റെക്കോഡുകള്‍ തുടര്‍ക്കഥയാക്കി മുന്നേറുകയാണ് ഇന്ത്യന്‍ വിപണി സൂചികകള്‍. സെന്‍സെക്‌സ് ഇന്ന് ആദ്യമായി 79,000 പോയിന്റെന്ന നാഴികക്കല്ല് പിന്നിട്ട് 79,396 വരെയെത്തി. നിഫ്റ്റി 24,000മെന്ന മാന്ത്രികസംഖ്യ പിന്നിട്ട് 24,087 വരെയുമെത്തി. വെറും 23 വ്യാപാര സെഷനുകള്‍ കൊണ്ടാണ് നിഫ്റ്റി 1,000 പോയിന്റ് കൂട്ടിച്ചേര്‍ത്തത്. രണ്ടാം തവണയാണ് ഇത്രയും വേഗത്തില്‍ നിഫ്റ്റി 1000 പോയിന്റുകള്‍ സ്വന്തമാക്കുന്നത്.
വ്യാപാരാന്ത്യത്തില്‍ സെന്‍സെക്‌സ് 569 പോയിന്റ് ഉയര്‍ന്ന് 79,243ലും നിഫ്റ്റി 176 പോയിന്റ് ഉയര്‍ന്ന് 24,045ലുമാണുള്ളത്. നിഫ്റ്റി ബാങ്ക് ഇന്‍ഡെക്‌സും ഇന്ന് 53,180.75 പോയിന്റെന്ന റെക്കോഡ് കുറിച്ചു.
അള്‍ട്രാടെക് സിമന്റ്, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, എന്‍.ടി.പി.സി, ടി.സി.എസ്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, കോട്ടക് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, പവര്‍ഗ്രിഡ്, ടാറ്റ മോട്ടോഴ്‌സ്, എച്ച്.യു.എല്‍ തുടങ്ങിയവയാണ് ഇന്ന് അഞ്ച് ശതമാനം വരെ ഉയര്‍ച്ചയുമായി വിപണിയെ മുന്നില്‍ നിന്ന് നയിച്ചത്.
വന്‍ ഓഹരികളിലെ മികച്ച വാങ്ങലിനൊപ്പം, രാഷ്ടീയ സ്ഥിരത, ആഭ്യന്തര വിപണിയിലേക്കുള്ള വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ തിരിച്ച് വരവ് തുടങ്ങിയവയും ഇന്ന് വിപണിക്ക് കരുത്തായി.
ക്വാണ്ട് മ്യൂച്വല്‍ഫണ്ട് പ്രശ്‌നങ്ങള്‍ ഇന്ന് വിപണിയെ ഉലച്ചെങ്കിലും പിടിച്ചു നില്‍ക്കാന്‍ മിഡ് സ്‌മോള്‍ക്യാപ്പ് സൂചികകള്‍ക്ക് സാധിച്ചു.
രൂപയിന്ന് ഡോളറിനെതിരെ 11 പൈസ ഉയര്‍ന്ന് 83.46 ലെത്തി.
വിവിധ സെക്ടറുകളുടെ പ്രകടനം
വിവിധ സെക്ടറുകളെടുത്താല്‍ രണ്ട് ശതമാനം നേട്ടവുമായുമായി നിഫ്റ്റി ഐ.ടിയാണ് ഇന്ന് സൂചികകളില്‍ മുന്നില്‍. ഓയില്‍ ആന്‍ഡ് ഗ്യാസ്, ഓട്ടോ, എഫ്.എം.സി.ജി തുടങ്ങിയ സൂചികകളും ഇന്ന് നേട്ടത്തിലായി. നിഫ്റ്റി ബാങ്ക് സൂചികയാണ് കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയത്. മീഡിയ, ഫാര്‍മ, പി.എസ്.യു ബാങ്ക്, റിയല്‍റ്റി എന്നിവയും ഇന്ന് നഷ്ടത്തിലായി.
