വാഗ്നര്‍ കലാപത്തിന്റെ അലയടി ഓഹരികളിലും; സെന്‍സെക്‌സും നിഫ്റ്റിയും നിര്‍ജീവം

സെന്‍സെക്‌സ് 9 പോയിന്റ് നഷ്ടത്തില്‍, നിഫ്റ്റി 18,700ന് താഴെ; സി.എസ്.ബി ബാങ്ക് ഓഹരികളില്‍ 4.35% നേട്ടം

Update:2023-06-26 17:29 IST

റഷ്യയ്ക്കുമേല്‍ സ്വന്തം 'സ്വകാര്യ' കൂലിപ്പട്ടാളമായ വാഗ്നര്‍പ്പട കലാപം അഴിച്ചുവിട്ട സംഭവവികാസങ്ങളാണ് ഇന്ന് ആഗോള ഓഹരികളെ ഉലച്ചത്. യൂറോപ്യന്‍, അമേരിക്കന്‍ ഓഹരി സൂചികകളുടെ ചുവടുപിടിച്ച് ഏഷ്യയിലെ മുന്‍നിര ഓഹരി വിപണികളായ ജപ്പാനിലെ നിക്കേയ് 0.25 ശതമാനവും ചൈനയുടെ ഷാങ്ഹായ് 1.48 ശതമാനവും ഇടിഞ്ഞു. ഇതിന്റെ പ്രതിഫലനം ഇന്ത്യയിലും ഉണ്ടായതോടെ സെന്‍സെക്‌സിലും നിഫ്റ്റിയിലും നിക്ഷേപകര്‍ ആലസ്യത്തിലേക്ക് വീണു.

സെന്‍സെക്‌സ് 9.37 പോയിന്റ് (0.01 ശതമാനം) നഷ്ടത്തോടെ 62,970ലാണ് വ്യാപാരാന്ത്യമുള്ളത്. നിഫ്റ്റി 25.70 പോയിന്റ് (0.14 ശതമാനം) നേട്ടത്തോടെ 18,691.20ലുമെത്തി.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ നിലവാരം 

 

സെന്‍സെക്‌സില്‍ ഇന്ന് 1,860 കമ്പനികള്‍ നേട്ടത്തിലും 1,783 കമ്പനികള്‍ നഷ്ടത്തിലുമാണ്. 174 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. 114 കമ്പനികള്‍ 52-ആഴ്ചത്തെ ഉയരത്തിലും 42 കമ്പനികള്‍ താഴ്ചയിലുമെത്തി. 14 കമ്പനികള്‍ ഇന്ന് അപ്പര്‍ സര്‍ക്യൂട്ടിലായിരുന്നു; 5 കമ്പനികള്‍ ലോവര്‍ സര്‍ക്യൂട്ടിലും.
ഓഹരികളുടെ നിര്‍ജീവ പ്രകടനം ഇന്ന് രൂപയെയും ആലസ്യത്തിലാക്കി. വ്യാപാരാന്ത്യം 82.05ലാണ് ഡോളറിനെതിരെ രൂപ. മൂല്യത്തില്‍ കാര്യമായ വ്യതിയാനമില്ല.
നിരാശപ്പെടുത്തിയവര്‍
എഫ്.എം.സി.ജി., ഓട്ടോ, ഫാര്‍മ ഓഹരികളില്‍ ഇന്ന് മികച്ച വാങ്ങല്‍ താത്പര്യമുണ്ടായെങ്കിലും റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ടി.സി.എസ് എന്നീ വന്‍കിട ഓഹരികളിലുണ്ടായ വില്‍പ്പന സമ്മര്‍ദ്ദം സെന്‍സെക്‌സിനെ നേട്ടത്തില്‍ നിന്ന് അകറ്റുകയായിരുന്നു.
ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടവർ 

 

