം ഇടിഞ്ഞു. ആസ്റ്റര്‍ ഡി.എം 2.14 ശതമാനം നഷ്ടവും നേരിട്ടു. ധനലക്ഷ്മി ബാങ്ക്, ഹാരിസണ്‍ മലയാളം, കല്യാണ്‍ ജുവലേഴ്‌സ്, വി-ഗാര്‍ഡ്, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, മണപ്പുറം ഫിനാന്‍സ് എന്നിവയും നഷ്ടമാണ് കുറിച്ചത്.
Tags:    

Similar News