വിവിധ സൂചികകളുടെ ഇന്നത്തെ പ്രകടനം
നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.32 ശതമാനം ഉയര്‍ന്നപ്പോള്‍ സ്‌മോള്‍ക്യാപ് സൂചിക 0.67 ശതമാനം താഴ്ചയിലാണ്.
മൊത്തം 4,008 ഓഹരികളാണ് ബി.എസ്.ഇയില്‍ ഇന്ന് വ്യാപാരം നടത്തിയത്. ഇതില്‍ 1,510 ഓഹരികളുടെ വില ഉയരുകയും 2,388 ഓഹരികളുടെ വില ഇടിയുകയും ചെയ്തു. 110 ഓഹരികളുടെ വില മാറിയില്ല.
ഇന്ന് 11 ഓഹരികള്‍ അപ്പര്‍സര്‍ക്യൂട്ടിലും നാല് ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലുമുണ്ടായിരുന്നു.
ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐ.സി.ഐ.സി.ഐ ബാങ്ക്, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, വോഡഫോണ്‍ എന്നിവയടക്കം 300 ഓളം ഓഹരികള്‍ ഇന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വില തൊട്ടു. 26 ഓഹരികള്‍ താഴ്ന്ന വിലയിലേക്കും പോയി.
ഉയര്‍ന്നും താഴ്ന്നും
ഇന്ത്യ സിമന്റ്‌സില്‍ ഓഹരി കൈമാറ്റം നടന്നത് രാവിലത്തെ സെഷനില്‍ സിമന്റ് ഓഹരികളില്‍ വലിയ മുന്നേറ്റത്തിനിടയാക്കി. ഇന്ത്യ സിമന്റ്‌സ് 11 ശതമാനവും അള്‍ട്രാ ടെക് അഞ്ച് ശതമാനവും ഉയര്‍ന്നു. എ.സി.സി, ശ്രീ സിമന്റ്‌സ് അംബുജ സിമന്റ്‌സ്, ജെ.കെ സിമന്റ്‌സ് എന്നിവയും ഉയര്‍ച്ചയിലായിരുന്നു.
മാക്രോടെക് ഡെവലപ്പേഴ്‌സ് ഇന്ന് 7.89 ശതമാനം നേട്ടവുമായി നിഫ്റ്റി 200ലെ വലിയ നേട്ടക്കാരായി. ഇന്നലെ നവര്തന പദവി ലഭിച്ച മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് ഓഹരി ഇന്നും 7.65 ശതമാനം ഉയരത്തിലാണ്, അള്‍ട്രാ ടെക് സിമന്റ്, കല്യാണ്‍ ജുവലേഴ്‌സ്, മാക്‌സ് ഹെല്‍ത്ത്‌കെയര്‍ തുടങ്ങിയവയാണ് നിഫ്റ്റി 200ല്‍ മികച്ച നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍.
കല്യാണ്‍ ജുവലേഴ്‌സ് ഓഹരികള്‍ ഇന്ന് 5 ശതമാനം ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിനിടെ 480 രൂപയെന്ന 52 ആഴ്ചയിലെ ഉയര്‍ന്ന വിലയും ഓഹരി താണ്ടി. വ്യാപാരം അവസാനിക്കുമ്പോള്‍ 4.30 ശതമാനം നേട്ടവുമായി 476.30 രൂപയിലാണ് ഓഹരിയുള്ളത്. കേരളം ആസ്ഥാനമായ പൊതുമേഖല വളം നിര്‍മാണ കമ്പനിയായ ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ (ഫാക്ട്) ആണ് ഇന്ന് നിഫ്റ്റി 200ല്‍ കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയത്. പഞ്ചാബ് നാഷണല്‍ ബാങ്ക് 4.11 ശതമാനവും എ.യു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 4.01 ശതമാനവും ഹാവെല്‍സ് 3.56 ശതമാനവും ഗോദറേജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ലിമിറ്റഡ് 3.44 ശതമാനവും നഷ്ടവുമായി തൊട്ടു പിന്നിലുണ്ട്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 29 ശതമാനം കുതിച്ച അമരരാജ എനർജി ഇന്നു രാവിലെ മൂന്നു ശതമാനത്തിലധികം താഴ്ന്നു.