എന്‍.ടി.പി.ടി., ഭാരതി എയര്‍ടെല്‍, പവര്‍ഗ്രിഡ്, എല്‍ ആന്‍ഡ് ടി എന്നിവ നേരിട്ട വിറ്റൊഴിയല്‍ ട്രെന്‍ഡും തിരിച്ചടിയായി. 23,000 കോടി രൂപയുടെ നികുതി വെട്ടിപ്പ് ആരോപണത്തിന്മേല്‍ ശ്രീസിമന്റ് അന്വേഷണം നേരിടുന്നുവെന്ന വാര്‍ത്തകളെ തുടര്‍ന്ന്, കമ്പനിയുടെ ഓഹരി 6 ശതമാനം ഇടിഞ്ഞു.
നിഫ്റ്റി പി.എസ്.യു ബാങ്ക് (0.18 ശതമാനം), ഓയില്‍ ആന്‍ഡ് ഗ്യാസ് (0.07 ശതമാനം) എന്നിവയൊഴികെയുള്ള ഓഹരി വിഭാഗങ്ങള്‍ ഇന്ന് നേട്ടത്തിലാണ്.
അപ്പോളോ ടയേഴ്‌സ്, എല്‍.ഐ.സി., ഗുജറാത്ത് ഫ്‌ളൂറോ കെമിക്കല്‍സ് ലിമിറ്റഡ്‌
, ടൊറന്റ് പവര്‍ എന്നിവയാണ് ഇന്ന് ഏറ്റവുമധികം നഷ്ടത്തിലേക്ക് വീണ മറ്റ് ഓഹരികള്‍.
നേട്ടത്തിലേറിയവര്‍
നിഫ്റ്റിയില്‍ ഓട്ടോ (1.15 ശതമാനം), ഫാര്‍മ (1.53 ശതമാനം), ഹെല്‍ത്ത്‌കെയര്‍ (1.51 ശതമാനം) സൂചികകള്‍ ഒരു ശതമാനത്തിനുമേല്‍ നേട്ടമുണ്ടാക്കി. നിഫ്റ്റി മിഡ്ക്യാപ്പ് 0.92 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.62 ശതമാനവും ഉയര്‍ന്നു.
പി.ബി ഫിന്‍ടെക്, വരുണ്‍ ബീവറേജസ്, മാക്‌സ് ഹെല്‍ത്ത് കെയര്‍, ജെ.എസ്.ഡബ്ല്യു എനര്‍ജി, ഗ്ലാന്‍ഡ് ഫാര്‍മ എന്നിവയാണ് ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ഓഹരികള്‍.
ഇന്ന് ഏറ്റവുമധികം നേട്ടം കുറിച്ചവർ 

 

മാരുതി സുസുക്കി, ടാറ്റാ മോട്ടോഴ്‌സ്, ടൈറ്റന്‍, ബജാജ് ഫിന്‍സെര്‍വ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, അള്‍ട്രടെക് സിമന്റ് എന്നിവയും ഇന്ന് ഉയര്‍ന്നു. ഡീലിസ്റ്റ് ചെയ്യുന്നത് ആലോചിക്കാന്‍ ഐ.സി.ഐ.സി.ഐ ബാങ്ക് ഉടന്‍ യോഗം ചേരുമെന്ന വാര്‍ത്തകളെ തുടര്‍ന്ന് ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് ഓഹരി ഇന്ന് 10 ശതമാനത്തിലധികം കുതിച്ചു.
സി.എസ്.ബി ബാങ്കിന്റെ തിളക്കം
സ്വര്‍ണ, റീട്ടെയില്‍ വായ്പകളില്‍ കൂടുതല്‍ ശ്രദ്ധയൂന്നുമെന്ന മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ പ്രളയ് മൊണ്ഡലിന്റെ പ്രസ്താവന സി.എസ്.ബി ബാങ്ക് ഓഹരികള്‍ക്ക് ഇന്ന് ഊര്‍ജ്ജമായി. ബാങ്കിന്റെ പ്രവര്‍ത്തനം രാജ്യവ്യാപകമായി വിപുലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കേരള ഓഹരികളുടെ ഇന്നത്തെ നിലവാരം 

 

4.36 ശതമാനമാണ് സി.എസ്.ബി ഓഹരികള്‍ ഇന്ന് കുതിച്ചത്. വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (3.74 ശതമാനം), വെര്‍ട്ടെക്‌സ് (3.40 ശതമാനം), റബ്ഫില (2.61 ശതമാനം), കല്യാണ്‍ ജുവലേഴ്‌സ് (2.72 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (2.36 ശതമാനം) എന്നിവയും ഇന്ന് മികച്ച നേട്ടത്തിലാണ്.
അപ്പോളോ ടയേഴ്‌സ് 2.93 ശതമാനം ഇടിഞ്ഞു. കെ.എസ്.ഇയുടെ നഷ്ടം 4.27 ശതമാനമാണ്. ഇന്‍ഡിട്രേഡ് 2.90 ശതമാനവും കിറ്റെക്‌സ് 1.79 ശതമാനവും നഷ്ടം നേരിട്ടു. നിക്ഷേപകരുമായുള്ള യോഗത്തില്‍ വിപണിവിഹിതം ഉയര്‍ത്തുന്നത് സംബന്ധിച്ച് കമ്പനി കാര്യമായൊന്നും പ്രതിപാദിക്കാതിരുന്നതാണ് ഇന്ന് അപ്പോളോ ടയേഴ്‌സ് ഓഹരികളെ നഷ്ടത്തിലാഴ്ത്തിയത്.
Tags:    

Similar News