മണപ്പുറവും സി.എസ്.ബിയും മുത്തൂറ്റുംകേരളം ആസ്ഥാനമായ സ്വര്‍ണപണയ വായ്പാ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് ഓഹരികള്‍ ഇന്ന് ഒമ്പതു ശതമാനത്തോളം കുതിച്ചുയര്‍ന്ന് 52 ആഴ്ചയയിലെ ഉയര്‍ന്ന നിലവാരം തൊട്ടു. സ്‌മോള്‍ക്യാപ് ഇന്‍ഡെക്‌സില്‍ ഇന്ന് ഏറ്റവും നേട്ടമുണ്ടാക്കിയ ഓഹരിയാണ് മണപ്പുറം.
യു.എസ് കേന്ദ്ര ബാങ്ക് അടിസ്ഥാന പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷയും ജിയോ പൊളിറ്റിക്കല്‍ പ്രശ്‌നങ്ങളും സ്വര്‍ണ വില ഉയരാനിടയാക്കുമെന്നും അത് വഴി സംഘടിത മേഖലയില്‍ സ്വര്‍ണ വായ്പകള്‍ക്കുള്ള ആവശ്യം വര്‍ധിക്കുമെന്നും മണപ്പുറം സി.ഇ.ഒ വി.പി നന്ദകുമാര്‍ അടുത്തിടെ പറഞ്ഞിരുന്നു. സ്വര്‍ണ വില ഉയരുമ്പോള്‍ കുറച്ച് സ്വര്‍ണം പണയം വച്ച് കൂടുതല്‍ തുക വായ്പയെടുക്കാന്‍ കസ്റ്റമേഴ്‌സിന് സാധിക്കുമെന്നതാണ് ഗുണം
കേരളത്തിലെ മറ്റൊരു പ്രമുഖ സ്വര്‍ണ പണയ കമ്പനിയായ മൂത്തൂറ്റ് ഫിനാന്‍സ് ഓഹരികളും ഇന്ന് വലിയ കുതിപ്പ് കാഴ്ചവച്ചു. രാവിലത്തെ സെഷനില്‍ 1,840 പോയിന്റിലധികം ഉയര്‍ന്ന ഓഹരി വ്യാപാരാന്ത്യത്തില്‍ 3.06 ശതമാനം നേട്ടവുമായി 1,829.80ത്തിലാണുള്ളത്. ഓഹരി ഇന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വിലയാണ് മറികടന്നത്.
സി.എസ്.ബി ബാങ്കിന്റെ 9.7 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാരായ ഫെയര്‍ഫാക്‌സ് ബ്ലോക്ക് ഡീല്‍ വഴി വിറ്റഴിച്ചതിനെ തുടര്‍ന്ന് ഓഹരി വില ഇന്ന് 7.5 ശതമാനം വരെ ഉയര്‍ന്നിരുന്നു. വ്യാപാരാന്ത്യത്തില്‍ 2.57 ശതമാനം ഉയര്‍ന്ന് 365.10 രൂപയാണ് ഓഹരി വില.
കേരള കമ്പനി ഓഹരികളുടെ ഇന്നത്തെ പ്രകടനം
ആഡ്‌ടെക് സിസ്റ്റംസ്, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ്, വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സ് തുടങ്ങിയ ഓഹരികളാണ് ഇന്ന് കേരള കമ്പനികളില്‍ നാല് ശതമാനം വരെ ഉയര്‍ച്ചയുമായി മുന്നിലുള്ള ഓഹരികള്‍.
സഫ സിസ്റ്റംസ് ആന്‍ഡ് ടെക്‌നോളജീസ്, ഫാക്ട്, ജി.ടി.എന്‍ ടെക്‌സ്റ്റൈല്‍സ്, ഈസ്റ്റേണ്‍ ട്രെഡ്‌സ് എന്നിവയാണ് ഇന്ന് കൂടുതൽ നഷ്ടമുണ്ടാക്കിയ കേരള ഓഹരികള്‍.